സ്വാമി വിവേകാനന്ദന്‍

42. സന്തോഷാദനുത്തമഃ സുഖലാഭഃ.
സന്തോഷാത് സന്തോഷാധിക്യംകൊണ്ടു നിഷ്‌കാമനായ യോഗിക്ക്, അനുത്തമസുഖലാഭഃ അത്യുത്തമ (നിരതിശയ) സുഖം ലഭിക്കുന്നു.
സംതൃപ്തികൊണ്ടു നിരതിശയസുഖം ലഭിക്കുന്നു.

43. കായേന്ദ്രിയസിദ്ധിരശുദ്ധിക്ഷയാത്തപസഃ
തപസഃ തപസ്സിന്റെ സ്‌ഥൈര്യം മൂലം, അശുദ്ധിക്ഷയാത് അശുദ്ധി ഇല്ലാതാകുന്നതുകൊണ്ട്, കായേന്ദ്രിയസിദ്ധിഃ കായത്തിന്റെയും ഇന്ദ്രിയങ്ങളുടെയും, സിദ്ധിഃ (സാമര്‍ത്ഥ്യം) ഉണ്ടാകുന്നു.
തപസ്സിന്റെ ഫലമായി അശുദ്ധി നശിച്ചു ദേഹേന്ദ്രിയങ്ങള്‍ക്കു സിദ്ധികള്‍ കൈവരുന്നു.
തപസ്സിന്റെ ഫലം ഉടനടി കാണാം. സൂക്ഷ്മവും ദൂരവസ്ഥവുമായ ശബ്ദാദിവിഷയങ്ങളെ ഗ്രഹിക്കത്തക്കവണ്ണം പ്രകൃഷ്ടമായ ഇന്ദ്രിയശക്തികളായും മറ്റും ചിലപ്പോള്‍ അതു പ്രത്യക്ഷപ്പെടുന്നു.

44. സ്വാധ്യായാദിഷ്ടദേവതാസംപ്രയോഗഃ.
സ്വാധ്യായാത് ചിരകാലം അഭ്യസിച്ച സ്വാധ്യായംകൊണ്ട്, ഇഷ്ടദേവതാസംപ്രയോഗഃ അഭീഷ്ടമായ ദേവതയോടു സംബന്ധമുണ്ടാകുന്നു.
മന്ത്രജപംകൊണ്ട് ഇഷ്ടദേവതാസാക്ഷാത്കാരം സിദ്ധിക്കുന്നു.
സാക്ഷാത്കാരവിഷയമായ ദേവതാസ്വരൂപം എത്ര ഉത്കൃഷ്ടമോ അത്ര കഠിനമായിരിക്കും പ്രയത്‌നവും.

45. സമാധിസിദ്ധിരീശ്വരപ്രണിധാനാത്.
ഈശ്വരപ്രണിധാനാത് ഈശ്വരങ്കലുള്ള അകൈതവഭക്തി കൊണ്ട്, സമാധിസിദ്ധിഃ (പരമ്പരയാ) സമാധി സിദ്ധിക്കുന്നു.
ഈശ്വരന്നു സര്‍വ്വവും സമര്‍പ്പിക്കുന്നതുകൊണ്ടു സമാധി കൈവരുന്നു.

46. സ്ഥിരസുഖമാസനം
ആസനം ആസനമെന്നത്, സ്ഥിരസുഖം നിശ്ചലവും ദുഃഖകരമല്ലാത്തതുമാകുന്നു.
സ്ഥിരവും സുഖവുമായതാണ് ആസനം.
അടുത്തത് ആസനം. ആസനസ്‌ഥൈര്യം ഉണ്ടാകുന്നതുവരെ പ്രാണായാമാദിസാധനകളെ ശീലിക്കാന്‍ പ്രയാസം. ആസന സ്‌ഥൈര്യം എന്നതു ശരീരമുണ്ടെന്നേ തോന്നാതിരിക്കുകയാണ്. സാധാരണരീതിയില്‍ കുറേ നേരം ഇരിക്കുമ്പോള്‍ ദേഹത്തില്‍ പലതരത്തിലുള്ള അസുഖങ്ങള്‍ തോന്നിത്തുടങ്ങും. സ്ഥൂലശരീരചിന്ത വിട്ടിരിക്കയാണെങ്കിലോ ശരീരബോധം നിശ്ശേഷം അസ്തമിക്കും. അപ്പോള്‍ സുഖദുഃഖങ്ങള്‍ അറിയില്ല. പിന്നീടു ശരീരത്തെ ഗ്രഹിക്കുമ്പോള്‍ (വ്യുത്ഥാനമുണ്ടാകുമ്പോള്‍) പൂര്‍ണ്ണമായ വിശ്രമസുഖം അനുഭവമാവുകയും ചെയ്യും. ദേഹത്തിനു നല്കാന്‍ കഴിയുന്ന പൂര്‍ണ്ണവിശ്രാന്തി അതൊന്നു മാത്രമാണ്. ശരീരത്തെ അടക്കി നിശ്ചലമാക്കിവെയ്ക്കാന്‍ സാധിച്ചാല്‍, അഭ്യാസവും ദൃഢീഭവിക്കും. എന്നാല്‍ അംഗമേജയത്വാദി ദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നപക്ഷം നിങ്ങളുടെ നാഡികള്‍ക്കും ചലനമുണ്ടാകും. അപ്പോള്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിക്കാതെ വരും.

47. പ്രയത്‌നശൈഥില്യാനന്തസമാപത്തിഭ്യാം.
പ്രയത്‌നശൈഥില്യാനന്തസമാപത്തിഭ്യാം പ്രയത്‌നശൈഥില്യം കൊണ്ടും, അനന്തസമാപത്തി കൊണ്ടും ആസനം സ്ഥിരവും ദുഃഖ ഹീനവുമാകുന്നു.
ശരീരത്തിന്റെ സ്വാഭാവിക (ചേഷ്ടാ) പ്രവണതയെ ലഘൂകരിക്കുന്നതുകൊണ്ടും അനന്തത്തെ ധ്യാനിക്കുന്നതുകൊണ്ടും (ആസനം സ്ഥിരവും സുഖവുമായിത്തീരുന്നു).
അനന്തത്തെ ധ്യാനിക്കുന്നതുകൊണ്ടു നമുക്ക് ആസന സ്‌ഥൈര്യം സമ്പാദിക്കാം. അവിശിഷ്ടമായ അനന്തത്തെ ധ്യാനിക്കുക സാദ്ധ്യമല്ല: എന്നാല്‍ അനന്തമായ ആകാശത്തെ ധ്യാനിക്കാം.

48. തതോ ദ്വന്ദ്വാനഭിഘാതഃ.
തതഃ ആ ആസനജയത്തില്‍നിന്ന്, ദ്വന്ദ്വാനഭിഘാതഃ ക്ഷുത്പി പാസകള്‍, ശീതോഷ്ണങ്ങള്‍ എന്നിവകൊണ്ടുള്ള പീഡയില്ലാതാകുന്നു.
ആസനജയം കിട്ടുകയാല്‍ ദ്വന്ദ്വങ്ങള്‍ ഉപദ്രവിക്കുന്നില്ല.
ശുഭാശുഭങ്ങള്‍, ശീതോഷ്ണങ്ങള്‍ തുടങ്ങിയ പ്രതിദ്വന്ദ്വികള്‍ നിങ്ങളെ പിന്നീടുപദ്രവിക്കുകയില്ല.

49. തസ്മിന്‍ സതി ശ്വാസപ്രശ്വാസയോര്‍ –
ഗതിവിച്ഛേദഃ പ്രാണായാമഃ.
തസ്മിന്‍ സതി ആസനജയം കിട്ടിക്കഴിഞ്ഞാല്‍, ശ്വാസ പ്രശ്വാസയോഃ ശ്വാസത്തിന്റെയും, പ്രശ്വാസത്തിന്റെയും, ഗതിവിച്ഛേദഃ ഗതിയെ തടയല്‍, പ്രാണായാമഃ പ്രാണായാമമാകുന്നു (ആസന ജയം വന്നാലേ ഇത് അനായാസം സാധിക്കൂ).
ശ്വാസപ്രശ്വാസങ്ങളുടെ ഗതിയെ നിരോധിക്കുന്ന പ്രാണായാമം ഇതിനെ തുടര്‍ന്നാകുന്നു.

ആസനജയം സിദ്ധിച്ചാല്‍ പ്രാണചലനങ്ങളെ തടഞ്ഞു നിയമനം ചെയ്യണം. അതിനുവേണ്ടിയാണു പ്രാണായാമം, അതായത് ശരീരത്തിലെ ജീവശക്തികളെ നിയമനം ചെയ്യുന്ന അഭ്യാസം. പ്രാണശബ്ദത്തിനു ശ്വാസമെന്ന് അര്‍ത്ഥം പറയാറുണ്ടെങ്കിലും അതു വാസ്തവത്തില്‍ ശ്വാസമല്ല. പ്രാണനെന്നതു ജഗദ്‌വ്യാപാരശക്തികളുടെ സമഷ്ടിയാണ്. ആ പ്രാണനാണ് ഓരോ ശരീരത്തിലും ജീവശക്തിയായി പ്രവര്‍ത്തിക്കുന്നത്. അതിന്റെ സ്ഫുടിതമമായ അഭിവ്യക്തിയാണു ശ്വാസകോശചലനം. പ്രാണന്‍ ശ്വാസത്തെ ആകര്‍ഷിക്കുന്നതുകൊണ്ടാണു കോശങ്ങള്‍ക്ക് ഈ ചലനമുണ്ടാകുന്നത്. ആ പ്രാണനെ സ്വാധീനമാക്കുക എന്നതാണു പ്രാണായാമത്താല്‍ സാധിക്കേണ്ടതും. ശ്വാസനിയമനത്തോടുകൂടി ഇതാരംഭിക്കുന്നു. എന്തുകൊണ്ടെന്നാല്‍ പ്രാണനെ സ്വാധീനമാക്കാനുള്ള സുഗമോപായം അതാണ്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 333-336]