ശങ്കരാചാര്യരും അദ്വൈതവും മൂകാംബികയും


ഇന്നലെയും ഇന്നുമായി ഏഷ്യാനെറ്റിലെ ദേവിമാഹാത്മ്യം എന്ന പരമ്പരയിലെ ചില ഭാഗങ്ങള്‍ കാണാന്‍ ഇടയായി. അതില്‍ പറയുന്ന ഐതീഹ്യം വിക്കിപീഡിയയില്‍ നിന്നും കടമെടുത്തു താഴെ എഴുതിയിരിക്കുന്നു.

മൂക‍ാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണ് കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ട് മൂക‍ാംബിക ക്ഷേത്രത്തിന് ഒരു ഐതിഹ്യം നിലവിലുണ്ട്‌. ഈ മലനിരകളില്‍ ആദിശങ്കരന്‍ തപസ്സു ചെയ്യുകയും ഈ തപസ്സില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്റെകൂടെ ദേവി വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിച്ചു. ശങ്കരന്റെ ആഗ്രഹം സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരന്‍ തിരിഞ്ഞു നോക്കരുത് എന്ന വ്യവസ്ഥയും വച്ചു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോള്‍ തന്റെ പാദസ്വരത്തിന്റെ ശബ്ദം നിലപ്പിക്കുകയും ഇതില്‍ സംശയാലുവായ ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി സ്വയംഭൂവില്‍ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണ് സ്വയംഭൂവിന് പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

അദ്വൈതസിദ്ധാന്തം ഭാരതത്തില്‍ പ്രചരിപ്പിച്ച മഹാത്മാവാണല്ലോ ശ്രീ ശങ്കരാചാര്യര്‍ അഥവാ ആദിശങ്കരന്‍. അദ്വൈതം എന്നാല്‍ രണ്ട് അല്ലാത്തത് എന്നാണര്‍ത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.

“ ബ്രഹ്മ സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ ” – ബ്രഹ്മം സത്യവും, പ്രപഞ്ചം മായയുമാകുന്നു, ആത്മാവും ബ്രഹ്മവും ആത്യന്തികമായി വ്യത്യാസപ്പെട്ടിരിക്കുന്നില്ല. സ്വന്തം ആത്മാവിനെ അറിഞ്ഞാല്‍ എല്ലാമറിഞ്ഞു എന്നര്‍ത്ഥം.

ഇത്രയുമൊക്കെ വായിച്ചു ചിന്തിച്ചപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍.

അത്മാവും ബ്രഹ്മവും ഒന്നാണെന്ന്‌ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ഒരു അദ്വൈതവേദാന്തജ്ഞാനി എങ്ങനെയാണ് ദേവിയെ സ്ത്രീ രൂപത്തില്‍ കണ്ടെന്നും സംശയാലുവായി തിരിഞ്ഞു നോക്കിയെന്നും മറ്റുമുള്ള ഐതീഹ്യം ശരിയാകുന്നത്? ബ്രഹ്മത്തിന് രൂപമോ നാമമോ ഇല്ലല്ലോ. ബ്രഹ്മം അറിഞ്ഞ ഒരു മഹാത്മാവിന് ഈ ഭൌതികലോകത്തിലുള്ള നാമവും രൂപവുമുള്ള ബിംബങ്ങളില്‍ കാര്യമുണ്ടോ? എല്ലാ സംശയത്തിനും അപ്പുറത്തുള്ള അറിവ് അഥവാ ബ്രഹ്മം അറിഞ്ഞ ശ്രീശങ്കരന് ദേവിയെ സംശയമോ?

മാത്രവുമല്ല ശ്രീശങ്കരന് കേരളമായാലും കാശ്മീര്‍ ആയാലും ഒരേ പോലെയല്ലേ? ദേവിയെ കേരളത്തില്‍ തന്നെ കൊണ്ടുവരണമെന്ന് എന്തിന് വൃഥാ ചിന്ത? സര്‍വ്വവ്യാപിയായ ഈശ്വരനെയറിഞ്ഞ ശ്രീശങ്കരനോട് “ഞാന്‍ നിര്‍മാല്യസമയത്ത് ചോറ്റാനിക്കരയില്‍ സരസ്വതിയായി കുടികൊളളും അതിനുശേഷം മാത്രമേ കൊല്ലൂര്‍ മൂക‍ാംബികാക്ഷേത്രം തുറക്കാവൂ” എന്ന് ആരെങ്കിലും പറയുമോ?

ദേവിയെയോ ശങ്കരനെയോ ആരുടെയെങ്കിലും വിശ്വാസത്തെയോ ചോദ്യം ചെയ്യുകയല്ല ഈയുള്ളവന്റെ ഉദ്ദേശ്യം. ജനങ്ങളെ വിശ്വാസത്തിന്റെ വഴിയിലൂടെ നയിക്കാന്‍ ഇതുപോലെ പല ഐതീഹ്യങ്ങളും പണ്ടുകാലത്ത് ഉണ്ടായിക്കാണും. സര്‍വ്വവ്യാപിയായ ഈശ്വരനെ, അതായത് സ്വന്തം ആത്മാവിനെ അറിയാന്‍ ശ്രമിക്കാതെ ന‍ാം ഐതീഹ്യങ്ങളുടെ പിറകെ മാത്രം പോകണോ എന്ന് ഉറക്കെ ചിന്തിച്ചു എന്നുമാത്രം.

ഈയുള്ളവന്‍ പലപ്രാവശ്യം കൊല്ലൂര്‍ മൂക‍ാംബികയില്‍ പോയിട്ടുണ്ട്. അവിടത്തെ പ്രകൃതി അതിമനോഹരമാണ്. മാത്രവുമല്ല, മൂലസ്ഥാനം എന്ന് സങ്കല്‍പ്പിച്ചിട്ടുള്ള കുടജാദ്രിയിലും വനത്തിലൂടെ നടന്നു പോയിട്ടുണ്ട്. ആ യാത്രകളും, കുടജാദ്രിയിലെ രാത്രിയും ഒക്കെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇനിയും ധാരാളം പ്രാവശ്യം അവിടം സന്ദര്‍ശിക്കണമെന്നും കൂടുതല്‍ ദിവസങ്ങള്‍ ആ പരിസരത്ത് താമസിക്കണമെന്നും ഈയുള്ളവന് ആഗ്രഹവുമുണ്ട്. താങ്കള്‍ പോയിട്ടുണ്ടോ?

