ശ്രീ രമണമഹര്‍ഷി

ജൂണ്‍ 9, 1935

52. കോകനദയില്‍ നിന്നും ഒരാള്‍ ഭഗവാനോട്‌,

ഭഗവാനെ, എന്റെ മനസ്സ്‌ രണ്ടോ മൂന്നോ ദിവസം തെളിഞ്ഞിരിക്കും, അടുത്ത രണ്ടു മൂന്നു ദിവസം കലുഷമായിരിക്കും. ഇങ്ങനെ പതിവായിട്ട്‌. കാരണം അറിയാന്‍ പാടില്ല.

ഉ: മനസ്സിന്റെ സ്വഭാവമേ അതാണ്‌. സത്വരജോസ്തമോഗുണങ്ങള്‍ മാറിമാറി വരുന്നതാണ്‌. അത്‌ മൂലം വിഷമം തോന്നേണ്ട. എന്നാല്‍ സത്വഗുണം വരുമ്പോള്‍ ജാഗ്രതയോടെ ദൃഢപ്പെടുത്തിക്കൊള്ളേണ്ടതാണ്‌.

ചോ: ഹൃദയമെന്താണ്‌?

ഉ: ആത്മാവിന്റെ ഇരിപ്പിടമാണ്‌.

ചോ: അത്‌ സ്ഥൂലഹൃദയമാണോ?
ഉ: അല്ല. അത്‌ എവിടെ നിന്നു അഹങ്കാരന്‍ ഉല്‍പത്തിയാകുന്നുവോ ആ സ്ഥാനമാണ്‌.

ചോ: മരണശേഷം ജീവനെന്തു സംഭവിക്കുന്നു?

ഉ: ദേഹത്തെ വിട്ടുപിരിഞ്ഞ ജീവന്‍ വന്നു ചോദി‍ക്കട്ടെ. മറുപടി പറയാം. ഇപ്പോളിവിടെ ഇരിക്കുന്ന ജീവനു ആ ഉല്‍ക്കണ്ഠ എന്തിന്? നമ്മുടെ കാര്യത്തെ നാം നോക്കാം. ഇപ്പോള്‍ നാമെങ്ങനെയിരിക്കുന്നു എന്നറിഞ്ഞുകൊണ്ടാല്‍ ചോദ്യത്തിന് ഇടയുണ്ടാവുകയില്ല.