ഇതി ഗോപ്യഃ പ്രഗായന്ത്യഃ പ്രലപന്ത്യശ്ച ചിത്രധാ
രുരുദുഃ സുസ്വരം രാജന്‍ കൃഷ്ണദര്‍ശന ലാലസാഃ (10-32-1)
താസാമാവിരഭൂച്ഛൗരിഃ സ്മയമാനമുഖാംബുജഃ
പീതാംബരധരഃ സ്രഗ്വീ സാക്ഷാന്മന്മഥമന്മഥഃ (10-32-2)
തം കാചിന്നേത്രരന്ധ്രേണ ഹൃദികൃത്യ നിമീല്യച
പുളകാംഗ്യുപ ഗുഹ്യാസ്തേ യോഗീവാനന്ദസംപ്ലുതാ (10-32-8)
നാഹം തു സഖ്യോ ഭജതോഽപി ജന്തൂന്‍ ഭജാമ്യമീഷാമനുവൃത്തിവൃത്തയേ
യഥാഽധനോ ലബ്ധധനേ വിനഷ്ടേ തച്ചിന്തയാന്യന്നിഭൃതോ ന വേദ (10-32-20)

ശുകമുനി തുടര്‍ന്നു:
അങ്ങനെ ഗോപികമാര്‍ ഭഗവാനെ കാണാനുളള അത്യാകാംക്ഷകൊണ്ട്‌ പരവശരായി ഭ്രാന്തുപിടിച്ചതുപോലെ പാടുകയും കരയുകയും ചെയ്തു. അവരുടെ ഇടയില്‍ പെട്ടെന്നു കൃഷ്ണന്‍ പ്രത്യക്ഷനായി. മഞ്ഞപ്പട്ടുടുത്ത്‌ മുഖതാവില്‍ പുഞ്ചിരിതൂകി സാക്ഷാല്‍ മന്മഥനെപ്പോലെ കൃഷ്ണന്‍ കാണപ്പെട്ടു. ഗോപികമാര്‍ സന്തോഷാധിക്യം കൊണ്ട്‌ സ്വയം മറന്ന് യാതൊരു സങ്കോചവുമില്ലാതെ അതു പ്രകടിപ്പിക്കുകയും ചെയ്തു. ഒരുവള്‍ കൃഷ്ണന്റെ പാദങ്ങള്‍ അമര്‍ത്തി. മറ്റൊരുവള്‍ കൃഷ്ണന്റെ കയ്യെടുത്ത്‌ തന്റെ തോളില്‍ വച്ചു. ഇനിയുമൊരു ഗോപിക കൃഷ്ണന്റെ കാലടി തന്റെ മാറിടത്തില്‍ വച്ചു. ഒരുവള്‍ കൃഷ്ണന്റെ മുഖത്തെ ഇമവെട്ടാതെ നോക്കി നിന്നു. മറ്റൊരുവള്‍ കൃഷ്ണന്റെ പാദങ്ങളെയും. ഒരു ഗോപിക കൃഷ്ണനെ തന്റെ കണ്ണുകളിലൂടെ അകത്തു കയറ്റി ഉടനെ കണ്ണടച്ചു. അത്യാഹ്ലാദമൂര്‍ച്ഛയില്‍ രോമാഞ്ചത്തോടെ അവള്‍ ഹൃദയത്തില്‍ കൃഷ്ണനെ ആലിംഗനം ചെയ്തു. അവള്‍ ഒരു യോഗിവര്യനേപ്പോലെ ആസനസ്ഥയായി. അവരുടെയെല്ലാം പ്രാണസങ്കടം പൊയ്പ്പോയി.

