യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 567 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

യദ്യഥാഭൂത സര്‍വ്വാര്‍ത്ഥ ക്രിയാകാരി പ്രദൃശ്യതെ
തത്സത്യമാത്മാനോഽ ന്യസ്യ നൈവാതത്താമുപേയുഷ: (6.2/84/40)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ചടുലചൈതന്യം ഓരോരോ ഇടങ്ങളില്‍ പരിണാമവിധേയമാവാതെ ഇരിക്കുമ്പോള്‍ അത് ഭഗവാന്‍ ശിവനാണ്. അതായത് ആ ചൈതന്യം തന്നെ ശിവനാണ്. ഈ ചൈതന്യത്തിന്റെ അവയവങ്ങളാണ് ദേവിയുടെ ചടുലചലനങ്ങള്‍. സൃഷ്ടിക്കപ്പെട്ട ലോകങ്ങള്‍, ഭൂഖണ്ഡങ്ങളും കടലും കാടുകളും മലകളും ശാസ്ത്രങ്ങളും ദിവ്യയാഗങ്ങളും വൈവിദ്ധ്യമാര്‍ന്ന ആയുധങ്ങളോടെ അരങ്ങേറുന്ന യുദ്ധകോലാഹലങ്ങളും പതിന്നാലുലകവും എല്ലാമെല്ലാം അവളുടെ അവയവങ്ങളത്രേ!

രാമന്‍ പറഞ്ഞു: മാമുനേ, ഇപ്പറഞ്ഞ ചൈതന്യാവയവങ്ങള്‍ ഉണ്മയാണോ അസത്യമാണോ?

വസിഷ്ഠന്‍ പറഞ്ഞു: അല്ലയോ രാമാ, ബോധത്തിന്റെ ചൈതന്യാവയവങ്ങളായി ഇപ്പറഞ്ഞതെല്ലാം സത്യംതന്നെ. കാരണം ഇതെല്ലാം അനുഭവിച്ചതും ബോധം തന്നെയാണല്ലോ! ഒരു കണ്ണാടി ബാഹ്യവസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ ബോധം സ്വയമുള്ളില്‍ ഉള്ളിലുള്ളതിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടത് സത്യമാണ്.

സങ്കല്‍പ്പനഗരം അല്ലെങ്കില്‍ ഒരു നഗരത്തിന്റെ ഭ്രമാത്മകദൃശ്യം വിക്ഷേപിക്കുന്നതും ബോധത്തിലാണല്ലോ. ഇതൊരുപക്ഷേ തുടര്‍ച്ചയായി ധ്യാനിക്കുന്നതുകൊണ്ടാവാം അല്ലെങ്കില്‍ ബോധത്തിന്റെ നിര്‍മ്മലതകൊണ്ടുമാവാം.

സൃഷ്ടിയെന്നത് ഉണ്മയാണ് എന്നാണെന്റെ അഭിപ്രായം – അതൊരു പ്രതിഫലനമായി കണക്കാക്കിയാലും, സ്വപ്നവസ്തുവായി കരുതിയാലും വെറുമൊരു ഭാവനയായി കണ്ടാലും എല്ലാം ആത്മാവെന്ന ശുദ്ധസത്യത്തെ ആസ്പദമായാണല്ലോ ഉണ്ടാവുന്നത്.

എന്നാല്‍ നീനക്കീ വാദത്തെ “ഈ സങ്കല്‍പ്പസൃഷ്ടികള്‍കൊണ്ടെനിക്ക് യാതോരുപകാരവുമില്ല” എന്ന് ഖണ്ഡിക്കാം. ഒരിടത്തു നിന്നും ദൂരെ മറ്റൊരിടത്തേയ്ക്ക് താമസം മാറ്റിയവര്‍ക്ക് ആദ്യത്തെയിടത്തെ ലോകംകൊണ്ട് എന്താണൊരു പ്രയോജനം എന്നു ചോദിക്കുമ്പോള്‍, അവിടേയ്ക്ക് താമസം മാറ്റിയവര്‍ക്ക് അതിന്റെ പ്രയോജനം ഉണ്ടാവും എന്നാണുത്തരം. അങ്ങനെയാണ് എല്ലാക്കാര്യങ്ങളും.

എന്തെല്ലാം ഇവിടെ നിലകൊണ്ട് പ്രവര്‍ത്തിക്കുന്നുവോ അതെല്ലാം ഒരുവന്റെ ആത്മാവിനെ സംബധിച്ചിടത്തോളം സത്യമാണ്. എന്നാല്‍ അവയെപ്പറ്റി അറിയാത്തവന്, അതേപ്പറ്റി അവബോധിക്കാത്തവനെ സംബധിച്ചിടത്തോളം അവയെല്ലാം അസത്യവുമാണ്.”

അതുകൊണ്ട് സൃഷ്ടികളും ജീവജാലങ്ങളും അവയെപ്പറ്റി അവബോധിക്കുന്നവരുടെ ഉള്ളില്‍ ബോധചൈതന്യത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു. എന്നാല്‍ അവയെപ്പറ്റി അറിവില്ലാത്തവര്‍ക്കവ അസത്താണ്. ഭൂതഭാവിവര്‍ത്തമാനകാലങ്ങളില്‍ ആത്മാവിലങ്കുരിക്കുന്ന, ധാരണകളും സ്വപ്നങ്ങളും എല്ലാം സത്യമാണ്; കാരണം ആത്മാവ് സത്യമാണല്ലോ!

ദൂരെ ദേശത്തേയ്ക്ക് പോകുന്നവന്‍ അവിടത്തെ കാഴ്ചകള്‍ കാണുന്നതുപോലെ ഇപ്പറഞ്ഞ സൃഷ്ടിജാലങ്ങളെ കാണുവാന്‍ ഒരുവന്‍ അതാതു ദൃശ്യങ്ങള്‍ക്ക് ചേര്‍ന്നവിധത്തിലുള്ള ബോധതലങ്ങളില്‍ എത്തിയിരിക്കണം എന്ന് മാത്രം. സത്യത്തെ മാറ്റാന്‍ ബോധചൈതന്യത്തിന്റെ ചലനങ്ങള്‍ക്കാവില്ല. സ്വപ്നത്തില്‍പ്പോലും ഇതാണ് സ്ഥിതി. സ്വപ്നത്തില്‍ ഒരുവന്‍ തന്റെ ഉറക്കത്തിനോ സ്വപ്നത്തിന്റെ തുടര്‍ച്ചയ്ക്കോ ഭംഗം വരാതെ ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് യാത്രപോകുന്നു!

മൂന്നു ലോകങ്ങള്‍ (ത്രികാലങ്ങള്‍) എന്നത് ഉണ്മയില്ലാത്ത ഭാവനയാണെന്ന് തിരിച്ചറിഞ്ഞാല്‍പ്പിന്നെ ആ സങ്കല്‍പ്പത്തിന് ഭംഗമുണ്ടാവുകയോ ഇല്ലാതിരിക്കുകയോ എന്നത് ഒരു വിഷയമേയല്ല.