ഏവം പരിഷ്വംഗകരാഭിമര്‍ശസ്നിഗ്ദ്ധേക്ഷണോദ്ദാമവിലാസഹാസൈഃ
രേമേ രമേശോ വ്രജസുന്ദരീഭിര്‍ യഥാര്‍ഭകഃ സ്വപ്രതിബിംബവിഭ്രമഃ (10-33-17)
ധര്‍മ്മവ്യതിക്രമോ ദൃഷ്ട ഈശ്വരാണാം ച സാഹസം
തേജീയസാം ന ദോഷായ വഹ്നേഃ സര്‍വ്വ ഭുജോ യഥാ (10-33-30)
ഈശ്വരാണാം വചഃ സത്യം തഥൈവാചരിതം ക്വചിത്‌
തേഷാം യത്‌ സ്വവചോയുക്തം ബുദ്ധിമാംസ്തത്‌ സമാചരേത്‌ (10-33-32)

ശുകമുനി തുടര്‍ന്നു:
കൃഷ്ണന്റെ പ്രേമസുരഭിലമായ വാക്കുകള്‍ കേട്ട്‌ ഉല്ലാസത്തിമിര്‍പ്പോടെ ഗോപികമാര്‍ അവനു ചുറ്റും നിന്നു്‌ രാസനൃത്തം തുടങ്ങി. കൃഷ്ണന്‍ തന്റെ ദിവ്യശക്തിയാല്‍ ഓരോ ജോടി ഗോപികമാര്‍ക്കിടയിലും കാണപ്പെട്ടു. നൃത്തം തുടങ്ങി. വിണ്ണവര്‍ ഈ അപൂര്‍വ്വ ദൃശ്യം കാണാന്‍ തിക്കിത്തിരക്കി ആകാശം നിറഞ്ഞു. കൃഷ്ണനും ഗോപികമാരും ആടിയുലഞ്ഞു നൃത്തമാടി. അവരുടെ ശരീരങ്ങള്‍ അങ്ങുമിങ്ങും ആടി. ചുറ്റിത്തിരിഞ്ഞ് ചാടിയുലഞ്ഞ് അവരുടെ വസ്ത്രങ്ങളും ഉത്തരീയങ്ങളും കുറുനിരകളും കാറ്റില്‍ പറന്നുകളിച്ചു. ഗോപികമാര്‍ കൃഷ്ണന്റെ കൂടെ ഗാനമാലപിച്ചു. ഓരോരുത്തരും ഒന്നിനൊന്നു മെച്ചമായി കൃഷ്ണനൊപ്പം രാസലീലയില്‍ പങ്കെടുത്തു. ഒരുവള്‍ തളര്‍ച്ചയോടെ കൃഷ്ണന്റെ തോളില്‍ പിടിച്ചു. മറ്റൊരുവള്‍ പ്രേമപൂര്‍വ്വം കൃഷ്ണന്റെ കയ്യില്‍ ചുംബനമേകി ആനന്ദാനുഭൂതിയിലാറാടി നിന്നു. മറ്റൊരു ഗോപിക അല്‍പം തളര്‍ന്നിരുന്നു. അവള്‍ കൃഷ്ണന്റെ കൈത്തലം തന്റെ മാറില്‍ ചേര്‍ത്തു വച്ചു. അങ്ങനെ കൃഷ്ണന്റെ കൈകള്‍ തങ്ങളുടെ കഴുത്തില്‍ ചുറ്റി അവര്‍ എല്ലാ രീതിയിലും ലീലയാടി. അവരെ തൊട്ടുപുല്‍കികൊണ്ട്‌ പുഞ്ചിരിതൂകി നോക്കിക്കൊണ്ട്‌ ഭഗവാന്‍ അവരുമായി രാസലീല തുടര്‍ന്നു. സ്വന്തം നിഴലിനെ നോക്കിക്കളിക്കുന്ന കുട്ടിയെപ്പോലെ അപ്പോള്‍ ഭഗവാന്‍ കാണപ്പെട്ടു. ആ സമയം ചന്ദ്രനും താരകളും മറ്റു ഗ്രഹങ്ങളും – നക്ഷത്രസഞ്ചയങ്ങള്‍ അപ്പാടെ നിശ്ചലമായി നിന്നുപോയി എന്നു പറയപ്പെടുന്നു. ഈ അതിശയദൃശ്യത്തെ – ഭഗവാന്റെ ലീലാവിലാസത്തെ – കണ്ട്, ഭഗവാന്‍ തന്റെ സ്വസത്തയില്‍ അഭിരമിക്കുന്നുതിനു സാക്ഷ്യം വഹിച്ച്‌, അവരങ്ങനെ നിന്നു. ഗോപികമാരാല്‍ ചുറ്റപ്പെട്ട കൃഷ്ണന്‍ നദീജലത്തിലേക്കിറങ്ങി. അവിടെ ഗോപികമാരുമായി കൃഷ്ണന്‍ ജലക്രീഡയിലാണ്ടു. പരസ്പരം വെളളം തട്ടിത്തെറിപ്പിച്ച്‌ അവര്‍ കളിക്കുന്നുതുകണ്ട്‌ സ്വര്‍ഗ്ഗവാസികള്‍ സന്തോഷിച്ചു. അതുകഴിഞ്ഞ്‌ കൃഷ്ണന്‍ നദീതീരത്തെ പൂന്തോപ്പുകളില്ലും പഴത്തോട്ടങ്ങളിലും ഗോപികമാരുമായി ഓടിക്കളിച്ചു രസിച്ചു.

പരീക്ഷിത്ത്‌ ചോദിച്ചു:
ധര്‍മ്മം കാത്തുസൂക്ഷിക്കാനായി കൃഷ്ണനായി അവതരിച്ച ഭഗവാന്‍ എന്തുകൊണ്ടാണ്‌ പരപുരുഷകളത്രങ്ങളുമായി ഇങ്ങനെ ലീലയാടാനിടവന്നത്‌?

ശുകമുനി പറഞ്ഞു:
ചിലപ്പോള്‍ മഹാത്മാക്കളുടെ പെരുമാറ്റത്തില്‍ ധര്‍മ്മച്യുതിയെന്നു തോന്നിയേക്കാവുന്ന ചിലതെല്ലാം കാണപ്പെട്ടുവെന്നിരിക്കാം. എന്നാല്‍ അവ മഹാത്മാക്കളെ കളങ്കപ്പെടുത്തുന്നില്ല തന്നെ. വിജ്ഞാനിയായ ഒരുവന്‍ ഈ മഹാത്മാക്കളുടെ ആചാരങ്ങളിലും പെരുമാറ്റങ്ങളിലും തനിക്കുചിതമായിട്ടുളളവയെ മാത്രമേ സ്വീകരിക്കുകയുളളു. മറ്റുളളവരുടെ കാഴ്ചക്ക്‌ വിധേയമായവയെ അവര്‍ സ്വാംശീകരിക്കുകയില്ല. സ്വേഛ കൂടാതെ യാദൃശ്ചികമായി അഹംഭാവത്തെ വെന്നവര്‍ ചെയ്യുന്ന ഏതൊരു കര്‍മ്മവും നിസ്വാര്‍ത്ഥമത്രെ. അത്തരം ചെയ്തികള്‍ക്ക്‌ സദാചാരനിയമങ്ങളും ശാസ്ത്രങ്ങളും ബാധകമല്ല. ഏറ്റവും കൊടിയ പാപിയെപ്പോലും നിര്‍മ്മലമാക്കാന്‍ അവിടുത്തെ പാദരേണുക്കള്‍ക്ക്‌ കഴിയുമ്പോള്‍ ഭഗവാന്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയിലും പാപത്തിന്റെ കറയുണ്ടാവുന്നതെങ്ങനെ? കൃഷ്ണന്‍ ഗോപികമാരുടെ അന്തര്യാമിയത്രെ. അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക്‌ അതുകൊണ്ട്‌ കൃഷ്ണനോട്‌ യാതൊരു വിരോധവും ഉണ്ടായിരുന്നില്ല. രാസലീല കഴിഞ്ഞ്‌ പ്രഭാതം വിടരുന്നതിനുമുന്‍പ്‌ മനസ്സില്ലാമനസ്സോടെ ഗോപികമാര്‍ വീടുകളിലേക്ക്‌ മടങ്ങി. കൃഷ്ണകഥയിലെ മഹത്തായ ഉപാഖ്യാനം കേള്‍ക്കുന്നുവന്‌ തീര്‍ച്ചയായും ആത്മനിയന്ത്രണവും കൃഷ്ണഭക്തിയുടെ അനുഗ്രഹവും ലഭ്യമത്രെ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF