സ്വാമി വിവേകാനന്ദന്‍

അത്ഭുതസിദ്ധികള്‍ക്കുവേണ്ടിയുള്ള ഭൂതപ്രേതപിശാചസര്‍പ്പാരാധനയും വിവിധവിശ്വാസങ്ങളും കര്‍മ്മങ്ങളുമെല്ലാം എന്തിന്? ജീവനുണ്ട്, എന്തിലും സത്വമുണ്ട്, എന്നു നാം പറയുന്നതെന്ത്? ഈ അന്വേഷണത്തിന് – ജീവനെ മനസ്സിലാക്കാന്‍, സത്വത്തെ വിശദീകരിക്കുവാനുള്ള ഈ പ്രയത്‌നത്തിന് – എന്തെങ്കിലും ഒരര്‍ത്ഥമുണ്ടായിരിക്കണം. അതു നിരര്‍ത്ഥകവും നിഷ്ര്പയോജനവുമല്ല. സ്വതന്ത്രനാവാനുള്ള മനുഷ്യന്റെ നിരന്തരപ്രയത്‌നമാണത്. സയന്‍സ് (Science) എന്നു പറയുന്ന വിജ്ഞാനം അനേകായിരം കൊല്ലങ്ങളായി സ്വാതന്ത്ര്യലബ്ധിക്കുള്ള യത്‌നത്തിലേര്‍പ്പെട്ടിരിക്കയാണ്. ജനങ്ങള്‍ അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്നാലും പ്രകൃതിയില്‍ സ്വാതന്ത്ര്യമില്ല, എല്ലാം നിയമബദ്ധം. എങ്കിലും ഈ സമരം നടന്നുകൊണ്ടേയിരിക്കുന്നു. സൂര്യഗോളം മുതല്‍ പരമാണുവരെയുള്ള പ്രകൃതി മുഴുവനും നിയമബദ്ധമാണ്. മനുഷ്യനുപോലും സ്വാതന്ത്ര്യമില്ല. എന്നാലും നമുക്കതു വിശ്വസിക്കാന്‍ വയ്യ. നാം പ്രാരംഭം മുതല്‍ക്കേ നിയമങ്ങളെ പംിക്കുകയാണ്. എങ്കിലും മനുഷ്യന്‍ നിയമബദ്ധനാണെന്നു വിശ്വസിക്ക വയ്യ, നാം വിശ്വസിക്കയുമില്ല. ”സ്വാതന്ത്ര്യം, സ്വാതന്ത്ര്യം!” എന്ന് ആത്മാവ് സദാ ആക്രോശിക്കുന്നു. നിത്യവിമുക്തനെന്ന ഈശ്വരഭാവനയും വെച്ചുകൊണ്ട് നിത്യബദ്ധനായി കിടക്കാന്‍ മനുഷ്യനു സാദ്ധ്യമല്ല. അവന്‍ ഉയരുകതന്നെ വേണം. ഈ സമരം തനിക്കുവേണ്ടിയല്ലായിരുന്നെങ്കില്‍, ഇതു കുറച്ചധികം കര്‍ക്കശമെന്ന് അവനു തോന്നും. മനുഷ്യന്‍ സ്വയം പറയുന്നു, ”ഞാന്‍ ജന്‍മനാ അടിമ, ഞാന്‍ ബദ്ധന്‍. എന്നാല്‍ പ്രകൃതിബദ്ധനല്ലാതെ ഒരുവനുണ്ട്. അവന്‍ നിത്യമുക്തനും പ്രകൃതിയുടെ നിയന്താവുമാകുന്നു.”1

ആകയാല്‍ ഈശ്വരഭാവന, ബന്ധഭാവനപോലെതന്നെ മനസ്സിന്റെ സാരവും മൗലികവുമായ ഒരു ഘടകമാകുന്നു. രണ്ടും സ്വാതന്ത്ര്യമെന്ന ഭാവനയുടെ ഫലവുമാകുന്നു. സ്വാതന്ത്ര്യമെന്ന ഭാവനയില്ലാതെ സസ്യങ്ങളില്‍പ്പോലും ജീവനുണ്ടായിരിക്കാന്‍ തരമില്ല. ചെടിയിലും പുഴുവിലുമുള്ള ജീവന്‍ വ്യക്തിബോധത്തിലേക്കുയരേണ്ടിയിരിക്കുന്നു. അബോധമായെങ്കിലും ആ സ്വാതന്ത്രേ്യച്ഛ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്; സ്വജാതിധര്‍മ്മത്തെ, അഥവാ വ്യക്തിത്വത്തെ, സംരക്ഷിക്കാന്‍ സസ്യം പ്രയത്‌നിക്കുന്നു. പ്രകൃതിയല്ല, മുന്നോട്ടുവെയ്ക്കുന്ന ഓരോ ചുവടും പ്രകൃതി നിയന്ത്രിക്കുന്നു എന്ന ഭാവന സ്വാതന്ത്ര്യഭാവനയെ നിഗ്രഹിക്കുന്നു. ഭൗതികപ്രപഞ്ചഭാവന മുന്നോട്ടുപോകുന്നു. സ്വാതന്ത്ര്യഭാവനയും മുന്നോട്ടു നീങ്ങുന്നു. സമരം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. മതങ്ങളുടെയും സമ്പ്രദായങ്ങളുടെയും കലഹത്തെപ്പറ്റി നാം കേള്‍ക്കാറുണ്ട്. എന്നാലും മതങ്ങളും സമ്പ്രദായങ്ങളും സാധുവും സമുചിതവുമാണ്, അവ ഉണ്ടായിരിക്കണം. ചങ്ങല നീളുകയാണ്, കലഹവും സ്വാഭാവികമായി പെരുകുന്നു. കലഹത്തിന്റെ ആവശ്യമില്ല, നാം ഒരേ ലക്ഷ്യത്തിലേക്കു പണിപ്പെടുകയാണെന്നോര്‍ത്താല്‍ മതി.

സ്വാതന്ത്ര്യസ്വരൂപനായ പ്രകൃതിനിയന്താവിനെയാണ് നാം ഈശ്വരനെന്നു പറയുന്നത്.2 അവനെ നിഷേധിക്കാന്‍ നിങ്ങള്‍ക്കു സാധ്യമല്ല: സാധ്യമല്ലാത്തതെന്തെന്നാല്‍, സ്വാതന്ത്ര്യഭാവനയില്ലാതെ അനങ്ങുവാനോ ജീവിക്കുവാനോ സാധ്യമല്ലാത്തതുകൊണ്ടുതന്നെ.3 നിങ്ങള്‍ സ്വതന്ത്രരാണെന്നു വിശ്വസിച്ചിരുന്നില്ലെങ്കില്‍ ഇവിടെ വരുമായിരുന്നുവോ? സ്വതന്ത്രരാകാനുള്ള ഈ നിത്യപ്രയത്‌നത്തിന് എന്തെങ്കിലുമൊരു ന്യായം പറയാന്‍ ജീവശാസ്ര്തജ്ഞനു കഴിഞ്ഞേക്കാം. അയാള്‍ അത് നല്‍കുമെന്നിരിക്കട്ടെ. അതെല്ലാം സമ്മതിച്ചുവെന്നു വെയ്ക്കുക. എന്നാലും സ്വാതന്ത്ര്യഭാവന നിര്‍ബ്ബാധം നിലകൊള്ളുന്നു. പ്രകൃതിതന്ത്രംപോലെതന്നെ അനിഷേധ്യമായ വസ്തുതയാണ് ഇത്.

ബന്ധവും മോക്ഷവും വെളിച്ചവും നിഴലും നന്‍മയും തിന്‍മയും ഉണ്ടായിരിക്കണം. എന്നാല്‍ ബന്ധമെന്ന വസ്തുത അവിടെ ഒളിഞ്ഞിരിക്കുന്ന മോക്ഷത്തെയും സൂചിപ്പിക്കുന്നു.4 ഒന്നു വാസ്തവമാണെങ്കില്‍ മറ്റേതും അത്രതന്നെ വാസ്തവമാണ്. ഈ മോക്ഷഭാവന നിശ്ചയമായും ഉണ്ടായിരിക്കണം. അസംസ്‌കൃതമനുഷ്യനിലുള്ള അടിമത്തബോധം അവന്റെ സ്വാതന്ത്ര്യസമരമാണെന്നു നമുക്ക് ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും, സ്വാതന്ത്ര്യമെന്ന ആശയം അവിടെയുണ്ട്. പ്രാകൃതനായ കാടന്റെ തോന്നലില്‍ പാപവും അശുദ്ധിയുംകൊണ്ടുള്ള ബന്ധനം വളരെ ലഘുവാണ്. എന്തുകൊണ്ടെന്നാല്‍ മൃഗപ്രകൃതിയില്‍നിന്നു നന്നെക്കുറച്ചേ അവന്‍ ഉയര്‍ന്നിട്ടുള്ളു. അവന്‍ പോരാടുന്നതു കായികബന്ധനത്തോടാണ്, ശാരീരികഭോഗത്തിന്റെ പോരായ്മയോടാണ്. എന്നാല്‍, ഈ താഴ്ന്ന തോന്നലില്‍നിന്നാണ്, മാനസികവും ധാര്‍മ്മികവുമായ ബന്ധനത്തെപ്പറ്റിയ ഉയര്‍ന്ന ബോധം വളര്‍ന്നു വിസ്തൃതമാകുന്നതും, ആദ്ധ്യാത്മികസ്വാതന്ത്രേ്യച്ഛ (മോക്ഷേച്ഛ) ഉദിക്കുന്നതും. ഇവിടെ ഈശ്വരത്വം അവിദ്യയാകുന്ന മറയില്‍ക്കൂടി മങ്ങി പ്രകാശിക്കുന്നതായി നാം കാണുന്നു. ഈ ആവരണം ആദ്യം വളരെ കട്ടിയുള്ളതാണ്, വെളിച്ചം മിക്കവാറും മങ്ങിപ്പോകുന്നു. എന്നാല്‍ നിത്യശുദ്ധവും നിത്യബുദ്ധവുമായി സ്വാതന്ത്ര്യത്തിന്റേയും പരിപൂര്‍ണ്ണതയുടേയും ആ ഉജ്ജ്വലാഗ്‌നി5 അവിടെത്തന്നെയുണ്ട്. ഏകവും സ്വതന്ത്രവുമായ ഈ ചൈതന്യത്തെ ജഗന്നിയന്താവായി മനുഷ്യന്‍ സങ്കല്പിക്കുന്നു.6 ജഗത്തു മുഴുവന്‍ ഏകമാണെന്നും, വ്യത്യാസങ്ങള്‍ താരതമ്യത്തിലും സങ്കല്പത്തിലും മാത്രമാണെന്നും അവനപ്പോഴും അറിയുന്നില്ല.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 1 മതം എന്നാല്‍ എന്ത്?. പേജ് 4-7] _________________________________________

1 സംയുക്തമേതത് ക്ഷരമക്ഷരം ച
വ്യക്താവ്യക്തം ഭരതേ വിശ്വമീശഃ
അനീശശ്ചാത്മാ ബധ്യതേ ഭോക്തൃഭാവാത്
ജ്ഞാത്വാ ദേവം മുച്യതേ സര്‍വപാശൈഃ
ക്ഷരം പ്രധാനമമൃതാക്ഷരം ഹരഃ
ക്ഷരാത്മാനാവീശതേ ദേവ ഏകഃ
തസ്യാഭിധ്യാനാദ്‌യോജനാത് തത്ത്വഭാവാദ്
ഭൂയശ്ചാന്തേ വിശ്വമായാനിവൃത്തിഃ. (ശ്വേ. 1.8.10)
ക്ഷര(ജഡ)വും അക്ഷര(ചേതന)വും ചേര്‍ന്ന്, വ്യക്ത(കാര്യ)വും അവ്യക്ത(കാരണ)വുമായ ഈ വിശ്വത്തെ ഈശ്വരന്‍ ഭരിക്കുന്നു. ഈശ്വരനെ വിട്ട് വിഷയങ്ങള്‍ ഭുജിച്ച് ജീവാത്മാവു ബദ്ധനായിത്തീരുന്നു. എന്നാല്‍ ദേവനെ അറിഞ്ഞ് സര്‍വ്വപാശങ്ങളില്‍നിന്നും മുക്തനാകുന്നു. ക്ഷരമാണ് പ്രകൃതി: അക്ഷരനും അമൃതനുമാണ് ഹരന്‍ (ഈശ്വരന്‍). പ്രകൃതിയെയും ജീവാത്മാവിനേ(പുരുഷനേ)യും ഏകനായ ദേവന്‍ ഭരിക്കുന്നു. സ്വയം ജ്യോതിസ്സും സ്വതന്ത്രനുമായ ആ ദേവനെ പ്രീതിപൂര്‍വ്വം ധ്യാനിച്ച്, അവനോടു ചേര്‍ന്ന് അവനായിത്തീര്‍ന്നാല്‍ പിന്നെ മായകളെല്ലാം മായുന്നു.

2 ന തസ്യ കശ്ചിത് പതിരസ്തി ലോകേ
ന ചേശിതാ നൈവ തസ്യ ലിങ്ഗം.
സ കാരണം കരണാധിപാധിപോ
ന ചാസ്യ കശ്ചിജ്ജനിതാ ന ചാധിപഃ (ശ്വേ. 6.9)

ഈശ്വരന് ഈ ലോകത്തില്‍ നാഥനോ നിയന്താവോ ആരുമില്ല. അവനെ അറിയാന്‍ അടയാളവുമില്ല: അവന്‍ ജഗത്കാരണമാണ്, ബാഹ്യാന്തഃകരണങ്ങളുടെ ഉടയവരായ ജീവന്‍മാരുടെയും ഉടയവനാണ്, അവനെ ജനിപ്പിച്ച (കാരണം) ഒന്നുമില്ല: അവനു നിയാമകനും ആരുമില്ല.
മായാം പ്രകൃതിം വിദ്യാന്‍മായിനം ച മഹേശ്വരം (ശ്വേ. 4.10)

മായ തു പ്രകൃതിയും മായി (മായാധിപന്‍) മഹേശ്വരനുമാണ് എന്ന് അറിയുക.