കൃഷ്ണനവരെ യമുനാതീരത്തെ പഞ്ചാരമണല്‍തിട്ടയിലേക്ക്‌ നയിച്ചു. അവിടം പൂര്‍ണ്ണചന്ദ്രനാല്‍ പ്രശോഭിതമായിരുന്നു. അവരവിടെ തങ്ങളുടെ ഉത്തരീയങ്ങള്‍കൊണ്ട്‌ കൃഷ്ണനിരിക്കാനിടമൊരുക്കി. നിലാവില്‍ ഗോപികമാരാല്‍ ചുറ്റപ്പെട്ടിരിക്കുന്ന കൃഷ്ണന്‍ അലൗകികമായൊരു കാഴ്ച തന്നെ ആയിരുന്നു. കൃഷ്ണനു സമീപത്തിരുന്ന സുന്ദരിയായ ഒരു ഗോപിക ചോദിച്ചു: ‘ചിലര്‍ തങ്ങളെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കുന്നു. മറ്റുചിലരാകട്ടെ സ്നേഹിക്കാത്തവരെക്കൂടി സ്നേഹിക്കുന്നു. ഇനിയും ചിലര്‍ തങ്ങളെ സ്നേഹിക്കുന്നുവരെക്കൂടി സ്നേഹിക്കുന്നില്ല. എന്താണിതിനു കാരണമെന്ന് പറയാമോ?’

കൃഷ്ണന്‍ പറഞ്ഞു:
സുഹൃത്തുക്കള്‍ പരസ്പരം സ്നേഹിക്കുന്നത്‌ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ കൊണ്ടത്രേ. മറ്റു ചിലര്‍ തിരിച്ചു കിട്ടുമോ എന്ന്‌ നോക്കാതെ സ്നേഹിക്കുന്നത്‌ കര്‍ത്തവ്യബോധം കൊണ്ടും സൗഹൃദബോധം കൊണ്ടുമത്രേ. അഛനമ്മമാരുടെ സ്നേഹം അങ്ങനെയാണ്‌. അത്‌ കുറ്റമറ്റതത്രേ. തന്നെ സ്നേഹിക്കുന്നുവരെപ്പോലും സ്നേഹിക്കാത്തവര്‍ ഒന്നുകില്‍ ആത്മാരാമന്മാരായ മഹര്‍ഷിമാരോ നന്ദിയില്ലാത്തവരോ മുതിര്‍ന്നവരേയും നന്മചെയ്യുന്നുവരേയും വെറുക്കുന്നുവരോ ആണ്‌. ഞാനാകട്ടെ എന്നെ സ്നേഹിക്കുന്നുവരെപ്പോലും സ്നേഹിക്കുന്നില്ല. കാരണം അവര്‍ അങ്ങനെ എന്നെ മറക്കാനിടവരികയോ എന്നെ കിട്ടുക ക്ഷിപ്രസാദ്ധ്യമെന്നു നിനയ്ക്കുകയോ ചെയ്യുകയില്ല. അവര്‍ എന്നിലേയ്ക്കു വരാനുളള ശ്രമത്തില്‍ മുഴുകിയിരിക്കുമല്ലോ. പാവപ്പെട്ട ഒരുവന്‌ വിലപിടിച്ചൊരു മുത്തു കിട്ടി അത്‌ നഷ്ടമായാല്‍ പിന്നീടതു തേടി നടക്കുംപോലെ എന്നെത്തേടി അവരെപ്പോഴും നടക്കുന്നു. ഈ കാരണത്താലാണ്‌ ഞാന്‍ നിങ്ങള്‍ക്കിടയില്‍ നിന്നും അപ്രത്യക്ഷനായത്‌. പക്ഷേ ഞാനിപ്പോള്‍ പറയുന്നു. ഞാന്‍ പലേ യുഗങ്ങളിലും എത്രമാത്രം ജന്മമെടുത്താലും നിങ്ങളുടെ നിര്‍മ്മലസ്നേഹത്തിനു പകരം നല്‍കാന്‍ എനിക്കു കഴിയുകയില്ല. നിങ്ങളോടുളള കടം വീട്ടുക അസാദ്ധ്യമത്രെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF