ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 8

ആയുഃസത്ത്വബലാരോഗ്യ
സുഖപ്രീതിവിവര്‍ദ്ധനാഃ
രസ്യാഃ സ്നിഗ്ദ്ധാഃ സ്ഥിരാ ഹൃദ്യാ
ആഹാരാഃ സാത്ത്വികപ്രിയാഃ

ആയുസ്സ്, ഉത്സാഹം, ആരോഗ്യം, സുഖം, പ്രീതി എന്നിവയെ വര്‍ദ്ധിപ്പിക്കുന്നവയും സ്വാദുള്ളവയും മെഴുക്കുചേര്‍ന്നവയും സ്ഥായിയായ ദേഹപുഷ്ടി പ്രദാനം ചെയ്യുന്നവയും ഹൃദ്യങ്ങളുമായ ആഹാരങ്ങള്‍ സാത്ത്വികശ്രദ്ധയുള്ളവര്‍ക്ക് പ്രിയപ്പെട്ടവയത്രെ.

ജീവാത്മാവ് സത്ത്വഗുണത്തിലാണ് മുന്നിട്ടു നില്ക്കുന്നതെങ്കില്‍ അവന്‍ മധുരാന്നപ്രിയനായിരിക്കും. അവന്‍റെ ഭക്ഷണം മധുരതരവും രസഭരിതവും സ്നിഗ്ദ്ധവും മാര്‍ദ്ദവമുള്ളതും രുചികരവും ധാരാളം ചാറുള്‍ക്കൊള്ളുന്നതും ശരിക്കു പാചകം ചെയ്തതും ആയിരിക്കും. ഒരു ഗുരുവില്‍ നിന്നുതിരുന്ന അല്പവാക്കുകള്‍ പോലും ഒരുവന്‍റെ ഹൃദയത്തില്‍ അനല്പമായ പരിണാമം ഉണ്ടാക്കാന്‍ കാരണമാകുന്നു. അതുപോലെ ചെറിയ തോതില്‍ ആഹരിക്കുന്ന സാത്ത്വികാഹാരം അവന്‍റെ വായയ്ക്ക് ആസ്വാദ്യമായിരിക്കുന്നതോടൊപ്പം ആന്തരികമായി അതിരറ്റ സംതൃപ്തിയും അവനു പ്രദാനം ചെയ്യുന്നു. സാത്ത്വികാഹാരത്തിന്‍റെ ലക്ഷണങ്ങളും ഗുണങ്ങളും അപ്രകാരമാണ്. അത് ആയുസ്സിന് ദൈര്‍ഘ്യം നല്‍കുന്നു. സാത്ത്വികാഹാരമാകുന്ന നീരദങ്ങള്‍ ചൊരിയുന്ന നീരുകൊണ്ട് ശരീരം നിറയുമ്പോള്‍ ദീര്‍ഘായുസ്സാകുന്ന നദി ദൈനംദിനം ഉല്‍ഫുല്ലമായി ഒഴുകുന്നു. പകല്‍ പുരോഗമിക്കുന്നതിനു കാരണക്കാരന്‍ പകലവനായിരിക്കുന്നതുപോലെ സത്ത്വഗുണത്തെ പരിപോഷിപ്പിക്കുന്നതിന് സാത്ത്വികാഹാരം കാരണമാകുന്നു. ഈ ആഹാരംകൊണ്ട് ശാരീരികവും മാനസികവുമായ ശക്തി വര്‍ദ്ധിക്കുന്നു. അപ്രകാരമുള്ള ഒരു ശരീരത്തിന് പിന്നെ എങ്ങനെ രോഗബാധയുണ്ടാകും? സാത്ത്വികാഹാരം ഭക്ഷിക്കുന്ന ഒരുവന്‍ ആരോഗ്യവാനായി ആനന്ദം അനുഭവിക്കുകയും മറ്റുള്ളവരെ ആനന്ദിപ്പിക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്‍റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും സന്തോഷപ്രദവും തന്‍റെതന്നെ ആനന്ദത്തെ വര്‍ദ്ധിപ്പിക്കുന്നതിന് കാരണവും ആയിത്തീരുന്നു. സാത്ത്വികാഹാരം ഒരുവന്‍റെ ശരീരത്തിന് ബാഹ്യമായും ആന്തരികമായും പ്രയോജനം ചെയ്യുന്നു. ഇനിയും രാജസീസ്വഭാവമുള്ളവരുടെ ആഹാരത്തെപ്പറ്റി പറയാം.