സ്വാമി വിവേകാനന്ദന്‍

8. വിപര്യയോ മിഥ്യാജ്ഞാനമതദ്രൂപപ്രതിഷ്ഠം.
അതദ്രൂപപ്രതിഷ്ഠം = അതിന്റെ സ്വരൂപത്തില്‍ നില കൊള്ളാത്ത, മിഥ്യാജ്ഞാനം = (പ്രമാണങ്ങള്‍കൊണ്ടു) തെറിച്ചു പോകുന്ന ജ്ഞാനം (അതല്ലാത്തതില്‍ അതെന്ന തോന്നല്‍), വിപര്യയം = വിപര്യയം (തെറ്റിദ്ധാരണ) ആകുന്നു.
വസ്തുയാഥാര്‍ത്ഥ്യത്തില്‍ പ്രതിഷ്ഠിതമല്ലാത്ത മിഥ്യാജ്ഞാനമാണു വിപര്യയം. മുത്തുച്ചിപ്പിയെ വെള്ളിയെന്നു ധരിക്കുന്നതുപോലെ ഒന്നിനെ മറ്റൊന്നായി തെറ്റിദ്ധരിക്കുമാറ് ഉദയം ചെയ്യുന്നതാണു വിപര്യയം.

9. ശബ്ദജ്ഞാനാനുപാതീ വസ്തുശൂന്യോ വികല്പഃ.
ശബ്ദജ്ഞാനാനുപാതീ = ശബ്ദജന്യമായ ജ്ഞാനത്തിന്റെ സാമര്‍ത്ഥ്യംകൊണ്ടുണ്ടാകുന്നതും, വസ്തുശൂന്യഃ = വിഷയമില്ലാത്തതുമായ വൃത്തി, വികല്പഃ = വികല്പമാകുന്നു.
(ഒത്ത) വിഷയം ഇല്ലാതെ ശബ്ദത്തെ അനുസരിച്ചുണ്ടാകുന്നതാണു വികല്പം. വികല്പമെന്നതു വേറൊരുതരം വൃത്തിയാണ്. ഒരു വാക്കു കേള്‍ക്കുമ്പോള്‍ ക്ഷമാപൂര്‍വ്വം അതിന്റെ അര്‍ത്ഥം ചിന്തിക്കാതെ നാം പെട്ടെന്ന് ഒരു തീര്‍പ്പിലെത്തുന്നു. ഇതു ചിത്തദൗര്‍ബ്ബല്യത്തിന്റെ ലക്ഷണമാണ്. സംയമത്തിന്റെ ഉപപത്തി നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലാകുന്നുണ്ടല്ലോ. ഒരുവന്‍ എത്രമാത്രം ദുര്‍ബ്ബലനോ അത്രമാത്രം കുറവായിരിക്കും അവന്റെ സംയമശക്തി. ഈ പരീക്ഷണംകൊണ്ടു നിങ്ങള്‍ എപ്പോഴും ആത്മശോധന ചെയ്യണം. നിങ്ങളില്‍ കോപമോ ദുഃഖമോ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ അതേപ്പറ്റി വിചാരംചെയ്ത് നിങ്ങള്‍ക്കു ലഭിക്കുന്ന ചില വാര്‍ത്തകള്‍ എങ്ങനെയാണു ചിത്തത്തില്‍ വൃത്തിയുളവാക്കുന്നതെന്നു സൂക്ഷിച്ചറിയണം.