December 9th, 2008|വിഭാഗം: ശ്രീയുടെ ലേഖനങ്ങള്‍

ഇതുവരെ 18 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. December 10th, 2008 2:47 am IST യ്ക്ക് വിശാഖ്ശങ്കര്‍:

    ശ്രേയസേ,
    ഈ പറഞ്ഞതിലൊന്നും കാര്യമില്ല.സംസ്കൃതമെന്ന അതിസങ്കീര്‍ണവും പ്രൌഢഗംഭീരവുമായ ഭാഷയില്‍ രചിക്കപ്പെട്ട ഗ്രന്ധങ്ങളുടെ വ്യാഖ്യാനം മനുഷ്യസാധ്യമല്ല. അതുകൊണ്ട് വേണമെങ്കില്‍ വായിച്ചാസ്വദിക്കുകയോ ആഘോഷിക്കുകയോ ഒക്കെയാവാം, വിമര്‍ശിക്കാന്‍ നില്‍ക്കരുത്..ബ്രഹ്മമെന്നാല്‍ ബ്രഹ്മമല്ല എന്നും വരാമേ…

    പാവം ശങ്കരന്‍…
    പുള്ളീയ്ക്ക് അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ സ്വന്തം അമ്മയുടെ അടിയന്തിരം പോലും നേരാംവണ്ണം നടത്തുവാനായിരുന്നില്ലെന്നൊരു കഥ മലയാളത്തില്‍ കേട്ടിട്ടുണ്ട്, സംസ്കൃതത്തില്‍ വ്യാഖ്യാനിച്ച് വരുമ്പോള്‍ എന്താവുമോ എന്തോ?

  2. December 10th, 2008 7:57 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ വിശാഖ്ശങ്കര്‍,
    ഈയുള്ളവന്‍ സംസ്‌കൃതഗ്രന്ഥങ്ങളെയോ ശ്രീശങ്കരനെയോ ദേവിയെയോ വിശ്വാസികളെയോ വിമര്‍ശിച്ചതല്ല. അത് പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

    ഈയുള്ളവന്‍ ആകെ ഉദ്ദേശിച്ചത്, സനാതനധര്‍മ്മവിശ്വാസികള്‍ അത്തരം വിലപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നുംപറയാത്ത വെറും കേട്ടുകേള്‍വിയായ കഥകളുടെ പിറകെ പോകാതെ, സനാതനധര്‍മ്മത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കുമെന്നുമാത്രമാണ്. ഒന്നാലോചിച്ചാല്‍ ടെലിവിഷന്‍ പരമ്പരകള്‍ സത്യത്തില്‍ വിശ്വാസികളെ തെറ്റായ വിശ്വാസങ്ങളിലേക്ക് നയിക്കുകയാണ് എന്ന് തോന്നുന്നു.

  3. December 10th, 2008 10:32 am IST യ്ക്ക് sanju:

    ജനങ്ങളെ വിശ്വാസത്തിന്റെ വഴിയിലൂടെ നയിക്കാന്‍ ഇതുപോലെ പല ഐതീഹ്യങ്ങളും പണ്ടുകാലത്ത് ഉണ്ടായിക്കാണും. ഇതു തന്നെയാണ് സത്യം എന്നു തോന്നുന്നു. പിന്നെ എല്ലാ സാധാരണക്കാരനും സ്വന്തം ആത്മാവിനെ അറിയാന്‍ താല്പര്യം ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ. അവരുടെ ആത്മീയമായ വളര്‍ച്ചയ്ക്ക് ക്ഷേത്രങ്ങള്‍ ആവശ്യമായി വരുന്നു അതു മാത്രമേ ശ്രീശങ്കരന്‍ ഉദ്ദേശിച്ചിട്ടുണ്ടാകൂ.

  4. December 10th, 2008 12:05 pm IST യ്ക്ക് മാറുന്ന മലയാളി:

    ‘ ദേവീ മാഹത്മ്യം’ സീരിയലിന്റെ അവസാനം കേട്ട ഒരു വാചകം.” ഭക്തരേ, നിങ്ങള്‍ നിങ്ങളുടേ സ്വീകരണമുറികളില്‍ മകം തൊഴുത് നില്‍ക്കുവിന്‍“.അറിയാതെ ചിരിച്ചുപോയി…..

    ദൈവങ്ങളെ വില്‍പ്പന ചരക്കാക്കാന്‍ ഇറങ്ങി തിരിച്ച്വരുടെ ഒരു കൂട്ടം തന്നെ അല്ലേ ഇത്

  5. December 10th, 2008 2:51 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    അതെ, ശ്രീ സഞ്ജു. ക്ഷേത്രങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ്‌, ഈയുള്ളവന്‍ ഒരിക്കലും ക്ഷേത്രങ്ങളെ തള്ളിപ്പറയുന്നില്ല. ക്ഷേത്രം ആവശ്യമുള്ളവര്‍ അവിടെ പോകാം, അല്ലാത്തവര്‍ അവരുടെ രീതിയിലും.

    പക്ഷെ ശ്രീശങ്കരന്‍ ആണ് ആണ് ഈ ഐതീഹ്യം പ്രചരിപ്പിച്ചത് എന്ന് വിശ്വാസമില്ല. ഇതൊക്കെ പണ്ടുള്ള ഒരുകൂട്ടം ആള്‍ക്കാര്‍ (മിക്കവാറും സ്വാര്‍ത്ഥതാല്‍പര്യത്തോടുകൂടി) പ്രചരിപ്പിച്ചതാണ് എന്ന് തോന്നുന്നു. ഇത്തരം ധാരാളം ഐതീഹ്യങ്ങള്‍ നിലനില്ക്കുന്നു. ചിലപ്പോള്‍ ഐതീഹ്യങ്ങള്‍ അന്ധവിശ്വാസത്തിലേക്ക് വിശ്വാസികളെ തള്ളിവിടുകയും ചെയ്യുന്നു. അവരുടെ ചിന്തയെ, യുക്തിയെ, വിചാരത്തെ, ബോധത്തെ മാറ്റി നിര്‍ത്തി വെറും അന്ധവിശ്വസികളാക്കുന്നു എന്നുമാത്രം.

    ശ്രീ മാറുന്ന മലയാളി പറഞ്ഞതുപോലെ, ടെലിവിഷന്‍ പരമ്പരകള്‍ ദൈവസങ്കല്‍പ്പത്തെ തന്നെ വളച്ചൊടിച്ചു കഥയാക്കി പ്രചരിപ്പിച്ചു കച്ചവടം ചെയ്യുകയും ചെയ്യുന്നു.

