ആദ്യാഽവിദ്യാ ഹൃദ്ഗതാ നിര്‍ഗ്ഗതാസീ-
ദ്വിദ്യാ ഹൃദ്യാ ഹൃദ്ഗതാ ത്വത്പ്രസാദാത് |
സേവേ നിത്യം ശ്രീകരം ത്വത്പദാബ്ജം
ഭാവേ മുക്തേര്‍ഭാജനം രാജമൌലേ || 91 ||

രാജമൗലേ ചന്ദ്രചൂഡ! ഹൃദ്ഗതാ – ഹൃദയത്തി‌ല്‍ കുടികൊണ്ടിരുന്ന ആദ്യാ; അവിദ്യാ – ആദിയിലുണ്ടായിരുന്ന അജ്ഞാനം; ത്വത് പ്രസാദാത് – അങ്ങയുടെ പ്രസാദംകൊണ്ട്; നിര്‍ഗ്ഗതാ ആസീത് – വിട്ടകന്നുപോയി; ഹൃദ്യ വിദ്യാ – മനോഹരമായ ജ്ഞാനം; ഹൃദ്ഗതാ – ഹൃദയത്തി‍ല്‍ പ്രവേശിച്ചുകഴിഞ്ഞു; ശ്രീകരം – ഐശ്വര്‍യ്യത്തെ നല്‍ക്കുന്നതും; മുക്തേഃ ഭാജനം – മുക്തിക്ക് ഇരിപ്പിടവുമായ; ത്വത് പദാബ്ജം – നിന്തിരുവടിയുടെ തൃപ്പാദപദ്മത്തെ; ഭാവേ നിത്യം സേവേ – മനസ്സി‍ല്‍ എപ്പോഴും സേവിച്ചുകൊള്ളുന്നു.

ഹേ രാജമൗലേ! ആദ്യമുണ്ടായിരുന്ന അജ്ഞാനം അടിയോടെ വിട്ടകന്നുകഴിഞ്ഞു. നിതാന്തസുന്ദരവും അതിനിര്‍മ്മലവുമായ ജ്ഞാനം ഹൃദയത്തില്‍ പ്രവേശിച്ചുകഴിഞ്ഞു; ഐശ്വര്‍യ്യപ്രദവും മോക്ഷത്തിന്നു നിദാനവുമായ നിന്തിരുവടിയുടെ തൃച്ചേവടികളെ സേവിച്ചുകൊള്ളുന്നു.

ദൂരീകൃതാനി ദുരിതാനി ദുരക്ഷരാണി
ദൌ‍ഭാഗ്യദുഃഖദുരഹംകൃതിദുര്‍വച‍ാംസി |
സാരം ത്വദീയചരിതം നിതര‍ാം പിബന്തം
ഗൌരീശ മാമിഹ സമുദ്ധര സത്കടാക്ഷൈഃ || 92 ||

ഗൗരീശ! ദുരക്ഷരാണി ഉമാവല്ലഭ! – ദുരക്ഷരങ്ങള്‍കൊണ്ടു സൂചിപ്പിക്കപ്പെട്ടിരിക്കുന്നതായും; ദുരിതാനി – ദുരിതങ്ങളാ‍ല്‍ വന്നു ചേര്‍ന്നിരിക്കുന്നവയുമായ; ദൗര്‍ഭാഗ്യദുഃഖദുരഹംകൃതിദിര്‍വച‍ാംസി – ദൗര്‍ഭാഗ്യം, ദുഃഖം, ദുരഹങ്കാരം, ദുര്‍ഭാഷണം എന്നിവയെല്ല‍ാം; ദൂരികൃതാനി – നീക്കംചെയ്യപ്പെട്ടിരിക്കുന്നു; സാരം – അതിശ്രേഷ്ഠമായിരിക്കുന്ന; ത്വദീയചരിതം – അങ്ങയുടെ ചരിതാമൃതത്തെ; നിതര‍ാം പിബന്തം – ഇടവിടാതെ പഠനംചെയ്തുകൊണ്ടിരിക്കുന്ന; മ‍ാം ഇഹ – എന്നെ ഈ ജന്മത്തില്‍തന്നെ; സത്കടാക്ഷൈഃ – കരുണാകടാക്ഷങ്ങള്‍കൊണ്ട്; സമുദ്ധര – കരകയറ്റിയാലും.

ഹേ ദേവ! ബ്രഹ്മാവിനാല്‍ എഴുതപ്പെട്ടിരിക്കുന്നവയും ദുരിതഫലമായി വന്നുചേര്‍ന്നിരിക്കുന്നവയുമായ ദൗര്‍ഭാഗ്യം, വ്യസനം, അഹങ്കാരം, ദുര്‍ഭഷണം എന്നിവയെല്ല‍ാം നീങ്ങിപ്പോയിരിക്കുന്നു; അത്യുത്തമമായ അങ്ങയുടെ ചരിതാമൃതത്തെ അനുനിമിഷവും പാനംചെയ്തുകൊണ്ടിരിക്കുന്ന എന്നെ കരുണയോടെ കടാക്ഷിച്ചരുളിയാലും.

സോമകലാധരമൌലൌ
കോമളഘനകന്ധരേ മഹാമഹസി |
സ്വാമിനി ഗിരിജാനാഥേ
മാമകഹൃദയം നിരന്തരം രമത‍ാം || 93 ||

സോമകലാധരമൌലൌ – മൗലിയി‍ല്‍ ചന്ദ്രക്കല ചാര്‍ത്തിയവനും; കോമളഘനകന്ധരേ – കാര്‍മുകില്‍പോലെ കമനീയമായ കഴുത്തോടുകൂടിയവനും; മഹാമഹസി – അതിതേജസ്വിയുമായ; ഗിരിജാനാഥേ – പാര്‍വ്വതി പതിയായ സ്വാമിനി ദേവനി‍ല്‍ ; മാമകഹൃദയം – എന്റെ മനസ്സ്; നിരന്തരം രമത‍ാം – ഇടവിടാതെ രമിക്കട്ടെ.

മൗലിയില്‍ ചന്ദ്രകലയണിഞ്ഞവനും നീലകണ്ഠനും തേജോനിധിയുമായ പാര്‍വ്വതീപതിയില്‍ എന്റെ ഹൃദയം എല്ലായ്പോഴും രമിക്കട്ടെ.

സാ രസനാ തേ നയനേ
താവേവ കരൌ സ ഏവ കൃതകൃത്യഃ |
യാ യേ യൌ യോ ഭര്‍ഗ്ഗം
വദതീക്ഷേതേ സദാര്‍ച്ചതഃ സ്മരതി || 94 ||

യാ – യാതൊരു നാവ്; സദാ – എല്ലായ്പോഴും; ഭര്‍ഗ്ഗം വദതി – പരമശിവനെ സ്തുതിക്കുന്നുവോ; സാ – അതുതന്നെയാണ്; രസനാ നാവ്; യേ ഈക്ഷേതേ – യാതൊരു കണ്ണുകള്‍ ദര്‍ശിക്കുന്നുവോ; തേ നയനേ – അവതന്നെയാണ് കണ്ണുകള്‍ ; യൗ അര്‍ച്ചതഃ – യാതൊരു കൈക‍ള്‍ പൂജിക്കുന്നുവോ; തൗ ഏവ കരൗ – അവതന്നെയാണ് കൈക‍ള്‍ ‍; യഃ സ്മരതി – യാതൊരുവന്‍ സ്മരിക്കുന്നുവോച സഃ ഏവ – അവ‍ന്‍ തന്നെയാണ്; കൃതകൃത്യഃ – കൃതകൃത്യതയെ പ്രാപിച്ചവ‍ന്‍‍ .

ഭഗവനേ സ്ത്രോത്രംചെയ്യുന്ന രസനയും ഭഗവദ്ദര്‍ശനം ചെയ്യുന്ന നേത്രങ്ങളും പൂജിക്കുന്ന ധ്യാനിക്കുന്ന ദേഹവും ആണ് കൃതകൃത്യതയെ പ്രാപിക്കുന്നത്.

അതിമൃദുലൌ മമ ചരണാ-
വതികഠിനം തേ മനോ ഭവാനീശ |
ഇതി വിചികിത്സ‍ാം സംത്യജ
ശിവ കഥമാസീദ്ഗിരൌ തഥാ പ്രവേശഃ || 95 ||

ഭവാനീശ! – ഭവാനീപതേ!; മമ ചരണൗ – എന്റെ കാലിണക‍ള്‍ ; അതിമൃദുലൗ – മാര്‍ദ്ദവമേറിയവ; തേ മനഃ – അതികഠിനം നിന്റെ മനസ്സ് ഏറ്റവും കഠിനമായത് ഇതി; വിചികിത്സ‍ാം – എന്നുള്ള സംശയത്തെ; സന്ത്യജ – വിട്ടൊഴിച്ചാലും ശിവ! ദേവ!; ഗിരൗ തഥാ വേശഃ – പര്‍വ്വതത്തി‍ല്‍ അപ്രകാരമുള്ള; സഞ്ചാരം കഥം ആസീത് ? – എങ്ങിനെ സംഭവിച്ചു?

ഹേ ദേവ! നിന്തിരുവടിയുടെ അതിമൃദുലമായ കാല്‍കൊണ്ട് കാഠിന്യമേറിയ എന്റെ ഹൃദയത്തില്‍ സഞ്ചരിക്കുന്നതെങ്ങിനെ എന്ന വിചാരമുണ്ടായിരിക്ക‍ാം. പര്‍വ്വതസഞ്ചാരിയായ ഭവാന്ന് അങ്ങിനെ ഒരു വിചാരമേ ആവശ്യമുള്ളതായി കാണപ്പെടുന്നില്ല.

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).