കാമസ്യാന്തം ച ക്ഷുത്തൃഡ്ഭ്യാം ക്രോധസ്യൈതത്‌ ഫലോദയാത്‌
ജനോ യാതി ന ലോഭസ്യ ജിത്വാ ഭുക്ത്വാ ദിശോ ഭുവഃ (7-15-20)
പണ്ഡിതാ ബഹവോ രാജന്‍ ബഹുജ്ഞാഃ സംശയച്ഛിദഃ
സദസ്സ്പതഽയോപ്യേകേ അസന്തോഷാത്‌ പതന്ത്യധഃ (7-15-21)

നാരദമുനി തുടര്‍ന്നു:
പലേ വിധത്തിലുളള സ്വപ്രകൃതിഗുണവിശേഷങ്ങളാല്‍ പലരും പല പാതകള്‍ തിരഞ്ഞെടുക്കുന്നു. ചിലര്‍ ആചാരങ്ങളിലും യാഗകര്‍മ്മങ്ങളിലും വേദവിധിപ്രകാരം മുഴുകി ജീവിക്കുന്നു. മറ്റു ചിലര്‍ വേദപഠനത്തിലും പാരായണത്തിലും മുഴുകുന്നു. ഇനിയും ചിലര്‍ ജ്ഞാനമാര്‍ഗ്ഗമവലംബിക്കുമ്പോള്‍ മറ്റുളളവര്‍ ഭക്തിമാര്‍ഗ്ഗം സ്വീകരിക്കുന്നു.

പൂജാകര്‍മ്മാനുഷ്ഠാനങ്ങളിലൂടെ ഭഗവല്‍പ്രീതിയും പിതൃക്കളുടെ പ്രീതിയും ലഭിക്കാനാഗ്രഹിക്കുന്നുവര്‍ അവരുടെ ആഹുതി മഹാത്മാക്കള്‍ വഴിയോ, അങ്ങനെയുളളവരെ കിട്ടാത്ത പക്ഷം മറ്റുളളവര്‍ മുഖേനയോ ചെയ്യേണ്ടതാണ്‌. ഈ മഹാത്മാക്കളെ ഈശ്വരതുല്യരായി കരുതിവേണം കര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്താന്‍. വളരെയേറെ ആളുകള്‍ക്ക്‌ അന്നദാനം ചെയ്യുന്നുതു മൂലം ഗുണമേന്മയില്‍ വിട്ടുവീഴ്ച്ച വരാനിടയുളളതിനാല്‍ അതൊഴിവാക്കുകയാണ്‌ നല്ലത്‌. ഇങ്ങനെയുളള യാഗദ്രവ്യങ്ങള്‍ നിര്‍മ്മലമായിരിക്കണം; യാതൊരു ജീവികള്‍ക്കും ഹാനികരമാവുകയുമരുത്‌. ദിവ്യതയുണ്ടാവാനാഗ്രഹിക്കുന്നുവര്‍ മനസാ വാചാ കര്‍മ്മണാ ഹിംസയില്‍ നിന്നും വിട്ടു നില്‍ക്കണം. ഇതിനേക്കാള്‍ വലിയ ധര്‍മ്മം ഇല്ല തന്നെ. ആത്മനിയന്ത്രണം തന്നെയാണ്‌ ഏറ്റവും വലിയ ബലി.

അഞ്ചു തരത്തിലുളള അധാര്‍മ്മികപ്രവൃത്തികള്‍ യോഗാര്‍ത്ഥി ഒരിക്കലും ചെയ്യരുത്‌. (1) വിധര്‍മ്മം, ധര്‍മ്മത്തെ എതിര്‍ക്കുകയോ തടയുകയോ ചെയ്യുന്ന പ്രവൃത്തി, (2) പരധര്‍മ്മം, മറ്റുളളവര്‍ക്കു പറഞ്ഞിട്ടുളള ധര്‍മ്മം (3) ഉപധര്‍മ്മം, അനുകരണധര്‍മ്മം, മറ്റുളളവരുടേതുപോലെയാവാന്‍ ശ്രമിക്കുകയാല്‍ അത്‌ പൊങ്ങച്ചത്തിനു വേണ്ടിയുളളതത്രേ. (4) വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ (5) ആഭാസം , സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടി അവനവന്റെ ചാപല്യമോഹത്തിനനുസരിച്ചുളള പ്രവൃത്തികള്‍.

എല്ലാറ്റിലും സംതൃപ്തി വളര്‍ത്തിയെടുക്കാന്‍ ഒരുവന്‍ ശ്രമിക്കണം. സമ്പത്തു കൂട്ടി വയ്ക്കാനും ഉണ്ടാക്കിയെടുക്കാനും ഒരുവന്‍ ശ്രമിക്കുകയുമരുത്‌. സംതൃപ്തനായ ഒരുവന്‌ എല്ലായിടത്തും എവിടേയും സന്തോഷമാണുളളത്‌. കല്ലിലും മുളളിലും നടക്കുന്നു പാദരക്ഷ ധരിച്ച കാലുകള്‍ക്കെന്നപോലെയാണത്‌. ലൈംഗികസുഖത്തിനും ഭക്ഷണത്തിനും വേണ്ടി അലയുമ്പോഴാണൊരുവന്റെ ജീവിതം നായയുടേതു പോലെയാവുന്നത്‌. അത്യാഗ്രഹിയായ മനുഷ്യന്‍ തന്റെ പഠനവും വിജ്ഞാനവും പ്രശസ്തിയും നഷ്ടപ്പെടുത്തുന്നു. കാമത്തെ കീഴ്പ്പെടുത്താന്‍ ഉപവാസം ചെയ്യണം. ക്രോധത്തിന്റെ പ്രത്യാഘാതം പ്രകടമാവുമ്പോള്‍ അതു താനെ നില്‍ക്കുന്നു. എന്നാല്‍ അത്യാഗ്രഹത്തിനവസാനമില്ലതന്നെ. ഭൂപതിയായാല്‍ പോലും അവന്‌ മതിവരില്ല.

വിദ്യാസമ്പന്നരായ മനുഷ്യര്‍ പോലും വലിയ സമ്മേളനങ്ങളും മറ്റുളളവരുടെ സംശയങ്ങള്‍ ദൂരീകരിച്ച്‌ പ്രസംഗിക്കുന്നവരായാലും അവര്‍ അസംതൃപ്തിയാല്‍ വഴിതെറ്റിപ്പോവുന്നു. ഒരുവന്‍ ആഗ്രഹങ്ങളെ നിയന്ത്രിച്ച്, ക്രോധത്തെ ആഗ്രഹനിരോധത്താല്‍ കീഴടക്കി, അത്യാഗ്രഹങ്ങളെ, സമ്പത്തിന്റെ ദുഷ്ഫലങ്ങളോര്‍ത്തു നിയന്ത്രിച്ച് ഭയത്തെ സത്യബോധത്താല്‍ കീഴടക്കി, വിജ്ഞാനത്താല്‍ ദുഃഖത്തെയും മോഹങ്ങളെയുമടക്കി, അഹങ്കാരത്തെ സത്പുരുഷസേവകൊണ്ട്‌ നശിപ്പിച്ച്, യോഗതടസ്സങ്ങളെ നിശ്ശബ്ദതകൊണ്ട്‌ വിജയിച്ച്, അക്രമവാസനയെ ആത്മനിയന്ത്രണം കൊണ്ട്‌ ജയിച്ച്‌ ജീവിക്കണം. മറ്റുളളവരാലുണ്ടായ വേദനയെ കരുണയാല്‍ തരണം ചെയ്ത് വിധിമൂലമുണ്ടാകുന്ന ദുഃഖത്തെ സമചിത്തത്തയോടെ കൈകാര്യം ചെയ്തും സ്വയംകൃതമായവയെ യോഗാഭ്യാസത്തിലൂടെ നശിപ്പിച്ചും ഉറക്കത്തെ സാത്വികത വര്‍ദ്ധിപ്പിച്ചും അതിജീവിക്കണം.

ഇവയെല്ലാം ഫലപ്രദമാവാന്‍ ഒരുവന്‍ തന്റെ ഗുരുവിനെ ആരാധിച്ചും അദ്ദേഹത്തിനു സേവ ചെയ്തും കഴിയണം. തന്റെ ഗുരുവിനെ തന്നെപ്പോലെയുളള വെറുമൊരു മര്‍ത്ത്യനായി കണക്കാക്കുന്ന പക്ഷം ഈ മാര്‍ഗ്ഗങ്ങള്‍ കൊണ്ട്‌ പ്രയോജനമൊന്നും ഉണ്ടാവുന്നില്ല. ഗുരു, ഈശ്വരനത്രെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF