ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

പ്രാരബ്ധം (ശ്രീരമണ തിരുവായ്മൊഴി)

സുമാര്‍ രണ്ടു കൊല്ലത്തിനു മുമ്പായിരിക്കണം. വളരെക്കാലമായി പോക്കുവരവുള്ള ബ്രാഹ്മണദമ്പതികള്‍ (ഗുണ്ടൂര്‍ നിവാസികള്‍) ഇവിടെ വന്നു രണ്ടു മാസം താമസിച്ചു. ആ ബ്രാഹ്മണന്‍ സന്താനങ്ങളേയും ഗൃഹവും വിട്ടു അധികനാള്‍ ഇതിനുമുമ്പു താമസിച്ചിരുന്നില്ല. ഗൃഹഭാരം പത്നിയില്‍ സമര്‍പ്പിച്ചു ആശ്രമവാസിയാകാമെന്നു കരുതിവന്നിരിക്കണം. ആ ബ്രാഹ്മണന്‍ ഭഗവാന്‍ സന്നിധിയില്‍ വന്നു “സ്വാമീ! സംസാരബാധ സഹിക്കവയ്യാതായിരിക്കുന്നു. ഭാര്യയോടു “എന്റെ കൂടെ വരേണ്ടാ” എന്നു പറഞ്ഞതു കൂട്ടാക്കാതെ വന്നിരിക്കുകയാണ് അവള്‍. “ഗൃഹവും സന്താനങ്ങളും എന്തായൊ നമുക്ക് പോകാം”എന്നു ഭാര്യ നിര്‍ബന്ധിക്കുന്നു. അവരോടു പോകാന്‍ പറഞ്ഞു കൂട്ടാക്കുന്നില്ല. ഭഗവാന്‍ ഒന്നു പറഞ്ഞയക്കൂ. ഞാന്‍ ഭഗവാന്റെ സന്നിധിയില്‍ കിട്ടിയതു ഭക്ഷിച്ചിരുന്നു കൊള്ളാം” എന്നു പറഞ്ഞു.

ഭഗവാന്‍ പരിഹാസത്തില്‍ “സംസാരം വിട്ടു എവിടേക്കു പോകാനാണ് ? ആകാശത്തില്‍ പറക്കുകയോ ? ഭൂമിയില്‍ അല്ലേ നിങ്ങള്‍ ഉള്ളത് ? എവിടെ ഉണ്ടോ അവിടെ സംസാരവുമുണ്ട്. ഞാന്‍ സര്‍വ്വം ത്യജിച്ച് ഇവിടേക്കു വന്നു. നോക്കുവിന്‍! ഇപ്പോള്‍ എത്ര വലിയ സംസാരമായിരിക്കുന്നു എന്റേത്. നിങ്ങള്‍ “ആ അമ്മയോട് പോകാന്‍ പറയു” എന്നു പറയുന്നു. അവര്‍ വന്ന് “ഞാനെവിടെ പോകാനാണ് സ്വാമീ ഇവിടെത്തന്നെ നില്‍ക്കുന്നു”എന്നു പറയും. ആ അമ്മയോടെന്തു പറയും ഞാന്‍ ? നിങ്ങളുടെ സംസാരം നിങ്ങള്‍ക്കുവേണ്ടാ എന്നു പറയുന്നു. എന്റെ ഈ സംസാരം ഞാനെന്തു ചെയ്യണം ? ഇതെല്ലാം വിട്ടു ഞാനെവിടേക്കു പോകും ? എന്നരുളി ഭഗവാന്‍. ഹാളില്‍ എല്ലാവരും ചിരിച്ചു. “ഹാ! ഭഗവാനെന്തുണ്ട് ? ബന്ധരഹിതരായതു കൊണ്ടു എത്രവലിയ സംസാരമായാലും ഭരിക്കുവാന്‍ സാധിക്കുന്നു” എന്നു പറഞ്ഞു ആ വൃദ്ധബ്രാഹ്മണന്‍ വിരമിച്ചു.

ഭഗവാന്റെ സാധാരണവാക്കില്‍ പോലും തത്വബോധം അടങ്ങിക്കാണും. അതില്‍ എന്നെപ്പോലെയുള്ള ഭക്തര്‍ എപ്പോഴും ശരീരചിന്തയില്‍ കാലുവേദന, തലവേദന, വയറുവേദന എന്നു ഭഗവാനു നിവേദിക്കുന്നു. അന്നൊരുനാള്‍ ഒരാള്‍ വന്നു “കണ്ണിന്നു കാഴ്ചക്കുറവുണ്ട്, ശരിയായ കാഴ്ചയില്ല, ഭഗവാന്‍ അനുഗ്രഹിക്കണം” എന്നു പറഞ്ഞപ്പോള്‍”ശരി, എന്ന് ശിരസ്സാംഗ്യം കാണിച്ചു. അയാള്‍ പോയപ്പോള്‍, “അവര്‍ കണ്ണിന്നു കാഴ്ചയില്ലെന്നു പറയുന്നു. എനിക്ക് കാലിന്നു സുഖമില്ല ഞാനാരോട് പറയുവാനാണ് ? എന്നരുളി ഭഗവാന്‍. എല്ലാവരും അത്ഭുതഭാവത്തില്‍ ഇരുന്നു. ഭഗവാന്‍ ഈ വിധം അപ്പപ്പോള്‍ ബോധനാസൂചകമായി പറയാറുണ്ട്. “പ്രാരബ്ധം ഭുജ്യമാനസ്യ, കഥം ഭവതീ ഹേപ്രഭോ” എന്ന ഗീതാ വാക്യമനുസരിച്ചു പ്രാരബ്ധം അനുഭവിച്ചു തീരേണമെന്ന ബോധന തരുന്നു ഭവാന്‍. അതു ഗ്രഹിക്കാന്‍ സാധ്യമാകാതെ ഭഗവാനോടാവലാതിപ്പെടുന്നു.

1-12-45