യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 164 [ഭാഗം 4. സ്ഥിതി പ്രകരണം]

മയി സര്‍വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ
ചിത്തം തു നാഹമേവേതി യ: പശ്യതി സ പശ്യതി(4/22/31)

വസിഷ്ഠന്‍ തുടര്‍ന്നു: ശരീരത്തെ ഭ്രമാത്മകമായ ഒരു ധാരണയുടെ സന്താനവും ദൗര്‍ഭാഗ്യങ്ങളുടെ ശ്രോതസ്സും മത്രമാണെന്നു തിരിച്ചറിയുന്നവന്‍ സത്യദര്‍ശിയാണ്‌. ശരീരമല്ല ആത്മാവെന്ന തിരിച്ചറിവും അയാള്‍ ക്കുണ്ടല്ലോ. ഈ ശരീരത്തില്‍ ഉളവാകുന്ന സുഖവും ദു:ഖവും സമയനിബദ്ധമായി, ചുറ്റുപാടുകള്‍ക്കധീനമായി സംഭവിക്കുന്നതാണെന്നും അവയ്ക്ക് താനുമായി സംഗമൊന്നുമില്ലെന്നും അറിഞ്ഞവന്‍ സത്യദര്‍ശിയാണ്‌. എല്ലായിടത്തും സംഭവിക്കുന്ന എല്ലാക്കാര്യവും സമഗ്രമായി ഉള്‍ക്കൊള്ളുന്ന സര്‍വ്വവ്യാപിയായ അന്താവബോധമാണ്‌ താനെന്നറിഞ്ഞവനും സത്യദര്‍ശിയത്രേ. മുടിനാരിഴയുടെ കോടിയിലൊരംശത്തോളം സൂക്ഷ്മമായ അത്മാവിന്റെ സര്‍വ്വവ്യാപിത്വം തിരിച്ചറിഞ്ഞവനും സത്യമറിഞ്ഞവനാണ്‌.

സ്വാത്മാവും മറ്റുള്ളവയും തമ്മില്‍ അന്തരമേതുമില്ലെന്ന് തിരിച്ചറിയുകയും ഉണ്മയായുള്ളത് അനന്തമായ അവബോധത്തിന്റെ പ്രഭയൊന്നുമാത്രമാണെന്നുറപ്പിക്കുകയും ചെയ്തവന്‍ സത്യദര്‍ശിയാണ്‌. എല്ലാ ജീവ നിര്‍ജ്ജീവ ജാലങ്ങളിലും സര്‍വ്വാന്തര്യാമിയായി, സര്‍വ്വവ്യാപിയായി, സര്‍വ്വശക്തനായി വര്‍ത്തിക്കുന്നത് അദ്വൈതമായ അനന്താവബോധം മാത്രമാണെന്നറിഞ്ഞവന്‍ സത്യദര്‍ശി. രോഗപീഢകള്‍, ഭയം, വിക്ഷോഭങ്ങള്‍, വാര്‍ദ്ധക്യം, മരണം എന്നിവയാല്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ശരീരമാണു താനെന്ന മോഹവിഭ്രമത്തിനടിപ്പെടാത്തവന്‍ സത്യദര്‍ശി തന്നെ. “ഞാന്‍ മനസ്സല്ല എന്ന തിരിച്ചറിവോടെ സര്‍വ്വവും ഒരു മാലയുടെ ചരടില്‍ കോര്‍ത്ത മുത്തുമണികള്‍പോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നറിഞ്ഞവന്‍ സത്യമറിയുന്നു.”

ഞാനോ, നീയോ പരമസത്യമല്ലെന്നും സര്‍വ്വവും ബ്രഹ്മമാണെന്നുമറിഞ്ഞവന്‍ സത്യദര്‍ശിയാകുന്നു. മൂന്നുലോകത്തിലെ സര്‍വ്വ ജീവജാലങ്ങളും തന്റെ കുടുംബാംഗങ്ങളാണെന്നും അവര്‍ക്കെല്ലാം വേണ്ട സേവനങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും അവയ്ക്കെല്ലാം തന്റെ അനുകമ്പയ്ക്കും സംരക്ഷണത്തിനും അര്‍ഹതയുണ്ടെന്നും അറിഞ്ഞവന്‍ സത്യമറിഞ്ഞവനത്രേ. അത്മാവുമാത്രമേ ഉണ്മയായുള്ളു എന്നും വസ്തു-വിഷയങ്ങള്‍ അയാഥാര്‍ത്ഥ്യമാണെന്നും അവനറിയാം. സുഖം, ദു:ഖം, ജനനം, മരണം എന്നിവയെല്ലാം ആത്മാവു തന്നെയെന്നും അവനറിയുന്നതുകൊണ്ട് ഈ അവസ്ഥകള്‍ അവനെ ബാധിക്കുന്നില്ല. “ഞാനടക്കം ഈ കാണുന്നതെല്ലാം ആത്മാവു മാത്രമാകയാല്‍ ഞാന്‍ എന്തു സമ്പാദിക്കാനാണ്‌? ഞാന്‍ എന്തു ത്യജിക്കുവാനാണ്‌?” എന്ന തോന്നലുള്ളവന്‍ സത്യത്തില്‍ ഉറച്ചിരിക്കുന്നു. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ എന്ന പ്രകടമായ മാറ്റങ്ങളിലെല്ലാം മാറ്റമില്ലാതെ അചഞ്ചലമായി നിലകൊള്ളുന്ന ബ്രഹ്മമാണ്‌ വിശ്വത്തിനടിസ്ഥാനമെന്ന അറിവു സാക്ഷാത്കരിച്ചവര്‍ക്കെല്ലാം നമസ്കാരം.