10. അഭാവപ്രത്യയാലംബനാ വൃത്തിര്‍നിദ്രാ.
അഭാവപ്രത്യയാലംബനാ = (ജാഗ്രത്‌സ്വപ്നവൃത്തികളുടെ) അഭാവത്തിന്റെ (ഇല്ലായ്മയുടെ) പ്രത്യയം (കാരണം, കാരണമായ തമസ്സ്, ആലംബനം (വിഷയം) ആയ, വൃത്തിഃ = ചിത്തവൃത്തി, നിദ്രാ = ഉറക്കം (ആകുന്നു). (ജാഗ്രത്‌സ്വപ്നവൃത്തികളുടെ ഇല്ലായ്മയ്ക്കു കാരണമായ തമസ്സിനെ വിഷയീകരിക്കുന്ന ചിത്തവൃത്തി യാണു നിദ്ര.)
അഭാവബോധത്തെ വിഷയീകരിക്കുന്ന ചിത്തവൃത്തിയാണു നിദ്ര. അടുത്തത്, നിദ്ര (സുഷുപ്തി) എന്നും സ്വപ്നമെന്നും പറയുന്ന പ്രത്യേകതരം വൃത്തികളാണ്. നാം ഉറക്കമുണരുമ്പോള്‍ അതുവരെ ഉറങ്ങുകയായിരുന്നുവെന്നറിയുന്നുണ്ട്. അനുഭവത്തില്‍ നിന്നേ സ്മൃതിയുണ്ടാവാന്‍ തരമുള്ളു. അനുഭവിക്കാത്ത വിഷയത്തെപ്പറ്റി ഒരിക്കലും ഓര്‍മ്മയുണ്ടാവില്ല. ഓരോ പ്രത്യയവും ചിത്തസരസ്സിലെ ഓരോ വൃത്തിതരംഗമാണ്. ഉറക്കത്തില്‍ മനസ്സു കേവലം വൃത്തിശൂന്യമായിരുന്നെങ്കില്‍, അതില്‍ ഭാവരൂപമോ അഭാവരൂപമോ ആയ ഒരു ജ്ഞാനവും ഉണ്ടാകുമായിരുന്നില്ല, നാം അവയെ സ്മരിക്കയുമില്ല. നാം ഉറക്കത്തെ ഓര്‍ക്കുന്നു എന്നതുതന്നെയാണ്, ആ വേളയിലും ഒരു ജാതി വൃത്തി ചിത്തത്തിലുണ്ടായിരുന്നുവെന്നതിനു തെളിവ്. സ്മൃതിയും മറ്റൊരുതരം വൃത്തിയാണ്.

11. അനുഭൂതവിഷയാസംപ്രമോഷഃ സ്മൃതിഃ.
അനുഭൂതവിഷയാസംപ്രമോഷഃ = അനുഭൂത (പ്രമാണാദി സിദ്ധ)ങ്ങളായ വിഷയങ്ങളുടെ ആകാരത്തില്‍, ഇതരസംസ്‌കാര ങ്ങള്‍ കൊണ്ടു സംപ്രമോഷം (ഏറ്റക്കുറവ്) വരാത്ത വൃത്തി, സ്മൃതിഃ = സ്മൃതിയാകുന്നു.
അനുഭവിച്ച വിഷയങ്ങള്‍ വിട്ടുപോകാത്തപ്പോള്‍ (സംസ്‌കാര ദ്വാരാ ബോധത്തിലാവിര്‍ഭവിക്കുമ്പോഴും) ആണ് സ്മൃതി. പ്രത്യക്ഷം, വിപര്യയം, വികല്പം, നിദ്ര എന്നീ വൃത്തികളില്‍ നിന്നെല്ലാം സ്മൃതിയുണ്ടാകാം. ഉദാഹരണമായി നിങ്ങള്‍ ഒരു ശബ്ദം കേള്‍ക്കുന്നു. ആ ശബ്ദം ചിത്തസരസ്സില്‍ എടുത്തിട്ട ഒരു കല്ലു പോലെയാണ്. അത് ഒരു വൃത്തിയുളവാക്കുകയും തുടര്‍ന്ന് ഒരു വൃത്തിപരമ്പര ഉണരുകയും ചെയ്യുന്നു: ഇതാണു സ്മൃതി. ഇതു പോലെ നിദ്രയിലും. നിദ്രയെന്ന വൃത്തിവിശേഷം ചിത്തത്തില്‍ സ്മൃതിവൃത്തിയെ ഉണര്‍ത്തുമ്പോള്‍ അതിനെ സ്വപ്നമെന്നു പറയുന്നു. ജാഗ്രത്തില്‍ സ്മൃതിയെന്നു പറയപ്പെടുന്ന വൃത്തിയുടെ രൂപാന്തരമത്രേ സ്വപ്നം.

12. അഭ്യാസവൈരാഗ്യാഭ്യാം തന്നിരോധഃ.
അഭ്യാസവൈരാഗ്യാഭ്യാം = അഭ്യാസംകൊണ്ടും വൈരാഗ്യം കൊണ്ടും, തന്നിരോധഃ = അവയുടെ (മേല്‍പ്പറയപ്പെട്ട ചിത്ത വൃത്തികളുടെ) നിരോധം, അനുത്ഥാനം, ഉയര്‍ന്നുവരാതിരിക്കല്‍ (സേത്‌സ്യതി = സാധിക്കും).
അഭ്യാസവൈരാഗ്യങ്ങളെക്കൊണ്ടാണ് അവയുടെ നിരോധം.

വൈരാഗ്യം സമ്പാദിക്കാന്‍, മനസ്സ് സ്വേച്ഛവും ശിവവും വിവേകശീലവുമായിരിക്കണം. അഭ്യാസത്തിന്റെ ആവശ്യമെന്ത്? പറയാം. ഓരോ കര്‍മ്മവും സരസ്സിനു മേലേ സ്പന്ദിക്കുന്ന തരംഗംപോലെയാണ്. തരംഗങ്ങള്‍ നിലയ്ക്കുന്നു. എന്നാല്‍ എന്തു ശേഷിക്കുന്നു? പാടുകള്‍, അതായത് സംസ്‌കാരങ്ങള്‍. ഇങ്ങനെ ഒട്ടനേകം സംസ്കാരങ്ങള്‍ അവശേഷിക്കുമ്പോള്‍ അവ ഏകീഭവിച്ചു ശീലമായി പരിണമിക്കുന്നു. ‘ശീലം രണ്ടാം പ്രകൃതിയാണ്’ എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ അത് ഒന്നാം പ്രകൃതിയും മനുഷ്യന്റെ മുഴുപ്രകൃതിയുമാണ്. നാം ഇപ്പോള്‍ എന്തൊക്കെയായിരിക്കുന്നുവോ അതെല്ലാം ശീലംകൊണ്ടു വന്നുചേര്‍ന്നതാണ്. ഇതു നമുക്ക് ആശ്വാസം തരുന്നു. എങ്ങനെയെന്നാല്‍, ഇതു ശീലം മാത്രമാണെങ്കില്‍ നമുക്കതിനെ യഥേഷ്ടം ഉണ്ടാക്കാനും ഇല്ലാതാക്കാനും സാധിക്കുമല്ലോ: നമ്മുടെ മനസ്സില്‍ക്കൂടി കടന്നുപോകുന്ന ഓരോ വൃത്തിയും അവിടെ അവശേഷിപ്പിക്കുന്ന ഫലമാണു സംസ്‌കാരം. ഈ സംസ്‌കാരങ്ങളുടെ ആകത്തുകയാണു നമ്മുടെ സ്വഭാവം. ഇതില്‍ ഏതെങ്കിലും ഒരു പ്രത്യേകവൃത്തി അഭ്യാസവശാല്‍ പ്രബലമാകുമ്പോള്‍ അതിനനുസരിച്ച് ഒരുവന്റെ സ്വഭാവം നിര്‍ണ്ണയിക്കപ്പെടുന്നു. സദ്‌വൃത്തിക്കാണു പ്രാബല്യമെങ്കില്‍ അവന്‍ സത്‌സ്വഭാവിയാവുന്നു. അതുപോലെ ദുര്‍വൃത്തിക്കാണെങ്കില്‍ ദുഷ്ടനും, സന്തുഷ്ടിക്കാണെങ്കില്‍ സന്തുഷ്ടനുമാവുന്നു. ദുരാചാരങ്ങള്‍ക്കുള്ള ഏകപ്രതിവിധി സദാചാരങ്ങളാകുന്നു. സംസ്‌കാരത്തെ അവശേഷിപ്പിച്ചിട്ടുള്ള എല്ലാ ദുര്‍വൃത്തികളെയും വിപരീതങ്ങളായ സദ്‌വൃത്തികളെക്കൊണ്ടു നിരോധിക്കണം. ആകയാല്‍ നിരന്തരം നന്മ ചെയ്യുക, പരിശുദ്ധ ഭാവന ശീലിക്കുക: നീചസംസ്‌കാരങ്ങളെ അഭിഭവിപ്പിക്കാനുള്ള ഉപായം അതൊന്നു മാത്രം. നേരെയാവാത്തവനെന്നു ആരെപ്പറ്റിയും പറയരുത്. എന്തെന്നാല്‍ അവന്‍ ഏതാനും ചില ശീലങ്ങളുടെ കൂട്ടുകെട്ടായ സ്വഭാവവിശേഷത്തിനു പ്രതിനിധീഭവിക്കുന്നേയുള്ളു. ആ സ്വഭാവത്തെ നൂതനവും ശോഭനതരവുമായ ശീലങ്ങളെക്കൊണ്ടു നിരോധിക്കാം. സ്വഭാവം എന്നത് അഭ്യസിക്കപ്പെട്ട ശീലങ്ങളാകയാല്‍ അഭ്യസ്തശീലങ്ങള്‍കൊണ്ടേ സ്വഭാവത്തെ പരിഷ്‌ക്കരിക്കാന്‍ പറ്റൂ.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 252-255]