ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 11, 12, 13, 14, 15

സര്‍വ്വദ്വാരേഷു ദേഹേഽസ്മിന്‍
പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാദ്
വിവൃദ്ധം സത്ത്വമിത്യുത.

ഈ ദേഹത്തില്‍ സര്‍വ്വ ഇന്ദ്രിയങ്ങളിലും ജ്ഞാനാത്മകമായ പ്രകാശം എപ്പോഴുണ്ടാകുന്നവോ അപ്പോള്‍ സത്ത്വഗുണം വര്‍ദ്ധിച്ചിരിക്കുന്നുവെന്നു അറിയേണ്ടതാകുന്നു.

ലോഭഃ പ്രവൃത്തിരാരംഭഃ
കര്‍മ്മണാമശമഃ സ്പൃഹാ
രജസ്യേതാനി ജായന്തേ
വിവൃദ്ധേ ഭരതര്‍ഷഭ

ഹേ ഭാരതശ്രേഷ്ഠ! ധനസമ്പാദനത്തിനുള്ള അമിതമായ ആഗ്രഹം, അതിനുവേണ്ടി രാപകല്‍ കര്‍മ്മം ചെയ്യുക, അതിനായി പുതിയ പുതിയ കാര്യങ്ങള്‍ തുടങ്ങുക, എല്ലായ്പ്പോഴും ചിത്തസമാധാനമില്ലായ്മ, തീരാത്ത ഭൗതികതൃഷ്ണ എന്നിവയൊക്കെ രജോഗുണം വര്‍ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്നവയാണ്.

അപ്രകാശോഽ പ്രവൃത്തിശ്ച
പ്രമോദോ മോഹ ഏവ ച
തമസ്യോതാനി ജായന്തേ
വിവൃദ്ധേ കുരുനന്ദന

തമോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോള്‍ ബുദ്ധിയിലെ വെളിവ് നഷ്ടപ്പെടല്‍ പ്രവൃത്തിയുടെ അഭാവം, അജാഗ്രത, അവിവേകം എന്നിവ സംഭവിക്കുന്നതാണ്.

യദാ സത്ത്വേ പ്രവൃദ്ധേ തു
പ്രലയം യാതി ദേഹഭൃത്
തദോത്താമവിദാം ലോകാ-
നമലാന്‍ പ്രതിപദ്യതേ.

സത്ത്വഗുണം വര്‍ദ്ധിച്ചിരിക്കുമ്പോഴാണ് ഒരുവന്‍ മരിക്കുന്നതെങ്കില്‍ അയാള്‍ ഉത്തമജ്ഞാനികളുടെ പുണ്യലോകത്തെയായിരിക്കും പ്രാപിക്കുക.

രാജസി പ്രലയം ഗത്വാ
കര്‍മ്മസങ്ഗിഷു ജായതേ
തഥാ പ്രലീനസ്തമസി
മൂഡയോനിഷു ജായതേ.

രജോഗുണം വര്‍ദ്ധിച്ചിരിക്കുമ്പോഴാണ് മരിക്കൂന്നതെങ്കില്‍ അവന്‍ കര്‍മ്മങ്ങളില്‍ സക്തന്മാരായ മനുഷ്യരുടെ ഇടയില്‍ ജനിക്കുന്നു. അപ്രകാരം തന്നെ തമോഗുണം വികസിച്ചിരിക്കുമ്പോള്‍ മരണം പ്രാപിച്ചവന്‍ പശു മുതലായ മൂഡയോനികളില്‍ ജനിക്കുന്നു.

