യദിദം യോഗാനുശാസനം ന വാ ഏതദവരുന്ധതേ യന്ന്യസ്ത
ദണ്ഢാ മുനയ ഉപശമശീലാ ഉപരതാത്മനഃ സമവഗച്ഛന്തി (5-14-39)

ശുകമുനി തുടര്‍ന്നുഃ

ചിലപ്പോള്‍ ലൗകീകരായ മനുഷ്യര്‍ ശാസ്ത്രാധിഷ്ഠിതമായ അനുഷ്ഠാന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. എങ്കിലും അതവര്‍ക്ക്‌ വലിയൊരു പര്‍വ്വതം ചുമക്കുന്നുതുപോലെ കഠിനമായി അനുഭവപ്പെടുന്നു. ചിലപ്പോള്‍ ദുഷ്പേരും അപമാനവും സഹിച്ച്‌ അവന്‌ ഉറക്കം പോലും നഷ്ടപ്പെടുന്നു.അന്തഃമില്ലാതെ നീങ്ങുന്ന ദുരിതങ്ങള്‍ക്കിടയ്ക്ക്‌ ഒരല്‍പ്പം സുഖഭോഗത്തിനായി അവന്‍ അന്യന്റെ സ്വത്തിലും പരസ്ത്രീകളിലും കൈവെക്കുന്നു.

സുഖലാഭത്തിന്‌ പകരം നിയമപാലകരുടേയോ സ്ത്രീകളുടെ ഭര്‍ത്താക്കന്മ‍ാരുടെയോ പ്രഹരമേല്‍ക്കാനാണ്‌ അവന്‌ യോഗം. ഇങ്ങനെയൊന്നും ഉണ്ടായില്ലെങ്കില്‍ പോലും അവന്റെ സ്വത്തുക്കള്‍ ഒരംശം ശാശ്വതമായി നിലനില്‍ക്കുന്നില്ല. ഈ ലോകത്ത്‌ സമ്പത്ത്‌ ഒരിക്കലും ഒരാള്‍വശം ഇരിക്കുകയില്ല. അത്‌ കൈമറിഞ്ഞ് പൊയ്ക്കൊണ്ടേയിരിക്കും. നിയമപരമായ വ്യാപാരങ്ങളിലേപ്പെട്ടിരിക്കുന്നവര്‍പോലും എതിരാളികളുടെ കുത്സിത പ്രവൃത്തികളാല്‍ ദുരിതമനുഭവിക്കാന്‍ ഇടവരുന്നു.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്‌ ഇഹലോകജീവിതമെങ്കിലും ആ‍ത്മ നിയന്ത്രണമില്ലാത്ത മനുഷ്യന്‍ സ്ത്രീയെന്ന മായയാല്‍ ആകര്‍ഷിക്കപ്പെട്ട്‌ അവളുടെ പ്രലോഭനങ്ങള്‍ക്കടിമയാവുന്നു. അവന്‍, അവള്‍ക്കുവേണ്ടി അടിമവേല ചെയ്യുന്നു. തന്റെ മക്കള്‍ക്കും അവരുടെ ഭാര്യമാര്‍ക്കുമെല്ലാം വേണ്ടി അവന്‍ മോഹിതനായി ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു. ഭഗവാന്റെ സൃഷ്ടികള്‍ക്കാവശ്യമായ ഊര്‍ജ്ജമത്രേ സ്ത്രീ എന്നറിയപ്പെടുന്നമായ.

വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിഞ്ഞ്‌ കാലം കടന്നുപോകുന്നുത്‌ അവനറിയുന്നില്ല. അവന്‍ നാസ്തിക സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായി ജീവിക്കുന്നു. പിന്നീട്‌ അവയുടെ മുഖംമൂടി പൊളിച്ചുമാറ്റി സത്യം വെളിപ്പെടുമ്പോള്‍ അവന്‍ ശരിയായ വിശ്വാസസംഹിതയിലേക്ക്‌ തിരിയുന്നു. എങ്കിലും സത്സംഗത്തിനോ ദിവ്യപുരുഷന്മ‍ാരുമായുളള സഹവാസത്തിനോ അവന്‌ സമയമില്ല. അവനപ്പോഴും സമ്പത്തും വിഷയാസക്തിയുമാണ്‌ പ്രിയം.

വിധിവൈപരീത്യങ്ങള്‍ അവനെ ബാധിക്കുന്നു. ചിലപ്പോള്‍ അവന്‍ ധനവാന്‍. ചിലപ്പോള്‍ തലചായ്ക്കാന്‍ ഇടം പോലുമില്ലാത്ത ഒരു ദരിദ്രവാസി. ദാരിദ്ര്യം ഒഴിവാക്കാന്‍ അവന്‍ ചിലപ്പോള്‍ വിവാഹം കഴിക്കുന്നു. കുറച്ച്‌ കഴിഞ്ഞ്‌ വിവാഹമോചനം നേടുന്നു. ലൌകീകജീവിതത്തില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ , കുറച്ചുപേര്‍ ദുഃഖിക്കുകയും കരയുകയും ചെയ്യും. പിന്നീട്‌ മൃതദേഹം മറവു ചെയ്യുന്നു. എന്നിട്ട്‌ തങ്ങളുടെ പഴയ ജീവിതചര്യകള്‍ തുടരുന്നു. നന്മനിറഞ്ഞ ഒരുവന്‍ മാത്രമെ സത്യത്തിന്റെ പാതയില്‍ പോവുന്നുളളൂ. അവന്‍ യോഗമാര്‍ഗ്ഗം സ്വീകരിക്കുന്നു. ലൗകീക ജീവിതാസക്തി ഉപേക്ഷിച്ച്‌ മനസ്‌ ശാന്തമാക്കിയ മാമുനിമാര്‍ക്ക്‌ മാത്രം പ്രാപ്യമായ ആ അത്യുദ്ധതപദത്തിനായി അവന്‍ പരിശ്രമിക്കുന്നു. രാജാക്കന്മ‍ാര്‍പോലും ദിഗ്വിജയം മോഹിച്ച്‌ പടവെട്ടുമ്പോള്‍ മരിച്ചു വീഴുവാനാണ്‌ അഭിലഷിക്കുന്നുത്‌. കര്‍മ്മമെന്ന പുല്‍ത്തുരുമ്പില്‍ പിടിച്ചുതൂങ്ങി അവന്‍ ജനന മരണ ചക്രത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.

ഭരതന്‍ നയിച്ച ജീവിതം എത്ര ഉദാത്തമായിരുന്നു! ഒരു മാനിന്റെ ശരീരത്തില്‍ ജീവിച്ചപ്പോഴും അദ്ദേഹം ഹരിഭക്തനായിരുന്നു. ഭരതന്റെ കഥ കേള്‍ക്കുകയോ അത്‌ മറ്റുളളവര്‍ക്കായി പറഞ്ഞു കൊടുക്കുകയോ ചെയ്യുന്ന ഏതൊരുവനും ആയുരാരോഗ്യസമ്പത്സമൃദ്ധിയും അവസാനം മോക്ഷപദവും ലഭിക്കുന്നുതാണ്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF