ശാസ്ത്രം പ്രമാണമായിരിക്കട്ടെ (88)

നമ്മുടെ ഏതു ചെയ്തികള്‍ക്കും ശാസ്ത്രം പ്രമാണമായിരിക്കട്ടെ. ശാസ്ത്രവിധിയെ ഉപേക്ഷിച്ച് തനിക്ക് തോന്നിയവണ്ണം പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരമമായ ഗതിയോ സുഖമോ ലഭിക്കില്ല. ഒരു മനുഷ്യന്‍ ഏതൊക്കെ വഴിയിലൂടെയൊക്കെയാണോ സഞ്ചരിക്കുന്നത് അവയിലൊക്കെ വ്യക്തമായ ദിശാബോധം നല്‍കാന്‍ കഴിവുള്ള ശാസ്ത്രമാണ് ഭാരതീയ സംസ്കാരത്തിന്റേത്. ഒരു കുഞ്ഞിന്റെ ജനനത്തിനു മുമ്പുമുതല്‍ മരണത്തിനു ശേഷം വരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിസര്‍ഗം വിടാതെ ഭാരതീയശാസ്ത്രങ്ങള്‍ പറഞ്ഞുവച്ചിട്ടുണ്ട്.

തപസ്സില്‍ നിന്നാണ് ഭാരതീയ സംസ്കാരത്തില്‍ എല്ല‍ാം ഉണ്ടാകുന്നത്. സ്ത്രീ അനുയോജ്യനായ വരനെ വരിക്കുന്നത് തപസ്സിലൂടെയാണ്. സന്താനത്തെ ജനിപ്പിക്കുന്നത് തപസ്സിലൂടെയാണ്. എപ്പോഴാണ് വിവാഹിതരാകേണ്ടത്, എങ്ങനെയായിരിക്കണം ദാമ്പത്യജീവിതം, ഗര്‍ഭകാലം എങ്ങനെ ചെലവഴിക്കണം, കുട്ടിക്ക് എങ്ങനെ പേരിടണം, ഭക്ഷണം നല്‍കണം, വിദ്യാഭ്യാസം നല്‍കണം, മരണത്തെ എങ്ങനെ കാണണം, മരണാനന്തരം എന്തുചെയ്യണം, വീട് എങ്ങനെ പണിയണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം – എല്ല‍ാം ഭാരതീയ ശാസ്ത്രത്തിലുണ്ട്. പ്രകൃതി മുഴുവന്‍ ഒന്നിനായി തയ്യാറാകുമ്പോഴാണ് ന‍ാം ആ കര്‍മ്മം ചെയ്യേണ്ടത്. അല്ലെങ്കില്‍ പ്രകൃതിക്കപരിചിതനാകും.

ഉപദേശം കൊണ്ട് നമ്മെ മുകളിലേക്ക് കൊണ്ടുപോകുന്നതാണ് ശാസ്ത്രം. ഒരു ഗ്രന്ഥവും കിട്ടിയില്ലെങ്കില്‍ ഉള്ളിലേക്ക് തിരിച്ച് ധ്യാനാവസ്ഥയില്‍ അന്വേഷിച്ചാല്‍ ശരിയായ ഉത്തരം കിട്ടും. അത്തരം കര്‍മ്മങ്ങള്‍ ഒരിക്കലും അപരന് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കുകയില്ല. സ്വശരീരത്തെ, മനസ്സിനെ, ചുറ്റുപാടുകളെ, മറ്റു ജീവികളെ പീഡിപ്പിച്ചുകൊണ്ടല്ല ഈശ്വര സാക്ഷാത്കാരം തേടേണ്ടത്.

അവിവേകികള്‍ ശാസ്ത്രവിധിപ്രകാരമല്ലാത്ത ഭയങ്കരമായ തപസ്സുകള്‍ കൊണ്ട് ശരീരത്തിലെ ഭൂതങ്ങളെയും അന്തരാത്മാവിലെ ഭഗവാനെയും പീഡിപ്പിക്കുന്നു. നാരങ്ങാവിളക്ക് കത്തിക്കാനോ, ശൂലം തറച്ചു കയറ്റാനോ, തല വെട്ടിപ്പൊളിക്കാനോ, കോഴിയെ വെട്ടാനോ ഒന്നും ഒരു ശാസ്ത്രവും പറയുന്നില്ല.

ഒരാളുടെ ശ്രദ്ധ തന്നെയാണ് അയാളുടെ പ്രകൃതം. ശ്രദ്ധ സംസ്കാരത്തെ അനുസരിച്ചിരിക്കും. സാത്വിക ശ്രദ്ധയുള്ളവര്‍ ചൈതന്യത്തെ പൂജിക്കുന്നു. വനവത്കരണവും നദീശുദ്ധീകരണവുമൊക്കെ അങ്ങനെ ദേവപൂജയാണ്. രജോഗുണപ്രധാനികള്‍ യക്ഷ രക്ഷസ ഭാവങ്ങളെയും തമോഗുണികള്‍ ഭൂതപ്രേതാദികളെയും (ഭയത്തെ) ആരാധിക്കുന്നു. എന്തിലാണോ ശ്രദ്ധയുള്ളത് അത് ലഭിക്കുകയും ചെയ്യും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം