സ്വാമി വിവേകാനന്ദന്‍

സര്‍വ്വജഗത്തിന്റേയും കൂടി ഒന്നായുള്ള മനസ്സ് എന്നു പറയപ്പെടുന്ന മഹത്താണ് ആകാശമെന്നും പ്രാണനെന്നും രണ്ടായി വേര്‍പിരിയുന്നതെന്നും, മനസ്സിന്റേയും അപ്പുറം ആത്മാവുണ്ടെന്നും കണ്ടുവല്ലോ. ഈ ജഗത്തില്‍ ജഗന്മനസ്സിന്നപ്പുറം ജഗദാത്മാവുണ്ട്. അതിനെ ഈശ്വരന്‍ എന്നു പറയുന്നു. ജഗന്മനസ്സ് ആകാശവും പ്രാണനുമായി പരിണമിക്കുംപോലെ ജഗദാത്മാവ് ജഗന്മനസ്സായി പരിണമിക്കുന്നു എന്നു മനസ്സിലാക്കാം. മനുഷ്യന്റെ കാര്യത്തിലും അങ്ങനെതന്നെയോ? മനുഷ്യന്റെ മനസ്സാണോ മനുഷ്യദേഹം സൃഷ്ടിക്കുന്നത്? മനുഷ്യാത്മാവാണോ മനുഷ്യമനസ്സു സൃഷ്ടിക്കുന്നത്? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനുഷ്യന്റെ ശരീരവും മനസ്സും ആത്മാവും വെവ്വേറെ സത്തകളോ, അതോ മൂന്നും ഒന്നില്‍ ത്രിവിധമായിരിക്കുന്നവയോ, അതല്ല ഒരേ വ്യക്തിയുടെ അവസ്ഥാഭേദങ്ങളോ എന്നാണ് ചോദ്യം. ഇതിന് സമാധാനം കാണ്മാന്‍ വഴിയെ ശ്രമിക്കാം. നാം ഇപ്പോള്‍ കണ്ടുവെച്ചിട്ടുള്ളത് ഇതാണ്; സ്ഥൂലശരീരമുണ്ട്, അതിനു പിറകെ ഇന്ദ്രിയങ്ങളുണ്ട്, മനസ്സുണ്ട്, എല്ലാറ്റിനും പിറകെ ആത്മാവുമുണ്ട്. അതില്‍ ആത്മാവ് ശരീരത്തില്‍നിന്നും മനസ്സില്‍ നിന്നും ഭിന്നമെന്നപോലിരിക്കുന്നു. ഇവിടെവെച്ചാണ് മതങ്ങള്‍ തമ്മില്‍ ഭേദിക്കുന്നത്. സാമാന്യേന ദ്വൈതമെന്ന വകുപ്പില്‍ പെടുന്നതായി ഗണിക്കാവുന്ന മതങ്ങളുടെ അഭിപ്രായം മനുഷ്യാത്മാവ് സഗുണമാണ്, അതിനു വിവിധഗുണങ്ങളുണ്ട്, സുഖദുഃഖാദ്യനുഭവങ്ങളെല്ലാം ആത്മാവിന്നാണ് എന്നത്രേ. അദ്വൈതികളാവട്ടെ ആത്മാവിനു ഒരു ഗുണവുമില്ല. അതു കേവലം നിര്‍ഗുണമാണ് എന്നു പറയുന്നു.

ഇവിടെ ഒന്നാതായി ദ്വൈതപക്ഷമെടുത്ത് ആത്മാവിനെയും അതിന്റെ ഗതിയെയും പറ്റി അവര്‍ എന്തു പറയുന്നു എന്നു കാണിക്കാന്‍ ശ്രമിക്കാം. അനന്തരം അവര്‍ക്കെതിരായ സിദ്ധാന്തവും ഒടുക്കം അദ്വൈതം ഉളവാക്കുന്ന രഞ്ജിപ്പും കാണ്മാന്‍ ശ്രമിക്കാം. മനുഷ്യന്റെ ആത്മാവ് ദേഹമനോവ്യതിരിക്തമാകകൊണ്ടും, ആകാശപ്രാണനിര്‍മ്മിതമല്ലാത്തതുകൊണ്ടും അതു നശിക്കാതെ നിത്യമായിരിക്കണം. എങ്ങനെയെന്നോ? മൃത്യു എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്ത്? വിയോഗം: അതു സംയുക്തപദാര്‍ത്ഥങ്ങള്‍ക്കേ സംഭവിക്കൂ. രണ്ടോ അധികമോ പദാര്‍ത്ഥങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ ഏതിലും സംയുക്താംശങ്ങളുടെ വിയോഗമുണ്ടാകും. സംയുക്തമല്ലാതെ തനിയെയുള്ള പദാര്‍ത്ഥത്തിലാകട്ടെ അംശവിയോഗമില്ല: അതിനു മൃത്യുവില്ല. അതു നിത്യം അത് അനാദി: സൃഷ്ടിക്കപ്പെട്ടതല്ല. സൃഷ്ടി മുഴുവനും സംയോഗമാണ്. ശൂന്യത്തില്‍നിന്നു സൃഷ്ടിയുണ്ടാകുന്നതായി ആരും കണ്ടിട്ടില്ല. ഉള്ള വസ്തുക്കളെ പുതുരൂപങ്ങളാക്കിച്ചേര്‍ക്കുക എന്നേ സൃഷ്ടിയെപ്പറ്റി നമുക്കറിവുള്ളൂ. അങ്ങനെയിരിക്കെ മനുഷ്യാത്മാവ് സ്വതഃസിദ്ധമാകക്കൊണ്ട് അനാദിയും അനന്തവുമാകണം. ശരീരം നശിക്കുമ്പോഴും ആത്മസ്ഥിതി തുടരും. ശരീരനാശത്തില്‍ ജീവശക്തികള്‍ മനസ്സിലും മനസ്സ് പ്രാണനിലും പ്രാണന്‍ ആത്മാവിലും ഒതുങ്ങും. ആത്മാവ് പിന്നെ സൂക്ഷ്ശരീരമെന്നോ ലിംഗശരീരമെന്നോ ആതിവാഹികശരീരമെന്നോ പറയാവുന്ന ശരീരമെടുത്ത് സ്ഥൂലരൂപത്തില്‍ പ്രത്യക്ഷമാകയും ചെയ്യുമെന്ന് വേദാന്തികള്‍ പറയുന്നു. ആ ശരീരത്തില്‍ ആ ജീവന്റെ സംസ്‌കാരങ്ങള്‍ നിലകൊള്ളും.

സംസ്‌കാരങ്ങളെന്നാല്‍ എന്ത്? മനസ്സ് ഒരു തടാകംപോലെയും ഓരോ വിചാരവും അതില്‍ ഓരോ അലപോലെയുമാണ്. തടാകത്തില്‍ അലകളെന്നപോലെ ചിത്തത്തില്‍ വിചാരങ്ങള്‍ നിരന്തരം പൊന്തുകയും മായുകയും ചെയ്യുന്നു. എന്നാല്‍ അവ എന്നെന്നേയ്ക്കുമായി മായുന്നില്ല. അവ സൂക്ഷ്മസൂക്ഷ്മതരങ്ങളായി അവിടെത്തന്നെ കിടക്കുന്നു: അവസരമാകുമ്പോള്‍, ആവശ്യപ്പെടുമ്പോള്‍, വീണ്ടും പൊന്തുവാനൊരുക്കം. അങ്ങനെ സൂക്ഷ്മാവസ്ഥയിലായ വിചാരങ്ങളെ വീണ്ടും അലകളാക്കി വരുത്തുന്നതത്രേ സ്മൃതി (ഓര്‍മ്മ) എന്നത്. നാം വിചാരിച്ചതെന്തും ചെയ്തതെന്തും മനസ്സില്‍ സൂക്ഷ്മാവസ്ഥയില്‍ നിക്ഷേപിച്ചിരിപ്പുണ്ട്. മരിക്കുമ്പോള്‍ ഈ സൂക്ഷ്മസംസ്‌കാരങ്ങള്‍ മനസ്സിലിരിക്കും. അതു പിന്നെ തന്മാത്രകളില്‍ പ്രവര്‍ത്തിച്ചു സൂക്ഷ്മശരീരമാകും. ജീവന്‍ ഈ സംസ്‌കാരങ്ങളെയും സൂക്ഷ്മശരീരത്തെയും വഹിച്ചു പുറപ്പെടുന്നു. ജീവന്റെ ആ ഗതി അതിന്റെ വിവിധ സംസ്‌കാരങ്ങളുടെയും വിവിധശക്തികളുടെയും ആകെത്തുകയ്ക്കനുസരിച്ചിരിക്കും. ജീവനു ഭിന്നങ്ങളായ മൂന്നുവിധം ഗതികളുണ്ട്.

അദ്ധ്യാത്മയോഗികള്‍ മരിക്കുമ്പോള്‍ സൂര്യരശ്മികളില്‍ക്കൂടെ സൂര്യലോകമെന്നു പറയുന്ന ഒരു സ്ഥാനത്തെത്തി അവിടെനിന്നു ചന്ദ്രലോകത്തിലും അനന്തരം വിദ്യുല്ലോകത്തിലും ചെല്ലും. അവിടെ അവര്‍ ഒരു മുക്തപുരുഷനെ കാണും. അദ്ദേഹം അവരെ ലോകങ്ങളില്‍വെച്ചു അത്യുന്നതമായ ബ്രഹ്മലോകത്തിലേക്കു നയിക്കും. അവിടെവെച്ചു ആ ജീവന്‍മാര്‍ക്കു മിക്കവാറും ഈശ്വരതുല്യമായ സര്‍വ്വജ്ഞത്വവും സര്‍വശക്തിത്വവും സിദ്ധിക്കും. പിന്നെ മടങ്ങിപ്പോരാതെ അവിടെത്തന്നെ ശാശ്വതമായിരിക്കും എന്ന് ദ്വൈതികള്‍ പറയുന്നു. അദ്വൈതികളുടെ പക്ഷത്തില്‍ അവര്‍ കല്പാന്തത്തില്‍ സായൂജ്യം പ്രാപിക്കും. മറ്റൊരു തരക്കാര്‍ – ഫലേച്ഛയോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തവര്‍ – മരിക്കുമ്പോള്‍ അവരുടെ സല്‍ക്കര്‍മ്മങ്ങള്‍ അവരെ ചന്ദ്രലോകത്തിലെത്തിക്കും. അവിടെ പലതരം സ്വര്‍ഗ്ഗങ്ങളുണ്ട്. അതുകളില്‍വെച്ച് അവര്‍ക്കു ദേവശരീരങ്ങളുണ്ടാകും. അങ്ങനെ അവര്‍ ദേവന്‍മാരായി ദീര്‍ഘകാലം സ്വര്‍ഗ്ഗസുഖമനുഭവിക്കും. ആ കാലം കഴിഞ്ഞാല്‍ പഴയ കര്‍മ്മങ്ങളുടെ പിടിയില്‍പ്പെട്ട് വീണ്ടും ഭൂമിയിലേക്കു പതിക്കും. വായുവും മേഘങ്ങളും പല ലോകങ്ങളും വഴിയായി വന്ന് ഒടുവില്‍ വര്‍ഷബിന്ദുക്കളായിട്ടാണ് അവര്‍ ഭൂമിയിലേക്കു വീഴുന്നത്. പിന്നെ ഭൂമിയില്‍ ഒരു ധാന്യത്തില്‍ കടന്നുകൂടും. അവര്‍ക്കു പുതിയൊരു ശരീരം നിര്‍മ്മിപ്പാന്‍ തക്ക സാമഗ്രികള്‍ കൊടുപ്പാന്‍ കഴിവുള്ള ഒരു മനുഷ്യന്‍ ആ ധാന്യം ഭക്ഷിക്കും. മൂന്നാമതൊരു തരക്കാരുണ്ട് – ദുഷ്ടന്‍മാര്‍, അവര്‍ മരണാനന്തരം പ്രേതപിശാചുക്കളായി ചന്ദ്രലോകത്തിനും ഭൂമിക്കും മദ്ധ്യേ വല്ലേടത്തും വസിക്കും. അവരില്‍ ചിലര്‍ മനുഷ്യര്‍ക്കു അപകാരികളും ചിലര്‍ മനുഷ്യരോടു സ്നേഹമുള്ളവരുമാകും. കുറച്ചുകാലം അവിടെ കഴിച്ചുകൂട്ടി വീണ്ടും ഭൂമിയിലേക്കു വന്നു മൃഗങ്ങളായി ജനിക്കും. മൃഗജീവിതകാലം കഴിഞ്ഞു വീണ്ടും മനുഷ്യത്വം പ്രാപിച്ച് മോക്ഷസമ്പാദനത്തിന് അവസരം കിട്ടും. അപ്പോള്‍ അതാണ് ചുരുക്കം. മിക്കവാറും പൂര്‍ണ്ണത പ്രാപിച്ചവരും അത്യല്പം മാത്രം ബാക്കിയുള്ളവരും സൂര്യരശ്മിയിലൂടെ ബ്രഹ്മലോകം പ്രാപിക്കുന്നു. സ്വര്‍ഗ്ഗകാമന്‍മാരായി കുറച്ചു സത്കര്‍മ്മം ചെയ്ത മദ്ധ്യമന്‍മാര്‍ ചന്ദ്രലോകത്തിലുള്ള സ്വര്‍ഗ്ഗങ്ങളിലെത്തി ദേവശരീരം ധരിക്കും. പക്ഷേ അവര്‍ വീണ്ടും മനുഷ്യരാകണം. പൂര്‍ണ്ണത്വം പ്രാപിക്കാന്‍ അവര്‍ക്ക് ഒരവസരംകൂടി കിട്ടും. അതിദുഷ്ടന്‍മാര്‍ പ്രേതങ്ങളോ പിശാചുക്കളോ ആകും. അവര്‍ക്കു മൃഗങ്ങളാകേണ്ടിയും വന്നേയ്ക്കാം. വീണ്ടും മനുഷ്യരായി സംസിദ്ധി നേടുവാന്‍ ഒരവസരം കൂടി അവര്‍ക്കു കിട്ടുന്നു.

ഈ ഭൂമിയെ കര്‍മ്മഭൂമി എന്നു പറയുന്നു. ഇവിടെമാത്രമേ മനുഷ്യന്‍ നല്ലതോ തീയതോ ആയ കര്‍മ്മം ചെയ്യുന്നുള്ളൂ. സുഖപ്രാപ്തിക്കു സല്‍ക്കര്‍മ്മം ചെയ്തവര്‍ ദേവന്‍മാരായി കര്‍മ്മഫലം അനുഭവിക്കമാത്രം ചെയ്യും. പുതിയ കര്‍മ്മഫലത്തെ സമ്പാദിക്കില്ല. ആ ഫലം തീരുമ്പോള്‍ മുന്‍ജന്മത്തിലെ ദുഷ്‌കര്‍മ്മഫലങ്ങള്‍ അവരെ ഭൂമിയിലേക്കു തള്ളിവിടും. അതുപോലെ ഭൂതപ്രേതാദിനിലകളിലും പുതിയ കര്‍മ്മങ്ങളില്ല. ദുഷ്ടകര്‍മ്മഫലം അനുഭവിക്കമാത്രം ചെയ്തു പിന്നെ മൃഗങ്ങളായി ജനിച്ച് ആ ദശയും അവസാനിച്ചു വീണ്ടും മനുഷ്യരാകും. എന്നാല്‍ അത്യുല്‍ക്കടങ്ങളായ പുണ്യപാപങ്ങള്‍ അതിവേഗത്തില്‍ ഫലിക്കും. ഒരാള്‍ അനേകദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെന്നിരിക്കട്ടെ. അയാള്‍ ഒരു മഹാസല്‍ക്കര്‍മ്മം ചെയ്താല്‍ അതിന്റെ ഫലം ഉടനെ കാണാം. അതു കഴിഞ്ഞ് ദുഷ്‌കര്‍മ്മങ്ങളുടെ ഫലങ്ങളും കാലംപോലെ വന്നുചേരും. ചിലര്‍ സല്‍കര്‍മ്മങ്ങള്‍ പലതും ചെയ്തിരിക്കും, അകൃത്യങ്ങളും ചെയ്തിരിക്കും. സല്‍ക്കര്‍മ്മഫലമായി അവര്‍ക്കു സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാകും. അതിനുശേഷം ദുഷ്‌കര്‍മ്മഫലാനുഭവത്തിനു ഭൂമിയിലേക്കു മടങ്ങും. അതുപോലെ, കഠിനദുഷ്‌കൃതങ്ങള്‍ ചെയ്തവര്‍ ഭൂതപ്രേതാദികളായി ആ കര്‍മ്മഫലം അനുഭവിച്ച് അനന്തരം, മുമ്പുചെയ്തിരിക്കാവുന്ന സല്‍കര്‍മ്മങ്ങള്‍മൂലം മനുഷ്യരായി ജനിക്കും. ബ്രഹ്മലോകപ്രാപ്തിമാര്‍ഗ്ഗത്തിനു ദേവയാനം – ഈശ്വരങ്കലേക്കുള്ള വഴി – എന്നും സ്വര്‍ഗ്ഗപ്രാപ്തിമാര്‍ഗ്ഗത്തിനു പിതൃയാനമെന്നും പേര്‍ പറയുന്നു.

അതുകൊണ്ട് വേദാന്തപ്രകാരം, ജഗത്തില്‍ അത്യുല്‍കൃഷ്ടജീവി മനുഷ്യനും അത്യുല്‍കൃഷ്ടലോകം ഭൂമിയുമത്രേ. കാരണം, ഇവിടെ മാത്രമാണ് മോക്ഷപ്രാപ്തിക്ക് അതിമഹത്തും അത്യുത്തമവുമായ അവസരമുള്ളത്. ഈ മനുഷ്യജന്‍മമാണ് മഹാകേന്ദ്രം. ആശ്ചര്യസമനില, അത്ഭുതാവസരം.

ഇനി തത്ത്വദര്‍ശനത്തിന്റെ അടുത്തവശം നോക്കാം. ആത്മാവിനെപ്പറ്റി ഞാന്‍ വിവരിച്ചുവല്ലോ. അങ്ങനെ ഒരാത്മാവിനെ നിഷേധിക്കുന്ന ചില ബുദ്ധാനുയായികളുണ്ട്. അവരുടെ വാദമെന്തെന്നാല്‍ ‘ശരീരമനസ്സുകള്‍ക്കു പിറകില്‍ അധിഷ്ഠാനമായി ഒന്നിനെ കല്പിക്കേണ്ട കാര്യമെന്ത്? വിചാരങ്ങള്‍ തുടര്‍ന്നുപോകുന്നു എന്നുവെച്ചാല്‍ പോരേ? ശരീരവും മനസ്സും കൂടിച്ചേര്‍ന്ന ഈ സ്വരൂപത്തില്‍ അവയ്ക്കുമേല്‍ മൂന്നാമത് ഒരാത്മാവിനെ സമ്മതിച്ചിട്ട് എന്താവശ്യം? ഈ വിഗ്രഹംതന്നെ പോരേ അതിലെ കാര്യങ്ങള്‍ക്കു സമാധാനം കാണ്മാന്‍? പിന്നെ മൂന്നാമതു പുതിയൊരു വസ്തുവിനെ സ്വീകരിക്കുന്നതെന്തിന്?’ ഈ വാദങ്ങള്‍ക്കു വളരെ ശക്തിയുണ്ട്. പുറമെയുള്ള പരീക്ഷണം കൊണ്ടു നടക്കുമ്പോള്‍ ഈ വിഗ്രഹത്തിലെ കാര്യങ്ങള്‍ക്കു സമാധാനം അതുകൊണ്ടുതന്നെ കാണാം: നമ്മളില്‍ പലരും അങ്ങനെ വിചാരിക്കുന്നെങ്കിലുമുണ്ട്. പിന്നെ എന്തിനു ദേഹവും മനസ്സുമല്ലാതെ അവയില്‍നിന്നു വേറിട്ട് അവയ്ക്കധിഷ്ഠാനമെന്നപോലെ ഒരാത്മാവുണ്ടാവണം? ദേഹവും മനസ്സും മാത്രം മതി എന്നുവെയ്ക്കുക. ദേഹമെന്നതു തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന ജഡദ്രവ്യസരിത്തും മനസ്സെന്നത് തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന വിചാരപരമ്പരയുമാണ്. ഈ രണ്ടിനും തമ്മില്‍ പ്രത്യക്ഷംപോലുള്ള ഏകത്വം ഏതു വഴിക്കുണ്ടാകുന്നു? ഐക്യം യഥാര്‍ത്ഥമല്ലെന്നു പറയാം. ഉദാഹരണം ഒരു തീക്കൊള്ളിയെടുത്ത് അതിവേഗത്തില്‍ ചുഴറ്റുക. ഒരു മണ്ഡലം (വൃത്താകാരം) കാണാം. മണ്ഡലം വാസ്തവത്തിലില്ല: തുടര്‍ച്ചയായ ഭ്രമണം നിമിത്തം മണ്ഡലരൂപം തോന്നുന്നതേ ഉള്ളൂ. അതുപോലെ ഈ ജീവിതത്തില്‍ ഏകത്വമെന്നതില്ല. തുടര്‍ച്ചയായി പാഞ്ഞുപോകുന്ന ദ്രവ്യനിചയം മാത്രമുണ്ട്. അതിനെ ഒന്ന് എന്നു പറയാമെന്നു മാത്രം. അതുപോലെതന്നെ മനസ്സും. ഓരോ വിചാരവും മറ്റൊരു വിചാരത്തില്‍നിന്നു വ്യത്യാസപ്പെട്ടതാണ്. ശക്തിയായ പ്രവാഹം നിമിത്തം ഏകത്വം എന്ന ഭ്രമമുണ്ടാകുന്നതേ ഉള്ളൂ. ഏകത്വമുണ്ടാകുവാന്‍ (ആത്മാവെന്ന) മൂന്നാമതൊന്നിനെ കല്പിക്കേണ്ട. ജഗത്തില്‍ നമുക്കു ദൃശ്യമായും വേദ്യമായുമുള്ളത് ഈ ദേഹവും മനസ്സും മാത്രം. അതുകള്‍ക്ക് ആധാരമായിട്ടു മറ്റൊന്നിനെ കല്പിക്കേണ്ട.

ഈ ബൗദ്ധസിദ്ധാന്തത്തെ ഇക്കാലത്ത് ചില മതശാഖക്കാരും ദാര്‍ശനികന്‍മാരും എടുത്തുപിടിച്ചിട്ടുണ്ട്. അതു തങ്ങളുടെ സ്വന്തം കണ്ടുപിടിത്തമാണെന്ന് അവകാശപ്പെടുന്നുമുണ്ട്. മിക്ക ബുദ്ധമതദര്‍ശനങ്ങളിലും ഇതത്രേ പ്രധാനാശയം; ഈ ലോകകാര്യങ്ങള്‍ക്കു സമാധാനം ഇതില്‍ത്തന്നെയുണ്ട്, മറ്റൊന്നിനെ ആശ്രയിക്കേണ്ടതില്ല: ഉള്ളത് ഈ ഇന്ദ്രിയഗോചരമായ ലോകംമാത്രം, അതിന്നാധാരമായി മറ്റൊന്നിനെ (ഇന്ദ്രിയഗോചരമല്ലാത്തതിനെ)പ്പറ്റി ആലോചിക്കേണ്ട കാര്യമെന്ത്? എല്ലാം ഗുണസമൂഹം; ഗുണങ്ങള്‍ ചേര്‍ന്നിരിപ്പാന്‍ അവയ്ക്കാധാരമായി ഒരു ദ്രവ്യത്തെ (ഗുണിയെ) കല്പിക്കുന്നതെന്തിന്? ഗുണങ്ങള്‍ അതിവേഗത്തില്‍ അന്യോന്യം മാറിച്ചേരുന്നതുനിമിത്തമാണ് ദ്രവ്യം (ഗുണി) എന്ന ബോധം ജനിക്കുന്നത്. അതല്ലാതെ അവയ്ക്കു പിന്നില്‍ (അവയ്ക്കിരിപ്പിടമായി) സ്ഥിരമായ ഒരു വസ്തുവുണ്ടാകകൊണ്ടല്ല ഇങ്ങനെ ഏതാനും ചില വാദങ്ങള്‍ ആശ്ചര്യകരങ്ങളല്ലേ? നമ്മുടെ സാധാരണപരിചയത്തിനൊപ്പിച്ച് അവ ശരിയാണെന്ന് എളുപ്പത്തില്‍ തോന്നുകയും ചെയ്യും. വാസ്തവത്തില്‍ ഈ പുറമെ കാണുന്ന ദൃശ്യം (ഗുണസമൂഹം) എന്നല്ലാതെ അതിനപ്പുറത്ത് ഒന്നിനെപ്പറ്റി ചിന്തിപ്പാന്‍ പത്തുലക്ഷത്തിലൊരാള്‍ക്കു കഴിവില്ല. മനുഷ്യരില്‍ വലിയൊരു ഭൂരിപക്ഷത്തിന്റെയും ദൃഷ്ടിയില്‍ ഈ പ്രപഞ്ചം നിരന്തരം മാറി മാറി, ചുഴന്നു ചുഴന്ന്, തമ്മില്‍ച്ചേര്‍ന്നും ഇടകലര്‍ന്നും ഇരിക്കുന്ന ഒരു വികാരനികരംമാത്രമാണ്. അതിനു പിന്നിലിരിക്കുന്ന ശാന്തസമുദ്രം ഒരു നോക്കു കാണുന്നവര്‍ എത്ര ചുരുക്കം! തിരയടിച്ചിരിക്കുന്ന നിലമാത്രം നാം എപ്പോഴും കാണുന്നു. തരംഗാഘാതപ്പൊലിമയെയാണ് നാം പ്രപഞ്ചമായി കാണുന്നത്. അപ്പോള്‍ അങ്ങനെ രണ്ടഭിപ്രായം കാണുന്നുണ്ട്. ഒന്ന്, ശരീരമനസ്സുകള്‍ക്കപ്പുറം മാറ്റമോ ചലനമോ ഇല്ലാത്ത എന്തോ ഒന്നുണ്ടെന്ന്: മറ്റേത്, ഈ ലോകത്തില്‍ ആകെ ഉള്ളതു മാറ്റം, മാറ്റം മാത്രം. അതല്ലാതെ മാറ്റമില്ലായ്മ, ചലനമില്ലായ്മ, എന്നുള്ളത് ഈ പ്രപഞ്ചത്തിലില്ലെന്നും, ഈ അഭിപ്രായവ്യത്യാസങ്ങള്‍ക്കു തമ്മിലുള്ള യോജിപ്പ് അടുത്ത ചിന്താഗതിയില്‍, അതായത് അദ്വൈതത്തില്‍ വരുന്നു.

അദ്വൈതം പറയുന്നതിങ്ങനെയാണ്, എല്ലാറ്റിന്റെയും അടിയില്‍, അവയ്ക്ക് അധിഷ്ഠാനമായി മാറ്റമില്ലാത്ത ഒന്നുണ്ടെന്ന ദ്വൈതവാദം ശരിയാണ്; മാറ്റമില്ലാത്ത ഒന്നിനെ ആസ്പദമാക്കാതെ നമുക്കു മാറ്റം മനസ്സിലാക്കാന്‍ വയ്യ. മാറ്റം (വികാരം) ഉള്ള ഒന്നിനെ നാമറിയുന്നതു അതിനെക്കാള്‍ മാറ്റം കുറഞ്ഞ ഒന്നിന്നോടു സംബന്ധിപ്പിച്ചിട്ടാണ്. ഈ രണ്ടാമത്തേതിന്റെ വികാരം ഗ്രഹിക്കുന്നത് അതിനെക്കാളും വികാരം കുറഞ്ഞ വസ്തുവിനോടു സംബന്ധിപ്പിച്ചാണ്. അങ്ങനെ ചെന്നുചെന്ന് പരമാവധി വികാരം ഒട്ടുമില്ലാത്ത ഒന്നുണ്ടാകണം എന്നു സമ്മതിക്കേണ്ടിവരുന്നു. ഈ ദൃശ്യം (പ്രപഞ്ചം) ഒട്ടാകെയും ആദിയില്‍ നിശ്ചലവും നിഃശബ്ദവും അദൃശ്യവുമായ നിലയിലായിരിക്കണം. അതു വിപരീതശക്തികളുടെ സമനില, അതായത് ശക്തികള്‍ അനക്കം കൂടാതെ സ്വസ്ഥവും ശാന്തവുമായി വര്‍ത്തിക്കുന്ന നിലയാകണം. എന്തുകൊണ്ടെന്നാല്‍, (തുലാസ്സിലെന്നപോലെ) സമനില തെറ്റുമ്പോഴേ ശക്തിവ്യാപാരം ഉണ്ടാകൂ. ഇപ്പോള്‍ (സമനില തെറ്റിയ) ഈ പ്രപഞ്ചം ആ സമനില വീണ്ടും പ്രാപിപ്പാന്‍ കുതിക്കുകയാണ്. വല്ലൊരു സംഗതിയും നമുക്കു തീര്‍ച്ചയായറിയാമെങ്കില്‍ അതിതാണ്. അതുകൊണ്ട്, (വികാരങ്ങള്‍ക്കിടയില്‍) ഒരു നിര്‍വ്വികാരപദാര്‍ത്ഥം ഉണ്ടെന്നു ദ്വൈതികള്‍ പറയുന്നതു ശരി. എന്നാല്‍, ആ പദാര്‍ത്ഥം ദേഹമല്ല. മനസ്സുമല്ല, ആ രണ്ടില്‍നിന്നും വ്യത്യസ്തമായ ഒന്നാണെന്നു പറയുന്നതു തെറ്റ്. ഈ ദൃശ്യപ്രപഞ്ചം മുഴുവനും ഒരു വികാരനികരം മാത്രമാണെന്നുള്ളേടത്തോളം ബുദ്ധമതക്കാര്‍ പറയുന്നതു ശരി. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഒരു ഭിന്നവ്യക്തിയായി നിന്നു പ്രപഞ്ചത്തെ നോക്കിക്കാണുന്ന കാലത്തോളം – അതായത് ദ്രഷ്ടാവെന്നും ദൃശ്യമെന്നും ദ്വൈതമുള്ള കാലത്തോളം – പ്രപഞ്ചനില മാറിമാറിക്കൊണ്ടിരിക്കുന്നതായിട്ടേ കാണൂ. എന്നാല്‍ പരമാര്‍ത്ഥത്തില്‍ ജഗത്തില്‍ മാറ്റമെന്നപോലെ മാറ്റമില്ലായ്മയുമുണ്ട്. ഈ വിഗ്രഹത്തില്‍ സ്ഥൂലദേഹം, മനസ്സ്, ആത്മാവ്, എന്ന മൂന്നെണ്ണം വെവ്വേറെയല്ല. ഒരേ വസ്തു ദേഹമായും മനസ്സായും അവയ്ക്കു മീതെ ആത്മാവായും വര്‍ത്തിക്കുന്നു. ദേഹം കാണുന്നവന്‍ മനസ്സിനെപ്പോലും കാണുന്നില്ല; മനസ്സിനെ കാണുന്നവന്‍ ആത്മാവെന്നതിനെ കാണുന്നില്ല: ആത്മാവിനെ കാണുന്നവന്നാവട്ടെ ദേഹവും മനസ്സും അപ്രത്യക്ഷമാവുന്നു. ചലനം കാണുന്നവന്‍ പരമശാന്തി കാണുന്നില്ല. പരമശാന്തി കാണുന്നവന്‍ ചലനവും കാണുന്നില്ല. രജ്ജുവിനെ സര്‍പ്പമെന്നു ധരിക്കുന്നു. അങ്ങനെ രജ്ജുവില്‍ സര്‍പ്പദൃഷ്ടിയുള്ളവന്നു രജ്ജുമറഞ്ഞുപോയി; എന്നാല്‍ ഭ്രമം തീര്‍ന്നു രജ്ജുവിനെ രജ്ജുവായിട്ടു കാണുമ്പോള്‍ സര്‍പ്പവും മറഞ്ഞു.

അപ്പോള്‍ അങ്ങനെ സര്‍വ്വവുമുള്‍ക്കൊള്ളുന്ന ഒരു സത്തയുണ്ട്. അതാണ് പലതായി കാണപ്പെടുന്നത്. ഈ ആത്മാവോ ജീവനോ സത്തയോ ഒന്നുമാത്രമേ ജഗത്തിലുള്ളൂ. അതിനെ അദ്വൈതഭാഷയില്‍ ബ്രഹ്മമെന്നു പറയുന്നു. അതു നാമരൂപസങ്കലനത്താല്‍ പലതെന്നപോലെ കാണപ്പെടുന്നു. കടല്‍ത്തിരകള്‍ നോക്കുക. ഒരു തിരയും വാസ്തവത്തില്‍ കടലില്‍നിന്നു വേറെയല്ല. എന്നാല്‍ കാഴ്ചയില്‍ വേറിട്ടു തോന്നുവാന്‍ കാരണമെന്ത്? നാമവും രൂപവും; തിരയുടെ ആകൃതിയും അതിനു തിര എന്നു നാം കൊടുക്കുന്ന പേരും. വ്യത്യാസത്തിനു കാരണം അതുമാത്രം. രൂപവും നാമവും പോയാല്‍ കടല്‍ മാത്രം. കടലിനെയും തിരയേയും തീരെ വേര്‍തിരിപ്പാന്‍ ആര്‍ക്കു കഴിയും? അതുപോലെ ഈ ജഗത്താകെ ഏകമായ ആ സത്തമാത്രം. അതില്‍ കാണുന്ന നാനാഭേദങ്ങള്‍ നാമരൂപകൃതങ്ങള്‍മാത്രവും. ഒരേ സൂര്യന്‍ അനേകലക്ഷം ജലബിന്ദുക്കളില്‍ പ്രതിബിംബിക്കുമ്പോള്‍ ഓരോന്നിലും സൂര്യന്റെ പൂര്‍ണ്ണപ്രതിച്ഛായ കാണാം. അതുപോലെ ഒരേ ആത്മാവ്, ഒരേ ജീവന്‍, ജഗത്തിലെ ഒരേ സദ്വസ്തു, വിവിധ നാമരൂപങ്ങളില്‍ പ്രതിഫലിച്ചു പലതായി കാണപ്പെടുന്നു. വാസ്തവത്തില്‍ ഒന്നേ ഉള്ളൂ. “ഞാന്‍” എന്നും “നീ” എന്നും രണ്ടില്ല, എല്ലാം ഒന്ന്. ഒന്നുകില്‍ എല്ലാം “ഞാന്‍”, അല്ലെങ്കില്‍ എല്ലാം “നീ”; രണ്ടുണ്ട് എന്ന ഭാവന കേവലം മിഥ്യ ആ മിഥ്യാഭാവനയുടെ ഫലമാണ് നാം കാണുന്ന പ്രപഞ്ചം. വിവേകമുദിച്ച്, രണ്ടില്ല ഒന്നേ ഉള്ളുവെന്നു കാണുമ്പോള്‍ ഞാന്‍ (ദ്രഷ്ടാവ്) തന്നെയാണ് ഈ ജഗത്തായിരിക്കുന്നതെന്നും കാണും. “ഒരു നിരന്തരവികാരനികരമായി ഇപ്പോള്‍ കാണുന്ന ജഗത്ത് ഞാനാണ്. സര്‍വ്വവികാരങ്ങള്‍ക്കും സര്‍വ്വഗുണങ്ങള്‍ക്കും അതീതനായി നിത്യപൂര്‍ണ്ണനും നിത്യാനന്ദനുമായതും ഞാനത്രേ.’

മനുഷ്യന്‍; പാരമാര്‍ത്ഥികനും വ്യാവഹാരികനും (ന്യൂയോര്‍ക്ക് പ്രസംഗം) – തുടരും