ദശമസ്കന്ധം ആരംഭം

മൃത്യുര്‍ജ്ജന്‍മവതാം വീര ദേഹേന സഹ ജായതേ
അദ്യ വാബ്ദശതാന്തേ വാ മൃത്യുര്‍വൈ പ്രാണിനാം ധ്രുവഃ (10-1-38)
തസ്മാ, കസ്യചിദ്‌ ദ്രോഹമാചരേത്‌ സ തഥാവിധഃ
ആത്മനഃ ക്ഷേമമന്വിച്ഛന്‍ ദ്രോഗ്ദ്ധുര്‍വൈ പരതോ ഭയം (10-1-44)

ശുകമുനി തുടര്‍ന്നു:

രാക്ഷസന്മാരുടെ ഭരണം കൊണ്ട്‌ ഭാരം താങ്ങാനാവാതെ ഭൂമീദേവി ബ്രഹ്മാവിനോടു പരാതിപ്പെട്ടു. ബ്രഹ്മദേവന്‍ പരമശിവനുമൊത്ത്‌ ഭഗവല്‍പ്രീതിക്കായി ആരാഞ്ഞു. അപ്പോള്‍ ദേവന്മാര്‍ ഒരശരീരി കേട്ടു. “ഭഗവാന്‍ ഭൂമീദേവിയുടെ പരിതാപം മനസ്സിലാക്കുന്നു. അദ്ദേഹം താമസംവിനാ മനുഷ്യരൂപമെടുത്ത്‌ ഭൂമിയിലവതരിക്കുന്നുതാണ്‌. അപ്പോള്‍ നിങ്ങളും മനുഷ്യരൂപത്തില്‍ അദ്ദേഹത്തിന്റെ അനുയായികളായി അവിടെ ജനിക്കുക.” ഭഗവല്‍ശബ്ദത്തില്‍ സംപ്രീതരായ ദേവതകള്‍ തങ്ങളുടെ വാസസ്ഥലങ്ങളിലേക്ക്‌ മടങ്ങി. ഭൂമിയില്‍ മഥുരാധിപന്‍ ഉഗ്രസേനനും കംസന്‍ അദ്ദേഹത്തിന്റെ മകനുമായിരുന്നു. കംസന്റെ സഹോദരി (അഛന്റെ സഹോദരന്റെ മകള്‍) ദേവകിയെ വസുദേവന്‌ വിവാഹം ചെയ്തു കൊടുത്തപ്പോള്‍ കംസന്‍ ദേവകിയെ ബഹുമാനിക്കാന്‍ സ്വയം തേരാളിയായി. അപ്പോള്‍ ആകാശത്തു നിന്നും ഇങ്ങനെ കേള്‍ക്കായി. “വിഡ്ഢീ, നീയിപ്പോള്‍ ബഹുമാനിക്കുന്ന ഈ സ്ത്രീയുടെതന്നെ എട്ടാമത്തെ മകന്‍ നിനക്ക്‌ മരണത്തെ സമ്മാനിക്കും.”ക്രോധത്തോടെയും ഭയത്തോടെയും കംസന്‍ ദേവകിയെ കൊല്ലാന്‍ തുനിഞ്ഞപ്പോള്‍ വസുദേവന്‍ തടഞ്ഞു. എന്നിട്ടിങ്ങനെ അപേക്ഷിച്ചു:

“അങ്ങ്‌ മഹാനായൊരു രാജകുമാരന്‍ . ഈ പെണ്‍കുട്ടി അവിടുത്തെ സോദരിയും. മാത്രമല്ല അവളുടെ വിവാഹം ഇപ്പോള്‍ കഴിഞ്ഞിട്ടേയുളളൂ. ഈ മംഗളാവസരത്തില്‍ അവളെ വധിക്കുന്നത്‌ ഉചിതമോ? ഏതൊരു ശരീരം ജനിക്കുമ്പോഴും മരണം കൂടെത്തന്നെ ജനിക്കുന്നു. ഇപ്പോള്‍ അല്ലെങ്കില്‍ നൂറുകൊല്ലം കഴിഞ്ഞ്‌ എല്ലാവരും മരിക്കും. ഒരു ചിത്രശലഭപ്പുഴു ഒരു പുല്‍ക്കൊടിയില്‍ നിന്നു്‌ മറ്റൊന്നിലേക്ക്‌ ചാടുന്നതുപോലെ ആത്മാവ്‌ ഒരു ശരീരത്തില്‍ നിന്നു്‌ മറ്റൊന്നിലേക്ക്‌ മാറുന്നു. ഇതറിഞ്ഞുകൊണ്ട്‌ മറ്റുളളവരെ ദ്രോഹിക്കുന്നതില്‍നിന്നും ഒരുവന്‍ പിന്തിരിയണം. അവനവന്റെ നന്മയ്ക്കായി മറ്റുളളവര്‍ക്ക്‌ ദ്രോഹം ചെയ്യുന്നുവനേ മറ്റുളളവരോട്‌ പേടിയുളളൂ. അതുകൊണ്ട്‌ അങ്ങയുടെ ഈ സോദരിയെ വെറുതെ വിടുക.” കംസന്‍ ഉപദേശം കേള്‍ക്കാനുളള മനോഭാവത്തിലായിരുന്നില്ല. വസുദേവന്‍ ആലോചിച്ചു. സാധിക്കുന്നിടത്തോളം സമയം ഒരുവന്‍ മരണത്തെ തടഞ്ഞു നിര്‍ത്തണം. ഞാന്‍ മറ്റൊരു മാര്‍ഗ്ഗം പറയാം. എനിക്ക്‌ ദേവകിയില്‍ കുട്ടികളുണ്ടായാല്‍ അവരെ ഞാന്‍ കംസനെ ഏല്‍പ്പിക്കാം. അതുവരെ കംസന്‍ ജീവിച്ചിരിക്കുമെങ്കില്‍. മാത്രമല്ല ഭഗവാന്റെ ദിവ്യലീലകള്‍ എന്തെന്ന്‌ ആര്‍ക്കറിയാന്‍ കഴിയും? അദ്ദേഹം പറഞ്ഞു. “അല്ലയോ മഹാത്മാവേ, ഈ ദേവകിയില്‍നിന്നു്‌ അങ്ങേയ്ക്ക്‌ ഭയപ്പെടേണ്ടതായി ഒന്നുമില്ല. അവളുടെ മകനില്‍ നിന്നു മാത്രമല്ലേ ഭയത്തിനവകാശമുളളൂ. അവളിലുണ്ടാവുന്ന കുഞ്ഞുങ്ങളെയെല്ലാം അങ്ങയെ ഏല്‍പ്പിക്കാം. അങ്ങയുടെ ഹിതം പോലെ അവരെ എന്തു വേണമെന്നിലും ചെയ്യാം.” കംസന്‌ വസുദേവന്റെ വാക്കുകള്‍ വിശ്വാസമായി. ദേവകിയെ കംസന്‍ വെറുതെ വിട്ടു. വസുദേവന്‍ തന്റെ ആദ്യപുത്രനെ കംസനു കൊടുത്തു. വസുദേവന്റെ സത്യസന്ധതയില്‍ പ്രീതനായ കംസന്‍ അവനെ അഛനു തിരിച്ചു നല്‍കി. “ഇവനില്‍ നിന്നു്‌ പേടിക്കാനൊന്നുമില്ല. അശരീരിയനുസരിച്ച്‌ എട്ടാമനാണ്‌ അപകടകാരി.’

എങ്കിലും നാരദമുനി കംസന്‌ താക്കീത്‌ നല്‍കി. “വൃജത്തിലെ ജനങ്ങള്‍ വൃഷ്ണികള്‍ വസുദേവന്റെ നേതൃത്വത്തിലാണ്‌. യാദവര്‍ ദേവകിയുടെ കീഴിലും. എല്ലാവരും ദേവന്മാരുമാണ്‌. സൂക്ഷിച്ചിരിക്കുക.” എന്തോ ദിവ്യമായ പരിപാടികളുടെ ആസൂത്രണം നടക്കുന്നുതായി നാരദന്‍ കംസന്‌ സൂചനയും നല്‍കി. ദുഷ്ടനായ കംസന്‍ ഉടനേ തന്നെ വസുദേവനേയും ദേവകിയേയും തുറുങ്കിലടച്ചു. അവരുടെ കുട്ടികളെയെല്ലാം ഒന്നൊന്നായി കൊന്നു. ഉഗ്രസേനനെ സ്ഥാനഭ്രഷ്ടനാക്കി സ്വയം സിംഹാസനസ്ഥനായി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF