സ്വാമി വിവേകാനന്ദന്‍

സമഷ്ടിയെ സ്നേഹിക്കാതെ വ്യഷ്ടിയെ സ്നേഹിപ്പാന്‍ എങ്ങനെ സാധിക്കും? ഈ കാണുന്ന പ്രപഞ്ചം ഒരു വ്യഷ്ടിയാകുന്നു. ഇങ്ങനെയുള്ള ലക്ഷോപലക്ഷം ചെറിയ വ്യഷ്ടികളെ ഉള്‍ക്കൊള്ളുന്ന സര്‍വ്വസമാനമായ ഏകമത്രേ സമഷ്ടി: അത് ഈശ്വരനാകുന്നു. പ്രപഞ്ചമാകുന്ന വ്യഷ്ടിയെ അടക്കി സ്നേഹിപ്പാന്‍ ഒരു വഴിയേ ഉള്ളൂ-ഈശ്വരനാകുന്ന സമഷ്ടിയെ സ്നേഹിക്കുക ഭാരതീയതത്ത്വചിന്തകന്മാര്‍ക്ക് ഒരു വിശേഷമുണ്ട്. അവര്‍ വ്യഷ്ടിയെപ്പറ്റി ചിന്തിച്ച് അവിടെ ചിന്താഗതി അവസാനിപ്പിക്കയില്ല. വ്യഷ്ടിയെ ഒന്നു നോക്കിക്കഴിഞ്ഞാല്‍ ഉടനെ അവര്‍ എല്ലാ വ്യഷ്ടികളെയും ഉള്‍ക്കൊള്ളുന്നതും അവയ്‌ക്കെല്ലാം സമാനവുമായതേത് എന്നന്വേഷിക്കുകയായി. ഇങ്ങനെ സര്‍വ്വസമാനമായതിനെപ്പറ്റിയുള്ള അന്വേഷണമത്രേ ഇന്ത്യയില്‍ എല്ലാ തത്ത്വദര്‍ശങ്ങനളുടെയും ചിന്താരീതിയിലുള്ള വിശേഷം. ജ്ഞാനി അന്വേഷിക്കുന്ന മാര്‍ഗ്ഗം എന്തെന്നാല്‍: ഏതൊന്നറിഞ്ഞാല്‍ എല്ലാം അറിഞ്ഞതായിവരുമോ. എല്ലാറ്റിനും സമാനവും അഖണ്ഡവും അനശ്വരവുമായുള്ള സത്ത, സദ്ഭാവം, ഉള്ളതെന്നു പറയാവുന്ന ആ ഏകം ഏതു എന്നാണ്. ഭക്തന്‍ അന്വേഷിക്കുന്ന വഴി, ആരെ സ്നേഹിച്ചാല്‍ പ്രപഞ്ചത്തെയാകെ സ്നേഹിച്ചതായി വരുമോ ആ സര്‍വ്വസമാനനായ പുരുഷന്‍ ആര് എന്ന്. രാജയോഗിയുടെ അന്വേഷണമാകട്ടെ, ഏതു ശക്തിയെ നിയന്ത്രിച്ചാല്‍ പ്രപഞ്ചത്തെ നിയന്ത്രിക്കാറാകുമോ ആ സര്‍വ്വസമാനമായ ശക്തി ഏത് എന്ന്. അതിനെ വശപ്പെടുത്തുവാനാണ് രാജയോഗിയുടെ പ്രയത്‌നം. ഇങ്ങനെ പ്രകൃതിശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും തത്ത്വചിന്തയിലും പ്രേമകാര്യത്തിലും ഏതിലും സര്‍വ്വസമാനവും സാധാരണവുമായ ഏകമേത് എന്ന വിശിഷ്ടാന്വേഷണമത്രേ ഭാരതീയചിന്താവൈശിഷ്ട്യം. ഇതു ചരിത്രത്തില്‍ ആദ്യന്തം പ്രത്യക്ഷമാകുന്നു. ഭക്തന്‍ അന്വേഷണഫലമായി കണ്ടെത്തുന്നത്, ഓരോ വ്യക്തിയെയായി സ്നേഹിച്ചു തുടങ്ങിയാല്‍ അറുതിയില്ലാത്തവിധം അങ്ങനെ സ്നേഹിച്ചുപോകാമെന്നല്ലാതെ ലോകത്തെയാകെ സ്നേഹിപ്പാന്‍ വഴിയാകുകയില്ലെന്നാകുന്നു. എന്നാല്‍ സര്‍വ്വപ്രേമങ്ങളുടെയും ആകത്തുക ഭഗവാനാണ്. സര്‍വ്വജീവന്മാരുടെയും-മുക്തരോ ബദ്ധരോ മുമുക്ഷുക്കളോ ആരായാലും – അവരുടെ സര്‍വ്വാഭിലാഷങ്ങളുടെയും സംപൂര്‍ത്തി ഭഗവാനാണ് എന്ന മൂലതത്ത്വം ഗ്രഹിച്ചാല്‍, അപ്പോള്‍മാത്രം, സമഷ്ടിപ്രേമം പ്രകാശിപ്പിപ്പാന്‍ സാദ്ധ്യമാകും. ഈശ്വരന്‍ സമഷ്ടിയും പ്രപഞ്ചം ഈശ്വരന്റെ വിവര്‍ത്തവും പ്രകാശനവുമാണ്. ആകത്തുകയായ സമഷ്ടിയെ സ്നേഹിച്ചാല്‍ തദംശങ്ങളായ വ്യഷ്ടികള്‍ ഓരോന്നിനെയും സ്നേഹിച്ചതുപോലാകും. ലോകത്തെ സ്നേഹിക്കുക, ലോകത്തിനു നന്മ ചെയ്യുക, എന്നുള്ളതെല്ലാം പിന്നെ എളുപ്പം. അതിനു ശക്തി സമ്പാദിക്കണമെങ്കില്‍ ആദ്യമായി ഈശ്വരനെ സ്നേഹിക്കണം. അതൊഴികെ ലോകത്തിനു നന്മ ചെയ്യുക എന്നുള്ളതു നേരംപോക്കല്ല. “എല്ലാം ഈശ്വരന്റെത്, ഈശ്വരന്‍ എന്റെ നാഥന്‍, എന്റെ പ്രേമമൂര്‍ത്തി” എന്ന ഭാവമുള്ള ഭക്തന് എല്ലാം ഈശ്വരന്റേതാകകൊണ്ട് എല്ലാം ദിവ്യമാകും. പിന്നെ സര്‍വ്വരും ഈശ്വരസന്താനങ്ങള്‍, ഈശ്വരദേഹങ്ങള്‍, ഈശ്വരമൂര്‍ത്തികള്‍: ആ കാഴ്ച കിട്ടിയാല്‍പ്പിന്നെ ഏതൊന്നിനെ എങ്ങനെ വേദനപ്പെടുത്തും? എങ്ങനെ സ്നേഹിക്കാതിരിക്കും? ഈശ്വരസ്നേഹമുണ്ടായാല്‍ അതോടൊപ്പം, അതിന്റെ ഫലമായി, ജഗത്തില്‍ ഓരോരുത്തനോടും സ്നേഹം ഉറയ്ക്കും. നാം എത്രയധികം ഈശ്വരനോടടുക്കുന്നുവോ, അത്രയധികം സര്‍വ്വവും ഈശ്വരനിലിരിക്കുന്നു എന്നു കണ്ടുതുടങ്ങും. ഈ പരമപ്രേമാനന്ദം സ്വന്തമാക്കുവാന്‍ സാധിക്കുന്ന ജീവന്‍ സര്‍വ്വത്തിലും ഈശ്വരനെ കണ്ടുതുടങ്ങും. അപ്പോള്‍ ഹൃദയം പ്രേമത്തിന്റെ ശാശ്വതപ്രസ്രവണമായും ഭവിക്കും. പ്രേമം ഇതിനെക്കാള്‍ ഉയര്‍ന്നതരം ഭൂമികകളിലെത്തുമ്പോള്‍ ലൗകികവസ്തുക്കള്‍ക്കു തമ്മിലുള്ള തുച്ഛഭേദങ്ങള്‍ കാണാതാകും. പിന്നെ മനുഷ്യനെ മനുഷ്യനെന്ന നിലയിലല്ല, ഈശ്വരന്‍ തന്നെയായിട്ടാണ് ദര്‍ശിക്കുക: തിര്യക്കിനെ തിര്യക്കായിട്ടല്ല ഈശ്വരനായിട്ടേ കാണൂ: നരിയെപ്പോലും നരിയായിട്ടല്ല, ഈശ്വരനായിട്ടു ദര്‍ശിക്കും. ഈ പരഭക്തിഭാവത്തില്‍ ഏതു മനുഷ്യനെയും ഏതു തിര്യക്കിനെയും ഏതു വസ്തുവിനെയും ഈശ്വരന്‍ എന്ന് കണ്ട് ആരാധിക്കും.

ഏവം സര്‍വേഷു ഭൂതേഷു ഭക്തിരവ്യഭിചാരിണീ
കര്‍ത്തവ്യാ പണ്ഡിതൈര്‍ജ്ഞാത്വാ സര്‍വ്വഭൂതമയം ഹരീം.

“ഇപ്രകാരം ശ്രീഹരിയാകുന്നു സര്‍വ്വഭൂതങ്ങളുടെയും രൂപത്തിലിരിക്കുന്നതെന്നറിഞ്ഞ് പണ്ഡിതന്മാര്‍ സര്‍വ്വഭൂതങ്ങളിലും അചഞ്ചലമായ ഭക്തി കൊള്ളണം.’ ഇങ്ങനെ സര്‍വാശ്ലേഷിയായ ഗാഢപ്രേമം ഉണ്ടാകുന്നതിന്റെ ഫലമായി പരിപൂര്‍ണ്ണമായ ആത്മസമര്‍പ്പണഭാവം ഉളവാകും: സംഭവിക്കുന്നതൊന്നും തനിക്കു പ്രതികൂലമല്ല എന്ന അപ്രാതികൂല്യാവസ്ഥയുണ്ടാകും. വേദനയുണ്ടാക്കുന്ന സംഗതിയാണ് സംഭവിക്കുന്നതെങ്കിലും ഭക്തന്‍ അതിനെ സ്വാഗതം ചെയ്യും, ഏതു കഷ്ടപ്പാടിനും സ്വാഗതം, ഒരു സര്‍പ്പം നേരിട്ടാല്‍ ‘സര്‍പ്പമേ, സ്വാഗതം’ എന്നു അതിനെയും, മൃത്യു വന്നണയുമ്പോള്‍ പുഞ്ചിരിപൂണ്ട് അതിനെയും വരിക്കും. “ഇവരെല്ലാം എന്നെ തിരഞ്ഞു വരുന്നുവല്ലോ! ഞാന്‍ ധന്യന്‍തന്നെ. സര്‍വ്വര്‍ക്കും സ്വാഗതം.” ഈശ്വരനോടും ഈശ്വരന്റെതായ സര്‍വ്വത്തിനോടുമുള്ള തീവ്രാനുരാഗത്താല്‍ ഉളവാകുന്ന ഈ ആത്മസമര്‍പ്പണാവസ്ഥയില്‍ ഭക്തന്‍ തനിക്ക് വരുന്ന സുഖങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും തമ്മില്‍ വ്യത്യാസം അറിയില്ല. ദുഃഖത്തെയോ കഷ്ടപ്പാടിനെയോ പറ്റി ആവലാതിപ്പെടുവാന്‍ ഭക്തന്നറിഞ്ഞുകൂടാ. ഇപ്രകാരം പ്രേമസ്വരൂപനായ ഭഗവാന്റെ ഇച്ഛയ്ക്ക് ആവലാതികൂടാതെ തന്നെത്താന്‍ സമര്‍പ്പിക്കുന്ന നില, നിശ്ചയമായും ഗംഭീരവീരകര്‍മ്മങ്ങള്‍കൊണ്ടുണ്ടാകുന്ന മഹത്ത്വത്തേക്കാളും വിലയുള്ള സമ്പാദ്യമാകുന്നു.

മനുഷ്യരില്‍ ബഹുഭൂരിപക്ഷത്തിന്നും ശരീരത്തിന്റെ കാര്യമേ ഗണ്യമായിട്ടുള്ളു. അവരുടെ പ്രപഞ്ചം മുഴൂവനും ശരീരമാണ്: ശരീരസുഖാനുഭവമാണ് അവര്‍ക്ക് പുരുഷാര്‍ത്ഥസര്‍വ്വസ്വം. ശരീരത്തെയും അതിനെ സംബന്ധിച്ചുള്ളവയേയും ആരാധിക്കുക എന്ന ഈ ദുര്‍ഭൂതം നമ്മളെയെല്ലാം ബാധിച്ചിട്ടുണ്ട്. നാം വന്‍കാര്യങ്ങള്‍ പറഞ്ഞു രസിക്കുന്നുണ്ടാകാം: ഉയരെ പറക്കുന്നുണ്ടാകാം. എങ്കിലും നാം കഴുകന്മാരെപ്പോലെയാണ്; നമ്മുടെ നോട്ടം താഴെക്കിടക്കുന്ന ചീഞ്ഞ ഇറച്ചിക്കഷണത്തിലാണ്. ശരീരത്തെ നരി പിടിക്കാതെയും മറ്റും രക്ഷിക്കുന്നതെന്തിന്? എന്തുകൊണ്ട് അതിനെ ഒരു നരിക്കു സമ്മാനമായി കൊടുത്തുകൂടാ? അങ്ങനെ ചെയ്താല്‍ അതു നരിക്കു സന്തോഷമാകും: അതു സ്വാര്‍ത്ഥത്യാഗമെന്നും ആരാധനയെന്നും പറയുന്ന