രാജീവ്‌ ഇരിങ്ങാലക്കുട

ശ്രുതി സ്മൃതി പുരാണാനാമാലയം കരുണാലയം
നമാമി ഭഗവദ്പാദശങ്കരം ശങ്കരം ലോകശങ്കരം

“ഭാരതം എന്നും നിലനില്‍ക്കേണ്ടതുണ്ട്. ഈശ്വരന്‍ വീണ്ടും അവതരിച്ചു. ധര്‍മഗ്ലാനി ഭവിക്കുമ്പോള്‍ വീണ്ടുംവരുമെന്ന് പ്രഖ്യാപിച്ച ഭഗവാന്‍ വീണ്ടും വന്നു. ഇത്തവണ ആവിര്‍ഭാവം ദക്ഷിണദിക്കിലാണ്. പതിനാറു വയസ്സിനുള്ളില്‍ തന്റെ സകലകൃതികളും നിര്‍മ്മിച്ചുകഴിഞ്ഞുവെന്നു പറയപ്പെടുന്ന ആ അത്ഭുത ബാലനായ ശങ്കരാചാര്യര്‍ ആവിര്‍ഭവിച്ചു. ഈ പതിനാറുവയസ്സുള്ള കുട്ടിയുടെ കൃതികള്‍ ആധുനികലോകത്തിന് അത്ഭുതങ്ങളാണ്. ആ ബാലനും ഒരു അത്ഭുതം തന്നെ. ഭാരതത്തെ അതിന്റെ പരിശുദ്ധിയിലേക്ക് കൊണ്ടുവരാന്‍ ആ ബാലന്‍ ആഗ്രഹിച്ചു. അന്നുമുതല്‍ ഇന്നുവരെ ഭാരതത്തിന്റെ ശ്രമം മുഴുവന്‍ ബുദ്ധമതം വരുത്തിവെച്ച അധ:പതനത്തില്‍നിന്നു മുക്തമാകുവാനുള്ള ശ്രമമായിരുന്നു. വേദാന്തത്തിന്റെയും ബുദ്ധമതത്തിന്റെയും യഥാര്‍ത്ഥസാരം ഭിന്നമല്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. (ബുദ്ധ) ശിഷ്യന്മാര്‍ (അവരുടെ) ഗുരുവിനെ മനസ്സിലാക്കിയില്ല. അവര്‍ സ്വയം അധ:പതിച്ചു. ഈശ്വരന്റെയും ആത്മാവിന്റെയും സത്തയെ നിഷേധിച്ചു; അങ്ങനെ നിരീശ്വരരായി. ശ്രീശങ്കരന്‍ ഈ വസ്തുത എടുത്തുകാട്ടി. ബൗദ്ധന്മാരെല്ലാം ആദിധര്‍മ്മത്തിലേക്കു തിരിച്ചുവരുവാന്‍ തുടങ്ങി.” ‘ഭാരത മാമുനിമാര്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തവേ ശ്രീമദ് ശങ്കരഭഗവദ്പാദരെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ പറഞ്ഞ വചനങ്ങളാണ് മേലുദ്ധരിച്ചത്. ലോകത്തിന്റെ വിശിഷ്യ ഭാരതത്തിന്റെ നവോത്ഥാനത്തിന് കേരളത്തിന്റെ മഹത്തായ സംഭാവന എന്താണെന്നുള്ള ചോദ്യത്തിന് നല്കാവുന്ന സുവ്യക്തമായ ഉത്തരമാണ് ശ്രീശങ്കരാചാര്യര്‍ (788-820) എന്ന നാമം.

ഏതുമതം യാതൊരു വ്യക്തിയേയോ ഗ്രന്ഥത്തേയോ ആധാരമാക്കിയല്ലയോ സ്ഥിതിചെയ്യുന്നത്, അതേസമയം ഏതൊരു മതത്തിന്റെ പൗരുഷശക്തി സര്‍വത്ര പ്രകടമായി കാണുന്നുവോ ആ വേദാന്തമതത്തിന്റെ പ്രചാരത്തിനുവേണ്ടി സ്വന്തം യശസ്സോ ശ്രേയസ്സോ തെല്ലുപോലും കാംക്ഷിക്കാതെ ആയുസ്സും വപുസ്സും അര്‍പ്പിച്ച മഹാനായ ആചാര്യവര്യനായിരുന്നു ശ്രീമദ് ശങ്കരാചാര്യ സ്വാമികള്‍. എട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും അദ്ദേഹത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആ മഹാചാര്യന്‍ അപൗരുഷേയനായി ജീവിച്ചു, ഇന്നും ജീവിക്കുകയും ചെയ്യുന്നു.

ജീവിത യാഥാര്‍ത്ഥ്യത്തെ കരതലാമലകംപോലെ ദര്‍ശിച്ച ആചാര്യദര്‍ശനത്തിന്റെ മുഖമുദ്ര എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉദ്ധരിക്കാവുന്ന ശ്ലോകം.

‘ശ്ലോകാര്‍ധേന പ്രവക്ഷ്യാമി
യദുക്തം ഗ്രന്ഥകോടിഭി:
ബ്രഹ്മം സത്യം ജഗന്മിഥ്യാ
ജീവോ ബ്രഹ്മൈവ നാപര:’

‘കോടി ഗ്രന്ഥങ്ങളില്‍ പറഞ്ഞത് ഒരു ശ്ലോകത്തിന്റെ പകുതിയില്‍ ഒതുക്കിക്കൊണ്ട് ഞാന്‍ പറയുന്നു, ബ്രഹ്മം മാത്രം സത്യം, ജഗത്ത് മിഥ്യ; ജീവന്‍ ബ്രഹ്മം തന്നെ, മറ്റൊന്നുമല്ല.’

അനുഭൂതിയെ പ്രമാണമാക്കിയാണ് ആചാര്യര്‍ തന്റെ തത്ത്വചിന്തയേയും ഉപനിഷത്തുകളിലെ പരമതത്ത്വങ്ങളെയും തെളിയിക്കുന്നത്. അദ്വയവും പൂര്‍ണ്ണവുമായ ബ്രഹ്മമൊന്നുമാത്രമേ സത്യമായുള്ളൂവെന്നും നാമെല്ലാം അതിന്റെ പ്രതിഭാസങ്ങളോ പ്രതിബിംബങ്ങളോ, സ്ഫുലിംഗങ്ങളോ ആകുന്നുവെന്നുമാണ് ശങ്കരമതം. ചൈതന്യമൊന്നുമാത്രമാണ് ലോകം മുഴുവനും നിറഞ്ഞിരിക്കുന്നത്. നാമരൂപങ്ങള്‍ അതില്‍ ആരോപിക്കപ്പെടുകയോ ദര്‍ശിക്കുന്നുവെന്ന് ഭ്രമിക്കുകയോ ആയാണ് ചെയ്യുന്നത്. അനുഭവത്തിന് അനുകൂലമല്ലാത്ത ശ്രുതി സ്വീകാര്യമല്ലെന്നും ശ്രീശങ്കരന്‍ അസന്ദിഗ്ദ്ധഭാഷയില്‍ പ്രഖ്യാപനം ചെയ്യുന്നു.

ശ്രീശങ്കരന്‍ പ്രകൃതിയെ ശരിയായി നിരീക്ഷിച്ച് തന്റെ അനുഭവങ്ങളെ അപഗ്രഥനം ചെയ്ത്, അവ ശ്രുതിക്ക് അനുസൃതമാണെന്നു തെളിയിച്ച് അദ്വൈത വേദാന്ത സിദ്ധാന്തങ്ങളെ സമര്‍ത്ഥിക്കുന്നു. അസമത്വങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഉത്തരവാദി ഈശ്വരനോ മറ്റാരെങ്കിലുമോ അല്ല എന്നാണ് ശ്രീശങ്കരപക്ഷം. ഓരോരുത്തരും അവനവന്റെ അവസ്ഥാഭേദങ്ങള്‍ക്ക് ഉത്തരവാദിയാണ്. നമ്മുടെ സകല ദു:ഖങ്ങള്‍ക്കും പരാജയങ്ങള്‍ക്കും കാരണം നമ്മുടെ അജ്ഞത മാത്രമാണ്. ജ്ഞാനോദയം ഉണ്ടാകുമ്പോള്‍, ഈ ജ്ഞാനം നമ്മില്‍തന്നെ ഉണ്ടായിരുന്നതാണെന്നും അല്ലാതെ പുറമെ നിന്നു വന്നതല്ലെന്നും നമുക്ക് ബോധ്യപ്പെടും. അതിനാല്‍ എല്ലാ ജ്ഞാനവും നമ്മില്‍തന്നെയുണ്ട്. നാം അത് അറിയുന്നില്ലെന്നു മാത്രമേയുള്ളൂവെന്ന് ആചാര്യര്‍ തന്റെ തത്ത്വചിന്താപദ്ധതിയിലൂടെ സ്ഥാപിക്കുന്നു.

ലോകത്തിന്റെ നശ്വരതയെയും അതിലെ അനേകവിധമായ കഷ്ടപ്പാടുകളേയും മറ്റും പ്രതിപാദിക്കുമ്പോള്‍ വേദാന്തം അപ്രായോഗികതയിലേക്കും അശുഭാപ്തി വിശ്വാസത്തിലേക്കും ചായുന്നുവെന്ന് തോന്നിപ്പോകാമെങ്കിലും അനന്തവും സച്ചിദാനന്ദരൂപവുമായ ബ്രഹ്മത്തെപ്പറ്റി പറയുമ്പോള്‍ തികഞ്ഞ പ്രായോഗികതയും ശുഭാപ്തി വിശ്വാസവുമാണ് വേദാന്തം പ്രഖ്യാപനം ചെയ്യുന്നത്. പീഡിതനെ സാന്ത്വനിപ്പിക്കാനും നിരുന്മേഷചിത്തനെ ആശ്വാസ സമ്പൂര്‍ണ്ണനാക്കാനുമാണ് അദ്വൈത സിദ്ധാന്തം ആത്യന്തികമായി ശ്രമിക്കുന്നതെന്ന് ലോകസമക്ഷം ഉച്ചൈസ്തരം ഉദ്‌ഘോഷിക്കപ്പെട്ടത് ശ്രീശങ്കരനിലൂടെയാണ്.

ഭാരതീയ ദര്‍ശനങ്ങളുടെ എല്ലാ ശാഖകളിലും വെച്ച് ശ്രീശങ്കരാചാര്യരുടെ സിദ്ധാന്തമാണ് ആധുനികര്‍ക്ക് കൂടുതല്‍ സ്വീകാര്യമെന്നുള്ള കാര്യത്തില്‍ സംശയമില്ല എന്ന് ഭാരതീയ സിദ്ധാന്തങ്ങളിലും അതേസമയം ഭാരതീയേതരമായ സിദ്ധാന്തങ്ങളിലും ആഴത്തില്‍ അവഗാഹം നേടിയ പണ്ഡിറ്റ് സീതാനാഥ തത്വഭൂഷണ്‍ പറയുന്നു. ആധുനിക ലോകത്ത് ശങ്കരദര്‍ശനത്തിന്റെ പ്രസക്തിയെപ്പറ്റി പുനരവലോകനം ചെയ്യുന്ന അവസരത്തില്‍ പണ്ഡിറ്റിന്റെ പ്രസ്താവന ഗൗരവമര്‍ഹിക്കുന്നു.

ഭാരതീയ തത്വചിന്തയ്ക്കും യവനചിന്തയ്ക്കും പിന്തുണയായിത്തീരുന്ന സൂക്ഷ്മവാദത്തോടും ശാസ്ത്രീയമായ തെളിവോടും കൂടിയതാണ് വിശ്വവിശ്രുത തത്വചിന്തകനായ കാന്റിന്റെ ദര്‍ശനം. തന്റെയും ലോകത്തിന്റെയും വിസ്മയത്തിനു കാരണമാകത്തക്കവിധത്തില്‍, ദൃശ്യലോകത്തില്‍ സാര്‍വത്രികമായി പ്രവര്‍ത്തിക്കുന്ന സ്ഥലം, കാലം, കാര്യകാരണ ബന്ധം എന്ന ഉപാധിത്രയങ്ങള്‍ നാം വിശ്വസിക്കുന്നതുപോലെ ശാശ്വതങ്ങളല്ലെന്നുള്ള വസ്തുത കാന്റും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഷോപ്പന്‍ ഹോവറും നിഷ്‌കൃഷ്ടമായി തെളിയിച്ചിട്ടുണ്ട്. ലോകം മായയാണ്, മിഥ്യയാണ് എന്ന് പ്ലേറ്റോ പറയുമ്പോള്‍ കാന്റ് പറയുന്നത്, ലോകം, അത് വെറും തോന്നല്‍ മാത്രമാണെന്നാണ്. ലോകത്തിലെ മൂന്ന് വ്യത്യസ്ത ചിന്താധാരകള്‍ ഒരേ തീരുമാനത്തില്‍ എത്തിച്ചേരുന്ന അദ്ഭുത പ്രതിഭാസം നമുക്ക് ഇവിടെ കാണാന്‍ കഴിയും. എന്നാല്‍ ഒരു വ്യത്യാസം മാത്രം പ്ലേറ്റോയും കാന്റും അവരുടെ ശിഷ്യന്മാരും ബുദ്ധിബലത്തെ മാത്രം ആശ്രയിച്ച് ഈ സിദ്ധാന്തം പ്രകാശിപ്പിക്കുമ്പോള്‍ ശ്രീശങ്കരന്‍ അതേ ലക്ഷ്യത്തെ അനുഭവത്തോടുകൂടി വ്യക്തമാക്കുന്നു.

