ഭൃംഗീച്ഛാനടനോത്കടഃ കരമദിഗ്രാഹീ സ്ഫുരന്മാധവാ-
ഹ്ലാദോ നാദയുതോ മഹാസിതവപുഃ പഞ്ചേഷുണാ ചാദൃതഃ |
സത്പക്ഷഃ സുമനോവനേഷു സ പുനഃ സാക്ഷാന്മദീയേ മനോ-
രാജീവേ ഭ്രമരാധിപോ വിഹരത‍ാം ശ്രീശൈലവാസീ വിഭു: || 51 |

ഭൃംഗീച്ഛാനടനോത്കടഃ – ഭക്തനായ ഭൃംഗിയുടെ ഇഷ്ടംപോലെ നര്‍ത്തനം ചെയ്യുന്നതില്‍ ഉത്സുകനായി, പെണ്‍വണ്ടിനെ ഇച്ഛക്കനുസരിച്ച് പിന്‍തുടരുന്നതിലുത്സുകനായി; കരമദഗ്രാഹീ – ഗജാസുരന്റെ ഗര്‍വ്വമടക്കിയവനായി, മദിച്ച ആനയുടെ മദജലത്തെ ഗ്രഹിക്കുന്നവനായി; സ്ഫുരന്മാധവാഹ്ലാദഃ – മഹാവിഷ്ണുവി‍ല്‍ സന്തോഷത്തെ പ്രകാശിപ്പിക്കുന്നവനായി, വസന്തത്തിന്റെ ആരംഭത്തില്‍തന്നെ സന്തോഷിക്കുന്നവനായി; നാദയുതഃ നാദത്തോടുകൂടിയവനായി, ഝങ്കാരശബ്ദത്തോടുകൂടിയവനായി; മഹാസിതവപുഃ – ഏറ്റവും (സിതമായ) വെളുത്ത ശരീരത്തോടുകൂടിയവനായി, ഏറ്റവും (അസിതമായ) കറുത്തനിറമുള്ളവനായി; പഞ്ചേഷുണാ – കാമദേവനാ‍ല്‍; ആദൃതഃ ച – ഭയഭക്തിയോടെ ആദരിക്കപ്പെട്ടവനായി, (തന്റെ സഹായത്തിന്നായി വാത്സല്യത്തോടെ ആദരിക്കപ്പെട്ടവനായി); സുമനോവനേഷു – ദേവന്മാരെ രക്ഷിക്കുന്നതില്‍ , പുഷ്പവാടികളില്‍; സത്പക്ഷഃ -അതിയായ ആശയോടുകൂടിയവനായി, നല്ല ചിറകുകളുള്ളവനായി; ശ്രീശൈലവാസീ – ശ്രീശൈലമെന്ന പര്‍വ്വതത്തി‍ല്‍ വസിച്ചരുളുന്ന; വിഭുഃ – ലോകമെല്ല‍ാം നിറഞ്ഞ, എങ്ങും സഞ്ചരിച്ചെത്തുവാന്‍ കഴിവുള്ള; സഃ ഭ്രമരാധിപഃ – അപ്രകാരമുള്ള; ഭ്രമര‍ാംബാ – സമേതനായ ശ്രീപരമേശ്വര‍ന്‍ ; ഭൃംഗരാജന്‍ പുനഃ മദീയേ – ഇനിമേല്‍ എന്റെ; മനോരാജീവേ – മനസ്സാകുന്ന താമരപ്പൂവി‍ല്‍ സാക്ഷാത് പ്രത്യക്ഷരൂപത്തില്‍; വിഹരത‍ാം – വിഹരിച്ചരുളേണമേ.