കര്‍മ്മത്തില്‍നിന്നു വ്യത്യസ്തവുമല്ല. തന്നെത്താന്‍ തീരെ വിസ്മരിക്കുന്ന ഭാവം അനുഭവപ്പെടുത്തുവാന്‍ നിങ്ങള്‍ക്കു കഴിവുണ്ടോ? പ്രേമധര്‍മ്മത്തിന്റെ നെടുംകൊടുമുടിയാണത്, തലതിരിച്ചിലുണ്ടാകുംവിധം ഉത്തുംഗമാണത്. ലോകത്തില്‍ ചുരുക്കം ചിലരേ അങ്ങോട്ടു കേറിച്ചെന്നിട്ടുള്ളു. അത് ചെയ്യുന്നതുവരെ- സദാ സന്നദ്ധനായി പൂര്‍ണ്ണമനസ്സായി ചെയ്യുന്ന സ്വാത്മാഹുതിയുടെ തുംഗശൃംഗാഗ്രത്തില്‍ എത്തിച്ചേരുന്നതുവരെ – സംസിദ്ധനായ ഭക്തനാവുകയില്ല. ശരീരത്തെ ഏറെക്കുറെ കാലം ഏറെക്കുറെ തൃപ്തികരമായി സൂക്ഷിച്ചുവെപ്പാന്‍ നമുക്കു സാധിക്കും. എന്നാലും അതു നശിക്കും, അതിനു നിത്യത്വമില്ല. ആ നശിക്കുന്നത് അര്‍ത്ഥവത്താക്കുവാന്‍ സാധിക്കുന്ന ശരീരകളത്രേ ധന്യന്മാര്‍. “പണ്ഡിതന്‍ സ്വന്തം ധനവും ജീവിതം തന്നെയും പരാരാധനയ്ക്കു ഒരുക്കിവെച്ചിരിക്കുന്നു. ലോകത്തില്‍ ഒരവസ്ഥ, അതായത് നാശം, നിശ്ചിതമായിരിക്കെ ഈ ശരീരം ദുഷ്‌കാര്യത്തിനല്ലാതെ സത്കാര്യത്തിനു നശിക്കുന്നത് എത്രയോ ശ്രേയസ്‌കരം.” അമ്പതോ നൂറോ കൊല്ലം ഈ ശരീരം വലിച്ചിഴച്ചു കൊണ്ടുപോകാം എന്നുവെയ്ക്കുക. അതിനു ശേഷമോ? കൂടിച്ചേര്‍ന്നതേതും കൂട്ടുപിരിഞ്ഞു നശിക്കണം, കാലവ്യത്യാസമേ ഉള്ളു. ക്രിസ്തുവും ബുദ്ധനും മുഹമ്മദും എല്ലാവരും കണ്‍മറഞ്ഞു. മഹാപ്രവാചകന്മാരും ലോകാചാര്യന്മാരും എല്ലാവരും അന്തരിച്ചു. എന്തും തകര്‍ന്നടിയുന്ന ഈ ക്ഷണികലോകത്തില്‍ കിട്ടിയ കാലം ഉത്തമരീതിയില്‍ ഉപയോഗിക്കണം: ഇതാകുന്നു ഭക്തന്റെ നിശ്ചയം, ഉത്തമരീതിയാവട്ടെ, അതിനെ സര്‍വഭൂതഹിതാര്‍ത്ഥം അര്‍പ്പിക്കുന്നതുതന്നെ നാം ശരീരമല്ലാതെ മറ്റൊന്നുമല്ല, അതിനെ പോറ്റി രസിപ്പിപ്പാന്‍ സര്‍വ്വാത്മനാ സര്‍വ്വപ്രകാരേണയും യത്‌നിക്കണം എന്നുള്ള മായാമോഹം ഭയങ്കരദേഹാത്മബുദ്ധി, ഇതത്രേ ലോകത്തില്‍ കാണുന്ന, സര്‍വസ്വാര്‍ത്ഥതയേയും ഉല്‍പാദിപ്പിക്കുന്നത്. നിങ്ങള്‍ ദേഹമല്ല, മറ്റൊന്നാണ് എന്നു തീര്‍ച്ചയായില്‍പ്പിന്നെ നിങ്ങള്‍ക്കു ഒരാളോടും പൊരുതേണ്ടതോ പിണങ്ങേണ്ടതോ ഇല്ല. സ്വാര്‍ത്ഥഭാവം നിങ്ങളെ സ്പര്‍ശിക്കില്ല. അതുകൊണ്ട് ലോകകാര്യങ്ങളെസ്സംബന്ധിച്ച് നാം മൃതതുല്യരാണെന്നു കരുതുക, കാര്യങ്ങള്‍ ഏതു വഴിക്കോ നടന്നുകൊള്ളട്ടെ: ഇതാണ് ഭക്തന്റെ പ്രഖ്യാപനം, ഇതാണ് ആത്മസമര്‍പ്പണം, ആത്മനിവേദനം. “അങ്ങയുടെ ഇച്ഛ നടക്കട്ടെ” എന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്: അല്ലാതെ നമ്മുടെ പോരായ്മകളും ലൗകികോല്‍ക്കര്‍ഷേച്ഛകളും ഈശ്വരസമ്മതങ്ങളെന്നു കരുതി കണ്ടേടം ചേര്‍ന്നു പിണങ്ങുകയും പോരടിക്കയും ചെയ്യുന്നതല്ല. സ്വാര്‍ത്ഥസിദ്ധിക്കുവേണ്ടി മല്ലിടുന്നതില്‍നിന്നും നന്മയുണ്ടാവാം. പക്ഷേ ആ കാര്യം ഈശ്വരന്‍ നിശ്ചയിക്കുന്നതാണ്. തനിക്കുവേണ്ടി ഒരു കാര്യം നിശ്ചയിക്കുകയോ പ്രവര്‍ത്തിക്കുകയോ ഒരിക്കലും അരുത് എന്നായിരിക്കണം സിദ്ധഭക്തന്റെ നിശ്ചയം. ഭക്തന്റെ ഹൃദയതലത്തില്‍നിന്നു പൊന്തുന്ന പ്രാര്‍ത്ഥനയാണിത്; “പ്രഭോ! നിന്തിരുനാമത്തില്‍ ചിലര്‍ മഹാക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നു, വമ്പിച്ച ദാനങ്ങളും നടത്തുന്നു: ഞാന്‍ ദരിദ്രന്‍, എനിക്കൊന്നുമില്ല, ഈ ശരീരത്തെ ഇതാ തൃക്കാല്ക്കല്‍ സമര്‍പ്പിക്കുന്നു. എന്നെ തള്ളിക്കളയരുതേ!” പ്രിയപ്രാണനാഥന് ആത്മാവിനെ എന്നേന്നേയ്ക്കുമായി അടിയറവെച്ച നില അറിഞ്ഞിട്ടുള്ളുവന്ന് ആ സമര്‍പ്പണം സര്‍വ്വൈശ്വരബലങ്ങളെക്കാളും അത്യുന്നതകീര്‍ത്തി ഭോഗാനുഭവചിന്തകളെക്കാളും വളരെ വളരെ മീതെയാണ്. ഭക്തന്‍ സ്വസ്ഥഹൃദയനായി ചെയ്യുന്ന ആത്മസമര്‍പ്പണത്തിന്റെ ഫലമായി ശാന്തി ഇന്നവിധമെന്നറിവാന്‍ബുദ്ധിക്കു കഴിവില്ല, അതിന്റെ വില മറ്റൊന്നിനോടു താരതമ്യപ്പെടുത്തുവാനും വയ്യ. അപ്രാതികൂല്യം എന്ന അവസ്ഥയില്‍ ഭക്തന്റെ മനസ്സ് ഏതു വിഷയത്തിലും താല്പര്യമറ്റ് കേവലം അനാസക്തമായിരിക്കും. ആ മനസ്സില്‍ ഒന്നുമാത്രമുണ്ട്: ഏതൊരു ദേവനില്‍ സര്‍വ്വഭൂതങ്ങളും ജീവിക്കയും ചേഷ്ടിക്കയും നിലനില്ക്കയും ചെയ്യുന്നുവോ ആ ദേവനോടുള്ള പരമപ്രേമം, മറ്റു സര്‍വ്വത്തെയും ഗ്രസിച്ചുകളഞ്ഞ പരമപ്രേമം. ഇപ്രകാരം ഈശ്വരനോടുണ്ടാകുന്ന പ്രേമാസക്തി ബന്ധകരമല്ല, മറിച്ച് ജീവന്റെ സര്‍വ്വബന്ധങ്ങളെയും നിശ്ചയമായും നിശ്ശേഷമായും അറുത്തുകളയുന്നതാണ്, ബന്ധമോചകമാണ്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 15 സമഷ്ടിപ്രേമവും അത് ആത്മസമര്‍പ്പണത്തിനു വഴിയാകുന്ന വിധവും‍. പേജ് 495-502]