ശ്രുതി, യുക്തി, അനുഭവം എന്നിങ്ങനെ മൂന്നാണല്ലോ ശ്രീശങ്കരവീക്ഷണത്തില്‍ മുഖ്യപ്രമാണങ്ങള്‍. എന്നാല്‍ ഇവയില്‍ അനുഭവത്തിനാണ് ശ്രീശങ്കരന്‍ സര്‍വപ്രാധാന്യം നല്‍കുന്നത്. ശ്രുതിയും അനുഭവവും വിരുദ്ധമായി വരുന്നിടത്ത് ശ്രുതിയെ തള്ളാമെന്ന് ശ്രീശങ്കരനെന്ന, ആ അതിധീരനായ ഭാരതത്തിലെ ഉല്‍പതിഷ്ണു സധൈര്യം ഉദ്‌ഘോഷിച്ചു. ശ്രുതിയുടെ ശിരസ്സില്‍ നൃത്തം ചെയ്യുന്ന യുവകേസരിയാണ് ശ്രീശങ്കരന്‍ എന്ന് ഒരു ചിന്തകന്‍ അഭിപ്രായപ്പെട്ടത് ഒട്ടും അതിശയോക്തിയല്ല.

ശ്രീശങ്കരാചാര്യരിലൂടെ ഭാരതീയ ചിന്തയ്ക്കു കൈവന്നിട്ടുള്ള നാനാമുഖങ്ങളായ നേട്ടങ്ങളില്‍ ഏറ്റവും അമൂല്യമായിട്ടുള്ളത് അദ്വൈതപ്രസ്ഥാനം തന്നെയാണ്. ആ പ്രസ്ഥാനത്തിന്റെ മുകളില്‍ പറക്കാന്‍ മറ്റു പറവകളെക്കൊണ്ടൊന്നും സാധ്യമല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ വസ്തുതയിലേക്ക് വെളിച്ചം വീശിക്കൊണ്ട് ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ തന്റെ പ്രഖ്യാതമായ ‘ഭാരതീയ തത്വചിന്ത’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു, ‘ഏതു നിലക്കും പാശ്ചാത്യരില്‍ നിന്നു ഭാരതം വല്ലതും കടം വാങ്ങിയെന്നു തെളിയിക്കാന്‍ ഒരു രേഖയുമില്ല. ഭാരതീയചിന്തയെക്കുറിച്ചുള്ള നമ്മുടെ രേഖകള്‍ തെളിയിക്കുന്നത് മനുഷ്യമനസ്സിന്റെ സ്വതന്ത്രമായ സംരംഭമാണ്.’ ഇതേ ആശയം തന്നെയാണ് മാക്‌സ് മുള്ളറും പ്രകാശിപ്പിച്ചിട്ടുള്ളത്. ഷോപ്പന്‍ ഹോവര്‍ അഭിപ്രായപ്പെടുന്നു : ‘ഇപ്പോഴെന്നല്ല ഒരിക്കലും നമ്മുടെ മതം ഭാരതത്തില്‍ വേരു പിടിക്കില്ല. മനുഷ്യരാശിയുടെ ആദിമവിജ്ഞാനത്തെ മാറ്റി നിറുത്താന്‍ ഗലീലിയിലെ സംഭവങ്ങള്‍ക്ക് സാധിക്കില്ല. നേരെ മറിച്ച് ഭാരതീയ വിജ്ഞാനം യൂറോപ്പിലേക്കൊഴുകും. നമ്മുടെ അറിവിലും ചിന്തയിലും സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യും’. (പൗരസ്ത്യരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ – വാല്യം ഒന്ന്)

