യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 628 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ഭാത്യകാരണകം ബ്രഹ്മ സര്‍ഗാത്മാപ്യബുധം പ്രതി
തം പ്രത്യേവ ച ഭാത്യേഷ കാര്യകാരണദൃഗ്ഭ്രമ: (6.2/144/49)

മുനി തുടര്‍ന്നു: അനന്തബോധത്തിന്റെ അണുക്കള്‍ക്കുള്ളില്‍ ലോകമെന്ന അനുഭവപ്രതീതിയുണ്ട്. എന്നാല്‍ കണ്ണാടിയിലെ പ്രതിബിംബം കണ്ണാടി തന്നെയെന്നപോലെ ലോകമെന്ന കാഴ്ചയും ബോധത്തില്‍ നിന്നും വിഭിന്നമല്ല. അനന്തബോധം ആദിയന്തങ്ങള്‍ ഉള്ളതല്ല. അതുതന്നെയാണ് സൃഷ്ടിയെന്നറിയുന്നതും.

ബോധം പ്രഭാസിക്കുന്നയിടത്തെല്ലാം സൃഷ്ടിയുണ്ട്. ദേഹത്തില്‍ നിന്നും വേറിട്ടല്ലല്ലോ അവയവങ്ങളുടെ അസ്തിത്വം. ഞാനും നീയും ഈ ലോകം മുഴുവനും ബോധമാകുന്നു. ഈ അറിവിന്റെ നിറവില്‍ സൃഷ്ടിയെ മുഴുവന്‍ ബോധത്തിന്റെ സഹജഭാഗമായി കാണുന്നതിനാല്‍ ഒന്നും ‘സൃഷ്ടമായിട്ടില്ല’ എന്ന് വരുന്നു.

അതിനാല്‍ ഞാന്‍ ഒരേസമയം അണുരൂപിയും അനന്തരൂപിയുമായ ബോധമാണ്. സര്‍വ്വവ്യാപിയാണ് ഞാന്‍. അതിനാല്‍ ഞാന്‍ എവിടെയാണെങ്കിലും അവിടെയിരുന്ന് എനിക്കെല്ലാം കാണാം. വെള്ളത്തുള്ളിതന്നെയാണ് കടലിലെ ജലം എന്നതുപോലെ ഞാന്‍ ബോധാണുവാണ്. ഞാനാണ് അനന്തമായ ബോധമുള്ളവന്‍.

അതിനാല്‍ ഓജസ്സില്‍ പ്രവേശിച്ച് എനിക്ക് മൂന്നു ലോകങ്ങളെയും അനുഭവിക്കുവാന്‍ കഴിയും. ത്രിലോകങ്ങള്‍, എല്ലാമെല്ലാം ഞാന്‍ എന്റെയുള്ളിലാണ് ദര്‍ശിച്ചത്. അവ ബാഹ്യ ദര്‍ശനമായിരുന്നില്ല. അവയെ സ്വപ്നമെന്ന് വിളിച്ചാലും ജാഗ്രദെന്നു പറഞ്ഞാലും അകത്തെന്നോ പുറത്തെന്നോ കരുതിയാലും അവ അനന്താവബോധം തന്നെയാകുന്നു.

വ്യാധന്‍ (വേടന്‍) ചോദിച്ചു: ഈ സൃഷ്ടി ഹേതുരഹിതമാണെങ്കില്‍ അതെങ്ങനെയാണുണ്ടായത്? അല്ല, അതിനൊരു കാരണമുണ്ടെങ്കില്‍ ആ സ്വപ്നസൃഷ്ടിക്ക് ഹേതുവായിരുന്നതെന്താണ്?

മുനി പറഞ്ഞു: ആദിയില്‍ സൃഷ്ടിക്ക് യാതൊരു കാരണവും ഉണ്ടായിരുന്നില്ല. സൃഷ്ടിവിഷയങ്ങള്‍ക്ക് ആദിയില്‍ കാരണങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട്‌ സൃഷ്ടികള്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യങ്ങളും വൈവിദ്ധ്യഭാവങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ പരസ്പരവൈരം എന്ന പ്രശ്നം അവ തമ്മിലപ്പോള്‍ ഉദിച്ചിട്ടേയില്ല. ഒരെയോരനന്തബ്രഹ്മം ഇവയിലെല്ലാം പ്രോജ്വലിക്കുന്നു. സൃഷ്ടി എന്നൊരു കേവല ശബ്ദത്താല്‍ ഇതറിയപ്പെട്ടുവെന്നു മാത്രം.

അതായത് ഈ അഹേതുകസൃഷ്ടി ബ്രഹ്മം തന്നെയാകുന്നു. ഭാഗങ്ങള്‍ ഇല്ലെങ്കിലും ഭാഗങ്ങള്‍ ഉള്ളതുപോലെ ബ്രഹ്മം കാണപ്പെടുന്നു. വൈവിദ്ധ്യമില്ലെങ്കിലും ഉള്ളതുപോലെ തോന്നുന്നു. രൂപങ്ങളില്ലെങ്കിലും ഉള്ള പ്രതീതിയാണ്.

ശുദ്ധ ബോധമായതിനാല്‍ അത് പലപല രൂപങ്ങളില്‍ ചരങ്ങളും അചരങ്ങളുമായി കാണപ്പെടുന്നു. ദേവതകളായും മാമുനിമാരായും അത് ഒരു ലോകക്രമത്തെ ഉണ്ടാക്കി പരിപാലിക്കുന്നു. അതിനായുള്ള നിയമങ്ങളും തത്വങ്ങളും നടപ്പിലാക്കുന്നു. അസ്തിത്വം അനസ്തിത്വം, സ്ഥൂലം, സൂക്ഷ്മം, എന്നീ വിരുദ്ധാശയങ്ങളൊന്നും സര്‍വ്വവ്യാപിയായ ബോധത്തെ ബാധിക്കുന്നില്ല.

എന്നാല്‍ ഈയൊരു സൃഷ്ടിതലത്തിനപ്പുറം കാരണങ്ങളില്ലാതെ കാര്യങ്ങള്‍ ഉണ്ടാവുന്നില്ല. ഒരേയൊരാളിന്റെ രണ്ടു കൈകള്‍ പരസ്പരം നിയന്ത്രിക്കുന്നതുപോലെ ലോകക്രമവും അതിന്റെ ദേവതയായ ബ്രഹ്മവും വര്‍ത്തിക്കുന്നു. സൃഷ്ടിയുടെ സമാരംഭത്തിനു കാരണമായി യാതൊരുവിധ ഇച്ഛകളും മാനസീകവ്യാപാരങ്ങളും ഇല്ല. എന്നാല്‍ നിയതിയെന്ന ലോകക്രമം ബ്രഹ്മത്തിലാണ്. നിയതിയില്ലാതെ ബ്രഹ്മമില്ല. അതിനാല്‍ സൃഷ്ടിയുടെ കാരണം അതുണ്ടാക്കുന്നവനുമായി ബന്ധപ്പെട്ടുമാത്രമിരിക്കുന്നു. ആ സൃഷ്ടി നിലനില്‍ക്കുന്നിടത്തോളം മാത്രമേ ആ ബന്ധുതയും നിലനില്‍ക്കുന്നുള്ളു.

“ബ്രഹ്മം സൃഷ്ടിയായി പ്രഭാസിക്കുന്നത് കാരണരഹിതമായിട്ടാണെന്ന് അജ്ഞാനി ചിന്തിക്കുന്നു. അതേ അജ്ഞാനിതന്നെയാണ് കാര്യ-കാരണ കെട്ടുപാടുകളില്‍ പെട്ടുഴറി കാര്യത്തിനൊരു കാരണം കൂടിയേ തീരൂ എന്ന് അസന്നിഗ്ദ്ധമായി വിശ്വസിച്ച് മോഹഭ്രമത്തിന് വശംവദമാവുന്നത്.

തെങ്ങോലയില്‍ കാക്ക വന്നിരിക്കുമ്പോള്‍ മൂത്ത് പാകമായ തേങ്ങ ഞെട്ടടര്‍ന്നു വീഴുന്നു. നിയതിയാണ്‌ ‘ഇതിതാണ്’, ‘അതതാണ്’ എന്നെല്ലാം നിര്‍ണ്ണയിക്കുന്നത്.