യോഗസ്യ ലക്ഷണം വക്ഷ്യേ സബീജസ്യ നൃപാ ത്മജേ
മനോ യേനൈവ വിധിനാ പ്രസന്നം യാതി സത്പഥം. (3-28-1)

കപിലദേവന്‍ തുടര്‍ന്നുഃ

ഇനി ധ്യാനയോഗത്തെപ്പറ്റി പറയാം. ഇതുകൊണ്ട്‌ മനസിന്‌ ശാന്തതയുണ്ടാവുന്നു, അതൊരുവനെ ഭഗവല്‍ പാദത്തിലേക്ക്‌ നയിക്കുന്നു. ഒരുവന്‍ കഴിവിന്റെ പരമാവധി, ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ മാത്രം അവനവന്റെ കര്‍മ്മങ്ങള്‍ ചെയ്യണം. ഭഗവല്‍പ്രസാദമായ ലൗകീകകാര്യങ്ങളില്‍ സ്വയം സംതൃപ്തനുമാവണം. പുണ്യപുരുഷന്മ‍ാരോടുളള ഭക്തി, ആത്മസാക്ഷാത്ക്കാരത്തിനുളള അഭിവാഞ്ച, ലൗകീകകാര്യങ്ങളിലുളള അനാസക്തി, മിതഭക്ഷണം, ഏകാന്തതതയോടുളള താത്പര്യം, അഹിംസ, സത്യം, കളവും അത്യാഗ്രഹവും ഇല്ലാതിരിക്കുക, സംശുദ്ധി ഭഗവല്‍പൂജ, മൗനം, യോഗാഭ്യാസങ്ങില്‍ പ്രാവീണ്യം, ഇന്ദ്രിയങ്ങളെ ലൗകീകതയില്‍ അലയാന്‍ വിടാതെ ഉളളിലേക്ക്‌ നയിക്കല്‍, അന്തര്യാമിയായ ഈശ്വരനിലേക്ക്‌ മനസിനെ നയിക്കല്‍ എന്നിവയെല്ലാം സാധനാസോപാനത്തിലെ ചവിട്ടുപടികളത്രെ. മനസു നിയന്ത്രിച്ച്‌ ജീവശക്തിയെ ശരീരത്തിലെ ചക്രങ്ങളിലൊന്നില്‍ കേന്ദ്രീകരിച്ച്‌ സ്ഥിരമായി ഭഗവല്‍ക്കഥകളിലും മഹിമകളിലും മുഴുകി ശാന്തതത നേടാം. ജീവശക്തിയേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കാന്‍ ഇങ്ങിനെ പലേ മാര്‍ഗ്ഗങ്ങളുമുണ്ട്‌.

ഈ കാര്യങ്ങള്‍ സാധനയ്ക്കടിത്തറയിട്ട ഒരുവനില്‍ ശരിയായ അറിവിന്റെ സഹായത്താല്‍ ധ്യാനം സ്വാഭാവികമായും പ്രയാസരഹിതവും എളുപ്പവുമാവുന്നു. സൗകര്യപ്രദമായ ഒരിടത്ത്‌ ശുദ്ധിയോടെയിരുന്നു പ്രാണായാമം ചെയ്യണം. ശ്വാസം വലിക്കലും, വിടലും, ഇടക്ക്‌ ശ്വാസംപിടിക്കലും പ്രാണായാമത്തിന്റെ ഘട്ടങ്ങളാണ്‌. മനസിനെ ശാന്തമാക്കാനും ശുദ്ധീകരിക്കാനും പ്രാണായാമം സഹായിക്കുന്നു. മനസ്‌ ഏകോന്മ‍ുഖമാവുന്നതോടെ പാപങ്ങള്‍ ഒഴിയുകയും. ഇന്ദ്രിയങ്ങളെ പിന്‍വലിക്കുകവഴി (പ്രത്യാഹാരം) ആസക്തി ഇല്ലാതാവുന്നു. ഇങ്ങിനെ മനഃശുദ്ധി കൈവന്ന ഒരുവന്‍ നാസാഗ്രത്തില്‍ ദൃഷ്ടിയുറപ്പിച്ച്‌ ദൈവീകവും അതീവസുന്ദരവുമായ ഭഗവല്‍രൂപത്തെ ധ്യാനിക്കണം. ഭഗവല്‍വദനം അതീവസുന്ദരവും ആനന്ദദായകവുമത്രെ. ആ ശരീരം നീലമേഘവര്‍ണ്ണമാണ്‌. നാല്‌ തൃക്കരങ്ങള്‍ ശംഖ്, ഗദ, ചക്രം, താമര എന്നിവയാല്‍ അലംകൃതം. അരക്കെട്ടില്‍ മഞ്ഞപ്പട്ട്‌. മാറിടത്തില്‍ തിളങ്ങുന്ന കല്ലും കഴുത്തില്‍ ഒരിക്കലും ഒളിമങ്ങാത്ത പൂമാലയും. ഭക്തന്റെ മനസില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നുത്‌ ഈ യുവകോമളരൂപമത്രെ. മനസ്‌ മറ്റിടങ്ങളിലും അലയാതെ ഭഗവല്‍രൂപത്തെ ഓരോ അവയവങ്ങളായി ധ്യാനിക്കണം. താമരപ്പാദങ്ങള്‍ കാല്‍മുട്ടുകള്‍, അരക്കെട്ട്, മാറിടം, നാല്‌ തൃക്കരങ്ങള്‍, മുഖം, കണ്ണുകള്‍, അധരങ്ങള്‍ എല്ലാം ഓരോന്നായി മനസിലുദിക്കണം. ഭഗവാന്റെ ദിവ്യസൗന്ദര്യം ഭക്തന്റെ മനസില്‍ മറ്റൊന്നും കാണാനുളള ആഗ്രഹം അവശേഷിപ്പിക്കുകയില്ല തന്നെ.

ഭഗവല്‍പ്രേമത്തില്‍ ഭക്തഹൃദയമലിയുന്നു. ഭഗവാനെക്കുറിച്ച്‌ ചിന്തിക്കുന്ന മനസുപോലും അപ്പോള്‍ ഉള്‍വലിഞ്ഞില്ലാതായിരിക്കുന്നു. ചിന്തകള്‍ ഇല്ലാതായി മനസ്‌ അവനില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഇങ്ങിനെയുളള യോഗി വിശ്വബോധമനുഭവിക്കുന്നു. ദ്വന്ദ്വശക്തികളായ സുഖദുഃഖങ്ങളും ശീതോഷ്ണങ്ങളും അജ്ഞതാ സന്താനങ്ങളാണെന്നും അഹങ്കാരവുമായി ബന്ധപെട്ടതാണെന്നും അവനറിയുന്നു. എല്ലാ ജീവികളിലും സ്വയം ആത്മാവിനെ കണ്ടെത്തുന്നു. ഞാന്‍, നിന്റെ, എന്റെ എന്ന മട്ടിലുളള ഭേദചിന്തയുണ്ടാക്കുന്നു മായാശക്തിയുടെ പ്രഭാവത്തില്‍ നിന്നും യോഗി വിമുക്തനാവുന്നു. ആ പരമാത്മാവില്‍ സാക്ഷാത്കാരം നേടുക വഴി ശരീരബുദ്ധിയില്‍നിന്നും സ്വയം മോചിതനാവുകയും ചെയ്യുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF