യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 153 [ഭാഗം 4. സ്ഥിതി പ്രകരണം]

സ്വയ വാസനയാ ലോകോ യദ്യത്കര്‍മ്മ കരോതി യ:
സ തഥൈവ തദാപ്നോതി നേതരസ്യേഹ കര്‍തൃതാ (4/13/11)

കാലം (യമരാജന്‍) തുടര്‍ന്നു: അല്ലയോ മഹര്‍ഷേ, ദേവന്മാരും അസുരന്മാരും മനുഷ്യരും എല്ലാം ബ്രഹ്മം എന്നറിയപ്പെടുന്ന അനന്താവബോധത്തില്‍ നിന്നും വേറിട്ട ഒന്നല്ല. ഇതു മാത്രമാണു സത്യം. മറ്റെല്ലാ അവകാശവാദങ്ങളും തെറ്റാണ്‌. ദേവതകളും മറ്റും ‘ഞാന്‍ പരബ്രഹ്മമല്ല’ എന്ന തെറ്റിദ്ധാരണയ്ക്കു വശംവദരായി സ്വയം അശുദ്ധിയാരോപിച്ച് താഴോട്ടുപതിക്കുന്നതായി സങ്കല്‍പ്പിക്കുന്നു. അവരും അനന്താവബോധത്തില്‍ത്തന്നെയാണ്‌. എങ്കിലും സ്വയം അതില്‍ നിന്നും വിഭിന്നരാണെന്ന മതിഭ്രമത്തിലാണവര്‍ എന്നുമാത്രം.

നിത്യശുദ്ധരായവര്‍ സ്വയമേവ തങ്ങളില്‍ത്തന്നെ അശുദ്ധി ആരോപിക്കുന്നതാണ്‌ അവരുടെ കര്‍മ്മങ്ങള്‍ക്കും അവയുടെ പരിണിതഫലങ്ങളായ സന്തോഷം, സന്താപം, അജ്ഞാനം, പ്രബുദ്ധത എന്നിവയ്ക്കെല്ലാം ബീജമാവുന്നത്. ഈ ജീവികളില്‍ ചിലര്‍ ശിവനെപ്പോലെയും വിഷ്ണുവിനെപ്പോലെയും ശുദ്ധരത്രേ. മനുഷ്യരേയും ദേവന്മാരെപ്പോലെയും അല്പം കളങ്കപ്പെട്ടവരാണ് മറ്റൊരുകൂട്ടര്‍. മരങ്ങളും ചെടികളും കട്ടിപിടിച്ച മോഹത്താല്‍ ബന്ധിതരാണ്‌. മറ്റുചിലര്‍ പുഴുക്കളെപ്പോലെ അജ്ഞാനബന്ധനത്തിലാണ്‌. ചിലര്‍ ജ്ഞാനത്തില്‍ നിന്നും വളരെ അകലെയാണ്‌. കുറച്ചുപേര്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെപ്പോലെ പ്രബുദ്ധരും മുക്തിയാര്‍ജ്ജിച്ചവരുമാണ്‌.

ഇങ്ങിനെ അജ്ഞതയുടേയും മോഹവിഭ്രമങ്ങളുടേയും ചക്രത്തില്‍ ചുറ്റുന്നതിനിടയ്ക്ക് പരമസത്യത്തിന്റെ, ജ്ഞാനത്തിന്റെ പടിയില്‍ ഒന്നു ചവിട്ടാനിടയായാല്‍ അവന്‍ ക്ഷണത്തില്‍ മുക്തനായി. ഇവരില്‍ മരങ്ങളെപ്പോലെ വേരുറച്ച അജ്ഞതയ്ക്കടിമയാവാത്തവര്‍, എന്നാല്‍ മോഹവലയത്തില്‍നിന്നുമിനിയും പുറത്തു വരാത്തവര്‍, അന്വേഷണപാതയില്‍ വേദഗ്രന്ഥങ്ങളെയും സദ്ഗുരുക്കളേയും ആശ്രയിക്കേണ്ടതാണ്‌. ഈ വേദഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത് പ്രബുദ്ധരാണ്‌. നികൃഷ്ട ജീവിതമുപേക്ഷിച്ച് മലിനചോദനകള്‍ ഇല്ലാതെയായവരും അവിദ്യയുടെ നിദ്രയില്‍നിന്നുമുണര്‍ന്നവരുമായ സാധകര്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാനാണ്‌ ഈ മഹദ് ഗ്രന്ഥങ്ങള്‍. ഇത്തരം സാധകര്‍ക്ക് അവയില്‍ സഹജമായ താല്‍പ്പര്യം ഉണ്ടാവും.

മഹര്‍ഷേ, മനസ്സാണ്‌ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നത്. ശരീരമല്ല. ശരീരമെന്നത് മനസ്സിന്റെ സങ്കല്‍പ്പങ്ങളുടെ ഫലമാണ്‌. മനസ്സുമായി വേറിട്ട് ശരീരത്തിന്‌ അസ്തിത്വമില്ല. അങ്ങയുടെ പുത്രന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചത് അനുഭവിച്ചു. ഞങ്ങള്‍ക്കതില്‍ യാതൊരുത്തരവാദിത്തവുമില്ല. എല്ലാ ജീവികള്‍ക്കും അവരവരുടെ ഉള്ളിലങ്കുരിക്കുന്ന സാദ്ധ്യതകള്‍ക്കും കഴിവുകള്‍ക്കുമനുസരിച്ചുള്ള കര്‍മ്മങ്ങളാണ്‌ സ്വായത്തമാക്കാന്‍ കഴിയുക. മറ്റ് ആര്‍ക്കുമതില്‍ പങ്കില്ല. അതിമാനുഷര്‍ക്കും, ദൈവങ്ങള്‍ക്കും അതിന്റെ ഗതിമാറ്റാന്‍ ആവില്ല. വരൂ, നമുക്ക് അങ്ങയുടെ മകന്‍ തപസ്സുചെയ്യുന്നിടത്തേയ്ക്ക് പോകാം. സ്വര്‍ഗ്ഗത്തിലെ നൈമിഷികസുഖാനുഭവത്തിനുശേഷമാണദ്ദേഹം അവിടെയെത്തിയിരിക്കുന്നത്.

യമന്‍ ഭൃഗുമഹര്‍ഷിയെ കൂട്ടിക്കൊണ്ട് യാത്രയായി. വസിഷ്ഠമുനി എട്ടാം ദിവസത്തെ കഥാകഥനം അവസാനിപ്പിച്ചു. സഭ പിരിഞ്ഞു.