ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17-14

ദേവദ്വിജഗുരു പ്രാജ്ഞ-
പൂജനം ശൗചമാര്‍ജ്ജവം
ബ്രഹ്മചര്യമഹിംസാ ച
ശാരീരം തപ ഉച്യതേ

ദേവകളേയും ബ്രാഹ്മണരേയും ഗുരുക്കന്മാരേയും ആത്മജ്ഞാനികളേയും പൂജിക്കുക, ശുചിത്വം പാലിക്കുക, ബ്രഹ്മചര്യം അനുഷ്ഠിക്കുക, വക്രതയില്ലാതെ പെരുമാറുക, പരദ്രോഹം ചെയ്യാതിരിക്കുക എന്നിവ ശരീരം ചെയ്യേണ്ട തപസ്സെന്നു പറയപ്പെടുന്നു.

ഒരുവന്‍റെ ഇഷ്ടദേവന്‍ വിഷ്ണുവോ ശങ്കരനോ ആരായിരുന്നാലും ഒരു ദിവസത്തിന്‍റെ മുഴുവന്‍ സമയവും അവന്‍റെ പാദങ്ങള്‍ ഈ ദേവന്മാരുടെ കോവിലുകള്‍ സന്ദര്‍ശിക്കുന്നതിനു നിയുക്തമായിരിക്കും. അവന്‍റെ പാണികള്‍ ഈ ക്ഷേത്രപരിസരങ്ങള്‍ അലങ്കരിക്കുന്നതിലോ, ആരാധനയ്ക്കുവേണ്ട പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്നതിലോ, എനിക്കുവേണ്ടി മറ്റു സേവനങ്ങള്‍ ചെയ്യുന്നതിലോ വ്യാപൃതങ്ങളായിരിക്കും. ശിവന്‍റെയോ വിഷ്ണുവിന്‍റെയോ വിഗ്രഹം കാണുമ്പോള്‍ അവന്‍റെ ദേഹം ഒരു ദണ്ഡു തറയില്‍ വീഴുന്നതുപോലെ അവയുടെ മുന്നില്‍ ദണ്ഡനമസ്ക്കാരം ചെയ്യുന്നു. വിദ്യകൊണ്ടും വിനയംകൊണ്ടും മറ്റു സദ്ഗുണങ്ങള്‍കൊണ്ടും ബഹുമാനാര്‍ഹരായവരെ അവന്‍ സേവിക്കുന്നു. പ്രവാസപീഡകൊണ്ടോ വിപരീത പരിതഃസ്ഥിതികള്‍കൊണ്ടോ കഷ്ടപ്പാട് അനുഭവിക്കുന്നവരെ അവന്‍ സന്തോഷിപ്പിക്കുന്നു. എല്ലാ പുണ്യസ്ഥലങ്ങളേക്കാളും ശ്രേഷ്ഠമായി കരുതുന്ന മാതാപിതാക്കളെ അവന്‍ ശുശ്രൂഷിക്കുന്നു. സംസാരത്തില്‍നിന്ന് ക്ഷീണം മാറ്റി കരകയറ്റുന്നവനും കേവലദര്‍ശനം നല്കി ദുഃഖമകറ്റുന്നവനും സകരുണം ജ്ഞാനദാനം ഏകുന്നവനുമായ ഉത്തമഗുരുവിനെ അവന്‍ ഉപാസിക്കുന്നു.

അല്ലയോ അര്‍ജ്ജുന, അവരുടെ ദേഹാഹങ്കാരമാകുന്ന മാലിന്യം മാറ്റുന്നതിനുവേണ്ടി, അതിനെ അവര്‍ യോഗാനുഷ്ഠാനമാകുന്ന ലേപം പുരട്ടി സ്വധര്‍മ്മമാകുന്ന അഗ്നിയിലിട്ട് എരിക്കുന്നു. എല്ലാ ജീവികളിലും പരമാത്മാവ് കുടികൊള്ളുന്നുവെന്നുള്ള ബോധത്തോടെ അവര്‍ എല്ലാവരേയും താണുവണങ്ങുന്നു. പരോപകാര തല്‍പരതയോടെ അവര്‍ എല്ലാവര്‍ക്കും നന്മചെയ്യുന്നു.

അവര്‍ അവരു‌ടെ ഇന്ത്രിയങ്ങളെ സദാ നിയന്ത്രണവിധേയമാക്കി നിര്‍ത്തുന്നു. സ്ത്രീവിഷയത്തില്‍ പ്രത്യേകിച്ചും അവര്‍ സംയമനം പാലിക്കുന്നു. സ്ത്രീകളുമായുള്ള ഏകസ്പര്‍ശനം അവരുടെ ജന്മവേളയില്‍ മാത്രമാണ്. അതിനുശേഷം സ്ത്രീകളുമായി യാതെരുവിധ സമ്പര്‍ക്കവുമില്ലാതെ അവര്‍ സ്വച്ഛമായ ജീവിതം നയിക്കുന്നു. പച്ചപ്പുല്ലിനു ജീവനുണ്ടെന്നുള്ളതുകൊണ്ട് അതിന്‍റെ പുറത്തുകൂടി നടക്കാന്‍ പോലും അവര്‍ ഇഷ്ടപ്പെടുന്നില്ല. ജീവജാലങ്ങളെയൊന്നും അവര്‍ ദ്രോഹിക്കുകയില്ല. ഇപ്രകാരം ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ശാരീരിക തപസ്സ് എന്നു പറയുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാ തരത്തിലും പരിശുദ്ധമായിരിക്കുമ്പോള്‍ അവന്‍റെ ശാരീരിക തപസ്സ് അന്യൂനമാണെന്നറിയുക. ഇനിയും കുറ്റമറ്റ വാക്തപസ്സ് എന്താണെന്നു പറയാം