3 കോ ഹ്യേവാന്യാത് കഃ പ്രാണ്യാദ് യദേഷ ആകാശ ആനന്ദോ ന സ്യാത്.
(തൈ. 27)
ആനന്ദസ്വരൂപനായ ആത്മാവ് ഹൃദയാകാശത്തിലില്ലായിരുന്നുവെങ്കില്‍ ആരനങ്ങും? ആരു ശ്വസിക്കും?

4 മനഃപ്രാണേന്ദ്രിയങ്ങള്‍ അസ്വതന്ത്രങ്ങളായി പ്രവര്‍ത്തിക്കുന്നതു കണ്ട് വിവേകശാലികള്‍ വിചാരം ചെയ്യുന്നു;
കേനേഷിതം പതതി പ്രേഷിതം മനഃ
കേന പ്രാണഃ പ്രഥമഃ പ്രൈതി യുക്തഃ
കേനേഷിതാം വാചമിമാം വദന്തി
ചക്ഷുഃ ശ്രോത്രം ക ഉ ദേവോ യുനക്തി (കേ. 1.1)
സ്വതന്ത്രനായ ആരുടെ ഇച്ഛാമാത്രംകൊണ്ടു പ്രേരിതമായിട്ടാണ് മനസ്സ് (അത്യുഗ്രദുഃഖമിയറ്റുന്ന) വിഷയങ്ങളില്‍ (പോലും, ആളുകള്‍ തടഞ്ഞിട്ടുംകൂടി) അസ്വതന്ത്രമായി ചെന്നുവീഴുന്നത്? ആരു നിയോഗച്ചിട്ടാണ് പ്രധാനപ്രവര്‍ത്തകനായ പ്രാണനും ഓടിയെത്തുന്നത്? ആരിഷ്ടപ്പെട്ടിട്ടാണ് ഈ വാക്കുകള്‍ പറയുന്നത്? (ബാഹ്യാന്തഃകരണങ്ങള്‍ക്കുകൂടി ചൈതന്യമരുളുന്ന) ഏതു സ്വയം ജ്യോതിസ്സാണ് കണ്ണിനെയും കാതിനെയും വിഷയങ്ങളില്‍ ഇണക്കുന്നത്?

5 സ പര്യഗാച്ഛുക്രമകായമവ്രണ-
മസ്‌നാവിരം ശുദ്ധമപാപവിദ്ധം. (ഈ.8)
ആ ആത്മാവ് സര്‍വ്വവ്യാപിയാണ്, ജ്യോതിഃസ്വരൂപമാണ്: അശരീരമാണ്. (സൂക്ഷ്മശരീരമല്ല): വ്രണവും സ്‌നായുക്കളുമുള്ളതല്ല (സ്ഥൂലശരീരവുമല്ല). (അവിദ്യാലേശവുമില്ലാതെ) ശുദ്ധവുമാണ്: (ധര്‍മ്മാധര്‍മ്മങ്ങളായ)പാപം തീണ്ടാത്തതുമാണ്.

6 ഏകോ ദേവഃ സര്‍വ്വഭൂതേഷു ഗൂഢഃ സര്‍വവ്യാപീ സര്‍വഭൂതാന്തരാത്മാ
കര്‍മ്മാധ്യക്ഷഃ സര്‍വ്വഭൂതാധിവാസഃ സാക്ഷീ ചേതാ കേവലോ നിര്‍ഗുണശ്ച.
(ശ്വേ. 6. 11)
സ്വപ്രകാശമുള്ളവന്‍ ഒന്നേയുള്ളു. ആ ദേവന്‍ സര്‍വ്വഭൂതങ്ങളിലും ഒളിഞ്ഞിരിക്കുന്ന സര്‍വവ്യാപിയാണ്. എല്ലാ ജീവികളുടെയും അന്തരാത്മാവാണ്: സര്‍വജീവികളുടെയും കര്‍മ്മങ്ങളുടെയും പ്രേരകനാണ്, സര്‍വ്വഭൂതങ്ങള്‍ക്കും ആശ്രയവുമാണ്. സര്‍വസാക്ഷിയായ ആ സര്‍വചൈതന്യം പ്രകൃതിയുടെ ഗുണങ്ങളൊന്നും തീണ്ടാതെ അതിനപ്പുറം ഒറ്റയ്ക്കു വിളങ്ങുന്നു.