ശ്രീ രമണമഹര്‍ഷി

മാര്‍ച്ച്‌ 1, 1936.

ചോ: ആത്മവിചാരമെന്തിനാണ്‌?

ഉ: ആത്മവിചാരമില്ലെങ്കില്‍ ലോകവിചാരം തള്ളിക്കയറും. ഏതില്ലയോ അതിനെ അന്വേഷിക്കും. പ്രത്യക്ഷത്തിലുള്ളതിനെ വിട്ടുകളയും. താനാരാണെന്ന അന്വേഷണം മുഖേന താന്‍ തന്നെ സ്പഷ്ടമായറിഞ്ഞാല്‍ അതോടുകൂടി വിചാരവും ഒടുങ്ങുന്നു. പിന്നീട്‌ നിങ്ങള്‍ ആത്മാവസ്ഥയിലിരിക്കുന്നു. ദേഹത്തെ ആത്മാവെന്നു കരുതുന്നതാണ്‌ കുഴപ്പം.

187. കേവല-സഹജ-നിര്‍വ്വികല്പ സമാധികള്‍

ഒരു ഭക്തന്‍: ധ്യാനത്തില്‍ ദേഹം നിശ്ചലമായിരിക്കുന്നില്ല. അത്‌ വൃത്തിയിലോ, നിര്‍വൃത്തിയിലോ ഇരിക്കാം. അതേ സമയം ആത്മധ്യാനത്തില്‍ മുങ്ങിയ മനസ്സ്‌ നിശ്ചഞ്ചലമായിരിക്കുന്നു. അതിനാല്‍ ദേഹേന്ദ്രിയാദികളുടെ ചലനത്തിനു കാരണം മനസ്സല്ല.

വേറൊരാള്‍: ദേഹചലനം നിര്‍വ്വികല്പ സമാധിയ്ക്ക്‌ അല്ലെങ്കില്‍ നിരന്തര ധ്യാനത്തിന്‌ തടസ്സമാണ്‌.

ഉ: ഇരുപക്ഷവും ശരിയാണ്‌. ആദ്യം പറഞ്ഞത്‌ സഹജ നിര്‍വ്വികല്‍‍പത്തെയും രണ്ടാമത്‌ കേവല നിര്‍വ്വികല്പത്തെയും കുറിക്കുന്നു. കേവല നിര്‍വ്വികല്പസമാധിയാല്‍ മനസ്സ്‌ (ആത്മ) സ്വരൂപ പ്രകാശത്തില്‍ ലയിച്ചിരിക്കുന്നു. സഹജത്തില്‍ മനസ്സ്‌ സ്വരൂപാകാരമായി നശിച്ചിരിക്കുന്നതിനാല്‍ മനസ്സ്‌ വേറെ, ആത്മാവ്‌ വേറെ എന്ന ഭേദമില്ല. മുന്‍പറഞ്ഞ ഭേദവും ദേഹേന്ദ്രിയാദികളുടെ വൃത്തിയും ഇതിനെ ബാധിക്കുന്നില്ല. ബാലന്‍ ഉറക്കത്തില്‍ പാലു കുടിക്കുന്നതുപോലിരിക്കും. സഞ്ചരിക്കുന്ന കാളവണ്ടിയില്‍ ഇരുന്നു വണ്ടിക്കാരനുറങ്ങുന്നതുപോലിരിക്കും. സഹജജ്ഞാനിയുടെ മനസ്സ്‌ നശിച്ച്‌ ആത്മാവ്‌ ആനന്ദരൂപിയായിരിക്കും. വിചാരം മനസ്സിന്റെ ശക്തിയുക്തമായ വൃത്തിയും സമാധി ശാന്തവൃത്തിയുമാണ്‌.

നിദ്ര
1. മനസ്സുണ്ട്‌.
2. മനസ്സ്‌ വിസ്മൃതിയില്‍.

കേവലസമാധി
1. മനസ്സ്‌ നിവര്‍ത്തിക്കപ്പെട്ടിട്ടില്ല.
2. ആത്മപ്രകാശത്തില്‍ രമിച്ചിരിക്കുന്നു.
3. വാളി വലിക്കാനുള്ള കയറും വാളിയും കിണറ്റിലിരിക്കുന്നു.
4. കയറിന്റെ മറുതല വലിച്ചു വെളിയിലെടുക്കാം.

സഹജസമാധി
1. മനസ്സൊഴിവായിരിക്കുന്നു.
2. ആത്മാകാരമായി ഭവിച്ചിരിക്കുന്നു.
3. കടലില്‍ പതിച്ചു കഴിഞ്ഞ നദി
4. നദി കടലില്‍ നിന്നും മടങ്ങിവരുന്നില്ല.

188. മനസ്സിന്റെ സാരം പ്രജ്ഞമാത്രമാണ്‌. അഹന്തയുടെ ആക്രമണം മൂലം അത്‌ ബുദ്ധിയായും വിചാരമായും വിഷയജ്ഞാനമായും പരിണമിക്കുന്നു. ഈശ്വരചിത്തം അഹന്തയറ്റതായതിനാല്‍ ബോധമാത്രമായിരിക്കുന്നു. ‘ഞാന്‍ ഞാനായിരിക്കുന്നു’ എന്നു ബൈബിളില്‍ പറയുന്നതിതിനെയാണ്‌.