ഭക്തനായ ഭൃംഗിയുടെ(തന്നിലാസക്തയായ പെണ്‍വണ്ടിന്റെ) ഇഷ്ടംപോലെ നര്‍ത്തനം ചെയ്യുന്നതിലുത്സുകനായി ഗജാസുരന്റെ ഗര്‍വ്വമടക്കിയവനായി(മദിച്ച ആനയുടെ മദജലത്തെ ഗ്രഹിക്കുന്നവനായി), മോഹിനിരൂപം ധരിച്ച ലക്ഷ്മീവല്ലഭന്റെ(വസന്തന്റെ) ദര്‍ശനത്തി‍ല്‍ അതി കുതുകിയായി, ഏറ്റവും വെളുത്ത(അത്യന്തം കറുത്ത) ശരീരശോഭയുള്ളവനായി, ഓങ്കാര(ഝങ്കാര)ശബ്ദത്തോടുകൂടിയവനായി), പഞ്ചബാണനാല്‍ ഭയഭക്തിയോടെ (അതിവാത്സല്യത്തോടെ) ആദരിക്കപ്പെട്ടവനായി ദേവന്മാരെ സംരക്ഷിക്കുന്നതില്‍ അത്യുത്സുകനായി (പുഷ്പവനികളില്‍ നല്ല ചിറകുകള്ളുവനായി) ശ്രീശൈലവാസിയായി സര്‍വ്വവ്യാപിയായിരിക്കുന്ന ആ ഭ്രമരാധിപന്‍ ഇനിമേലി‍ല്‍ എന്റെ മനസ്സാകുന്ന പൊല്‍താമരയി‍ല്‍ പ്രത്യക്ഷമായി വിഹരിച്ചരുളേണമേ.

കാരുണ്യാമൃതവര്‍ഷിണം ഘനവിപദ്ഗ്രീഷ്മച്ഛിദാക‍ര്‍ മഠം
വിദ്യാസസ്യഫലോദയായ സുമനഃസംസേവ്യമിച്ഛാകൃതിം |
നൃത്യദ്ഭക്തമയൂരമദ്രിനിലയം ചഞ്ചജ്ജടാമണ്ഡലം
ശംഭോ വാഞ്ഛതി നീലകന്ധര സദാ ത്വ‍ാം മേ മനശ്ചാതകഃ || 52 ||

ശംഭോ! – മംഗളപ്രദനായിരിക്കുന്ന(സുഖത്തെ ജനിപ്പിക്കുന്ന); നീലകന്ധര! – നീലകണ്ഠ!(നീല മേഘമേ!); മേ മനഃശ്ചാതകഃ – എന്റെ മനസ്സാകുന്ന ചാതകം; കാരുണ്യാമൃതവര്‍ഷിണം – കാരുണ്യമാകുന്ന അമൃതത്തെ വര്‍ഷിക്കുന്നവനും; ഘനവിപദ്ഗ്രീഷ്മച്ഛിദാകമഠം – വലിയ ആപത്താകുന്ന അധികരിച്ച ചൂടിനെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥനും വിദ്യാസസ്യഫലോദയായ ജ്ഞാനമാകുന്ന സസ്യത്തിന്റെ ഫലം ലഭിക്കുവാനായി; സുമനഃസംസേവ്യം – വിദ്വാന്മാരാകുന്ന ക‍ര്‍ഷകന്മാരാ‍ല്‍ വഴിപോലെ സേവിക്കപ്പെടുന്നവനും; ഇച്ഛാകൃതിം – ഇഷ്ടംപോലെ ഓരോ രൂപമെടുക്കുന്നവനും; നൃത്യദ്ഭക്തമയൂരം – ഭക്തന്മാരാകുന്ന മയൂരങ്ങള്‍ നൃത്തംവെക്കുന്നവനും; ആദ്രിനിലയം – മലയി‍ല്‍ (കൈലാസത്തില്‍ ‍) വസിക്കുന്നവനും; ചഞ്ചജ്ജടാമണ്ഡലംത്വ‍ാം – ഇളകിക്കൊണ്ടിരിക്കുന്ന ജടാമണ്ഡലമാകുന്ന മിന്നല്‍ പിണരുകളോടുകൂടിയവനുമായ നിന്തിരുവടിയെ; സദാ വാഞ്ഛതി – എല്ലായ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു.

അല്ലേ മംഗളപ്രദനായ നീലകണ്ഠ! കാരുണ്യമൃതം വര്‍ഷിക്കുന്നവനും, അത്യാപത്താകുന്ന അധികരിച്ച ചൂടിനെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥനും, ജ്ഞാനമാകുന്ന സസ്യത്തിന്റെ ഫലത്തിനായി വിദ്വാന്മാരാകുന്ന കര്‍ഷകന്മാരാല്‍ വഴിപോലെ സേവിക്കപ്പെടുന്നവനും, ഇഷ്ടംപോലെ ഓരോ രൂപമെടുക്കുന്നവനും ഭക്തന്മാരാകുന്ന മയൂരങ്ങളെ ആനന്ദനര്‍ത്തനം ചെയ്യിക്കുന്നവനും, പര്‍വ്വതവാസിയും, ഇളകികൊണ്ടിരിക്കുന്ന ജടാഭാരമെന്ന മിന്നല്‍ പിണരുകളോടുകൂടിയവനും, ഇങ്ങിനെ മേഘതുല്യനായ നിന്തിരുവടിയെ എന്റെ മനസ്സാകുന്ന ചാതകം എല്ലായ്പോഴും ഉല്‍കണ്ഠയോടെ കാത്തുകൊണ്ടിരിക്കുന്നു.

ആകാശേന ശിഖീ സമസ്തഫണിന‍ാം നേത്രാ കലാപീനതാ-
നുഗ്രാഹിപ്രണവോപദേശനിനദൈഃ കേകീതി യോ ഗീയതേ |
ശ്യാമ‍ാം ശൈലസമുദ്ഭവ‍ാം ഘനരുചിം ദൃഷ്ട്വാ നടന്തം മുദാ
വേദാന്തോപവനേ വിഹാരരസികം തം നീലകണ്ഠം ഭജേ || 53 ||

ആകാശേന ശിഖീ – ആകാശംകൊണ്ട് ശിഖിയെന്നും; സമസ്തഫണിന‍ാം – പാമ്പുകള്‍ക്കെല്ല‍ാം; നേത്രാ – നായകനായ ആദിശേഷനെക്കൊണ്ട്; കലാപീ – കലാപിയെന്നു; നതാനുഗ്രാഹിപ്രണവോപദേശനിനദൈഃ – തന്നെ വണങ്ങുന്നവരെ അനുഗ്രഹിക്കുന്നതായ പ്രണവത്തെ ഉപദേശിക്കുന്ന ശബ്ദംകൊണ്ട്; കേകി ഇതി – കേകിയെന്നും; യഃ ഗീയതേ – ആ‍ര്‍ ഗാനംചെയ്യപ്പെടുന്നുവോ; ശൈലസമുദ്ഭവ‍ാം – പര്‍വ്വതകുമാരിയും; ഘനരുചിംശ്യാമ‍ാം – മേഘത്തിന്റെ നിബിഡമായ കാന്തിയാര്‍ന്നവളുമായ യുവതീരത്നത്തെ; ദൃഷ്ട്വാ മുദാ – വീക്ഷിച്ച് വര്‍ദ്ധിച്ച പുഷ്പവാടിയി‍ല്‍ ; വിഹാരരസിക‍ാം – വിഹരിക്കുന്നതിലാനന്ദംകൊള്ളുന്നവനുമായ; തം നീലകണ്ഠം – അപ്രകാരമുള്ള നീലനിറമാര്‍ന്ന കഴുത്തോടുകൂടിയ ശംഭുവിനെ(മയിലിനെ എന്നും); ഭജേ – ഞാ‍ന്‍ സേവിക്കുന്നു.

യാതൊരുവന്‍ ആകാശത്താ‍ല്‍ ശിഖിയോ(വ്യോമകേശനോ) സര്‍പ്പരാജനായ ആദിശേഷനെ ഭൂഷണമാക്കിയിരിക്കുന്നതിനാ‍ല്‍ കലാപിയോ, തന്നെ നമസ്മരിക്കുന്നവരെ അനുഗ്രഹിക്കുന്ന ഓങ്കാരത്തിന്റെ ഉപദേശധ്വനിയാല്‍ കേകിയെന്ന് ആ‍ര്‍ ഗാനംചെയ്യപ്പെടുന്നുവോ, മേഘകാന്തിയായിരിക്കുന്ന ശൈലരാജകുമാരിയെ വീക്ഷിച്ച് ആനന്ദാതിരേകത്താല്‍ നൃത്തംചെയ്യുന്ന വേദാന്തോദ്യാനത്തി‍ല്‍ വിഹരിച്ചരുളുന്ന ആ നീലകണ്ഠനെ (കയിലിനെ എന്നും) ഞാന്‍ സേവിക്കുന്നു.

സന്ധ്യാഘര്‍മ്മദിനാത്യയോ ഹരികരാഘാതപ്രഭൂതാനക-
ധ്വാനോ വാരിദഗര്‍ജ്ജിതം ദിവിഷദ‍ാം ദൃഷ്ടിച്ഛടാ ചഞ്ചലാ |
ഭക്താന‍ാം പരിതോഷബാഷ്പവിതതിര്വൃഷ്ടിര്‍മയൂരീ ശിവാ
യസ്മിന്നുജ്ജ്വലതാണ്ഡവം വിജയതേ തം നീലകണ്ഠം ഭജേ || 54 ||

സന്ധ്യാ – സായംസന്ധ്യാസമയം; ഘര്‍മ്മദിനാത്യയഃ – ഗ്രീഷ്മകാലത്തിന്റെ അവസാനദിവസവും; ഹരികാരാഘാതപ്രഭൂതാനകധ്വാനഃ – മാഹവിഷ്ണുവിന്റെ കൈകള്‍കൊണ്ട് അടിച്ചുമുഴക്കപ്പെട്ട മൃദംഗത്തിന്റെ ശബ്ദം; വാരിദഗര്‍ജ്ജിതം – ഇടിമുഴക്കവും; ദിവിഷദ‍ാം – ദേവന്മാരുടെ; ദൃഷ്ടിച്ഛടാ ചഞ്ചലാ – ഭക്താന‍ാം ഭക്തന്മാരുടെ; പരിതോഷബാഷ്പവിരുതിഃ വൃഷ്ടിഃ – സന്തോഷശ്രുധാര മഴയും; ശിവാ മയൂരീ – പാര്‍വ്വതീദേവി മയില്‍പേടയും; യസ്മിന്‍ – ഇപ്രകാരമുള്ള യാതൊരുവനില്‍; ഉജ്ജ്വലതാണ്ഡവം – ഉത്കൃഷ്ടമായ നൃത്തം; വിജയതേ – വിജയിച്ചരുളുന്നുവോ; തം നീലകണ്ഠം – അങ്ങിനെയുള്ള ഈശ്വരനായ മയിലിനെ; ഭജേ – ഞാ‍ന്‍ ഭജിക്കുന്നു.

സന്ധ്യാകാലം ഗിഷ്മാവസാന(വര്‍ഷ ഋതുവിന്റെ ആരംഭ)വും വിഷ്ണുവിനാല്‍ അടിക്കപ്പെടുന്ന മൃദംഗധ്വനി ഇടിമുഴക്കവും ദേവന്മാരുടെ ദൃഷ്ടിവിക്ഷേപങ്ങ‍ള്‍ മിന്നല്‍ പിണരുകളും ഭക്തന്മാരുടെ സന്തോഷാശ്രുധാര മഴ പൊഴിയുന്നതും പാര്‍വ്വതീദേവി മയില്‍പേടയുമായി യാതൊരുവനി‍ല്‍ ഉല്‍കൃഷ്ഠമായ പ്രദോഷ നൃത്തം വിജയിച്ചരുളുന്നുവോ ആ നീലകണ്ഠനായിരിക്കുന്ന പരമേശ്വരനെ, മയൂരത്തെ, ഞാ‍ന്‍ ഭജിക്കുന്നു.

ആദ്യായാമിതതേജസേ ശ്രുതിപദൈര്വേദ്യായ സാധ്യായ തേ
വിദ്യാനന്ദമയാത്മനേ ത്രിജഗതഃ സംരക്ഷണോദ്യോഗിനേ |
ധ്യേയായാഖിലയോഗിഭിഃ സുരഗണൈര്‍ഗേയായ മായാവിനേ
സമ്യക്താണ്ഡവസംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ || 55 ||

ആദ്യായ – ആദിപുരുഷനായി; അമിതതേജസേ – അളവറ്റ തേജസ്സാര്‍ന്നവനായി; ശ്രുതിപദൈഃ – വേദവാക്യങ്ങളാ‍ല്‍ വേദ്യായ അറിയപ്പെടാവുന്നവനായി; സാദ്ധ്യായ – ഭക്തന്മാരെ അനുഗ്രഹിക്കുന്നതിന്നു അര്‍ച്ചനാദിരൂപത്തി‍ല്‍ പ്രതിഷ്ഠിപ്പാന്‍ കഴിവുള്ളവനായി; വിദ്യാനന്ദമയാത്മനേ – ചിദാനന്ദമായ സ്വരുപത്തോടുകൂടിയവനായി; ത്രിജഗതഃ – മൂന്നു ലോകത്തിന്റേയും; സംരക്ഷണോദ്യോഗിനേ – രക്ഷയിലും അതിതല്പരനായി; അഖിലയോഗിഭിഃ – എല്ലാ യോഗീശ്വരന്മാരാലും; ധ്യേയായ – ധ്യാനിക്കപ്പെടത്തക്കവനായി; സുരഗണൈഃ – ദേവഗണങ്ങളാ‍ല്‍ ; ഗേയായ – വാഴ്ത്തിസ്തുതിക്കപ്പെടുന്നവനായി; മായാവിനേ – മായയെ സ്വാധീനപ്പെടുത്തിയവനായി; സമ്യക്‍ – നന്നായി നൃത്തംചെയ്യുന്നതില്‍ അത്യുത്സുകനായി; ജടിനേ ശംഭവേ – ജടാധാരിയായി മംഗളകരനായിരിക്കുന്ന; തേ – നിന്തിരുവടിക്കായ്ക്കൊണ്ട്; സാ ഇയം നതിഃ – അപ്രകാരമുള്ള ഈ നമസ്കാരം ഭവിക്കട്ടെ.

എല്ലാറ്റിന്നുമാദിയായി, അതിതേജസ്വിയായി വേദവാക്യങ്ങളാല്‍ അറിയപ്പെടാവുന്നവനായി അര്‍ച്ചനാരൂപത്തി‍ല്‍ ഭക്തന്മാര്‍ക്കനുഗ്രഹം നല്‍ക്കുന്നവനായി ചിദാനന്ദസ്വരൂപിയായി മൂന്നു ലോകത്തിന്റെ രക്ഷയിലും അതിതല്പരനായി,യോഗീന്ദ്രന്മാരാല്‍ ധ്യാനിക്കപ്പെട്ടവനായി ദേവന്മാരാ‍ല്‍ സ്തുതിക്കപ്പെട്ടവനായി മായയെ സ്വാധീനപ്പെടുത്തിയവനും, നന്നായി നൃത്തംചെയ്യുന്നവനും ജടാധാരിയും മംഗളവിഗ്രഹനുമായിരിക്കുന്ന നിന്തിരുവടിക്കയ്ക്കൊണ്ട് നമസ്മാരം.

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).