അമൃതാനന്ദമയി അമ്മ

അമ്മയ്ക്കു തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്. പ്രകൃതി ഒരു വലിയ പൂന്തോട്ടമാണ് പക്ഷിമൃഗാദികളും മനുഷ്യനുമെല്ലാം ആ തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളാണ്. എല്ലാം ഒത്തുചേര്‍ന്ന് സ്നേഹത്തിന്റെയും ​ഐക്യത്തിന്റെയും തരംഗങ്ങള്‍ പ്രസരിപ്പിക്കുമ്പോഴാണ് ഈ പൂന്തോട്ടം സൗന്ദര്യപ്പൂര്‍ണമായിത്തീരുന്നത്. സകലമനസ്സുകളും സ്നേഹത്താല്‍ ഒന്നായിത്തീരണം എന്നാണ് അമ്മ ആഗ്രഹിക്കുന്നത്. അങ്ങനെ പ്രകൃതിയാകുന്ന ഈ പൂന്തോട്ടത്തിലെ ഓരോ പൂവും ഒരിക്കലും വാടാതെ, കൊഴിയാതെ നിത്യസുന്ദരമായി സൂക്ഷിക്കുവാന്‍ നമുക്കൊരുമിച്ച് പ്രയത്നിക്കാം.

പക്ഷേ, ഇതിനായി നമ്മുടേതായ ചില ശ്രമങ്ങള്‍ നടത്താനുണ്ട്. നാം ജീവനില്ല എന്നുധരിച്ച് അവഗണിക്കുന്ന കല്ലിനോടും മണ്ണിനോടും പാറയോടും തടിക്കഷ്ണത്തോടും നാം ആദരവ് കാട്ടിത്തുടങ്ങണം. ജഡപദാര്‍ഥങ്ങളായ അവരോട് സ്നേഹവും സഹതാപവും തോന്നിയാല്‍പ്പിന്നെ നമുക്ക് എല്ലാറ്റിനെയും സ്നേഹിക്കുവാന്‍ സാധിക്കും. വൃക്ഷലതാദികളെയും പക്ഷികളെയും നദിയെയും പര്‍വതങ്ങളെയുമൊക്കെ സ്നേഹിക്കുന്ന ഒരു മനസ്സ് നമുക്കുണ്ടാവും. ഇവയോടൊക്കെ കരുണ കാട്ടാന്‍ നമുക്കു സാധിക്കും. ഇത്രയുമായാല്‍പ്പിന്നെ സഹജീവികളായ മനുഷ്യരോട് കാരുണ്യം സ്വഭാവികമായുണ്ടാകും. അതിനുവേണ്ടി മക്കള്‍ പ്രത്യേകം പ്രയത്നം ചെയ്യേണ്ടി വരില്ല. നമുക്ക് ഇരിക്കാനും വിശ്രമിക്കാനും ഇടമൊരുക്കിത്തന്ന കസേരയോടും പാറയോടും നന്ദിയുള്ളവരായിരിക്കേണ്ടേ? ഓടാനും ചാടാനും കളിക്കാനുമൊക്കെ ക്ഷമയോടെ സ്വന്തം മടിത്തട്ട് ഒരുക്കിത്തരുന്ന ഭൂമിയോട് കൃതജ്ഞത വേണ്ടേ? നമുക്ക് വേണ്ടി എത്ര പക്ഷികളാണ് മധുരഗാനങ്ങള്‍ പാടുന്നത്? നമുക്കുവേണ്ടി വിരിയുന്ന പൂക്കളോടും തണല്‍ വിരിയിക്കുന്നവൃക്ഷങ്ങളോടും നമുക്കുവേണ്ടി ഒഴുകുന്ന നദികളോടുമെല്ലാം നാം കൃതജ്ഞതയുള്ളവരായിരിക്കണം.

ഓരോ പ്രഭാതത്തിലും പുതിയൊരു സൂര്യോദയമാണ് നാം കാണുന്നത്. കാരണം, രാത്രിയില്‍ നാം എല്ലാം മറന്ന് ഉറങ്ങുമ്പോള്‍, മരണം ഉള്‍പ്പെടെ എന്തു വേണമെങ്കിലും സംഭവിക്കാം. കേടുപാടൊന്നും സംഭവിക്കാതെ, ശരീരവും മനസ്സും പഴയതുപോലെ, പ്രവര്‍ത്തിക്കാന്‍ അനുഗ്രഹം തരുന്ന ആ മഹാശക്തിയോട് നമ്മള്‍ ആരെങ്കിലും നന്ദിപറയാറുണ്ടോ? അങ്ങനെ നോക്കുമ്പോള്‍ എല്ലാവരോടും എല്ലാറ്റിനോടും നമുക്ക് നന്ദിവേണം. കാരുണ്യമുള്ളവര്‍ക്കേ നന്ദിയുള്ളവരാകാന്‍ കഴിയൂ എന്ന് മക്കള്‍ ഓര്‍മിക്കണം. പോയ നൂറ്റാണ്ടുകളില്‍, മനുഷ്യര്‍ നടത്തിയ യുദ്ധങ്ങളും നരഹത്യയും അതുമൂലം നിരപരാധികള്‍ ഒഴുക്കിയ കണ്ണീരിനും കൈയ്യും കണക്കുമില്ല. എന്തിനായിരുന്നു അതെല്ലാം? പിടിച്ചടക്കാന്‍. ധനത്തിനോടും പ്രശസ്തിയോടുമുള്ള അത്യാര്‍ത്തി തീര്‍ക്കാന്‍ മാനവരാശി എണ്ണിയാല്‍ ഒടുങ്ങാത്ത ശാപം ഏറ്റുവാങ്ങിക്കഴിഞ്ഞു. അതില്‍ നിന്ന് മോചനം നേടണമെന്നുണ്ടെങ്കില്‍ ഇനി ഒരു നൂറു തലമുറയുടെ കണ്ണീര്‍ നമ്മള്‍ ഒപ്പണം. അവരുടെ ദുഃഖമകറ്റി ആശ്വസിപ്പിക്കണം. പ്രായശ്ചിത്തമായെങ്കിലും അവനവനിലേക്ക് ഒരു തിരനോട്ടം നടത്തിക്കൂടെ?

അഹങ്കാരവും സ്വാര്‍ത്ഥതയും പെരുകി, ലോകംമുഴുവന്‍ വെട്ടിപ്പിടിക്കാം. ജനങ്ങളെ പീഡിപ്പിച്ച് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാം. യുദ്ധത്തില്‍ ഭ്രമിച്ചിട്ടുള്ള ഒരു ഭരണാധികാരിക്കും സുഖവും സ്വസ്ഥതയും ലഭിച്ചിട്ടില്ല. അവരുടെയൊക്കെ അവസാനനാളുകളും അന്ത്യവും നരകതല്യമായത് നമ്മള്‍കണ്ടിട്ടുണ്ട്. അത് ചരിത്രസത്യവുമാണ്. അതുകൊണ്ട്, ഈ നിമിഷം നമ്മുടെ മുന്‍പിലുള്ള ഈ അവസരം നന്ദിപൂര്‍വ്വം സ്വീകരിച്ച് കാരുണ്യത്തിന്റെയും ശാന്തിയുടെയും പാദയിലൂടെ മക്കള്‍ സഞ്ചരിക്കാന്‍ തയ്യാറാവണം.

യുദ്ധം ആര്‍ക്ക് വേണമെങ്കിലും ചെയ്യാം. അയല്‍ക്കാരനേട് വഴക്കുണ്ടാക്കാന്‍ എത്ര എളുപ്പമാണ്. എന്നാല്‍ അയല്‍ക്കാരനോടോ അയല്‍ രാജ്യത്തോടോ സൗഹൃദത്തില്‍ കഴിയാനാണ് നമ്മള്‍ പഠിക്കേണ്ടത്. കാരുണ്യവും സൗഹാര്‍ത്തവും നല്‍കുന്ന ശക്തിയെ ജയിക്കാന്‍ ആര്‍ക്കും കഴിയില്ല ഈശ്വരന്‍ നമുക്ക് കണ്ണും കാതും കൈകളും തന്നു. പഞ്ചേന്ദ്രിയങ്ങളോടൊപ്പം മനസ്സും നമുക്ക് തന്നു. ഇവയെക്കെ ഉപയോഗിച്ച് മറ്റുള്ളവരുടെ ദുഃഖവും വേദനയും അറിയാനും ഉള്‍ക്കെള്ളാനും കഴിയണം. അങ്ങനെ മക്കള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എത്രയെത്ര ആത്മഹത്യകള്‍ ഒഴിവാക്കാമായിരുന്നു? എത്രപേര്‍ക്ക് ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമായിരുന്നു? അനാഥരായി ചാകുന്ന എത്രയോ കുഞ്ഞുങ്ങളെ നമുക്ക് രക്ഷിക്കാന്‍ കഴിഞ്ഞേനേ! ജീവിക്കാന്‍വേണ്ടി ശരീരം വില്‍ക്കുന്ന എത്രയോ സ്ത്രീകളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമായിരുന്നു. നരകയാതന അനുഭവിക്കുന്ന രോഗികള്‍ക്ക് മരുന്നും ചികിത്സയും ലഭിക്കുമായിരുന്നു. പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പേരില്‍ നടത്തിയ എത്രയോ സംഘര്‍ഷങ്ങള്‍ നമുക്ക് ഒഴിവാക്കാമായിരുന്നു.

നാടിനും ദേശത്തിനും രാഷ്ട്രത്തിനുമൊക്കെ നേതാക്കന്മാര്‍ ഉണ്ടല്ലോ? ഒരു നേതാവിന് അത്യാവശ്യംവേണ്ട ഗുണം എന്താണെന്ന് മക്കള്‍ക്ക് അറിയുമോ? കാരുണ്യവും സൗഹൃദവുമാണ് ഒരു നേതാവിനെ ധീരനാക്കുന്നത്. സമ്പത്തും ആയുധങ്ങളും ഉണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും യുദ്ധം ചെയ്യാം. ഇതാണ് ഇപ്പോള്‍ നമ്മുടെ ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, കാരുണ്യവും സൗഹാര്‍ദ്ധവും നല്കുന്ന ശക്തിയെ ജയിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് നമ്മള്‍ മറന്നു പോകരുത്. അതുകൊ‌ണ്ട് ജീവനില്ലാത്ത വസ്തുക്കളോട് ആദരവും കാട്ടി നമുക്ക് സ്നേഹത്തിന്, കാരുണ്യത്തിന്, ഒരു പുതിയ ഭാഷ നിര്‍മ്മിക്കാം. പിന്നെപ്പിന്നെ സഹജീവികളെയും നമ്മള്‍ ആദരിച്ച് തുടങ്ങും. പുതിയൊരു ലോകസൃഷ്ടിക്കായി, സമാധാനവും ശാന്തിയുമുള്ള ലോകസൃഷ്ടിക്കായി മക്കള്‍ തുടങ്ങേണ്ടത് ഇങ്ങനെയാണ്. അത് പ്രകൃതിയില്‍ നിന്നുതന്നെ തുടങ്ങണം.

കടപ്പാട്: മാതൃഭുമി