തതസ്സമാധിയുക്തേന ക്രിയായോഗേന കര്‍ദ്ദമഃ
സംപ്രപേദേ ഹരിം ഭക്ത്യാ പ്രപന്നവരദാശുഷം (3-21-7)
സഹാഹം സ്വ‍ാംശകലയാ ത്വദ്വീര്യേണ മഹാമുനേ
തവ ക്ഷേത്രേ ദേവഹൂത്യ‍ാം പ്രണേഷ്യേ തത്ത്വസംഹിത‍ാം. (3-21-32)

മൈത്രേയന്‍ തുടര്‍ന്നു:

ബ്രഹ്മാവ്‌ തന്റെ സൃഷ്ടികളായ പത്തു പ്രജാപതിമാരോട്‌ ഭൂമിയില്‍ സൃഷ്ടി തുടരാന്‍ ആവശ്യപ്പെട്ടു. അതിലൊരാളായ കര്‍ദ്ദമന്‍ പതിനായിരം കൊല്ലം തപസ്സിലായിരുന്നു. ക്രിയായോഗവും സമാധിയും ചേര്‍ന്ന ഈ തപശ്ചര്യയാല്‍ കര്‍ദ്ദമന്‍ ഭഗവാനില്‍ പൂര്‍ണ്ണമായി സ്വയം സമര്‍പ്പിച്ചിരുന്നു. ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ തന്റെ മഹിമയാര്‍ന്ന രൂപം മുനിക്കു കാട്ടിക്കൊടുത്തു. ഹൃദയം നിറഞ്ഞ ഭക്തിപ്രേമപാരവശ്യത്തോടെ കര്‍ദ്ദമന്‍ ഭഗവല്‍പ്പാദങ്ങളില്‍ വീണു.

“ഭഗവാനേ ആ പാദാരവിന്ദങ്ങള്‍ ഇഹലോകത്തിലെ മുഷിഞ്ഞ ജീവിതവും സംസാരക്കടലും ക്ഷണത്തില്‍ കടത്തിക്കൊണ്ടു പോവാന്‍ പര്യാപ്തമാണ്‌. അജ്ഞരായവര്‍ മാത്രമേ സ്വന്തം ലൗകികസുഖത്തിനും നേട്ടങ്ങള്‍ക്കും വേണ്ടി അവയെ പൂജിക്കൂ. അങ്ങയുടെ യഥാര്‍ത്ഥഭക്തന്മാര്‍ ലൗകികസുഖത്തില്‍ നിന്നുവിട്ട്‌ സദാ ഭഗവല്‍പ്രേമമത്തരായിരിക്കും. അങ്ങയാല്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്ന കാലചക്രത്തില്‍ ജീവന്റെ ഇഹലോകവാസം നിമിഷംപ്രതി ചെറുതായിവരുന്നു എന്നും അവര്‍ക്കറിയ‍ാം. അങ്ങയുടെ ഭക്തന്മാരുടെ ഏതാഗ്രഹവും അങ്ങാണല്ലോ സാധിച്ചു തരുന്നത്‌. സൃഷ്ടികര്‍ത്താവിന്റെ ആജ്ഞയനുസരിക്കാന്‍ വേണ്ടി എനിക്കൊരു വിവാഹം ചെയ്യണമെന്നാഗ്രഹമുണ്ട്‌. എനിക്ക്‌ പുണ്യവതിയും അങ്ങയോടതിരറ്റ ഭക്തിയുമുളള ഒരു പെണ്‍കുട്ടിയെ ഭാര്യയായിക്കിട്ടാനിടയാക്കിയാലും.”

ഭഗവാന്‍ പറഞ്ഞു: “സൃഷ്ടിക്കപ്പെട്ടവരില്‍ അ​ഗ്രഗണ്യനായ മഹാമുനേ, എന്നോടുളള ഒരു പ്രാര്‍ത്ഥനയും വെറുതെയാവാന്‍ പറ്റില്ലതന്നെ. നിന്റെ മനസിലുളള ഈ ആഗ്രഹം നീ പറയും മുമ്പേ എനിക്കറിയാമായിരുന്നു. നേരത്തേതന്നെ ഞാനതനുവദിക്കുകയും ചെയ്തിരുന്നു. സ്വയംഭൂവമനു ചക്രവര്‍ത്തി തന്റെ മകളെ നിനക്കുവിവാഹം ചെയ്തുതരും. നിനക്ക് ഒന്‍പത് പെണ്‍കുട്ടികളുണ്ടാവുകയും ചെയ്യും. നിന്റെ ഇഹലോകകടമകളെല്ല‍ാം തീര്‍ത്തുകഴിയുമ്പോഴേക്കും നിസ്വാര്‍ത്ഥവും അഹങ്കാരരഹിതവുമായ ജീവിതം കൊണ്ട്‌ എന്നെ സാക്ഷാത്ക്കരിക്കുവാനും ഏകത്വം കൈവരിക്കുവാനും നിനക്കു കഴിയും. എല്ലാ ജീവികളിലും കരുണയുളളവനായും യാതൊരു ജീവജാലങ്ങള്‍ക്കും നിന്നോട്‌ പേടിയോ വിദ്വേഷമോ ഇല്ലാതേയും നിനക്ക്‌ ഈ വിശ്വം മുഴുവന്‍ എന്റേതന്നെരൂപമെന്നു കാണാനാകും. ഞാന്‍ സ്വയം നിനക്കുപുത്രനായി പിറന്ന് സത്യം വെളിപ്പെടുത്തുകയും ചെയ്യു.” ഭഗവാന്‍ മറഞ്ഞശേഷവും കര്‍ദ്ദമന്‍ സന്തോഷോന്മാദത്തിലായിരുന്നു.

കര്‍ദ്ദമന്റെ കുടില്‍ പ്രകൃതിരമണീയമായ ബിന്ദുസരോവരത്തിന്റെ തീരത്തായിരുന്നു. ഭഗവല്‍പ്രേമമത്തനായ കര്‍ദ്ദമനെ കണ്ട സന്തോഷത്തില്‍ ഭഗവല്‍നേത്രങ്ങളില്‍ നിന്നുവീണ കണ്ണുനീര്‍ ബിന്ദുവാണ്‌ സരോവരമായിതീര്‍ന്നത്‌. അതീവസൗന്ദര്യവും ദൈവികതയും നിറഞ്ഞ ചുറ്റുപാടുകള്‍ . പരമമായ സമാധാനത്തിന്റെ അന്തരീക്ഷം. ഭഗവല്‍വിധിപോലെ ഒരുദിനം ചക്രവത്തി തന്റെ മകള്‍ ദേവഹൂതിയുമായി പര്‍ണ്ണശാലയില്‍ വന്നു. കര്‍ദ്ദമന്‍ ചക്രവര്‍ത്തിയെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു.

“സ്വയം രാജ്യമുടനീളം സന്ദര്‍ശിച്ച്‌ ദുഷ്ടനിഗ്രഹം നടത്തി ശിഷ്ടപരിപാലനം ചെയ്യുന്ന രാജാവ്‌ ഭഗവാന്റെ ഒരംശംതന്നെയാണല്ലോ. ധര്‍മ്മത്തെ പരിപാലിക്കയും അധര്‍മ്മത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യാന്‍ ജനങ്ങളോട്‌ ഇടപഴകിത്തന്നെയാണ്‌ ഒരു രാജാവ്‌ കഴിയേണ്ടത്‌. അല്ലെങ്കില്‍ ദുഷ്ടരുടെ എണ്ണംപെരുകി അധര്‍മ്മം നിലനില്‍ക്കാന്‍ ഇടവരും. അങ്ങയുടെ ആഗമനോദ്ദേശം വെളിപ്പെടുത്തിയാലും. എനിക്കങ്ങേക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയും?”.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF