സ്വാമി വിവേകാനന്ദന്‍

യോഗസൂത്രങ്ങളിലേക്കു പ്രവേശിക്കുംമുമ്പ്, യോഗദര്‍ശന സിദ്ധാന്തത്തിനാകമാനം അടിസ്ഥാനമായ ഒരു വലിയ പ്രശ്‌നത്തെപ്പറ്റി നിരൂപണം ചെയ്യാന്‍ ശ്രമിക്കാം. നാം നമ്മുടെ ഇപ്പോഴത്തെ സാപേക്ഷാവസ്ഥയ്ക്കു മുമ്പുള്ള ഒരു നിരപേക്ഷാവസ്ഥയില്‍(കേവല ഭാവത്തില്‍)നിന്ന് ആവിര്‍ഭവിച്ചിട്ടുള്ളവരാണെന്നും വീണ്ടും ആ കേവലഭാവത്തിലെത്താന്‍ പ്രയാണം ചെയ്യുകയാണെന്നുമുള്ള സംഗതിയില്‍ ലോകത്തിലെ മഹാമതികളേവരും ഏകാഭിപ്രായക്കാരാണെന്നു തോന്നുന്നു. സ്ഥൂലപ്രകൃതിവിഷയകമായ ഗവേഷണങ്ങളാലും ഈ വസ്തുത മിക്കവാറും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതു സമ്മതിക്കുമ്പോള്‍ ആ കേവലാവസ്ഥയോ ഈ (പ്രപഞ്ച)സ്ഥിതിയോ ഏതാണു കൂടുതല്‍ അഭികാമ്യം എന്നൊരു പ്രശ്‌നമുദിക്കുന്നു. ഈ പ്രപഞ്ചാവസ്ഥയാണു മനുഷ്യന്റെ പരമപദമെന്നു വിചാരിക്കുന്നവര്‍ ഇല്ലാതില്ല. അവിഭക്തമായ ഒരു സത്തയുടെ വിഭക്തഭാവ ങ്ങളാണു നാമെന്നും ഈ വിഭക്താവസ്ഥയാണ് ആ കേവലാ (അവിഭക്താ)വസ്ഥയെക്കാള്‍ ഉയര്‍ന്നതെന്നും അതിപ്രൗഢ ചിന്തകന്മാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ‘കേവലാവസ്ഥ കേവലം ഗുണവിയുക്തമായിരിക്കാനേ തരമുള്ളു. അതു വികാരരഹിതവും ജഡവും നിര്‍ജ്ജീവവുമായിരിക്കാനേ വഴിയുള്ളു. നമ്മുടെ ഈ ജീവിതാവസ്ഥയില്‍ മാത്രമേ സുഖാനുഭവത്തിനു കഴിവുള്ളു. അതിനാല്‍ അതിനെത്തന്നെ മുറുകെപ്പിടിക്കണം’ എന്നെല്ലാമാണ് അവര്‍ വിചാരിക്കുന്നത്.

ഇവിടെ ഒന്നാമതായി ജീവിതപ്രശ്‌നത്തിന്നുണ്ടായിട്ടുള്ള മറ്റു സമാധാനങ്ങളെപ്പറ്റി ഒരന്വേഷണം നടത്തേണ്ടിയിരിക്കുന്നു; മനുഷ്യന്‍ മരണാനന്തരവും യഥാപൂര്‍വ്വം വര്‍ത്തിക്കുന്നുവെന്നും, എന്നാല്‍ ദോഷാംശങ്ങളെല്ലാം നീങ്ങി ഗുണാംശങ്ങള്‍ മാത്രം എന്നേക്കും നിലനില്ക്കുമെന്നും മറ്റുമാണു പണ്ടേയുള്ള ഒരഭിപ്രായഗതി. യുക്തിദൃഷ്ട്യാ നോക്കുമ്പോള്‍ ഇതിനു വന്നുകൂടുന്ന അര്‍ത്ഥം, ഐഹികസുഖാനുഭവംതന്നെയാണു മനുഷ്യജീവിതലക്ഷ്യമെന്നത്രേ. ഈ ലോകത്തിലെ ദോഷാംശങ്ങളെല്ലാം നീക്കി അതിനെ ഒരു പടികൂടി ഉയര്‍ത്തിവെച്ചിട്ടുള്ളതാകുന്നു അവരുടെ ഭാവനയിലെ സ്വര്‍ഗ്ഗലോകം. ഈ വാദം പ്രത്യക്ഷത്തില്‍ത്തന്നെ അസംബന്ധവും ബാലിശവുമാണ്: എന്തെന്നാല്‍ അങ്ങനെയൊരവസ്ഥ സംഭാവ്യമേയല്ല. ദോഷമില്ലാതെ ഗുണമോ, ഗുണമില്ലാതെ ദോഷമോ ഉണ്ടാവുന്നതല്ല, ദോഷഹീനവും ഗുണസമ്പൂര്‍ണ്ണവുമായ ഒരു ലോകത്തില്‍ ജീവിക്കുക എന്നത് സംസ്‌കൃതനൈയായികന്മാരുടെ ഭാഷയില്‍ ‘ഗന്ധര്‍വ്വനഗര’മാണ്. ഇനി പല ആധുനിക ചിന്താഗതിക്കാരും ഉന്നയിച്ചിട്ടുള്ള വേറൊരു വാദമുണ്ട്: നിരന്തരം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുക, ലക്ഷ്യാഭിമുഖമായി സദാ പ്രയത്‌നം തുടരുക, എന്നാല്‍ ഒരിക്കലും ലക്ഷ്യത്തില്‍ എത്താതിരിക്കയും-ഇതാണു മനുഷ്യന്റെ ഗതി എന്ന്. ആപാദമധുരമെങ്കിലും ഈ അഭിപ്രായവും അസംബ ന്ധംതന്നെയാണ്: എന്തെന്നാല്‍, ഋജുരേഖയില്‍ക്കൂടി പുരോഗതി എന്നൊന്നില്ല. എല്ലാ (പുരോ)ഗതിയും ചക്രരൂപമാണ്. നിങ്ങള്‍ ആകാശത്തേക്കെറിഞ്ഞ ഒരു കല്ല് അപ്രതിബന്ധമായി പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നു വിചാരിക്കുക: നിങ്ങള്‍ വേണ്ടത്ര കാലം ജീവിച്ചിരിക്കുന്നപക്ഷം ആ കല്ലു ശരിക്കും നിങ്ങളുടെ കൈയില്‍ത്തന്നെ തിരിച്ചുവരും. ഒരു ഋജുരേഖയെ അന്തമില്ലാതെ നീട്ടിയാല്‍ അതൊരു വൃത്തത്തില്‍ അവസാനിക്കണം. അങ്ങനെയിരിക്കെ മനുഷ്യന്റെ ഭാഗധേയം അവിരാമം, ഉത്തരോത്തരം, മുന്നേറുകയാണെന്ന ആശയം അസംബന്ധംതന്നെ, ഇവിടെ ഒരു കാര്യം, വിഷയസാംഗത്യമില്ലെങ്കിലും, പറഞ്ഞുകൊള്ളട്ടെ: ആരെയും ദ്വേഷിക്കരുത്, സ്നേഹിക്കുകയാണു വേണ്ടത് എന്നുള്ള ധര്‍മ്മാനുശാസനത്തിന്റെ നിദാനം ഈ ആശയത്തിലടങ്ങിയിരിക്കുന്നു. എങ്ങനെയെന്നാല്‍, വിദ്യുച്ഛക്തിയുടെ കാര്യത്തില്‍, ആധുനികസിദ്ധാന്തപ്രകാരം വൈദ്യുതകൂടത്തില്‍ ആടല്ലഛേര്‍െഇ നിന്നു പ്രവൃത്തമാകുന്ന ശക്തി ഒരു പരിവൃത്തി കഴിച്ചു വൈദ്യുതകൂടത്തിലേക്കു മടങ്ങുന്നതെങ്ങനെയോ, അതു പോലെതന്നെയാകുന്നു രാഗദ്വേഷങ്ങളുടെയും കഥ: അവ ഉളവായിടത്തു മടങ്ങിവന്നേ തീരൂ. അതിനാല്‍ ആരെയും ദ്വേഷിക്കരുത്: കാരണം നിങ്ങളില്‍നിന്നു പുറപ്പെടുന്ന ദ്വേഷം കാലാന്തരത്തില്‍ നിങ്ങളിലേക്കു മടങ്ങി വരാന്‍ നിര്‍ബദ്ധമാണ്. നിങ്ങള്‍ സ്നേഹിക്കുകയാണെങ്കില്‍ ആ സ്നേഹവും വട്ടമെത്തി നിങ്ങളില്‍ വന്നു ചേരും. മനുഷ്യഹൃദയത്തില്‍നിന്നു പുറപ്പെടുന്ന ഓരോ വിദ്വേഷ ശകലവും അതേ ഊക്കോടുകൂടി അവനില്‍ തിരിച്ചെത്തുമെന്നുള്ളതും അതിനെ തടുക്കാന്‍ യാതൊന്നിനും ശക്തിയില്ലെന്നുള്ളതും എത്രയും സുനിശ്ചിതമായ വസ്തുതയാണ്. അതുപോലെതന്നെ ഓരോ സ്നേഹപ്രസരവും അവനവനിലേക്കുതന്നെ മടങ്ങിവരുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 238-239]