അല്ലയോ പാര്‍ത്ഥ! രജസ്സിനെയും തമസ്സിനേയും കീഴ്പ്പെടുത്തി സത്ത്വഗുണം മുന്നിട്ടു നില്‍ക്കുമ്പോള്‍ ഒരുവനില്‍ പ്രകടിതമാവുന്ന ചിഹ്നങ്ങള്‍ എന്തൊക്കെയാണെന്നു ഞാന്‍ പറയാം . വസന്തകാലത്തില്‍ സരസീരുഹങ്ങള്‍വിടര്‍ന്നു അവയുടെ സൗരഭ്യം എല്ലായിടത്തും പരക്കുന്നതുപോലെ, ഒരുവന്‍റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രജ്ഞാപ്രകാശം പുറത്തേക്ക് കവിഞ്ഞൊഴുകുന്നു. അവന്‍റെ സര്‍വ്വേന്ദ്രിയങ്ങളുടെയും അങ്കണത്തില്‍ വിവേകം ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്നു. കരചരണാദികള്‍ക്കുപോലും അപ്പോള്‍ കാഴ്ചശക്തി ലഭിച്ചതായി തോന്നും. രാജഹംസം തന്‍റെ ചുണ്ട് കൊണ്ട് പാലും വെള്ളവും തമ്മില്‍ തരം തിരിക്കുന്നതുപോലെ, ഇന്ദ്രിയ നിഗ്രഹാഭ്യാസംകൊണ്ട് വിവേകശക്തി നേടിയ അവന്‍റെ ഇന്ദ്രിയങ്ങളുടെ സഹായത്തോടെ അവന്‍ ദോഷത്തെയും ഗുണത്തെയും, പാപത്തെയും പുണ്യത്തെയും തമ്മില്‍ തരം തിരിക്കുന്നു. അവന്‍റെ കാതുകള്‍ അന്തഃപ്രേരിതമായി കേള്‍ക്കാന്‍ പാടില്ലാത്തതൊക്കെ വര്‍ജ്ജിക്കുന്നു; കാണേണ്ടതല്ലാത്തതെല്ലാം കണ്ണുകള്‍ തള്ളിക്കളയുന്നു; സംസാരിക്കാന്‍ പാടില്ലത്തതൊക്കെ നാക്ക് ഒഴിവാക്കുന്നു. വിളക്കിന്‍റെ മുന്നില്‍ നിന്ന് അന്ധകാരം പറന്നുപോകുന്നതുപോലെ, ഇന്ദ്രിയ നിഗ്രഹം അനുഷ്ടിക്കുമ്പോള്‍ നിഷിദ്ധകര്‍മ്മങ്ങള്‍ ഇന്ദ്രിയങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ ധൈര്യപ്പെടാതെ ഓടിയൊളിക്കുന്നു.

വര്‍ഷകാലത്ത് ജലപ്രവാഹമുണ്ടാകുമ്പോള്‍ നദീതീരം ജലം കൊണ്ട് നിറയുന്നതുപോലെ, അവന്‍റെ ബുദ്ധി എല്ലാ ശാസ്ത്രങ്ങളെയും ഗ്രഹിക്കുന്നു. പൗര്‍ണമിനാളില്‍ ആകാശത്തില്‍ ചന്ദ്രപ്രഭപരക്കുന്നതുപോലെ അവന്‍റെ ജ്ഞാനം എല്ലായിടത്തും വ്യാപിക്കുന്നു. അവന്‍റെ വാസനകളെല്ലാം ഈശ്വരനിലേക്ക്‌ കേന്ദ്രീകരിക്കുന്നു; പ്രവൃത്തി നിശ്ചലമാകുന്നു; മനസ്സ് എല്ലാ വിഷയസുഖങ്ങളില്‍ നിന്നും പിന്തിരിയുന്നു. അവനില്‍ ആത്മസാക്ഷാത്ക്കാരത്തിന്‍റെ ലക്ഷണങ്ങള്‍ ദൃശ്യമാകുന്നു. ഒരുവന് ഗണ്യമായ വിളവെടുപ്പ് ലഭിക്കുകയും അവന്‍റെ പിതൃക്കള്‍ക്കുവേണ്ടി ശ്രാദ്ധകര്‍മ്മം നടത്തുകയും ചെയ്യുമ്പോള്‍, പിതൃക്കള്‍ നേരിട്ട്‌ പ്രത്യക്ഷപ്പെട്ട് ശ്രാദ്ധം സ്വീകരിച്ചാല്‍ ഉണ്ടാകാവുന്ന ആഹ്ലാദം പോലെയാണ് ഒരുവന് സത്വഗുണം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ മരിക്കാന്‍ ഇടവന്നാലുള്ള ആഹ്ലാദം. ധീരതയോടെ സലകര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരുമ്പെടുന്ന ഔദാര്യവാനായ ഒരു ധനവാന് ഈ ലോകജീവിതത്തില്‍ കീര്‍ത്തിയും പരലോകലജീവിതത്തില്‍ സ്വര്‍ഗ്ഗസുഖവും എന്തുകൊണ്ട് ലഭിച്ചുകൂട? പരിശുദ്ധവും അന്യൂനവുമായ സ്വഭാവത്തോടുകൂടിയ ഒരുവന്‍ സത്വഗുണം ഉയര്‍‍ന്നുനില്‍ക്കുമ്പോള്‍ മരിക്കാന്‍ ഇടയായാല്‍ അവന്‍ എവിടെയാണ് എത്തിച്ചേരുക? ഒരു സത്വഗുണി ലൗകികസുഖങ്ങളുടെ ഗേഹമായ ശരീരം ഉപേക്ഷിക്കുമ്പോള്‍ സത്വഗുണവും കൂടെക്കൊണ്ട് പോകുന്നു. അപ്രകാരമുള്ളവന്‍ സത്വഗുണത്തിന്‍റെ മൂര്‍ത്തിയായിത്തീരുന്നു. . ജ്ഞാനികളുടെ കുടുംബത്തില്‍ അവന്‍ വീണ്ടും ജനിക്കുന്നു. ഉത്തമമായ അവന്‍റെ ശരീരം നിരുപമമാണ്. അല്ലയോ ധനുര്‍ദ്ധരാ, ഒരു രാജാവ് രാജധാനിയില്‍ നിന്ന് മാറി ഒരു കുന്നിന്‍ പുറത്ത് താവളമടിച്ചാല്‍ അയാളുടെ രാജാധികാരം ഇല്ലാതായിത്തീരുമോ? ഇവിടെ നിന്നും ഒരു വിളക്ക് മറ്റൊരു ഗ്രാമത്തിലേക്ക് കൊണ്ടുപോയാല്‍ അത് അവിടെയും പ്രകാശം പരത്തുകയില്ലേ? അതുപോലെ ജ്ഞാനിയുടെ കുടുംബത്തില്‍ ജനിക്കുന്ന സത്ത്വഗുണിയുടെ സത്ത്വശുദ്ധി, ജ്ഞാനബുദ്ധിയെ അസാധാരണമായി വര്‍ദ്ധിപ്പിക്കുന്നു. അത് (ജ്ഞാനബുദ്ധി) വിവേകത്തിന്‍റെ മുകളില്‍ പരന്നു കിടക്കുന്നു. പിന്നീട് മഹാദാദി തത്ത്വങ്ങളില്‍ നിന്ന് അനുക്രമമായി ഉടലെടുത്ത ജഗത്തിന്‍റെ എല്ലാ തത്ത്വാംശങ്ങളെപ്പറ്റിയും ചിന്തനം ചെയ്യുകയും അവസാനം ജ്ഞാനബുദ്ധിയോടൊപ്പം അവന്‍റെ ആത്മാവ് ബ്രഹ്മസ്വരൂപത്തില്‍ ലയിക്കുകയും ചെയ്യുന്നു. ഈ ബ്രഹ്മസ്വരൂപം വേദാന്തശാസ്ത്രപ്രകാരമുള്ള *—– 36 തത്ത്വങ്ങള്‍ക്കുമപ്പുറത്ത് സ്ഥിതിചെയ്യുന്ന മുപ്പത്തിഏഴാമത്തെ തത്ത്വമാണ്; സംഖ്യന്മാരുടെ ഇരുപത്തിനാല് സിദ്ധാന്തങ്ങള്‍ക്കും ഉപരിയായ ഇരുപത്തിയഞ്ച് സിദ്ധാന്തമാണ്‌; ത്രിഗുണങ്ങള്‍ക്ക് മതീത്മായ നാലമത്തെ ഗുണമാണ്. ഇതാണ് പരംപൊരുള്‍. ഇത് പരമോന്നതവും എല്ലാറ്റിലും എല്ലാമും ആണ്.

ഇനിയും സത്ത്വഗുണത്തേയും തമോഗുണത്തെയും പിന്തള്ളി രജോഗുണം പ്രബലപ്പെടുമ്പോഴത്തെ സ്ഥിതിയെന്താണെന്ന് പരിശോധിക്കാം. രജോഗുണം ശരീരത്തലത്തിലൊട്ടകെ ഓടിനടക്കുമ്പോള്‍, അവന്‍ കര്‍മ്മങ്ങള്‍ ചെയ്ത് കോലാഹലം സൃഷ്ടിക്കുന്നു. ചുഴലിക്കാറ്റ് ഉര്‍വ്വിയിലുള്ള എലാറ്റിനെയും ചുഴറ്റി ആകാശത്തിലേക്ക് ഉയര്‍ത്തുന്നതുപോലെ അവന്‍ ഇന്ദ്രിയങ്ങളെ യഥേഷ്ടം വിഷയസുഖങ്ങളില്‍ വിഹരിക്കുനതിനായി സ്വന്തന്ത്രമാക്കിവിടന്നു. പരസ്ത്രീ പരദാരാദികളില്‍ ചിന്തിക്കാതെ കാമാതുരനാകുന്ന അവന്‍ അതൊന്നും ശാസ്ത്രവിരുദ്ധമാണെന്നു ചിന്തിക്കാതെ, എവിടെയും എന്തും മേഞ്ഞ് നടക്കുന്ന മേഷങ്ങളെപ്പോലെ പെരുമാറുന്നു. അവന് അപ്രാപ്യമായ കാര്യങ്ങള്‍ മാത്രം അവന്‍റെ ലോഭചിന്തയില്‍ നിന്ന് രക്ഷപ്പെടുന്നു. അവന്‍ എന്തു സാഹസകര്‍മ്മങ്ങളും ചെയ്യാന്‍ മുതിരുന്നു. അശ്വമേദയാഗങ്ങള്‍, ക്ഷേത്രനിര്‍മ്മാണം തുടങ്ങി അസാധാരണമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവന്‍ പ്രേരിതനാകുന്നു. വലിയ നഗരങ്ങളും വിസ്താരമായ ജലാശയങ്ങളും വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ചു വിപുലമായ കാനനങ്ങളും സൃഷ്ടിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളുന്നു. അപ്പോഴും ഇഹലോകത്തിലും പരലോകത്തിലും സന്തോഷം ലഭിക്കുന്നതിനുള്ള അവന്‍റെ അഭിലാഷത്തിന് അറുതി ഉണ്ടാകുന്നില്ല. ആയതമായ ആഴിക്കുപോലും അടക്കാന്‍ കഴിയാത്തതും ഘോരാനലന്‍റെ ദഹനശക്തിക്കുപോലും ദഹിപ്പിക്കാന്‍ കഴിയാത്തതുമാണ് അവന്‍റെ അന്തരംഗത്തിലുള്ള അമേയവും വിക്രാന്തവുമായ വിഷയസുഖേച്ഛ. അവന്‍റെ ഇച്ഛാതുരത അവന്‍റെ ചിന്തയെക്കാള്‍ വേഗത്തില്‍ കുതിക്കുന്നു. അതു പാരൊക്കെ പരതി നടന്നാലും അവന് സംതൃപ്തി ലഭിക്കുകയില്ല. രജോഗുണം പ്രബലപ്പെട്ടു നില്‍ക്കുന്ന ഒരുവനില്‍ കാണുന്ന ലകഷ്ണങ്ങളാണ് ഇതെല്ലാം . സര്‍വ്വ സുഖഭോഗങ്ങളെയും തന്‍റെ ആജ്ഞാനുവര്‍ത്തികളാക്കി നിര്‍ത്തിക്കൊണ്ട്, ഒരു യാചകന്‍ ആഡംബരങ്ങളോടും കൂടി രാജകൊട്ടാരത്തിലിരുന്നാലും അവന്‍ രാജാവാകുമോ? ധനവാന്‍റെ വിവാഹഘോഷയാത്രയില്‍ പങ്കെടുക്കുന്നവരെ വഹിച്ചുകൊണ്ട് പോകുന്ന കാളകള്‍ക്ക് വൈക്കൊല്ലല്ലാതെ മറ്റെന്തിങ്കിലും തിന്നാന്‍ കിട്ടുമോ? അതുപോലെ രജോഗുണി, ലൌകിക കാര്യങ്ങളില്‍ മുഴുകി വിശ്രമമില്ലാതെ അഹോരാത്രം പണിയെടുക്കുന്ന ആളുകളുടെ കൂട്ടത്തിലായിരിക്കും. മരണശേഷം ചെന്നു ചേരുക. ചുരുക്കിപറഞ്ഞാല്‍ അവന്‍ രജോഗുണവാസനകളുടെ വെള്ളപ്പൊക്കത്തില്‍ മുങ്ങുമരിക്കുമ്പോള്‍ അവന്‍റെ ലോഭവും മോഹവും ഉള്‍പ്പെടെയുള്ള എല്ലാ വാസനകളും ചേര്‍ന്ന് പുതിയ ശരീരത്തോടുകൂടി കൂടി കാമ്യകര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു കുടുംബത്തില്‍ ജന്മമെടുക്കുന്നു.

ഇതേ വിധത്തില്‍ സത്വഗുണത്തേയും രജോഗുണത്തേയും വിഴുങ്ങി തമോഗുണം ആധിപത്യം പുലര്‍ത്തുമ്പോഴുള്ള ഒരുവന്‍റെ സ്ഥിതി ഞാന്‍ വിവരിക്കാം. ശ്രദ്ധിച്ചു കേള്‍ക്കുക. . അവന്‍റെ മനസ്സ് ചന്ദ്രപ്രകാശമില്ലാത്ത അമാവാസിരാത്രിയിലെ ആകാശം പോലെ ഇരുണ്ടതായിരിക്കും. അവന്‍റെ അന്തഃകരണം വിചാരശൂന്യവും അനുത്സുകവും നിസ്തേജവുമായിരിക്കും. വിവേകവും അവിവേകവും തമ്മില്‍ തിരിച്ചറിയുന്നതിനുള്ള അവന്‍റെ ശക്തി നിശ്ശേഷം നശിച്ചിരിക്കും ഒരു ചാളയുടെ മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന എല്ലിന്‍ കൂമ്പാരം പോലെ അവന്‍റെ ഇന്ദ്രിയങ്ങളുടെ അങ്കണത്തില്‍ ദുരാചാരങ്ങളുടെ കൂമ്പാരം കാണാം. അവന്‍റെ ബുദ്ധിയുടെ മൃദുത്വം ഇല്ലാതായി അത് കല്ലിനേക്കാള്‍ കഠിനമുള്ളതായിത്തീരുന്നു. അവന്‍റെ ഓര്‍മ്മശക്തി ദാരിദ്രമാകുന്നു. മൗഡ്യം അവനില്‍ സജീവമായിരിക്കും. മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന അസാന്മാര്‍ഗ്ഗിക പ്രവൃത്തികള്‍ മരണത്തോടുകൂടി മാത്രമേ അവന്‍ അവസാനിപ്പിക്കുകയുള്ളൂ. ദുഷ്കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അവന്‍റെ മനസ്സ് ആഹ്ലാദിക്കുന്നു. നിഷിദ്ധകര്‍മങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തുന്നു. അവന്‍റെ ഇന്ദ്രിയങ്ങള്‍ എപ്പോഴും വിഷയങ്ങളുടെ പിന്നാലെ പാഞ്ഞു നടക്കുന്നു. മദ്യപിച്ചിട്ടില്ലെങ്കിലും അവന്‍റെ ശരീരം ചാഞ്ചാടും; സന്നിപാതജ്വരമില്ലെങ്കിലും അവന്‍ പിച്ചും പേയും പറയും; കാമുകനല്ലെങ്കിലും അവന്‍ ഉന്മത്തനെപ്പോലെ പ്രലപിക്കും അവന്‍റെ മനസ്സ് ഉന്മാദാവസ്ഥയിലാകാതെ തന്നെ മായാമോഹം കൊണ്ട് മൂഡമാകും, ചുരുക്കിപ്പറഞ്ഞാല്‍ തമോഗുണത്തിന്‍റെ സ്വഭാവങ്ങളാണ് ഇതെല്ലാം. അത് സ്വപ്രയത്നം കൊണ്ട് കൂടുതല്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഈയവസരത്തില്‍ അവന് മരണം സംഭവിച്ചാല്‍ തമോഗുണത്തിന്‍റെ എല്ലാ വാസനകളോടും കൂടി അവന്‍ വീണ്ടും ജനിക്കുന്നു. ഒരു കടുകുമണി വിതച്ചാല്‍, അതിന്‍റെ രൂപം നശിച്ചു അതില്‍ നിന്ന് മുളച്ചുവളരുന്ന ചെടിയില്‍ കടുകല്ലാതെ മറ്റെന്താണ് വിളയുക? ഒരു അഗ്നിജ്വാലയില്‍ നിന്ന് കൊളുത്തുന്ന വിളക്ക്, അഗ്നി അണഞ്ഞുപോയാലും, എല്ലാറ്റിനെയും എരിക്കുന്ന അഗ്നിയുടെ സ്വഭാവം നിലനിര്‍ത്തുകയില്ലേ? അതുപോലെ അന്തഃകരണത്തില്‍ തമോഗുണത്തിന്‍റെ ഭാരവും പേറിക്കൊണ്ടു ജീവിച്ചിരുന്ന ഒരുവന്‍ അതെ ഗുണം തന്നെ നിലനിര്‍ത്തിക്കൊണ്ടായിരിക്കും വീണ്ടും ജനിക്കുന്നത്. ഇതില്‍ക്കൂടുതല്‍ എന്തു പറയാനാണ്. തമോഗുണം അധികരിച്ചു നില്‍ക്കുമ്പോള്‍ മരിക്കുന്ന ഒരുവന്‍ മൃഗത്തിന്‍റെയോ പക്ഷിയുടെയോ വൃക്ഷത്തിന്‍റെയോ കൃമികീടങ്ങളുടെയോ വംശത്തില്‍ ജനിക്കുന്നു.