വൈദികമത പുന:സ്ഥാപകനായ ശ്രീശങ്കരന്റെ ദര്‍ശനം കാലഹരണപ്പെട്ടതാണെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്. അത്തരക്കാര്‍ക്കുള്ള മറുപടി ലോക പ്രസിദ്ധ ചിന്തകനായ പോള്‍ ഡോയ്‌സന്റെ വാക്കുകളില്‍ കാണാം, ‘പ്ലേറ്റോവിന്റെ ചുവടുപിടിച്ച് വന്ന പ്ലോട്ടിനസ്സും കാന്റിന്റെ കാലടികളെ പിന്തുടര്‍ന്നെത്തിയ ഷോപ്പന്‍ ഹോവറും തത്വശാസ്ത്രത്തിന്റെ പാതയില്‍ എവിടെയാണോ എത്തിയത്, അതിന്നപ്പുറത്തേക്ക് ശ്രീശങ്കരന്‍ കടന്നിരുന്നു’. ശ്രീശങ്കരന്റെ പേരിലറിയപ്പെട്ടുവരുന്ന സിദ്ധാന്തം ശേഷിക്കുന്ന കാലത്തോളം ലോകത്തിന്റെ വിജ്ഞാന ഭണ്ഡാഗാരത്തിന് ഒരു നഷ്ടവുമുണ്ടാകില്ലെന്ന വസ്തുതയിലേക്കാണ് ഈ വിലയിരുത്തലുകളെല്ലാം വിരല്‍ ചൂണ്ടുന്നത്.

സര്‍വധര്‍മ്മസമന്വയം എന്ന സുന്ദരതത്വം ആത്യന്തികമായി അധിഷ്ഠിതമായിരിക്കുന്നത് അദ്വൈത സിദ്ധാന്തത്തിലാണ്. ഹിന്ദുമതത്തിനുള്ളിലെ വിപുലമായ വൈവിധ്യത്തിന്നിടയിലും സ്ഥിരമായി കുടികൊള്ളുന്ന ഏകത്വം അദ്വൈതസിദ്ധാന്തത്തിന്റെ മഹത്തായ സംഭാവനയാണ്. ഇതില്‍നിന്നും ഉണ്ടാകുന്നതാണ് ഹിന്ദുവിന്റെ ഉദാരതയും സഹിഷ്ണുതയും. അധികാരിഭേദപരമായ കാര്യങ്ങള്‍ അദ്വൈത ദര്‍ശനത്തിലൂടെ മനസ്സിലാക്കിയാല്‍ മാത്രമേ സഹസ്രമുഖമായി വര്‍ത്തിക്കുന്ന ധര്‍മ്മത്തിന്റെ യഥാര്‍ത്ഥപാഠങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ.

ജന്മംകൊണ്ടുള്ള ജാതിവ്യത്യാസത്തെ സ്വീകരിക്കാതെ സാമാന്യ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അദ്വൈതം പ്രചരിപ്പിച്ച ശ്രീബുദ്ധന്റെ മതം അദ്വൈത സിദ്ധാന്തത്തിന്റെ ശാഖ തന്നെയാണെന്ന് ശ്രീശങ്കരന്‍ സ്ഥാപിച്ചു. ജെ. പിസ്റ്റര്‍ എന്നു പൂര്‍വ്വാശ്രമത്തില്‍ അറിയപ്പെട്ടിരുന്ന ഭിക്ഷു ജ്ഞാനപ്രിയന്‍ എന്ന ജര്‍മ്മന്‍ ബുദ്ധസന്യാസി ഇപ്രകാരം പറയുന്നു, ‘ഹിന്ദുധര്‍മ്മം അല്പാല്പമായി ബുദ്ധമതക്കാരെ സ്വധര്‍മ്മത്തിലേക്ക് ആകര്‍ഷിക്കുകയും തദനുസൃതമായ മാറ്റങ്ങള്‍ സ്വധര്‍മ്മത്തില്‍ വരുത്തുകയുമാണ് ചെയ്തത്. പൗരോഹിത്യത്തിന്റെ മതഭ്രാന്തിനും മന:പൂര്‍വമായ നശീകരണത്തിനും ബുദ്ധമതം ഒരിക്കലും ഇരയായിട്ടില്ല. ശങ്കരന്റെ പ്രച്ഛന്നബൗദ്ധനെന്ന നാമധേയം തന്നെ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് ബൗദ്ധസിദ്ധാന്തങ്ങളുമായിട്ടുള്ള സാദൃശ്യത്തിനും ദൃഷ്ടാന്തമാണ്. ഭാരതീയമല്ലാത്ത ഇസ്ലാം ധര്‍മ്മത്തിന്റെ തത്ത്വങ്ങളില്‍പോലും അദ്വൈതസിദ്ധാന്തത്തിന്റെ പ്രകടമായ സ്വാധീനം കാണാം. ഇസ്ലാം ധര്‍മ്മത്തിന്റെ ശാഖയായ സൂഫി സിദ്ധാന്തം വേദാന്തത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. സുപ്രസിദ്ധ സൂഫിവര്യനായ ജലാലുദ്ദീന്‍ റൂമി പ്രഖ്യാപിച്ച ‘അനല്‍ ഹഖ് ‘ (ഞാന്‍ അവന്‍ തന്നെയാകുന്നു) എന്ന ദാര്‍ശനിക സത്യത്തിന്റെ വേരുകള്‍ തേടിയാല്‍ എത്തിച്ചേരുന്നത് അദ്വൈതസിദ്ധാന്തത്തിലായിരിക്കും.’

‘ഞാന്‍ നശിപ്പിക്കാനല്ല, പൂര്‍ത്തീകരിക്കാനത്രേ വന്നത്’ എന്ന ക്രിസ്തുവചനം യഥാര്‍ത്ഥത്തില്‍ അനുഷ്ഠാനത്തില്‍ കൊണ്ടുവന്ന മഹാത്മാവായിരുന്നു ശ്രീശങ്കരാചാര്യര്‍. ‘ചിത്തശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ അവര്‍ ഈശ്വരനെ കാണും’ എന്ന് ക്രിസ്തു പറയുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ സത്യം ഉപനിഷത്തുക്കള്‍ ഉദ്‌ഘോഷിച്ചു.

ആരും കണ്ടിട്ടില്ലാത്തവനും ആര്‍ക്കും കാണാന്‍ കഴിയാത്തവനും അതേസമയം മനുഷ്യനെ സൃഷ്ടിച്ച് കഷ്ടപ്പാടുകളുടെ നടുവില്‍ ഇട്ടശേഷം ഒളിഞ്ഞുമറിഞ്ഞ് എവിടെയോ ഇരിക്കുന്നവനമായ ഒരു ഈശ്വരനില്‍ വിശ്വസിക്കാന്‍ ശാങ്കരദര്‍ശനം ആഹ്വാനം ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ യുക്തിക്ക് ശാങ്കരദര്‍ശനത്തില്‍ മഹത്തായ സ്ഥാനമുണ്ട്. ആത്മാവുണ്ടെന്ന് ശ്രീശങ്കരന്‍ യുക്തികൊണ്ട് തെളിയിക്കുന്നു. ഏതെങ്കിലും ഒരു ഗ്രന്ഥത്തെ അന്ധമായി വിശ്വസിക്കാന്‍ അദ്ദേഹം അനുയായികളോട് ആവശ്യപ്പെടുന്നില്ല. നൂറുവേദം ഒന്നിച്ചുനിന്ന് അഗ്നിക്ക് പ്രകാശമില്ലെന്നോ തണുപ്പാണെന്നോ പറഞ്ഞാലും അത് പ്രമാണമാകുകയില്ലെന്ന് ശ്രീശങ്കരന്‍ സധൈര്യം പ്രഖ്യാപിക്കുന്നു. ശ്രീശങ്കരദര്‍ശനത്തില്‍ മതം മനുഷ്യന് ഈ ശരീരത്തിലിരുന്നുതന്നെ നിത്യാനന്ദം പ്രാപിക്കാനുള്ള ശാസ്ത്രമാണ്. നിത്യാനന്ദപ്രാപ്തിക്കായി ഈ പാരിടത്തില്‍ പിറന്നവര്‍ തമ്മില്‍ പരസ്പരം കലഹിക്കേണ്ട കാര്യവുമില്ല. ഇതാണ് ശങ്കരമതം. ഇങ്ങനെയുള്ള ശങ്കരമതത്തെ സ്വീകരിക്കുവാന്‍ നിക്ഷ്പക്ഷമതിയായ യുക്തിവാദികള്‍ക്കോ ശാസ്ത്രകുതുകികള്‍ക്കോ വിരോധം ഉണ്ടാവുകയുമില്ല.