അഹം ഭക്തപരാധീനോ ഹ്യസ്വതന്ത്ര ഇവ ദ്വിജ
സാധുഭിര്‍ഗ്രസ്തഹൃദയോ ഭക്തൈര്‍ഭക്തജനപ്രിയഃ (9 -4 – 63 )
സാധവോ ഹൃദയം മഹ്യം സാധൂനാം ഹൃദയം ത്വഹം
മദന്യത്‌ തേ ന ജാനന്തി നാഹം തേഭ്യോ മനാഗപി (9 – 4 – 68 )

ശുകമുനി തുടര്‍ന്നു:
അംബരീഷന്‍ ഭഗവല്‍പ്രീതിക്കായി ദ്വാദശിവ്രതമെടുത്തു. തലേദിവസം നിരാഹാരവ്രതമെടുത്ത്‌ പിറ്റേന്നു അതായത്‌ ദ്വാദശിദിനത്തില്‍ , ഭഗവാനോടുളള തീവ്രഭക്തിയില്‍ വിപുലമായ പൂജയോടുകൂടി അംബരീഷന്‍ വ്രതമവസാനിപ്പിച്ചു. മാമുനിമാര്‍ക്കും മറ്റും വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വ്രതമവസാനിപ്പിച്ച്‌ ജലപാനത്തിന്‌ സമയമായപ്പോഴേയ്ക്കും ദുര്‍വ്വാസാവു‌ മുനി അവിടെയെത്തി. മുന്‍കോപിയാണ്‌ മഹര്‍ഷി. അംബരീഷന്‍ ബഹുമാനത്തോടെ മുനിയെ എതിരേറ്റു. ദുര്‍വ്വാസാവു‌ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു. സ്നാനത്തിനായി നദിക്കരയിലേക്ക്‌ പോവുകയും ചെയ്തു.

ദ്വാദശിദിനത്തില്‍ വ്രതമവസാനിപ്പിക്കുന്നുതിന്റെ ഭാഗമായി ഭക്ഷണം കഴിക്കുവാന്‍ നിശ്ചിതസമയമുണ്ട്‌. ഈ സമയം കഴിയാന്‍ കാല്‍മണിക്കൂര്‍ മാത്രമെ ബാക്കി ഉണ്ടായിരുന്നുളളൂ. വ്രതപരിപാലനോല്‍സുകനായി അംബരീഷന്‍ മുനിമാരുടെ അനുവാദത്തോടെ ഒരല്‍പ്പം ജലപാനം നടത്തി. കുറച്ച്കഴിഞ്ഞ്‌ ദുര്‍വ്വാസാവു​‌ മടങ്ങിയെത്തി. വിവരമറിഞ്ഞ് മുനി കോപിഷ്ടനായി. തന്നെ സ്വീകരിക്കുംമുമ്പ് ‌ ആതിഥേയന്‍ ഭക്ഷണം കഴിച്ചിരിക്കുന്നു അദ്ദേഹം തന്റെ ജഡയില്‍നിന്നും ഒരു മുടി പറിച്ചെടുത്തെറിഞ്ഞു. അതൊരു രാക്ഷസിയായി അംബരീഷനെ വിഴുങ്ങാനൊരുങ്ങി.

ഭഗവാന്റെ സുദര്‍ശനചക്രം സദാ ഭക്തനെ സംരക്ഷിക്കുന്നു. അത്‌ ദുരാത്മാവിനെ വധിച്ച്‌ ദുര്‍വ്വാസാവിന്‌ നേരെ തിരിഞ്ഞു. ഇതുകണ്ട്‌ ഭയചകിതനായ മുനി തന്റെ പ്രാണനുമായി ഓടി. ചക്രം അദ്ദേഹത്തെ പിന്തുടര്‍ന്നു. മൂന്നുലോകങ്ങ‍ളിലും അഭയം കിട്ടിയില്ല. ഒടുവില്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവും താന്‍ നിസ്സഹായയനാണെന്നറിയിച്ചു. പരമശിവനും വിഷ്ണുചക്രത്തില്‍ നിന്നു്‌ മുനിയെ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞു, എന്നാല്‍ ഭഗവാന്‍ വാസുദേവനെ ആശ്രയിക്കാന്‍ ഉപദേശിച്ചുവിട്ടു. ദുര്‍വ്വാസാവു‌ ഭഗവാന്റെ കാല്‍ക്കല്‍ വീണ്‌ അഭയം തേടി. തന്റെ പാപത്തിനും ഭക്തനിന്ദക്കും മുനി ക്ഷമ യാചിച്ചു.

ഭഗവാന്‍ മറുപടിയായി പറഞ്ഞു:
അല്ലയോ മഹര്‍ഷേ, ഞാന്‍ എന്റെ ഭക്തരുടെ അധീനതയിലാണ്‌. അങ്ങനെ നോക്കിയാല്‍ ഞാന്‍ സ്വതന്ത്രനല്ല. എന്റെ ഭക്തര്‍ അവരുടെ ഭാര്യ, മക്കള്‍, സ്വത്തുക്കള്‍ എന്നവേണ്ട സ്വജീവന്‍ പോലും എനിക്കുവേണ്ടി ഉപേക്ഷിക്കാന്‍ തയ്യാറായി ജീവിക്കുന്നു. അങ്ങനെയുളള ഭക്തരെ ഉപേക്ഷിക്കുന്നുതെങ്ങനെ? നന്മനിറഞ്ഞ, ഉത്തമമനുഷ്യര്‍ എന്റെ ഹൃദയവും ഞാന്‍ അവരുടെ ഹൃദയത്തിലുമാണ്‌. അവര്‍ക്ക്‌ ഞാനല്ലാതെ മറ്റൊരു സത്യത്തേയും അറിയില്ല. എനിക്കും അവരെ മാത്രമെ അറിയൂ. അതുകൊണ്ട്‌ ഞാനൊരു കാര്യം പറയാം. അംബരീഷനോട്‌ ചെന്നു ക്ഷമ ചോദിച്ചാലും. ഈയൊരു മാര്‍ഗം മാത്രമെ അങ്ങയെ നേരിടുന്ന ദുരിതത്തില്‍ നിന്നു്‌ രക്ഷയായിട്ടുളളു. തപസ്സും പൂജയും ഉന്നതഫലമുണ്ടാക്കണമെങ്കില്‍ മുനിമാര്‍ക്ക്‌ വിനയവും വേണം. എന്നാല്‍ അഹങ്കാരികളായവര്‍ തപസ്സനുഷ്ഠിച്ചതുകൊണ്ട്‌ ആശിച്ച ഫലം ലഭിക്കുകയില്ല. അങ്ങേക്ക്‌ പറ്റിയതിതാണ്‌. വേഗം തന്നെ അംബരീഷനെ കണ്ട്‌ ക്ഷമചോദിക്കൂ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF