യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 355 [ഭാഗം 6. നിര്‍വാണ പ്രകരണം]

ദീര്‍ഘസ്വപ്നമിമം വിദ്ധി ദീര്‍ഘം വാ ചിത്തവിഭ്രമം
ദീര്‍ഘം വാപി മനോരാജ്യം സംസാരം രഘുനന്ദന (6/28/28)

വസിഷ്ഠന്‍ തുടര്‍ന്നു: ‘ഇത് സമ്പത്ത്, ഇതെന്റെ ദേഹം, ഇത് രാജ്യം’, എന്നിങ്ങിനെയുള്ള ധാരണകള്‍ മനസ്സിലെ ഊര്‍ജ്ജം പ്രകടിപ്പിക്കുന്ന പ്രതീതികള്‍ മാത്രമാണ്. അല്ലാതെ അവയ്ക്ക് സത്തായ ഉണ്മയൊന്നും ഇല്ല. അവ മായയാണ്.

“ഇതൊരു ദീര്‍ഘസ്വപ്നമാണെന്നോ, സുദീര്‍ഘമായ വിഭ്രാന്തിയാണെന്നോ, ദിവാസ്വപ്നമാണെന്നോ, വൃഥാമോഹങ്ങളാണെന്നോ മനസ്സിലാക്കിയാലും.” എന്നാല്‍ ഈശ്വരകൃപയാല്‍ അല്ലെങ്കില്‍ സ്വയം ആത്മാവില്‍ ഉണര്‍വ്വുണ്ടാവുമ്പോള്‍ ഇപ്പറഞ്ഞ കാര്യം നിനക്ക് സുവിദിതമാവും. നിന്നില്‍നിന്നും വിഭിന്നമായി ഒരു ലോകം അല്ലെങ്കില്‍ മനസ്സില്‍നിന്നും സ്വതന്ത്രമായി ഒരു പ്രപഞ്ചം ഉള്ളത് മനസ്സിന്റെ മായാജാലം മാത്രമാണ്. അതായത് ഒരു വിഷയവസ്തുവിനെ വിഷയി തിരിച്ചറിയുന്നതുപോലെയുള്ള ഒരു പ്രതിഭാസമാണത്.

ഞാന്‍ ബ്രഹ്മാവിന്റെ മാനസപുത്രനാണെന്ന് പറഞ്ഞുവല്ലോ. അതുപോലെ ലോകമുണ്ടാവുന്നതും മനസ്സിലെ ഒരു ധാരണയായാണ്. ഈ ധാരണകള്‍ സത്യത്തെ ആവര്‍ത്തിച്ചു മറച്ചുവച്ച് പ്രബലമായിത്തീരുന്നു. അവ വീണ്ടും വീണ്ടും ഉയര്‍ന്നുപൊങ്ങുന്നു. അവയ്ക്കൊപ്പം പ്രകടിതമായ മായാലോകവും ഒരു വിക്ഷേപമെന്നപോലെ സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ഒരു സാധകന്‍ ദൃഢനിശ്ചയത്തോടെ ഈ ധാരണകളുടെ സ്രോതസ്സ് തിരഞ്ഞു ചെന്നാല്‍ അയാള്‍ക്ക് ബോധസാക്ഷാത്കാരമുണ്ടാവുന്നു. ഈ ആത്മാന്വേഷണത്തിന്റെ അഭാവത്തില്‍ ഒരുവനില്‍ ഈ മായാലോകം ആവര്‍ത്തിച്ചു പ്രകടമായിക്കൊണ്ടേയിരിക്കും.

‘ഇത് അതാണ്‌, ഇതെന്റെതാണ്, ഇതെന്റെ ലോകമാണ്’, തുടങ്ങിയ ധാരണകള്‍ തുടര്‍ച്ചയായി വെച്ചുപുലര്‍ത്തുമ്പോള്‍ അവയില്‍ മിഥ്യയെങ്കിലും ഉണ്മയുടെ ഒരു പ്രത്യക്ഷഭാവം-തോന്നല്‍ സംജാതമാവും. ലോകത്തിന്റെ ആപേക്ഷികസ്ഥിരതയും വാസ്തവത്തില്‍ വെറും മായക്കാഴ്ചമാത്രമാണ്. ഒരുവന്‍ സ്വപ്നസമയത്ത് കേവലം കുറച്ചു നിമിഷങ്ങള്‍കൊണ്ട് ഒരു ജീവിതകാലം മുഴുവന്‍ അനുഭവിച്ചുവെന്നു വരാം.

വെറും മായയായ ‘ജലം’ മാത്രമേ മരുപ്പച്ചയില്‍ ദൃശ്യമാവുന്നുള്ളു. എന്നാല്‍ അതിന്റെ അടിസ്ഥാനവസ്തു ദൃശ്യമല്ല. അതുപോലെ അജ്ഞാനാവസ്ഥയില്‍ മായാലോകം മാത്രമേ കാണപ്പെടുന്നുള്ളു. എന്നാല്‍ ഈ അവിദ്യ ഇല്ലാതായിക്കഴിഞ്ഞാല്‍ പ്രത്യക്ഷലോകത്തിന്റെ അടിസ്ഥാനവും സാധകന് സുവ്യക്തമാവും.

സാധാരണഗതിയില്‍ ഭീരുവായ ഒരുവന്‍പോലും സങ്കല്‍പ്പത്തിലുള്ള പുലിയെ പേടിക്കുകയില്ലല്ലോ. അതുപോലെ ജ്ഞാനി ഈ ലോകത്തെ വെറും ധാരണാവിക്ഷേപമായി അറിയുന്നതുകൊണ്ട് അയാള്‍ക്ക്‌ ഒന്നിനെയും ഭയമില്ല. ലോകം ആത്മാവിന്റെ ഒരു പ്രകടനം മാത്രമാണെന്ന് അറിഞ്ഞവന് ആരെ, എന്തിനെ ഭയപ്പെടാനുണ്ട്? ആത്മാന്വേഷണംകൊണ്ട് പവിത്രത പ്രാപിച്ച സാധകന്റെയുള്ളില്‍ ലോകത്തെക്കുറിച്ചുള്ള ഭ്രമാത്മകചിന്തകള്‍ ഉണ്ടാവുകയില്ല. ഒരിക്കല്‍ നിറവാര്‍ന്ന ജ്ഞാനത്തിന്റെ തെളിമയില്‍ നിര്‍മലമായിക്കഴിഞ്ഞാല്‍പ്പിന്നെ ഒരുവന്റെയുള്ളില്‍ വികലമായ ദര്‍ശനങ്ങള്‍ വീണ്ടും ഉദിക്കുകയില്ല.

എന്താണു സത്യദര്‍ശനം? ഈ ലോകം അനന്തമായ, നിത്യശുദ്ധമായ അവബോധത്തിന്റെ പ്രതിഫലനം മാത്രമാണെന്നും അതിനാല്‍ത്തന്നെ അത് സത്തോ അസത്തോ അല്ലെന്നും ഉള്ള തിരിച്ചറിവാണ് ശരിയായ അറിവ്. ജനനം, മരണം, സ്വര്‍ഗ്ഗം, അറിവ്, അജ്ഞാനം, എന്നിവയെല്ലാം അനന്താവബോധത്തിലെ പ്രതിഫലനങ്ങള്‍ മാത്രമാണ്. ഞാനും നീയും പത്തു ദിക്കുകളും എല്ലാം ഈ ബോധം മാത്രമാകുന്നു എന്ന അറിവാണ് ശരിയായ അറിവ്. ശരിയായ അറിവുളളപ്പോള്‍ മനസ്സുയരുകയോ താഴുകയോ ചെയ്യുകയില്ല. അത് പരമപ്രശാന്തതയെ പ്രാപിക്കുന്നതിനാല്‍ നിന്ദാസ്തുതികളില്‍ ആമഗ്നമാവുകയില്ല. സന്തോഷസന്താപങ്ങളില്‍ ആന്ദോളനം ചെയ്യുകയുമില്ല. അത് സത്യത്തിന്റെ പ്രശാന്തശീതളിമയില്‍ സദാ അഭിരമിക്കുന്നു.