ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം

സമത്വവീക്ഷണം അറിവിന്റെ ഉത്തമസാക്ഷ്യമാണ് . എല്ലാ വസ്തുക്കളും പരസ്പരം ഐക്യപ്പെട്ടിരിക്കുന്നതായി അഭിജ്ഞന്മാര്‍ കാണുന്നു. ഈ ഐക്യം തന്നെയാണ് സമത്വഭാവം. ഓരോ വസ്തുക്കളിലും ബാഹ്യമായികാണപ്പെടുന്ന വ്യത്യസ്തഭാവങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് സമത്വവീക്ഷണമെന്നു ഒരിക്കലും അര്‍ത്ഥമാകുന്നില്ല. ഈ വ്യത്യാസങ്ങള്‍ പ്രകൃത്യാ ഉള്ളതാണ് ; അസ്ഥിരങ്ങളുമാണ്. എന്നാല്‍ അതുകള്‍ അനശ്വരജ്ഞാന സാഗരത്തില്‍ പരസ്പരം ഐക്യപ്പെട്ടുവര്‍ത്തിക്കുന്ന ഓരോ വിഭാഗങ്ങളാണെന്ന് അഭിജ്ഞന്മാര്‍ കാണുന്നു. ഈ ഐക്യത്തെ തന്നെയാണ് സമത്വഭാവമായി വിവക്ഷിക്കപ്പെടുന്നതും . ശബ്ദം, രുചി, ആകൃതി, മണം ഇതുകള്‍കൂടിയും ദൈവികശക്തിയായി ജ്ഞാനികള്‍ ദര്‍ശിക്കുന്നു ; അവര്‍ക്ക്‌ അപ്രകാരം അനുഭവപ്പെടുകയും ചെയ്യുന്നു.