യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 206 [ഭാഗം 5. ഉപശമ പ്രകരണം]

അരജ്ജുരേവ ബദ്ധോഽഹമപങ്കോഽസ്മി കളങ്കിത:
പതിതോസ്മ്യുപരിസ്ഥോപി ഹാ മമാത്മന്‍ഹതാ സ്ഥിതി: (5/9/16)

വസിഷ്ഠന്‍ തുടര്‍ന്നു: മാമുനിമാരുടെ വാക്കുകള്‍ കേട്ട് ജനകന്‍ ചിന്താകുലനായി. അദ്ദേഹം തന്റെ ഉല്ലാസനടത്തം മതിയാക്കി കൊട്ടാരത്തിലേയ്ക്കു തിരിച്ചു പോയി. തന്റെ സേവകരെയെല്ലാം പറഞ്ഞുവിട്ട് പള്ളിയറയില്‍ ഏകാന്തനായിരുന്ന് ആശങ്കയോടെ സ്വയം ഇങ്ങിനെ പറഞ്ഞു: ഇഹലോകമെന്ന ദുരിതത്തില്‍ ഞാനൊരു കല്ലുപോലെ ഉരുളുകയാണ്‌. ഈ ജീവിതത്തില്‍ ആയുസ്സെത്രനാളുണ്ട്? എന്നിട്ടും എനിക്കതിനോടൊരു മമതയുണ്ടായിരിക്കുന്നു! ഛീ! എന്തൊരു കഷ്ടമാണീ മനസ്സിന്റെ കാര്യം!

ജീവിതകാലം മുഴുവന്‍ ലോകത്തിന്റെ പരമാധികാരിയായിരുന്നിട്ടും എന്തു കാര്യം? വ്യര്‍ത്ഥമെന്നറിഞ്ഞിട്ടും ഒരു മൂഢനെപ്പോലെ ലോകം എനിക്കനിവാര്യമാണെന്നു ഞാന്‍ കരുതുന്നു. എന്റെ ആയുസ്സ് തുലോം ചെറിയൊരു കാലയളവു മാത്രം. അനശ്വരത എന്നത് എന്റെ ആയുസ്സിനു മുന്‍പും പിന്‍പുമായങ്ങിനെ നീണ്ടു പരന്നു കിടക്കുന്നു. അതിനെ എങ്ങിനെയിപ്പോള്‍ ഞാന്‍ പരിപോഷിപ്പിക്കും? ആരാണ്‌ ലോകമെന്ന ഈ മായാപ്രപഞ്ചത്തെ വിക്ഷേപിച്ച് പ്രത്യക്ഷമാക്കിയത്? ലോകമെന്ന കാഴ്ച്ചയില്‍ ഞാനിത്ര ഭ്രമിക്കാന്‍ കാരണമെന്താണ്‌? അടുത്തും അകലത്തും എല്ലാമുള്ളത് എന്റെ മനസ്സിന്റെയുള്ളില്‍ത്തന്നെയാണെന്നറിഞ്ഞ് ബാഹ്യവസ്തുക്കളിലുള്ള എല്ലാ ആശങ്കകളും ഞാനുപേക്ഷിക്കും. ഇഹലോകത്തിലെ എല്ലാ ധൃതിപിടിച്ച പ്രവര്‍ത്തനങ്ങളും അന്തമില്ലാത്ത ദു:ഖത്തിനു കാരണമാകുന്നു എന്നറിയുമ്പോള്‍ സന്തോഷത്തിനായി ഞാനെന്തിനെ ആശ്രയിക്കുവാനാണ്‌?

ദിനംതോറും, മാസംതോറും, വര്‍ഷംതോറും, നിമിഷങ്ങള്‍തോറും കാണുന്ന സന്തോഷങ്ങള്‍ സന്താപങ്ങളേയും കൂട്ടിക്കൊണ്ടാണു വരുന്നത്. എന്നാല്‍ ദു:ഖങ്ങളോ അനവരതം വന്നുകൊണ്ടേയിരിക്കുന്നു. ഇവിടെ കാണുന്നതും അനുഭവിക്കുന്നതുമെല്ലാം മാറ്റങ്ങള്‍ക്കും നാശത്തിനും വിധേയമാണ്‌. വിവേകശാലിക്ക് അവലംബമായി ഇഹലോകത്തില്‍ യാതൊന്നുമില്ല. ഇന്ന് പ്രശസ്തിയും സ്ഥാനമാനങ്ങളും കിട്ടി പുകഴ്ത്തപ്പെട്ടവര്‍ നാളെ ചവിട്ടിത്താഴ്ത്തപ്പെടുന്നു. മൂഢമനസ്സേ, ഈ ലോകത്തില്‍ എന്തിനെയാണു നാം വിശ്വസിക്കുക?

“കഷ്ടം! ഞാന്‍ കയറില്ലാതെയുള്ള ഒരു ബന്ധനത്തിലാണ്‌. അശുദ്ധനല്ലെങ്കിലും ഞാന്‍ കളങ്കപ്പെട്ടിരിക്കുന്നു! ഉയര്‍ന്നൊരു സ്ഥാനത്തിലാണെങ്കിലും ഞാന്‍ പതിതന്‍. ഞാന്‍ എന്നത് തന്നെ എന്തൊരു സമസ്യയാണ് !” എപ്പോഴും പ്രോജ്ജ്വലിക്കുന്ന സൂര്യനെ ഒരു തുണ്ട് മേഘം മറയ്ക്കുന്നു. ഈ മായീകവിഭ്രമം എന്നെ വലയംചെയ്തിരിക്കുന്നു. ആരാണീ ബന്ധുക്കളും സുഹൃത്തുക്കളും? എന്താണീ സുഖം? ഇരുട്ടത്ത് ഭൂതപിശാചുക്കളെക്കണ്ടു പേടിക്കുന്ന ബാലനെപ്പോലെ ഈ വിചിത്രരായ ബന്ധുക്കളെന്നില്‍ ഭീതിയുളവാക്കുന്നു. അവരാണല്ലോ എന്നെ വാര്‍ദ്ധക്യവുമായും മരണവുമായും ബന്ധിപ്പിക്കുന്നത്? ഇതറിഞ്ഞിട്ടും ഞാനവരെ വിടാതെ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഈ ബന്ധുക്കള്‍ ജീവിച്ചാലും നശിച്ചാലും എനിക്കെന്ത്?

ഈ ലോകത്ത് മഹാത്മാക്കള്‍ എത്രയോപേര്‍ ജനിച്ചുമരിച്ചു? മഹത്സംഭവങ്ങളും എത്രയുണ്ടായി? അവയെല്ലാം നമ്മില്‍ ഒരോര്‍മ്മ മാത്രം അവശേഷിപ്പിക്കുന്നു. എന്താണു നമുക്കൊരവലംബം? ദേവതമാരും ത്രിമൂര്‍ത്തികള്‍ പോലും കോടിക്കണക്കിനു വന്നുപോയിരിക്കുന്നു. എന്താണീ പ്രപഞ്ചത്തില്‍ ശാശ്വതമായുള്ളത്? പ്രത്യക്ഷലോകമെന്ന ഈ പേടിസ്വപ്നത്തില്‍ പ്രത്യാശയെന്ന ഒരു കയര്‍ മാത്രമാണീ ബന്ധനത്തിനെല്ലാം കാരണം. ഛെ! എത്ര നികൃഷ്ടമാണീ അവസ്ഥ!