ഏവം വിമൃശ്യ ഗുണതോ മനസസ്ത്ര്യവസ്ഥാ
മന്‍മായയാ മയി കൃതാ ഇതി നിശ്ചിതാര്‍ത്ഥാഃ
സംഛിദ്യ ഹാര്‍ദ്ദമനുമാനസദുക്തി തീക്ഷ്ണ-
ജ്ഞാനാസിനാ ഭജത മാഖിലസംശയാധിം (11-13-33)
സംദൃശ്യതേ ക്വച യദീദമവസ്തു ബുദ്ധ്യാ
ത്യക്തം ഭ്രമായ നഭവേത്‌ സ്മൃതിരാനിപാതാത്‌ (11-13-35)

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ജ്ഞാനികള്‍ സാത്വികമെന്ന് കണക്കാക്കുന്ന ആഹാരക്രമങ്ങളും ശാസ്ത്രങ്ങളും ജലവുമെല്ലാം ഉപയോഗിച്ചു വളര്‍ത്തി ശക്തിയാര്‍ജ്ജിച്ച സത്വം കൊണ്ട്‌ ദുഷ്ടചിന്തകള്‍ വളര്‍ത്തുവാനിടയാക്കുന്ന രജസ്സിനെയും തമസ്സിനെയും വെല്ലണം. എന്നിട്ട്‌ സത്വഗുണംകൊണ്ടുതന്നെ അതിനെയും മറികടക്കണം. രജോഗുണം ‘ഞാന്‍’ എന്ന തെറ്റിദ്ധാരണയോടെ ശരീരത്തെ കണക്കാക്കി ‘സുഖം’ തേടി അലയാനിടയാക്കുന്നു. ഇത്‌ ഫലസിദ്ധിയാഗ്രഹിച്ചുകൊണ്ടുളള കര്‍മ്മങ്ങളിലേക്ക്‌ നയിക്കുന്നു. അത്തരം കര്‍മ്മങ്ങള്‍ക്ക്‌ പ്രത്യാഘാതങ്ങളും ഉണ്ട്‌. ജ്ഞാനി അത്തരം പെരുമാറ്റങ്ങളിലെ ദൂഷ്യഫലം മനസ്സിലാക്കി ധ്യാനയോഗത്തിലൂടെ – ആസനം, പ്രാണായാമം ഇവയിലൂടെ – എന്നില്‍ സ്ഥിരപ്രതിഷ്ഠനാവുന്നു. ഇതാണ്‌ ഞാന്‍ ബ്രഹ്മാവിനെയും എന്റെ പ്രഥമശിഷ്യരായ സനകാദികളെയും പഠിപ്പിച്ച വിദ്യ.

സനകനും സഹോദരന്മാരും ബ്രഹ്മാവിനോട്‌ ചോദിച്ചു: ‘മനസ്സ് എല്ലായ്പ്പോഴും ഇന്ദ്രിയ സുഖങ്ങളന്വേഷിക്കുന്നു. അവ മനസ്സില്‍ ഉണ്ടാക്കുന്ന അവ്യക്തബോധം ഹേതുവായി അത്‌ അവസാനമില്ലാതെ ആവര്‍ത്തിക്കപ്പെടുന്നു. ഒരുവന്‍ എങ്ങനെയാണീ അധോഗതിയെ തടഞ്ഞു നിര്‍ത്തുക?’

ബ്രഹ്മാവിന്‌ ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഒരു അരയന്നത്തിന്റെ വേഷത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ചോദിച്ചു: ‘നീ ആരാണ്‌?’‘നിങ്ങള്‍ ആത്മീയായൈക്യത്തെപ്പറ്റി പറയുകയാണെങ്കില്‍ അങ്ങനെയൊരു ചോദ്യം ഉണ്ടായതെങ്ങനെ? നിങ്ങള്‍ ശരീരത്തെപ്പറ്റിയാണ്‌ ചോദിച്ചതെങ്കില്‍ നമ്മുടെയെല്ലാം ശരീരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ ഒരേ വസ്തുക്കള്‍ കൊണ്ടാണ്‌. മനസ്സും ഇന്ദ്രിയങ്ങളും എന്തിലൊക്കെ അഭിരമിക്കുന്നുവോ, അവയെല്ലാം ഞാന്‍ തന്നെയാണെന്നു മനസ്സിലാക്കുക. വാസ്തവത്തില്‍ ഇന്ദ്രിയവസ്തുക്കളും മനസ്സും ജിവന്റെ ഇന്ദ്രിയങ്ങളും ചേര്‍ന്ന് ജീവശരീരവുമായി അഭേദ്യമായ ഒരൈക്യഭാവം പൂണ്ട്‌ ‘ഞാന്‍’ ആകുന്നു. ഈ സത്യമറിഞ്ഞ് ജീവന്‍ എല്ലാ ആസക്തികളെയും അതിജിവിക്കേണ്ടതാണ്‌. അതുപോലെ ബോധത്തിന്റെ മൂന്നുതലങ്ങളെയും – ജാഗ്രത്-സ്വപ്ന-സുഷുപ്തികള്‍ – നിയന്ത്രിക്കുന്നതും ജീവനത്രെ. ഈ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അവയെ അതിജീവിക്കാന്‍ ജീവനു കഴിയും. ആത്മാവിനേയോ ജീവനെയോ അപൂര്‍ണ്ണബോധവുമായി താദാത്മ്യഭാവത്തില്‍ കാണുന്നതാണ്‌ ദുഃഖകാരണം. ഈ അറിവുകൊണ്ട്‌ ഒരുവന്‌ ബോധതലങ്ങളുടെ ഏകീകൃതഭാവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു. അപൂര്‍ണ്ണബോധമാണ്‌ ശരീരത്തെ ജീവനെന്ന തെറ്റിദ്ധാരണയുണ്ടാക്കുന്നത്‌. വൈവിധ്യം അയാഥാര്‍ത്ഥമത്രെ. സ്വപ്നത്തിലുണ്ടാകുന്ന വൈവിധ്യം സ്വപ്നം കാണുന്നയാളിന്റെ പൂര്‍ണ്ണതയെ ബാധിക്കുന്നില്ലല്ലോ. ഈ സത്യത്തെ അറിഞ്ഞ് കാണപ്പെടുന്നതായ വൈവിധ്യങ്ങള്‍ എന്റെ മായ കാരണമാണെന്നു മനസ്സിലാക്കുക. ജ്ഞാനികളായ ഭക്തരുമായുളള സത്സംഗം കൊണ്ടാര്‍ജ്ജിച്ച വിജ്ഞാനത്താല്‍ ഈ മോഹത്തിന്റെ വേരറുക്കുക. അതിനുശേഷം ഈ ലോകം വൈവിധ്യപൂര്‍ണ്ണമായിത്തന്നെ കാണപ്പെട്ടുവെന്നിരിക്കും. അവയാല്‍ നിങ്ങള്‍ മോഹിതരാവുകയില്ല. സ്വപ്നത്തില്‍ നിന്നുണര്‍ന്നവനെ സ്വപ്നത്തിലെ സംഭവങ്ങള്‍ ബാധിക്കുകയില്ലല്ലോ. നിങ്ങളെ പൊതിയുന്ന ഈ ശരീരവസ്ത്രംപോലും നിങ്ങളെ മോഹിപ്പിക്കയില്ല. കുടിച്ചുന്മത്തനായ ഒരുവന്‍ ശരീരത്തില്‍ തൂങ്ങിക്കിടക്കുന്ന വസ്ത്രത്തെപ്പറ്റി ബോധവാനല്ല. സമാധിയവസ്ഥയിലെത്തിയ ഒരാള്‍ക്ക്‌ പിന്നീട്‌ ലൗകികാവസ്ഥയെ അനുഭവിക്കേണ്ടതായില്ല. അയാളുടെ അന്തരാത്മാവ്‌ പരിപൂര്‍ണ്ണമായ മാറ്റത്തിന്‌ വിധേയമാവുന്നു. ഇതാണ്‌ യോഗത്തിന്റെയും സാംഖ്യത്തിന്റെയും രഹസ്യം. ഇതിന്റെയെല്ലാം ലക്ഷ്യം ഞാനാകുന്നു. സനകാദികള്‍ സംശയംതീര്‍ന്ന് സന്തുഷ്ടരായി. അവര്‍ എന്നെ പൂജിച്ചു. അതിനുശേഷം ഞാന്‍ എന്റെ ദിവ്യസാമ്രാജ്യത്തിലേക്ക്‌ മടങ്ങി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF