ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 20

അഹമാത്മാ ഗുഡാകേശ!
സര്‍വ്വഭൂതാശയസ്ഥിതഃ
അഹമാദിശ്ച മദ്ധ്യം ച
ഭൂതാനാമന്ത ഏവ ച

അല്ലയോ ‌ഗുഡാകേശ, സര്‍വ്വഭൂതങ്ങളുടേയും ഉളളില്‍ പ്രകാശിക്കുന്ന ആത്മാവ് ഞാനാകുന്നു. എല്ലാ പ്രപഞ്ചഘടകങ്ങളുടെ ആരംഭവും മദ്ധ്യവും അവസാനവും ഞാന്‍ തന്നെയാകുന്നു.

പരമശിവനെപ്പോലെ ശസ്ത്രവിദ്യയില്‍ നിപുണനും മനോഹരമായ അളകങ്ങളോടു കൂടിയവനുമായ അല്ലയോ അര്‍ജ്ജുന, ശ്രദ്ധയോടെ കേള്‍ക്കുക. എല്ലാ ജീവജാലങ്ങളിലും ഞാന്‍ ആത്മാവായി വസിക്കുന്നു. ഞാന്‍ എല്ലാ ഭൂതങ്ങളുടേയും ഹൃദയത്തില്‍ വസിക്കുകയും അതോടൊപ്പം അതിനുചുറ്റും വ്യാപരിക്കുകയും ചെയ്യുന്നു. എല്ലാ ഭൂതങ്ങളുടേയും ആദിയും മദ്ധ്യവും അന്തവും ഞാനാകുന്നു. കാര്‍മേഘങ്ങള്‍ ആകാശത്തിനു മുകളിലും താഴെയും അകത്തും പുറത്തും എല്ലാ വശങ്ങളിലും ചുറ്റിനില്‍ക്കുന്നു. അവ ആകാശത്തുതന്നെ ജനിക്കുകയും തങ്ങി നില്ക്കുകയും ആകാശത്തില്‍തന്നെ അലിഞ്ഞുചേര്‍ന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അതുപോലെ എല്ലാ ജീവികളുടേയും ഉത്ഭവവും നിലനില്പും അവസാനവും ഞാനാകുന്നു. വിവിധ വിഭൂതികളില്‍കൂടി എന്‍റെ നിസീമമായ വ്യാപ്തിയും സര്‍വ്വവ്യാപകത്വവും നിനക്കു മനസ്സിലാക്കാന്‍ കഴിയും. ഹൃദയംഗമമായി നീ ഇതു ശ്രദ്ധിക്കുക. എന്‍റെ ദിവ്യമായ പൊരുളിന്‍റെ പ്രധാനപ്പെട്ട പ്രകടിതരൂപങ്ങളെപ്പറ്റി ഞാന്‍ പറ‍യാം.