അമൃതാനന്ദമയി അമ്മ

സ്നേഹം എവിടെ നിന്ന് തുടങ്ങണം? പലപ്പോഴും നമ്മെ കുഴയ്ക്കുന്ന ചോദ്യമാണ് ഇത്. ഭാര്യ കല്യാണം കഴിച്ചത് ഭര്‍ത്താവിന്റെ‍ സ്നേഹം കിട്ടാനാണ്. ഭര്‍ത്താവ് കല്യാണം കഴിച്ചത് ഭാര്യയുടെ സ്നേഹം കിട്ടാനാണ്. രണ്ട് യാചകന്മാര്‍ ഒന്നിച്ചുകൂടിയിരിക്കുകയാണ്. സ്നേഹത്തിന് യാചിക്കുന്ന ഈ ഭാര്യാഭര്‍ത്താക്കന്മാര്‍ ജ്ഞാനികളല്ല. പരസ്പരം ഹൃദയവും അറിയില്ല. സ്നേഹം പ്രകടിപ്പിക്കുകയുമില്ല. കല്ലിനുള്ളിലെ തേന്‍കൊണ്ട് ആര്‍ക്കാണ് പ്രയോജനം? അതുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുകതന്നെ വേണം.

അതുപോലെ കുഞ്ഞുങ്ങളോട് സ്നേഹം പങ്കുവയ്ക്കണം. നാം അവര്‍ക്ക് കാറും ബൈക്കും വാങ്ങിച്ചുകൊടുത്താലും വലിയ പഠിപ്പും പണവുമൊക്കെ സമ്പാദിച്ചുകൊടുത്താലും ഒരു കാര്യം ഓര്‍മ്മിക്കണം. നാം അവര്‍ക്ക് മൂല്യങ്ങളും സ്നേഹവും കൊടുക്കാന്‍ മറക്കറുത്. ഇല്ലെങ്കില്‍ അവരും സ്നേഹം ആസ്വദിക്കാനും നല്കാനുമുള്ള ശക്തി ഇല്ലാത്തവരായിത്തീരും. പെട്രോള്‍ മാത്രം ഉണ്ടെങ്കില്‍ കാര്‍ സ്റ്റാര്‍ട്ടാവില്ല. ബാറ്ററിയും വേണം. ബാല്യത്തില്‍ നാം അവര്‍ക്കു നല്കുന്ന മൂല്യങ്ങളാണ് അവരുടെ ജീവിതത്തിന്റെ‍ വികാസത്തിന് ഉതകുന്നത്.

വിദേശരാജ്യങ്ങളില്‍ കൂടുതല്‍ മാനസികരോഗികളെ അമ്മ കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം ഒത്തിരി ധനവുമുണ്ട്. ഭൗതിക ആഗ്രഹങ്ങളില്‍ മാത്രം നീങ്ങി അവരുടെ മനസ്സിന്റെ‍ മൂല്യങ്ങള്‍ കുറഞ്ഞിരിക്കുന്നു. ഇന്നവര്‍ മൂല്യങ്ങളുടേയും തത്വങ്ങളുടേയും ആവശ്യം മനസ്സിലാക്കി വരുന്നുണ്ട്. എന്നാല്‍ നമ്മളോ? എങ്ങോട്ടാണ് നമ്മള്‍ തിരക്കിട്ട് പോകുന്നത്. ഒന്നും വേണ്ട എന്നല്ലേ അമ്മ പറയുന്നത്. തത്വം മനസ്സിലാക്കി മക്കള്‍ മുന്നോട്ട് പോകുക. തീര്‍ച്ചയായും നമുക്ക് വിജയിക്കാന്‍ സാധിക്കും.

അമ്മേ, കല്യാണം കഴിച്ചാല്‍ അല്ലേ പൂര്‍ണ്ണരാവുകയുള്ളൂ? എന്ന് പലരും ചോദിക്കാറുണ്ട്. ശരിയാണ്. പണ്ട് ഗൃഹസ്ഥാശ്രമികള്‍ തന്നെ ആയിരുന്നു ഗുരുക്കന്മാര്‍. പക്ഷേ, തത്വമറിഞ്ഞാണവര്‍ പോയിരുന്നത്. അന്ന് അവര്‍ പൂര്‍ണ്ണതയിലേക്കായിരുന്നു പോയിക്കൊണ്ടിരുന്നത്. പക്ഷേ ഇന്നാര്‍ക്കും ആ തത്വമറിയില്ല. ഇപ്പോള്‍ പൂര്‍ണ്ണതയില്‍ നിന്നെങ്ങോട്ടാണ് തിരിയുന്നത്.

ആധ്യാത്മികവും ഭൗതികവും രണ്ടല്ല. തിരയില്‍ നീന്തിപഠിച്ചവന്‍ സമുദ്രത്തിലെ തിര ആസ്വദിക്കുകയാണ്. അല്ലാത്തവന്‍ തളരുന്നു. ഭൗതിക ജീവിതത്തില്‍ തളരാതെയിരിക്കുവാനാണ് ആധ്യാത്മികം പഠിപ്പിക്കുന്നത്.

ഒരു യന്ത്രം വാങ്ങിയാല്‍ അത് എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്ന് അതിന്റെ‍ പുസ്തകത്തില്‍ ഉണ്ടാകും. ഇതുപോലെയാണ് ആധ്യാത്മികവും. നമ്മുടെ ജീവിതം എങ്ങനെ കൊണ്ടുപോകണം എന്നുള്ള തത്വം നമ്മള്‍ മനസ്സിലാക്കിയിരിക്കണം.

രണ്ടു കണ്ണുണ്ടെങ്കിലും നമുക്ക് കാഴ്ച ഒന്നാണ്. രണ്ടു ചുണ്ടുകള്‍ ചേരുമ്പോള്‍ പുറത്തുവരുന്ന ശ്ബ്ദം ഒന്നാണ്. രണ്ടു വിളക്കുകള്‍ കത്തിച്ചുവച്ചാല്‍ രണ്ടില്‍നിന്നും വരുന്നത് പ്രകാശം തന്നെയാണ്. അതുപോലെ ഭാര്യയും ഭര്‍ത്താവും രണ്ട് ശരീരമാണെങ്കിലും ഒരാത്മാവിന്റെ‍ ഭിന്നമുഖങ്ങളാണ്. ശിവനും ശക്തിയും പുരാണത്തില്‍ രണ്ടാണെങ്കിലും ശാസ്ത്ര ദൃഷ്ടിയില്‍ ഒന്നാണ്. ഹൃദയത്തിന്റെ‍ ചേര്‍ച്ചയാണ് കുടുംബത്തിന്റെ‍ സൗന്ദര്യവും ഭദ്രതയും. കല്യാണം കഴിക്കുന്നത് കുറവുകള്‍ പരിഹരിക്കാനാണ്. അല്ലാതെ മത്സരിച്ചു ഭരിക്കാനല്ല എന്ന് ഓര്‍മ്മിക്കണം. നമ്മുടെ ഓരോ ഭാവത്തിനും അതിന്റേതായ തരംഗങ്ങള്‍ ഉണ്ടാകും. അതനുസരിച്ചുള്ള ഫലവും ഉണ്ടാകും. ചിരിക്കുമ്പോഴുള്ള തരംഗമല്ല, കോപിക്കുമ്പോള്‍ ഉണ്ടാകുന്നത്. ദേഷ്യം രണ്ടുവശവും മൂര്‍ച്ചയുള്ള പിടിയില്ലാത്ത കത്തിപോലെയാണ്. അത് ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും അപകടം വരുത്തിത്തീര്‍ക്കും. ഇങ്ങനെയുള്ള ദുസ്വഭാവങ്ങളെ നമ്മള്‍ സ്വയം മറക്കാന്‍ പഠിക്കണം. ദേഷ്യത്തിന്റെ‍ തരംഗങ്ങള്‍ നമ്മില്‍നിന്ന് മാറിനില്‍ക്കട്ടെ. ഒരമ്മ കുഞ്ഞിനോട് കാണിക്കുന്ന വാത്സല്യത്തിന്റെ‍ തരംഗമല്ല, കാമത്തിനുള്ളത്. സ്നേഹത്തിന്റെ‍ തരംഗം വ്യത്യസ്തമായിരിക്കും. മക്കളുടെ ഓരോവാക്കിലും നോട്ടത്തിലും പ്രവൃത്തിയിലും സ്നേഹം നിറയട്ടെ. പ്രേമം നിറയട്ടെ. മക്കള്‍ ലോകത്തിന്റെ‍ പ്രകാശ ദീപമായിത്തീരട്ടെ.

കടപ്പാട്: മാതൃഭുമി