  6. December 10th, 2008 4:41 pm IST യ്ക്ക് P.C.MADHURAJ:

    Why did you quote Sree NaraayaNaguru’s words at the bottom of your blog?
    “വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും” ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കൂ.” Instead of writing thismuch, you said,ശ്രീനാരായണസ്വാമിയുടെ വാക്കുകള്‍ ഓര്‍ക്കുക:
    Because there is a certain acceptability and authority attached to Gurus word.
    Similarly, there is ceartain authenticity to SreeSankara’s words.
    The other Shankars.. from EMS to …its present blogavathaaram” may not have any value for it. The stories are not for them.When a banyan tree is worshipped. a goat may enter into the seen and scratch it’s back on the trunk of the tree to show “what you worship as God is only a scratching surface for me”…
    Commonsense understands that the goat has a habit or some incurable itch on its back…
    I refer o those who can’t tolerate SreeSankara.
    You can see how they tried to tarnish Shakara’s name by opposing a Sankrit University on His name; Then they tried to destroy it by injecting venomous people in to it.
    “Deshaabhimaani” would not write “sree sankaraachaarya unsty” they will always write “kalady Unsty”
    These thoughts came to my mind seeing Vishaakh Shankar’s Comment.
    G.Baalakrishnan Nair is the most authentic auther on “Shankara” in malayaalam, I guess.Many of his commentaries on Shankara’s works are published by Kera bhasaha institute .

  7. December 10th, 2008 9:24 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ മധുരാജ്, അങ്ങനെ പലതരത്തില്‍ ചിന്തിക്കുന്നവരെയും എതിര്‍ക്കുന്നവരെയും സ്നേഹിക്കുന്നവരെയും നമ്മുടെ ഭാരതീയസംസ്കാരം ഒരേപോലെ സ്വീകരിക്കുന്നു എന്നതുതന്നെയല്ലേ അതിന്റെ മേന്മയും? അതുകൊണ്ടുതന്നെ ആ സനാതനധര്‍മ്മം എക്കാലവും നിലനില്‍ക്കുകയും ചെയ്യും. അതിനാലാണ് നമ്മുടെ സംസ്കാരത്തെ ഇപ്പോള്‍ പാശ്ചാത്യസംസ്കാരം ഉറ്റുനോക്കുന്നതും എന്ന് തോന്നുന്നു.

    അതെ, ശ്രീ ബാലകൃഷ്ണന്‍ നായരുടെ ഭഗവദ്ഗീത ശങ്കരഭാഷ്യം തുടങ്ങിയ അനേകം പുസ്തകങ്ങള്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ സി ഡിയും വളരെ ഉപയോഗപ്രദമാണ്.

  8. December 11th, 2008 7:01 pm IST യ്ക്ക് വേണു venu:

    ശ്രേയസ്സെ,
    ജനങ്ങളെ വിശ്വാസത്തിന്റെ വഴിയിലൂടെ നയിക്കാന്‍തന്നെയാണ്‍ പല ഐതീഹ്യങ്ങളും പണ്ടുകാലത്ത് ഉണ്ടായതു . ഇന്നും എന്തെല്ലാം കള്ളക്കഥകള്‍‍ ‍‍ പ്രചരിപ്പിച്ചാണ്‍ പലതും വിശ്വസിപ്പിച്ചെടൂക്കുന്നത്.

    പിന്നെ സീരിയലുകാര്ക്ക് സെന്‍സേഷനു വേണ്ടി എന്തും ചെയ്യാം.
    ലേഖനത്തില്‍‍ ചൂണ്ടിക്കാണിക്കുന്ന സംശയങ്ങള്‍‍ യുക്തി ഭദ്രം തന്നെ.:)

  9. October 6th, 2009 4:28 pm IST യ്ക്ക് കിഷോര്‍ കൃഷ്ണ:

    കുടജാദ്രിയില്‍ പോയിട്ടുള്ള ഓരോരുത്തര്‍ക്കും അവിടുത്തെ ആത്മീയത മനസിലാക്കുവല്‍ സാധിക്കും. നല്ല ചിന്തകള്‍ പങ്ക്വെയ്ക്ക്. അതിലൂടെ അറിയാത്തത് മനസിലാക്കുവാന്‍ പെട്ടന്ന് സാദിക്കും. പെട്ടന്ന് എന്ന് ഉദെസിചതു നമ്മുടെ ജീവിതം വളരെ ചെറുതാണ്. ഈ ചെറിയ കാലയളവില്‍ ഇതു കഴിയുന്നത്ര മനസിലാക്കുവാന്‍ ശ്രമിക്കാം.
    ഓം

  10. December 17th, 2009 5:58 am IST യ്ക്ക് രാമചന്ദ്ര മേനോന്‍:

    മറ്റുള്ള മതസ്ഥര്‍ക്ക് അവരവരുടെ മത ഗ്രന്ഥങ്ങളെ പറ്റി സാമാന്യം അറിവുണ്ട്. ഒരു ക്രിസ്തു മത വിശ്വാസിക്ക് ബൈബിള്‍നെ കുറിച്ച് നല്ല അറിവുണ്ടാകും. ഒരു ഇസ്ലാം മത വിശ്വാസിക്ക് കുരാനെപറ്റി നല്ല അറിവുണ്ടാകും. പക്ഷെ ഹിന്ദുക്കള്‍ക്ക് അങ്ങിനെ അല്ല. നമുടെ ഗ്രന്ഥങ്ങളെപറ്റിയോ ദൈവങ്ങളെ പറ്റിയോ നല്ലത് പോലെ ആര്‍കും അറിയില്ല. അങ്ങിനെ ഉള്ളവര്‍ക്ക് ഒരു അഭിപ്രായം ഉണ്ടാകാന്‍ സഹായിക്കാന്‍ ഈ ടീ വീ പരിപാടികള്‍ സഹായിക്കും. രാമായണംവും മഹാഭാരതവും ടീ വീ പരിപാടി ആയി കണ്ടപോഴാണ് സാധാരണക്കാര്‍ ഈ കഥകള്‍ മനസ്സിലാക്കുന്നത്‌. പ്രത്യേഗിച്ചും പുതിയ തലമുറക്കാര്‍. പക്ഷെ പിന്നീട് വന്ന പരിപാടികളെല്ലാം അന്ധ വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്ന തരത്തിലായിരുന്നു. പക്ഷെ ആരാ ഇത് നിയന്ത്രിക്കുന്നത്‌? പ്രേക്ഷകര്‍ വിചാരിച്ചാലെ ഇതിനു പൊറുതി ഉണ്ടാവുകയുള്ളൂ.

  11. April 30th, 2010 2:08 pm IST യ്ക്ക് questionpaper:

    What I have to tell is that whatever stories or ithihyams are told on this matter…there should be a truth..I mean a real history…it can’t be two….since it is the history…may shankaraacharya was associated with it…
    Our aim should be how we can regain that history…. Don’t waste our time on correlating these stories. and finding the suitable coordinated story….believe that there was a day, on that day the temple was started….after that a gradual development till today… we must regain its history….how do we get that history? It is the question??????
    It should not be told by someone else, we must see…I mean we must perceive that….alle?
    We had the ithihyam of lord ayyappa that his friend was vavar, a Muslim by belief. and we also know, that unbelievable story of ayyappan`s birth…..Islam is having a written history, may be corruptions are there in their history…but we can clearly predict the time period ,since it’s a recent religion…
    So ayyappan`s history should be after Islam…to make an Islam friend for ayyappan it must be around AD1000 [Islam had to be strong and had to reach India and vavar had to take birth in a muslim family …reasonable alle?]
    …that means just 1000years before….do you think that before 1000 years Vishnu became mohini and shivan and mohini mated to give birth to ayyappan…that too through her thigh…..
    So what I am going to say is that there is only one and only one history, that is the truth…it is not the interpretations of different historians…it is the real truth…real history…so truth is single whatever it may be… including the story behind the forming of ayyappa temple at sabarimala…so what is the procedure for a person to become lord? I am not against any belief; I even believe that some people are getting experience from believing ayyappa…. So how do we correlate all this?
    ഐ അം ന്യൂ ഇന്‍ ദിസ്‌ മലയാളം ടൈപ്പിംഗ്‌…ഈസ്‌ ദിസ്‌ ദി ഒണ്‍ലി way to ടൈപ്പ്? ഐ അം ജസ്റ്റ്‌ pasting ഫ്രം മൈ ടെക്സ്റ്റ്‌ ഡോക്യുമെന്റ്.

  12. May 13th, 2010 6:25 pm IST യ്ക്ക് രാജേഷ്:

    ഇന്ന് പല ആളുകളും പറയുന്നതു കേട്ടിട്ടുണ്ട്, പുരാണങ്ങളും ഐതീഹ്യങ്ങളും ഒക്കെ വെറും കെട്ടുകഥകളാണെന്നും ചരിത്രപരമായി യാതൊരു അടിസ്‌ഥാനവും ഇല്ലാത്തതാണെന്നും ഒക്കെ. എല്ലാത്തിനെയും എതിര്‍ക്കുകയും എന്താണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കാതെ തള്ളിക്കളയുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്റെ സ്വാധീനമായിരിക്കാം ഇത്. അങ്ങനെയുള്ള പലരും പാശ്ചാത്യമായ ചരിത്രത്തേയും കണ്ടുപിടുത്തങ്ങളേയും മുന്‍നിറുത്തിയായിരിക്കും പലപ്പോഴും സംസാരിക്കുക. എന്നാല്‍ നമ്മുടെ ചരിത്രം രൂപപ്പെടുത്തുന്നതില്‍ ഐതീഹ്യങ്ങളും പുരാണങ്ങളും മറ്റും വലിയ ഒരു പങ്കുവഹിച്ചിട്ടുണ്ട് എന്ന് പല ചരിത്രകാരന്മാരും പറഞ്ഞിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ചരിത്രമെഴുത്ത് തുടങ്ങിയതു വളരെ പിന്നീട് ആണ്. അതിനു വളരെ മുന്‍പ് ഇവിടുത്തെ ആളുകളെയും ജീവിതത്തെയും മറ്റുമുള്ള അറിവുകള്‍ സാധാരണക്കാര്‍ പങ്കുവച്ചിരുന്നത് ‘വാ‌മൊഴി’ യിലൂടെ ആണ് എന്നു ചരിത്രകാരന്മാര്‍ പറയുന്നു. അങ്ങനെയുള്ള വിവരങ്ങളായിരിക്കാം പിന്നീട് ഐതീഹ്യമായി രൂപപ്പെട്ടത്. ഇങ്ങനെയുള്ള അറിവുകള്‍ക്കുള്ള ഒരു ന്യൂനത അതില്‍ കാലാന്തരമായി പല മാറ്റങ്ങള്‍ക്കും വിധേയമായിരിക്കും എന്നതാണ്. അത് സ്വാഭാവികവുമാണല്ലോ. എന്നുവച്ച് അത് പൂര്‍ണ്ണമായും തള്ളിക്കളയാതെ അതില്‍ നിന്നും നല്ലത് ഉള്‍‌ക്കൊള്ളാന്‍ തീര്‍ച്ചയായും സാധിക്കും എന്നു തന്നെയാണ് എന്റെ അഭിപ്രായം.
    ഇവിടെ പറഞ്ഞിരിക്കുന്ന ശങ്കരാചാര്യരുടെ കഥ തന്നെ എടുക്കാം. ജഗത്ഗുരു ശ്രീ ശങ്കരാചാര്യരെ സംബന്ധിക്കുന്ന നിരവധി കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. അതില്‍ ഒന്നാണ് മൂകാംബികാക്ഷേത്രോത്ഭവത്തെ കുറിച്ചുള്ള ഈ ഐതീഹ്യം. അതു കഥ എന്തു തന്നെ ആയാലും, അതിനെ വിശകലനം ചെയ്താല്‍ തപസ്സു കൊണ്ട് ദേവിയെ പ്രത്യക്ഷമാക്കി എന്നതു അദ്ദേഹത്തിന്റെ ജ്ഞാനദൃഷ്ടിയാല്‍ ദേവീചൈതന്യം പ്രത്യക്ഷമായി കണ്ടു എന്നും ആ ചൈതന്യത്തെ ലോകോപകാരപ്രദമായി പ്രതിഷ്ഠിക്കാന്‍ വരുമ്പോള്‍ ഏകാഗ്രത നഷ്ടമായതുമൂലം ആ ചൈതന്യം നഷ്ടമായി എന്നു വിചാരിക്കാവുന്നതും ആണല്ലോ. ചിലങ്കയുടെ ശബ്ദം ശ്രദ്ധിച്ചു നടന്ന അദ്ദേഹം അതു കേള്‍ക്കാതായപ്പോള്‍ തിരിഞ്ഞു നോക്കി എന്നാണല്ലൊ. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന്റെ ഏകാഗ്രത നഷ്ടമായി എന്നു തന്നെയല്ലെ. അതുപോലെ വേറൊരു തലത്തില്‍ ചിന്തിക്കുമ്പോള്‍ പല കഥകള്‍ക്കും ഇങ്ങനെ പല രീതിയില്‍ അര്‍ത്ഥം കണ്ടെത്താന്‍ സാധിക്കും. പക്ഷെ പഴയ ആളുകള്‍ ഇത് ഏതൊരാള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു വച്ചു എന്നേ കരുതാന്‍ നിര്‍വ്വാഹമുള്ളൂ. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും മറ്റും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കുകയും മറ്റൊരാള്‍ക്ക് പകര്‍ന്നു നല്‍കാന്‍ സാധിക്കും എന്നും നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരിക്കണം. ദേവതാസങ്കല്പം, ദേവീദേവന്മാരുടെ ഭിന്നഭാവങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം പറയാനും ചര്‍ച്ച ചെയ്യാനും ഏറെയുണ്ട്. അതിനാല്‍ ഇപ്പൊള്‍ അതിനു മുതിരുന്നില്ല.
    താങ്കളുടെ ഈ പരിശ്രമത്തിന് എല്ലാ ഭാവുകങ്ങളും.
    സവിനയം,
    രാജേഷ്.

  13. May 14th, 2010 10:55 am IST യ്ക്ക് sudeep:

    എല്ലാം അല്പമായ ബുദ്ധിയിലൂടെ അളക്കുമ്പോള്‍ സംശയം ഉണ്ടാകുക സ്വാഭാവികം. കണ്‍ഫ്യൂഷനും,,,,, സംശയം ഉള്ളവര്‍ ഭാഗ്യവാന്മാര്‍…… അവര്‍ സത്യത്തെ കണ്ടെത്തട്ടെ……..എന്തൊക്കെയായാലും മുകാംബിക അദ്ധ്യാത്മികതയുള്ള ഹിന്ദുവിനെ എന്നും ആകര്‍ഷിക്കും…. അതിന്റെ ആകസ്മികത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്…. അന്വേഷിക്കുക അറിയുക… എന്റെ അല്‍പബുദ്ധിയില്‍ ബോധിച്ചതും വായിച്ചറിഞ്ഞതുമായ ഒരു കാര്യം ആചാര്യര്‍ എല്ലാവരെയും സാധകരാക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ്. ബ്രഹ്മസൂത്രത്തിനു വ്യാഖ്യാനം എഴുതിയ അതേ ആചാര്യസ്വാമി തന്നെയാണ് സാധാരണക്കാരന്‌ പഞ്ചദേവതപൂജ നിര്‍ദേശിച്ചത് ….

  14. May 15th, 2010 4:12 pm IST യ്ക്ക് QUESTIONPAPER:

    ഈ കാര്യത്തിനെ കുറിച്ച് എന്തൊക്കെ കഥകളും ഐതിഹ്യങ്ങളും പറഞ്ഞാലും സത്യം ഒന്ന് മാത്രമല്ലേ ഉണ്ടാവുകയുള്ളൂ….സത്യം പരസ്പരവിരുദ്ധങ്ങളായ ഒരു കൂട്ടം കാര്യങ്ങള്‍ ആയിരിക്കുകയില്ല. അതുകൊണ്ട് സത്യം ഒന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ…യഥാര്‍ഥമായ ചരിത്രം. the true history. ചരിത്രവിവരണങ്ങള്‍ ഓരോരുത്തരുടെയും വീക്ഷണമനുസരിച്ചു വ്യത്യാസപ്പെടുമെന്കിലും അവിടെ ഒരു സത്യത്തെ പലതായി വ്യാഖ്യാനിക്കുകയാണ്…സത്യം ഒന്ന് മാത്രമാണ്. അതിനാല്‍ മൂകാംബിക ക്ഷേത്രത്തിനു ഒരു സത്യമായ ചരിത്രം ഉണ്ട്, ശങ്കരാചാര്യര്‍ ചിലപ്പോള്‍ ആ ക്ഷേത്രചരിത്രത്തില്‍ ക്ഷേത്രവുമായി ബന്ടപ്പെട്ടിട്ടുണ്ടാകാം…. പക്ഷെ നമ്മുടെ ലക്‌ഷ്യം എങ്ങനെ ആ യഥാര്‍ത്ഥ ചരിത്രം നമ്മുടെ ബോധതലത്തിലേക്ക് തിരിച്ചെടുക്കാം എന്നതായിരിക്കണം.അങ്ങനെ പൂര്‍വചരിത്രം കണ്ടു അനുഭവിക്കാവുന്ന തലത്തിലേക്ക് മനുഷ്യബോധത്തെ വളര്‍ത്തിയെടുക്കാനുള്ള പരിചയം ഉണ്ടാക്കിത്തരുന്ന അറിവ് പ്രദാനം ചെയ്യുന്ന മാര്‍ഗമുണ്ടോ എന്ന് നമ്മള്‍ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കണം…
    അല്ലാതെ ആരൊക്കെയോ പറഞ്ഞ കഥകളും വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളും ഐതിഹ്യങ്ങളും എല്ലാം എങ്ങനെ പരസ്പരം കൂട്ടിയിണക്കാമെന്നു ചിന്തിച്ചു ആ ബുദ്ധിവ്യായാമാത്തിലെര്‍പ്പെട്ടാല്‍ അറിവ് എന്ന അനുഭവതലത്തിലേക്ക് നമ്മള്‍ ഒരിക്കലും എത്തിചേരാതെ …കുളത്തില്‍ ഇറങ്ങാതെ നീന്തലിനെ കുറിച്ച് ഗവേഷണം നടത്താന്‍ വര്‍ഷങ്ങള്‍ ചിലവഴിക്കുന്നത് പോലെ ആയിപ്പോകും നമ്മുടെ പരിശ്രമം.
    ഈ ഉദാഹരണം എടുക്കുകയാണെങ്കില്‍…നമ്മള്‍ ഇങ്ങനെ വിശ്വസിക്കുക ..മൂകാംബിക ക്ഷേത്രത്തില്‍ ആരാധന രീതികള്‍ തുടങ്ങിയ ഒരു ദിവസം ഉണ്ടായിരുന്നു…ഇന്നത്തെ രീതിയില്‍ അല്ലെങ്കില്‍ ചെറിയ തോതിലെങ്കിലും തുടങ്ങിയ ദിവസം….അതിനു മുന്‍പോ അതിനു ശേഷമോ ഒരു ചെറിയ കെട്ടിടം അവിടെ പണിതിട്ടുണ്ടാകും…അപ്പോള്‍ നമുക്ക് ആരു ? എപ്പോള്‍? ചെയ്തു എന്ന ഉത്തരം മാത്രം കിട്ടിയാല്‍ മതിയാകും.ശങ്കരാചാര്യര്‍ ഏതെന്കിലും അവസരത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുന്ടെന്കില്‍ യഥാര്‍ത്ഥ ചരിത്രത്തില്‍ നിന്നും നമുക്ക് അത് കണ്ടെത്താവുന്നതാണ്. ആ ചരിത്രം ക്ഷേത്രത്തിന്റെ ഇന്നുവരെയുള്ള വളര്‍ച്ചയുടെ പരിണാമം വിശദീകരിക്കുന്നതായിരിക്കും. We must regain its history….how do we get that history? It is the question??????
    It should not be told by someone else, we must see…I mean we must perceive that….alle?
    ശബരി മല അയ്യപ്പനെ കുറിച്ചുള്ള ഐതിഹ്യങ്ങളും പരസ്പര വിരുദ്ധങ്ങളും നമ്മുടെ യുക്തിയെ ചോദ്യം ചെയ്യുന്നതായും എനിക്ക് തോന്നി. അയ്യപ്പനു ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു,വാവര് എന്ന നാമധാരി ആയ ഒരു മുസ്ലിം യുവാവ്. അയ്യപ്പന്റെ ജന്മത്തെ കുറിച്ചുള്ള അവിശ്വസനീയമായ കഥയും നമ്മള്‍ക്കറിയാം……ഇസ്ലാം മതം താരതമ്യേന അധികം കാലപഴക്കമില്ലാത്ത മതമാണല്ലോ? അതിന്റെ കാലയളവിനെ അടിസ്ഥാനമാക്കി നമുക്ക് അയ്യപ്പ ചരിത്രത്തെ ഒന്ന് നിരീക്ഷിച്ചു നോക്കാം.
    അയ്യപ്പ ചരിത്രം ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷം ആയിരിക്കും,എന്നാലേ അയ്യപ്പനു ഒരു മുസ്ലിം നാമധാരി ആയ ഒരു സുഹൃത്ത് ഉണ്ടാവാന്‍ വഴിയുള്ളൂ.അപ്പോള്‍ അയ്യപ്പന്റെ കാലം AD1000 ത്തിനോട് അനുബന്ധിച്ച് ആയിരിക്കണം,കാരണം ഇസ്ലാം കേരളത്തിലെത്തി,അത് പ്രചാരത്തിലായി ,ഒരു ഇസ്ലാം കുടുംബത്തില്‍ വാവര് ജനിക്കണം. യുക്തിപൂര്‍ണമായി തോന്നുന്നു അല്ലെ?
    അതായത് അയ്യപ്പന്റെ ജീവിത കാലഘട്ടം വെറും 1000 വര്‍ഷങ്ങള്‍ക്കു മുന്പായിരിക്കണം. 1000 വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാവിഷ്ണു മോഹിനി ആയി മാറി ശിവന്‍ മോഹിനിയുമായി ഒത്തുചേര്‍ന്നു അങ്ങനെ ആ ബന്ധത്തില്‍ അയ്യപ്പന്‍ ജന്മമെടുത്തു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല…അതും മോഹിനിയുടെ തുട പിളര്‍ന്നു പുറത്തേക്കു വരികയായിരുന്നു അത്രേ?.. ഈ കഥകള്‍ ഒക്കെ ചിലര്‍ വളരെ ആധികാരികമായി അവതരിപ്പിക്കുമ്പോള്‍ നമ്മുടെ അറിവുകേടിന്റെ ആഴം എന്നെ അലോസരപ്പെടുത്തുന്നു…കുറച്ചു പേര്‍ കഥ ആണെന്ന് പറയും കുറച്ചുപേര്‍ പുതിയ പേര് നല്‍കി ഐതിഹ്യം എന്ന് പറയും കുറച്ചു പേര്‍ ചരിത്രം ആണെന്ന് പറയും…അങ്ങനെ ആകെ ഒരു അനിശ്ചിതത്വത്തില്‍ നിര്‍ത്തി നമ്മളെ കെട്ടിയിട്ടു അടിക്കുന്ന അവസ്ഥ…
    എന്നാല്‍ ശബരിമലയിലെ ക്ഷേത്രത്തിനു നിശ്ചയമായും ഒരു സത്യമായ ചരിത്രം ഉണ്ടായിരിക്കണം…. ആ ചരിത്രം അയ്യപ്പന്‍ എന്ന വ്യക്തിത്വം അല്ലെങ്കില്‍ അസ്ഥിത്വം എന്താണെന്ന് വിശദീകരിക്കുന്ന ചരിത്രം ആയിരിക്കും…അല്ലാതെ കഥകളും കവിതകളും ചരിത്രമാക്കി അതിന്റെ വ്യാഖ്യാനങ്ങള്‍ക്ക് പിന്നാലെ ഓടി നാം എന്തായിമാറിപ്പോകും.?
    So what I am going to say is that there is one and only one history, that is the truth…it is not the interpretations of different historians…it is the real truth…real history…so the truth is single…. whatever it may be…
    that truth includes the history behind the forming of ayyappa temple at sabarimala…
    അപ്പോള്‍ വാവര് എന്ന മുസ്ലിം സുഹൃത്ത് ഉള്ള അയ്യപ്പന്‍ എന്ന വ്യക്തിയും ഇന്നവിടെ പൂജകളും ആരാധനയും ഏറ്റുവാങ്ങുന്ന അയ്യപ്പന്‍ എന്ന അസ്തിത്വവും എങ്ങനെ നമ്മള്‍ കൂട്ടിയിണക്കും? അയ്യപ്പന്‍ എന്ന വ്യക്തി ആരാധനയ്ക്ക് പാത്രമായെന്കില്‍ അയ്യപ്പന്‍ വെറും സാധാരണ വ്യക്തിത്വം ആയിരിക്കുമോ? അയ്യപ്പനെ ആരാധിക്കുന്നതില്‍ക്കൂടി അനുഭവങ്ങള്‍ ഉണ്ടാകുന്ന ഭക്തരെ കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ട് എങ്ങനെ ഇതിനൊരു വിശദീകരണം നല്‍കും?
    I even believe that some people are getting experience from believing ayyappa…. So how do we correlate all this?…..

  15. May 16th, 2010 2:00 pm IST യ്ക്ക് രാജേഷ്:

    ശ്രീ Questionpaper
    ഐതീഹ്യങ്ങളില്‍ നിന്നും യഥാര്‍ത്ഥ ചരിത്രം കണ്ടെത്താനുള്ള താങ്കളുടെ പരിശ്രമത്തിന് എന്റെ അഭിനന്ദനങ്ങള്‍. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടല്ലൊ. ഐതീഹ്യം എന്നതു തന്നെ കേട്ടുകേള്‍വിയുള്ള കഥകള്‍ എന്നാണല്ലൊ. നമ്മുടെ നാട്ടില്‍ മുന്‍പ് ഒരു കാര്യവും രേഖപ്പെടുത്തി വയ്ക്കാത്തതിന്റെ ഒരു ദോഷഫലമാണ് ഇത്രയും ഐതീഹ്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഉള്ളത് എന്നു ഞാന്‍ കരുതുന്നു. രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണല്ലൊ ഒരു വസ്തുത
    ചരിത്രമായി മാറുന്നത്. ഏതു ചരിത്രവും പിന്നീട് മാറ്റപ്പെടാവുന്നതും ആണ്.
    ഉദാഹരണത്തിന് ഈജിപ്തിലെ പിരമിഡുകളെ പറ്റിയുള്ള ചരിത്രം തന്നെ പല തവണ തിരുത്തി എഴുതിയിട്ടുണ്ടല്ലൊ. അതവിടെ നില്ക്കട്ടെ, നമ്മുടെ നാട്ടിലേക്കു തന്നെ വന്നാല്‍ ഐതീഹ്യം എങ്ങിനെ ഉണ്ടാകുന്നു എന്നു പരിശോധിക്കേണ്ടി വരും. മുന്‍പു ഒരു സംഭവം നടന്നാല്‍ അത് പിന്‍ തലമുറകളിലേക്ക് കഥാരൂപേണ കൈമാറി വരികയും പിന്നീട് അത് ഐതീഹ്യം എന്ന പേരില്‍ പറയപ്പെടുകയും ചെയ്യുന്നു. ഞാന്‍ മുന്‍പു സൂചിപ്പിച്ച പോലെ ഒരൊ ഐതീഹ്യവും തലമുറകളിലേക്ക് കൈമാറുമ്പോള്‍ അതിന് കാലാനുസൃതമായ പല മാറ്റ്ങ്ങള്‍ക്കും വിധേയമാകുന്നുണ്ടു എന്നത് ഒരു വസ്തുത തന്നെയാണ്. അങ്ങനെ പല കൂടിച്ചേരലുകളും, വേര്‍പെടുത്തലുകളും മൂലം രൂപാന്തരപ്പെടുന്ന കഥകളില്‍ നിന്നും അതേ സംഭവത്തിന്റെ തന്നെ മറ്റൊരു കാഴ്ചപാടും ഉടലെടുക്കാറുണ്ട്. അങ്ങനെയാണ് ഒരു സ്ഥലത്തെ കുറിച്ച് അല്ലെങ്കില്‍ സംഭവത്തെ കുറിച്ച് വ്യത്യസ്ത ഐതീഹ്യങ്ങള്‍ നാം കേള്‍ക്കുന്നത്. തന്മൂലം ഐതീഹ്യങ്ങള്‍ വളച്ചൊടിച്ചതായി നാം കരുതാന്‍ ഇടയാകുന്നു. ചരിത്രതില്‍ നിന്നും വിഭിന്നമായി വര്‍ഷങ്ങളും ദിവസങ്ങളും ഒന്നും സൂചിപ്പിക്കാത്തതു കൊണ്ട് അവിശ്വസനീയമെന്നും പറയാന്‍ ഇടയാകുന്നു. എന്നാ‍ല്‍ എല്ലാ ഐതീഹ്യങ്ങളിലും അതു സംഭവിച്ചതാണ് എന്ന് കരുതാവുന്ന പല വസ്തുതകളും(സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, ഗ്രന്ഥങ്ങള്‍ തുടങ്ങിയവ) നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ശ്രീ കൊട്ടാരത്തില്‍ ശങ്കുണ്ണി അദ്ദേഹത്തിന്റെ ഐതീഹ്യമാലയില്‍ പറയുന്ന പോലെ, നാം ഇതു കണ്ണടച്ചു വിശ്വസിക്കണം എന്നല്ല, മറിച്ച് ഓരൊരുത്തരുടേയും യുക്തി കൂടി ഉപയോഗിച്ചായിരിക്കണം ഐതീഹ്യത്തെ സമീപിക്കേണ്ടത്. മറിച്ചു എല്ലാം ഒരു കെട്ടുകഥ മാത്രമാണെന്നു പറഞ്ഞു തള്ളിക്കളയാതെ അതില്‍ നിന്നും ചരിത്രത്തിലേക്കു അല്ലെങ്കില്‍ ശരിയിലേക്കു വിരല്‍ ചൂണ്ടുന്ന വസ്തുതകള്‍ ചികഞ്ഞെടുക്കുകയാണു ഒരു സത്യാന്വേഷി ചെയ്യേണ്ടത്. നമ്മുടെ ഐതീഹ്യങ്ങള്‍ നമ്മുടെ മഹത്തായ സംസ്കാരത്തിന്റെ ഭാഗം കൂടിയാണു, അതു നമ്മുടെ രാജ്യത്തിന്റെയും സംസ്കാരതിന്റെയും ചരിത്രം രൂപപ്പെടുത്തുന്നതില്‍ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട് എന്നുള്ളതു യഥാര്‍ത്ഥ വസ്തുതയാണ്. പിന്നെ താങ്കള്‍ പറഞ്ഞ അയ്യപ്പ ചരിത്രത്തെ പറ്റിയുള്ള ഒരു കാര്യം. ശ്രീ അയ്യപ്പനും, ശ്രീ ധര്‍മ്മശാസ്താവും രണ്ടും വ്യത്യസ്ത ഭാവങ്ങള്‍ ആണ്. ശബരിമലയില്‍ ശ്രീ ധര്‍മ്മശാസ്താവ് കുടികൊള്ളുന്നു. വൈഷ്ണവ ശൈവ ചൈതന്യത്തിന്റെ സംയുക്ത രൂപമാണ് ശ്രീധര്‍മ്മശാസ്താവ് എന്നു പറയപ്പെടുന്നു. ശ്രീ അയ്യപ്പന്‍, ധര്‍മ്മശാസ്താവിന്റെ അവതാരവും. മകന്‍ എന്നുള്ളതു മാതാപിതാക്കളുടെ സംയുക്ത ചൈതന്യം തന്നെയല്ലെ, അതുകൊണ്ടു തന്നെ ആയിരിക്കും ശിവന്റെയും വിഷ്ണുവിന്റെയും മകനായിട്ട് ശ്രീ അയ്യപ്പനെ കാണുന്നതും. അല്ലാതെ ശിവനും മോഹിനീരൂപമെടുത്ത വിഷ്ണുവും ഒന്നായി അതില്‍ നിന്നും അയ്യപ്പന്‍ ഉണ്ടാ‍യി എന്നു പറയുന്നതു ഈശ്വരനു മനുഷ്യരൂപവും ഭാവവും വികാരവിചാരങ്ങളും സങ്കല്‍പ്പിക്കുന്നതിന്റെ ഫലമാണ്. ഐതീഹ്യത്തില്‍ നിന്നും നമുക്കു മനസ്സിലാക്കാവുന്നത്, കുട്ടികളില്ലാതിരുന്ന പന്തളം രാജാവിന് കാട്ടില്‍ നിന്നും ലഭിച്ചതാണു അയ്യപ്പനെന്നും പിന്നീട് ശ്രീധര്‍മ്മശാസ്താവില്‍ ലയിച്ച അയ്യപ്പന്റെ നിര്‍ദ്ദേശം അനുസരിച്ച് രാജാവ് ശബരിമലയില്‍ ക്ഷേത്രം പണിതു എന്നതുമാണ്. പന്തളം രാജ്യവും, രാജാവും ഒക്കെ ചരിത്രത്തിന്റെ ഭാഗം തന്നെ ആണല്ലൊ.

  16. September 23rd, 2010 12:34 pm IST യ്ക്ക് Vinod:

    ശ്രീ,
    അദ്വൈതസിദ്ധാന്തം ഭാരതത്തില്‍ പ്രചരിപ്പിച്ച മഹാത്മാവാണല്ലോ ശ്രീ ശങ്കരാചാര്യര്‍ അഥവാ ആദിശങ്കരന്‍. അദ്വൈതം എന്നാല്‍ രണ്ട് അല്ലാത്തത് എന്നാണര്‍ത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. —-
    എനിക്ക് അദ്വൈതം എന്തെന്ന് വലിയ പിടയില്ല.പക്ഷെ എങ്കിലും എവിടെയോ പണ്ട് വായിച്ച ഓര്‍മയില്‍ നിന്നും പറയട്ടെ.
    അദ്വൈതം എന്നാല്‍ രണ്ട് അല്ലാത്തത് എന്നാണര്‍ത്ഥം — എന്നുവച്ചാല്‍ ഒന്നാണെന്ന് പൂര്‍ണമായും പറയുവാന്‍ കഴിയുകയുമില്ല.

  17. September 26th, 2010 7:12 am IST യ്ക്ക് രാമചന്ദ്ര മേനോന്‍:

    ഈശാവസ്യം ഇദം സര്‍വം എന്ന് ഈശാവസ്യ ഉപനിഷത്തില്‍ പറഞ്ഞത് കൊണ്ട് ഈ ജഗത്തെല്ലാം ഈശ്വരനാണെന്നും വേറെ ഈശ്വരനില്ലെന്നും അനുമാനിക്കാം. നാമെല്ലാം ഈ ജഗത്തിന്റെ ഭാഗമായത് കൊണ്ട് നാമെല്ലാം ഈശ്വരെന്റെ ഭാഗമായിത്തീരുന്നു. ഈ പറഞ്ഞത് നാം ഈശ്വരന്റെ ഭാഗമായല്ലോ എന്ന് അഹങ്കരിക്കാന്‍ വേണ്ടിയല്ല. അതനുസരിച്ചുള്ള പക്വത ആര്‍ജിക്കാനാണ്. ഞാനല്ല ഈശ്വരന്‍, എനിക്ക് ഭജിക്കാന്‍ ഒരു ഈശ്വരന്‍ വേണം, എനിക്ക് പൂജിക്കാന്‍ ഒരു ഭഗവാനെ വേണം, എന്ന ചിന്താ വന്നപ്പോഴാണ് അന്നത്തെ പരമപുരുഷന്മാരായ രാമനും, കൃഷ്ണനും, പിന്നീടു അയ്യപ്പനും ഇപ്പോള്‍ വേറെ പലരും ഭാഗവന്മാരായത്. ആയികൊണ്ടിരിക്കുന്നത്. ഇതിലൊന്നിലും വലിയ കാര്യമൊന്നുമില്ല.
    മനുഷ്യന്‍ നന്നായാല്‍ മതി. ആരെയും വേദനിപ്പിക്കാണ്ട്‌ ജീവിച്ചാല്‍ ഈശ്വരന്‍ എവിടെ വേണമെങ്കിലും വരും. ഇടത്തെ കാലിലെ മന്ത് വലത്തേ കാലിലേക്ക് മാറ്റാന്‍ സാധിക്കാത്ത, മരണ സമയം ഒരു മണിക്കൂര്‍ മുന്നോട്ടോ പുറകോട്ടോ മാറ്റാന്‍ സാധിക്കാത്ത, ഈശ്വരന്‍ പാവം എന്ത് ചെയ്യും. നമുക്ക് പ്രാര്‍ഥിക്കാം, എല്ലാവര്‍ക്കും നല്ലത് വരണേ എന്ന് പ്രാര്‍ത്ഥിക്കാം.

  18. April 8th, 2012 2:23 pm IST യ്ക്ക് സുനില്‍:

    ഇവിടെ പ്രതിപാദിച്ചിട്ടുള്ള അഭിപ്രായങ്ങളും സംശയങ്ങളും കണ്ടു …ഈ ചോദ്യങ്ങള്‍ക്ക് ഒരു മറുപടി എന്നോണം ഇതില്‍ തന്നെ കൊടുത്തിട്ടുള്ള സ്വാമി നിര്മാലനന്ദഗിരി അവര്‍കളുടെ “ക്ഷേത്രാരാധന – ആലയവും ആരാധനയും” എന്ന ക്ലാസ്സ്‌ (audio mp 3 ) ഒന്ന് ശ്രവിച്ചാല്‍ കൊള്ളാമെന്നു തൊനുന്നു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/sankaran-advaitha-mookaambika
ഇമെയില്‍ : sree@sreyas.in