വേഷംകെട്ടലുകളിലൂടെ മതമൈത്രി ഉണ്ടാകില്ല (18)

ഗീത നമ്മെ നമ്മോടുതന്നെ സംസാരിക്കാന്‍ പ്രാപ്തമാക്കുന്നു. മനുഷ്യനില്‍ കുടികൊള്ളുന്ന ബോധത്തെ ഭഗവാനായും മനസ്സിനെ അര്‍ജുനനായും സങ്കല്‍പ്പിക്കണം. ഇവിടെ ഇന്ദ്രയത്തെ ദുര്യോധനനായി കാണണം. തന്റെ കര്‍മത്തില്‍ നിന്ന് പിന്തിരിഞ്ഞാല്‍ അര്‍ജുനന്റെ ശരീരത്തെ ദുര്യോധനന്‍ കീഴടക്കുമെന്ന് ഭഗവാന്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

ചഞ്ചലാവസ്ഥയിലായ അര്‍ജുനനെന്ന മനസ്സിനെ ബോധത്തിലേക്ക് ഭഗവാന്‍ ക്ഷണിക്കുകയാണ്. ദുര്യോധനന് കീഴ്പ്പെട്ടാല്‍ അത് അധര്‍മ്മത്തിന് ഇടയാക്കും. അധര്‍മ്മം പാപത്തില്‍ കലാശിക്കും. പാപമെന്നത് തെറ്റിദ്ധാരണയാണ്. അധര്‍മ്മങ്ങളിലേര്‍പ്പെട്ട് താന്‍ ചെയ്യുന്നത് ശരിയെന്ന തോന്നലാണ് തെറ്റിദ്ധാരണ. ഇവിടെയാണ് ഈ യുദ്ധം ഓരോ മനുഷ്യന്റെ ഉള്ളിലും നടക്കേണ്ടത്.

വേഷംകെട്ടലുകളിലൂടെ മതമൈത്രി ഉണ്ടാകില്ല. പകരം ഇതര മതവിഭാഗങ്ങളുടെ ഗ്രന്ഥങ്ങള്‍ പഠിച്ച് സമാനമായ ദര്‍ശനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മതമൈത്രി പിറക്കും.ക്രിസ്മസിന് ആ വിഭാഗത്തില്‍പ്പെട്ടവരുടെ വീട്ടില്‍പോയി സത്കാരത്തില്‍ പങ്കുചേരുന്നതുകൊണ്ട് മതമൈത്രി ഉണ്ടാകില്ല. ഓണത്തിന് കുറച്ച് വളിച്ച അവിയലും മറ്റും തിരികെ കൊടുത്തയച്ചതുകൊണ്ടും പ്രയോജനമില്ല. പള്ളീലച്ഛന്റേയും സ്വാമിയാരുടേയും മുല്ലാക്കയുടേയും വേഷംകെട്ടി കുട്ടികളെ വെയിലത്ത് റോഡിലൂടെ നടത്തിയാണ് മതമൈത്രി ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ശുദ്ധ വിഡ്ഢിത്തമാണിത്. അതിനു പകരം ഗീതയും ബൈബിളും ഖുറാനുമൊക്കെ വായിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഇവിടെ മതമൈത്രി പുലരും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം