സാത്വികമായ അറിവ് (94)

വിഭജിക്കപ്പെട്ട (വെവ്വേറെയായ) എല്ലാ സൃഷ്ടികളിലും വിഭജിക്കപ്പെടാത്തതായി ഏകമായി നാശമില്ലാത്തതായി ആത്മസത്തയെ കാണാന്‍ കാരണമാകുന്ന അറിവാണ് സാത്വികം. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചമഹാഭൂതങ്ങളുടെ വ്യത്യസ്ത അനുപാതത്തിലുള്ള ചേര്‍ച്ചയാണ് ഈ വിശ്വത്തില്‍ എല്ല‍ാം. ഏതിലും ഇതഞ്ചുമാണുള്ളത്. എവിടെ നോക്കിയാലും ഇത് മാത്രമെന്നറിഞ്ഞ ധീരന്‍ അതുകൊണ്ടുതന്നെ മോഹിക്കുന്നില്ല. എല്ലാ വൈവിധ്യങ്ങളിലും അതിനൊക്കെ നിദാനമായി നിലകൊള്ളുന്ന സദ്വസ്തുവിനെ ദര്‍ശിക്കാനാകണം.

സകലഭൂതങ്ങളിലും വെവ്വേറെയായുള്ള ഭാവങ്ങളെ വെവ്വേറെയായി അറിയുന്നതാണ് രാജസമായ അറിവ്. വിശ്വത്തെ കോര്‍ത്ത ചരട് ഇവിടെ കാണുന്നില്ല. കവിയും കച്ചവടക്കാരനും ഒരു പുഷ്പത്തെ വെവ്വേറെയായി കാണുന്നപോലെ ഇവിടെ പലതരം അറിവുള്ളവര്‍ പലപ്രകാരത്തില്‍ വിശ്വത്തെ കാണുന്നു.

ഒറ്റക്കാര്യത്തില്‍മാത്രം മുറുകെ പിടിക്കുന്ന യുക്തിക്ക് നിരക്കാത്തതും യാഥാര്‍ഥ്യമല്ലാത്തതും അല്പമായിട്ടുള്ളതുമായ അറിവാണ് താമസം. ഒരു തുള്ളി ജലത്തില്‍ കപ്പലോടിക്കാന്‍ പറ്റാത്തതുകൊണ്ട് പലതുള്ളി ജലമായ സമുദ്രത്തിലും കപ്പലോടിക്കാന്‍ പറ്റിലെന്നൊക്കെ വാദിക്കുന്നവര്‍ താമസമായ അറിവുള്ളവരാണ്.

നമ്മുടെ ഉത്തരവാദിത്വമായ കര്‍മ്മങ്ങളെ ഫലകാമനയില്ലാതെ, അതില്‍ സംഗമില്ലാതെ, രാഗദ്വേഷമില്ലാതെ ചെയ്യുന്നുവെങ്കില്‍ അത് സാത്വികമായ കര്‍മ്മമാണ്.പ്രവൃത്തി ആരംഭിക്കുന്നത് മനസ്സിലാണ്. വിചാരം വാക്കാകുന്നു. വാക്കിന്റെ സ്ഥൂലഭാവമാണ് പ്രവൃത്തി. അതാണ് പെരുമാറ്റം, സംസ്കാരമാകുന്നത്.

സംസ്കാരം രൂപംകൊള്ളുന്നത് വിചാരത്തിലാണ്. മനസ്സ് അടിസ്ഥാനമായിരിക്കുന്നത് ഭക്ഷണത്തിലാണ്. ഒരു ജനത കഴിക്കുന്ന ഭക്ഷണം ആ ജനതയുടെ സംസ്കാരത്തെ വെളിപ്പെടുത്തുന്നു. അതുകൊണ്ട് വിചാരവിപ്ലവം മതി സനാതന ധര്‍മ്മത്തെ സംരക്ഷിക്കാന്‍. മറ്റൊന്നും വേണ്ട.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം