യോ നോ ഭവായ പ്രാഗാസീദഭവായ ദിവൌകസാം
സ ഏവ ഭഗവാനദ്യ വര്‍ത്തതേ തദ്വിപര്യയം (8-21-21)
ബലേന സചിവൈര്‍ബുദ്ധ്യാ ദുര്‍ഗ്ഗൈര്‍മ്മന്ത്രൌഷധാദിഭിഃ
സാമാദിഭിരുപായൈശ്ച കാലം നാത്യേതി വൈ ജനഃ (8-21-22)

ശുകമുനി തുടര്‍ന്നു:
സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും മറ്റു സ്വര്‍ഗ്ഗവാസികളും ദേവതകളും മഹര്‍ഷിമാരും ഭഗവാന്റെ ചരണം വന്ദിച്ചു. രണ്ടാമത്തെ ചുവട്‌ ദേവന്മാരുടെ പരമോന്നതപീഠത്തിലും എത്തിയിരുന്നുവല്ലോ. പൂജാവിധികളുടെ ഭാഗമായി ബ്രഹ്മാവ്‌ വിഷ്ണുപാദത്തിങ്കല്‍ അര്‍പ്പിച്ച ജലം താഴെക്കൊഴുകി ഗംഗയായിത്തീര്‍ന്നു. പിന്നീട്‌ ഭഗവാന്‍ വാമന രൂപത്തിലേക്ക്‌ തിരിച്ചു വന്നു.

ഭഗവാന്‍ വിഷ്ണു, തങ്ങളുടെ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ചെയ്ത ചതിപ്രയോഗത്തില്‍ കോപിഷ്ഠരായ രാക്ഷസന്മാര്‍ ബലിക്കു വേണ്ടി പോരാടാന്‍ തീരുമാനിച്ചെഴുന്നേറ്റു. വ്രതസമയത്തായതു കൊണ്ട്‌ ബലിക്ക്‌ പോരാടുക വയ്യല്ലോ. അവരെഴുന്നേറ്റപ്പോള്‍ വിഷ്ണുപാര്‍ഷദന്മാരും എഴുന്നേറ്റ്‌ അസുരന്മാരുമായി യുദ്ധമായി. ഭഗവല്‍സേവകരുടെ ബലംകൊണ്ട്‌ രാക്ഷസന്മാര്‍ കുറെ ചത്തൊടുങ്ങി.

ബലി അപ്പോള്‍ തന്റെ അനുയായികളോടു പറഞ്ഞു:
ഏതൊരു ഭഗവാനാണോ നമുക്ക്‌ കുറച്ചുമുന്‍പ്‌ നന്മയും വിജയവുമരുളി ദേവന്മാരുരുടെ പരാജയത്തിന്‌ ഹേതുവായി വര്‍ത്തിച്ചത്, അതേ ഭഗവാന്‍ അതിനു വിപരീതമായി വര്‍ത്തിക്കുന്നു. ആര്‍ക്കും സമയത്തെ ശക്തികൊണ്ടോ. നയംകൊണ്ടോ, ബുദ്ധികൊണ്ടോ, പടകളെക്കൊണ്ടോ, മന്ത്രങ്ങളാലോ, മരുന്നിനാലോ, സാമദാനഭേദദണ്ഡ മാര്‍ഗ്ഗങ്ങളാലോ വിജയിക്കാന്‍ സാദ്ധ്യമല്ല തന്നെ. അതുകൊണ്ട്‌ ഈ വൃഥായത്നത്തില്‍നിന്നു പിന്തിരിഞ്ഞാലും. ആത്മസംയമനത്തോടെ, നമുക്കുളള കാലവും വരും എന്നു കരുതി, അതുവരെ കാത്തിരിക്കുക. രാക്ഷസര്‍ ആയുധം താഴെ വച്ചു. വിഷ്ണുദാസനായ ഗരുഡന്‍, ബലിയെ വരുണപാശംകൊണ്ട്‌ ബന്ധിച്ചു. ആ സമയത്ത്‌ ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും വാസികള്‍ നിലവിളിച്ചു.

വാമനന്‍ ബലിയോടു പറഞ്ഞു:
താങ്കള്‍ എനിക്കു മൂന്നു ചുവടു ഭൂമിയാണ്‌ തന്നത്‌. ഒന്നാമത്തേതു കൊണ്ട്‌ ഭൂതലം മുഴുവനും രണ്ടാമത്തേതു കൊണ്ട്‌ സ്വര്‍ഗ്ഗങ്ങളും ഞാന്‍ അളന്നു കഴിഞ്ഞു. എങ്ങനെയാണ്‌ നിങ്ങള്‍ മൂന്നാമത്തെ ചുവടുവയ്ക്കാന്‍ സ്ഥലം കണ്ടെത്തി ദാനവ്രതം പൂര്‍ത്തിയാക്കാന്‍ പോകുന്നുത്‌? അതിനു സാധിച്ചില്ലെങ്കില്‍ പ്രതിജ്ഞാലംഘനം പാപം ഉണ്ടാകുന്നതാണ്‌. അങ്ങനെയുളള കുറ്റങ്ങള്‍ക്കുളള ശിക്ഷ, നരകജീവിതം തന്നെയാണ്‌. നിങ്ങളുടെ ഗുരുവും അങ്ങനെയാണ്‌ തീരുമാനിച്ചിട്ടുളളത്‌. വാഗ്ദാനം നിറവേറ്റാന്‍ കഴിയാത്ത ഒരുവനും ഭൂമിയില്‍ സ്ഥാനമില്ല. അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കാര്യം പറയേണ്ടതില്ല. അങ്ങനെ അയാള്‍ നരകത്തിലേക്ക്‌ പോവുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF