നിത്യായ ത്രിഗുണാത്മനേ പുരജിതേ കാത്യായനീശ്രേയസേ
സത്യായാദികുടുംബിനേ മുനിമനഃ പ്രത്യക്ഷചിന്മൂര്‍ത്തയേ |
മായാസൃഷ്ടജഗത്ത്രയായ സകലാമ്നായാന്തസംഞ്ചാരിണേ
സായം താണ്ഡവസംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ || 56 ||

നിത്യായ – നാശമില്ലാത്തവനും; ത്രിഗുണാത്മനേ – സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളോടുകൂടിയ ശരീരം ധരിച്ചവനായി; പുരജിതേ – സ്ഥൂലസൂക്ഷ്മാകാരങ്ങളെന്ന മുപ്പുരങ്ങളേയും നശിപ്പിച്ചവനായി; കാത്യായനീശ്രേയസേ – പാര്‍വ്വതീദേവിയുടെ തപസ്സിന്റെ ഫലഭൂതനായി; സത്യായ -സത്യസ്വരൂപനായി ആദികുടുംബിനേ ആദികുഡുംബിയായിരിക്കുന്നവനും; മുനിമനഃപ്രത്യക്ഷചിന്മൂര്‍ത്തയേ – മുനിമാരുടെ മനസ്സില്‍ പ്രത്യക്ഷമാവുന്ന ചിത്‍സ്വരൂപിയും മായാസൃഷ്ടജഗത് ‍ത്രയായ മായയാ‍ല്‍ സൃഷ്ടിക്കപ്പെട്ട മൂന്നുലോകങ്ങളോടുകൂടിയവനും; സകലാമ്നായന്ത – സഞ്ചാരിണേ എല്ലാ ഉപനിഷത്തുകളിലും സഞ്ചരിക്കുന്നവനും; സായം – സായംസന്ധ്യാകാലത്തി‍ല്‍ താണ്ഡവസംഭ്രമായ നര്‍ത്തനം ചെയ്യുന്നതിലതികതുകിയും; ജടിനേ – ജടാധാരിയുമായിരിക്കുന്ന; ശംഭവേ – പരമശിവന്നയ്ക്കൊണ്ട്; സാ ഇയം നതിഃ – അപ്രകാരമുള്ള ഈ നമസ്കാരം.

നാശമില്ലാത്തവനും, സത്വം, രജസ്സ്, തമസ്സ്, എന്നി മൂന്നു ഗുണങ്ങളെ ആശ്രയിച്ച് ബ്രഹ്മ-വിഷ്ണു- മഹേശ്വരരൂപങ്ങളെകൈക്കൊണ്ടവനും സ്ഥുലസുക്ഷ്മകാരണാത്മകമായ മൂന്നുവിധ ശരീരത്തേയും-അഥവ- മുപ്പൊരങ്ങളേയും – നശിപ്പിച്ചവനും പാര്‍വ്വതിദേവിയുടെ തപഫലവും സത്യസ്വരൂപിയും ലോകാനുഗ്രഹത്തിന്നായി ആദ്യമായിത്തന്നെ കഡുംബിയായിത്തീര്‍ന്നവനും യോഗീശ്വരന്മാരുടെ മനസ്സി‍ല്‍ ചിത്‍സ്വരൂപത്തി‍ല്‍ പ്രത്യക്ഷമാവുന്നവനും യോഗമായബലത്താ‍ല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചവനും ഉപനിഷത്തുകളിലെല്ലാമന്തര്‍ഭവിച്ചു സ്ഥിതിചെയ്യുന്നവനും സന്ധ്യാനടനത്തില്‍ അതിവാഞ്ഛയോടുകൂടിയവനും ജടധാരിയുമായിരിക്കുന്ന ശ്രീ ശംഭുവിന്നായ്ക്കൊണ്ട് നമസ്കാരം.

നിത്യം സ്വോദരപോഷണായ സകലാനുദ്ദിശ്യ വിത്താശയാ
വ്യര്‍ത്ഥം പര്യടനം കരോമി ഭവതഃ സേവ‍ാം ന ജാനേ വിഭോ |
മജ്ജന്മാന്തരപുണ്യപാകബലതസ്ത്വം ശര്വ സര്‍വ്വാന്തര-
സ്തിഷ്ഠസ്യേവ ഹി തേന വാ പശുപതേ തേ രക്ഷനീയോഽസ്മ്യഹം || 57 ||

നിത്യം – ദിവസേന; സ്വോദരപൂരണായ – തന്റെ വയറുനിറപ്പാന്‍വേണ്ടി; വിത്താശയാ – പണത്തിലുള്ള ആശകൊണ്ട്; സകലാന്‍ ഉദ്ദിശ്യ – സത്തുക്കളും ദുഷ്ടന്മാരുമടക്കം എല്ലാവരുടെ അടുക്കലും; വ്യര്‍ത്ഥം – യാതൊരു ഫലവുമില്ലാതെ; പര്‍യ്യടനം കരോമി – ഞാ‍ന്‍ അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കുന്നു; വിഭോ! – എല്ലാടവും നിറഞ്ഞ പരമാത്മാവേ!; ഭവതഃ സേവ‍ാം ന ജാനേ – നിന്തിരുവടിയെ പരിചരിക്കുന്നതെങ്ങിനെയെന്ന് എനിക്കറിഞ്ഞുകൂട; പശുപതേ! ശര്‍വ്വ! – ലോകനാഥനായിരിക്കുന്ന ഭക്തസംരക്ഷക!; ഹി ത്വം – യാതൊന്നുകൊണ്ട് നിന്തിരുവടി; മജ്ജന്മാന്തരപുണ്യപാകബലതഃ – എന്റെ പൂര്‍വജന്മങ്ങളിലെ പുണ്യപരിപാകത്തിന്റെ ബലത്താ‍ല്‍ ; സര്‍വ്വാന്തരഃ – പ്രാണികള്‍ എല്ലാറ്റിന്നുമുള്ളി‍ല്‍; തിഷ്ഠസി ഏവ – സ്ഥിതിചെയ്യുന്നുവോ; തേന വാ – അതുകൊണ്ടെങ്കിലും; അഹം തേ – ഞാ‍ന്‍ നിന്തിരുവടിക്ക്; രക്ഷണീയഃ അസ്മി – രക്ഷിക്കപ്പെടത്തക്കവനായിരിക്കുന്നുണ്ട്.

ഞാന്‍ എന്റെ വയറുനിറപ്പാന്‍വേണ്ടി പണത്തി‍ല്‍ ആര്‍ത്തി പിടിച്ചവനായി ആര്‍ തരും, ആര്‍ തരില്ല എന്നൊന്നും നോക്കാതെ കണ്ടവരോടെല്ല‍ാം ഇരന്നുകൊണ്ട് അലഞ്ഞുനടന്നിട്ടും യാതൊരു ഫലവുമില്ലാതിരിക്കുകയാണ്. ഹേ സര്‍വ്വവ്യാപീയായുള്ളോവേ ! നിന്തിരുവടിയെ സേവിക്കുന്നതിന്നെനിക്കറിഞ്ഞുകൂട, ഭക്തരക്ഷക! എന്റെ പൂര്‍വ്വപുണ്യപരിപാകത്താ‍ല്‍ നിന്തിരുവടി ഓരോ പ്രാണികളുടെ ഉള്ളിലും സ്ഥിതിചെയ്യുന്ന സര്‍വ്വന്തര്‍യ്യാമിയാണെന്ന് എനിക്കു മനസ്സിലായി. അതിനാല്‍ ഇനിയെങ്കിലും എന്നെ കാത്തു രക്ഷിച്ചുകൂടെ ?

ഏകോ വാരിജബാന്ധവഃ ക്ഷിതിനഭോ വ്യാപ്തം തമോമണ്ഡലം
ഭിത്ത്വാ ലോചനഗോചരോഽപി ഭവതി ത്വം കോടിസൂര്യപ്രഭഃ |
വേദ്യഃ കിന്ന ഭവസ്യഹോ ഘനതരം കീദൃഗ്ഭവേന്മത്തമ-
സ്തത്സ‍വ്വം വ്യപനീയ മേ പശുപതേ സാക്ഷാത് പ്രസന്നോ ഭവ || 58 ||

പശുപതേ! – ലോകേശ!; വാരിജബാന്ധവഃ – ആദിത്യ‍ന്‍; ഏകഃ – ഒരുവന്‍തന്നെ; ക്ഷിതിനഭോവ്യാപ്തം – ഭൂമിയിലും ആകാശത്തിലും വ്യാപിച്ചുകിടക്കുന്ന; തമോമണ്ഡലം ഭിത്വാ – ഇരുളിന്‍കൂട്ടത്തെ നശിപ്പിച്ച്; ലോചനഗോചരഃ – കണ്ണിന്നു കാണ്മാന്‍ കഴിവുള്ളവനായി; ഭവതി – ഭവിക്കുന്നു ത്വം; കോടിസൂര്‍യ്യപ്രഭഃ അപി – നിന്തിരുവടി അനേകായിരം ആദിത്യന്മാരുടെ പ്രഭയുള്ളവനായീരുന്നിട്ടും; വേദ്യ – അറിയപ്പെടാവുന്നവനായി; കിം ന ഭവസി? – എന്തുകൊണ്ടു ഭവിക്കുന്നില്ല?; അഹോ! – വലിയ ആശ്ചര്‍യ്യംതന്നെ!; ഘനതരം മത്തമഃ – ഏറ്റവും വമ്പിച്ച എന്റെ കൂരിരുട്ട്; കീദൃക്‍ ഭവേത്? – എങ്ങിനെയുള്ളതായിരിക്കും?; തത് സര്‍വ്വം വ്യപനീയ – അത് എല്ലാറ്റിനേയും ദൂരികരിച്ച്; മേ സാക്ഷാത് -എനിക്കു പ്രത്യക്ഷനായി; പ്രസന്നഃ ഭവ -തെളിഞ്ഞുകാണാറാകേണമേ.

ഏകനായ ആദിത്യന്‍ ഭൂമിമുത‍ല്‍ ആകാശംവരെ വ്യാപിച്ചു കിടക്കുന്ന ഇരുള്‍കൂട്ടത്തെ പാടെ നീക്കംചെയ്ത് പ്രത്യക്ഷനായി പ്രകാശിക്കുന്നു. അനേകായിരം ആദിത്യന്മാരുടെ പ്രഭയുള്ളവനായിരുന്നിട്ടും നിന്തിരുവടി എനിക്ക് അറിയപ്പെടാവുന്നവനായി കൂടി ഭവിക്കുന്നില്ല, എന്താശ്ചര്‍യ്യം. എന്റെ ഹൃദയത്തിലുള്ള കൂരിരുട്ടു എത്രമേല്‍ കടുത്തതായിരിക്കണം! ഹേ ലോകേശ! അതിനാല്‍ ഈ ഇരുളാകമാനം തുടച്ചുനീക്കി എന്റെ മനോദൃഷ്ടിക്കു തെളിഞ്ഞു കാണപ്പെടാവുന്നവനായി ഭവിക്കേണമേ.

ഹംസഃ പദ്മവനം സമിച്ഛതി യഥാ നീല‍ാംബുദം ചാതകഃ
കോകഃ കോകനദപ്രിയം പ്രതിദിനം ചന്ദ്രം ചകോരസ്തഥാ |
ചേതോ വാഞ്ഛതി മാമകം പശുപതേ ചിന്മാര്‍ഗ്ഗമൃഗ്യം വിഭോ
ഗൌരീനാഥ ഭവത്പദാബ്ജയുഗലം കൈവല്യസൌഖ്യപ്രദം || 59 ||

പശുപതേ! വിഭോ! – ലോകേശനായി സര്‍വ്വവ്യാപിയായിരിക്കുന്ന; ഗൗരീനാഥ! – പാര്‍വ്വതിവല്ലഭ!; ഹംസഃ പദ്മവനം – അരയന്നം താമരപ്പിയ്ക്കയേയും; ചാതകഃ നീല‍ാംബുദം – ചാതകപ്പക്ഷി കാര്‍മേഘത്തേയും; കോകഃ -ചക്രവാകം; കോകാനദപ്രിയംഅരവിന്ദബന്ധുവി – (ആദിത്യ)നേയും; ചകോരഃചന്ദ്രം – ചകോരം ചന്ദ്രനേയും; പ്രതിദിനം യഥാ – ദിനംതോറും ഏതുവിധം; സമിച്ഛരി – കൊതിച്ചുകൊണ്ടിരിക്കുന്നുവോ; തഥാ മാമകം ചേതഃ -അപ്രകാരം എന്റെ മനസ്സു; ചിന്മാര്‍ഗമൃഗ്യം – ജ്ഞാനമാര്‍ഗ്ഗത്താ‍ല്‍ തിരഞ്ഞു പിടിക്കേണ്ടതായും; കൈവല്യസൗഖ്യപ്രദം – കൈവല്യസുഖത്തെ നല്‍ക്കുന്നതായുമിരിക്കുന്ന; ഭവത്പദാബ്‍ജയുഗളം – അങ്ങയുടെ താമരക്കു തുല്യമായ ചേവടികളെ; വാഞ്ഛതി – അതിയായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു.

ഹേ പാര്‍വ്വതീനാഥ! അരയന്നം താമരപ്പൊയ്മയേയും ചാതകം കാര്‍മേഘത്തേയും ചക്രവാകം ആദിത്യനേയും ചകോരം ചന്ദ്രനേയും പ്രതിദിനവും ആശിച്ചുകൊണ്ടിരിക്കുന്നതുപോലെ ജ്ഞാനമാര്‍ഗ്ഗത്താ‍ല്‍ തിരഞ്ഞുപിടിക്കേണ്ടതും കൈവല്യസുഖത്തെ നല്‍ക്കുന്നതുമായ അങ്ങയുടെ പൊല്‍ത്താരടികളെ എന്റെ മനസ്സ് ഏതു സമയത്തിലും ആഗ്രഹിച്ചു കൊണ്ടുതന്നെയിരിക്കുന്നു.

രോധസ്തോയഹൃതഃ ശ്രമേണ പഥികശ്ഛായ‍ാം തരോര്‍ വൃഷ്ടിതോ
ഭീതഃ സ്വസ്ഥഗൃഹം ഗൃഹസ്ഥമതിഥിര്‍ദീനഃ പ്രഭും ധാര്‍മ്മികം |
ദീപം സന്തമസാകുലശ്ച ശിഖിനം ശീതാവൃതസ്ത്വം തഥാ
ചേതഃ സര്‍വ്വഭയാപഹം വ്രജ സുഖം ശംഭോഃ പദ‍ാംഭോരുഹം || 60 ||

ചേതഃ! – അല്ലേ ഹൃദയമേ!; തോയഹൃതഃരോധഃ – നീരൊഴുക്കി‍ന്‍ വേഗത്താ‍ല്‍ വലിച്ചിസുക്കപ്പെട്ടവന്‍ തീരത്തേയും; പഥികഃ ശ്രമേണ – വഴിനടക്കുന്നവ‍ന്‍ ക്ഷീണത്താ‍ല്‍ ; തരോഃ ഛായ‍ാം – മരത്തിന്റെ നിഴലിനേയും; വൃഷ്ടിതഃ ഭീതഃ – മഴയില്‍നിന്നു ഭയമാര്‍ന്നവ‍ന്‍ ; സ്വസ്ഥഗൃഹം – സുഖകരമായ ഭവനത്തേയും; അതിഥിഃഗൃഹസ്ഥം – വിരുന്നുകാര‍ന്‍ വീട്ടുകാരനേയും; ദീനഃധാര്‍മികംപ്രഭും – ദരിദ്രന്‍ ദര്‍മ്മിഷ്ഠനായ ദാതവിനേയും; സതമസാകുലഃ – കൂരിരുട്ടിനാ‍ല്‍ കഷ്ടപ്പെടുന്നവ‍ന്‍ ; ദീപം – ദീപത്തേയും; ശീതവൃതഃ – തണുപ്പുകൊണ്ട് കുഴങ്ങുന്നവന്‍; ശിഖിനം തു – തീയ്യിനേയും; യഥാ തഥാ ത്വം – എപ്രകാരമോ അപ്രകാരം നീ; സര്‍വ്വഭയാപഹം – എല്ലാവിധ ഭയത്തേയും നീക്കംചെയ്യുന്നതും സുഖം; ശംഭോ – സുഖപ്രദവുമായ പരമശിവന്റെ; പാദ‍ാംഭോരുഹം – പാദാരവിന്ദത്തെ; വ്രജ – ശരണം പ്രാപിച്ചുകൊള്‍ക.

അല്ലേ ഹൃദയമേ! ജലപ്രവാഹത്തില്‍പെട്ട് ഒലിച്ച്പോകുന്ന ഒരുവ‍ന്‍ നദീതീരത്തേയും, വഴിനടന്നു ക്ഷീണിച്ച ഒരുവന്‍ വൃക്ഷച്ഛായയേയും, മഴകൊണ്ടു മതിയായവന്‍ സുഖകരമായ ഭവനത്തേയും, അതിഥി ഗൃഹസ്ഥനേയും, ദരിദ്രന്‍ ധര്‍മ്മിഷ്ഠനായ ദാതാവിനേയും, കൂരിരുട്ടില്‍ കഷ്ടപ്പെടുന്നവന്‍ ദീപത്തേയും, തണുത്തു വിറയ്ക്കുന്നവന്‍ തീയ്യിനേയും, ഏതുവിധത്തി ല്‍ ശരണം പ്രാപിക്കുന്നുവോ അതുപോലെ നീയ്യും എല്ലാവിധ ഭയത്തേയും വേരോടെ നശിപ്പിക്കുന്നതും പരമസൗഖ്യത്തെ നല്‍ക്കുന്നതുമായ ശ്രീ ശംഭുവിന്റെ പാദാരവിന്ദത്തെ ശരണംപ്രാപിച്ചുകൊള്ളുക.

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).