ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 20,1936

ഡാക്ടര്‍ സെയ്യദ് : ഹൃദയം അതാത്മാവിലിരിക്കുകയാണെന്നു ഭഗവാന്‍ പറയുന്നു, എന്നാല്‍ അഷ്ടരാഗാദികള്‍ ഹൃദയത്തിലിരിക്കുന്നുവെന്നാണു മന:ശ്ശാസ്ത്രത്തില്‍. ഈ രണ്ടും എങ്ങനെ യോജിക്കും ?
മഹര്‍ഷി: ഈ ലോകമേ ഹൃദയത്തിന്‍റെ ഒരു സുഷിരത്തില്‍ അടങ്ങിയിരിക്കുന്നുവെങ്കില്‍ അവിടെ രാഗാദികള്‍ക്കെന്തുകൊണ്ടിരുന്നു കൂടാ? താന്‍ തന്നെയുണാരാതെയിരിക്കുന്നതിനെയാണവിദ്യയെന്നു പറയുന്നത്‌. തന്നെ താനറിയാന്‍ രണ്ടു താന്‍ (ആത്മാവു) ആവശ്യമുണ്ടോ? രാഗാദികളും മറ്റും ഈ അറിയായ്മ എന്ന അവിദ്യ മാത്രമാണ്. അവിദ്യയൊന്നും പ്രത്യേകമില്ലതാനും. ആത്മാവേ ഉള്ളതാകൂ. മറ്റൊന്നുമില്ല. ആത്മാവെന്നു വിശേഷിപ്പിച്ചു പറയേണ്ടി വന്നതു അവിദ്യ മൂലമാണ്.

ചോദ്യം:ഭഗവാന്‍ ലോകത്തെ തന്മയമായിട്ടാണോ കാണുന്നത് ?
മഹര്‍ഷി: ആത്മാവേ ഉളളൂ. മറ്റൊന്നുമില്ല. എങ്കിലും അജ്ഞത മൂലം കല്പിക്കുന്നു. ഇതു മൂന്ന് വിധം. സജാതീയം, വിജാതീയം സ്വഗതം (തന്നകത്തു തോന്നുന്നത്) ലോകം ആത്മാവിനെപ്പോലെയുള്ള മറ്റൊന്നല്ല. അത് അത്മാവിനന്യമല്ല. ആത്മാവിന്‍റെ അംശവുമല്ല.

ചോദ്യം:ലോകം ആത്മാവില്‍ പതിക്കുന്ന ഒരു പ്രതിഫലനമല്ലേ?
മഹര്‍ഷി: ഇതിന് പ്രതിബിംബിക്കുന്ന വസ്തുവും പ്രതിബിംബവും എന്ന് രണ്ടുണ്ടായിരിക്കണം. ആത്മാവില്‍ ഇത്തരം ഭേദമൊന്നുമില്ല.

ചോദ്യം:അപ്പോള്‍ ഭഗവാന്‍ ഈ ലോകത്തെ കാണുന്നില്ലേ?
മഹര്‍ഷി: ഭഗവാനെന്നു പറഞ്ഞതാരെയാണ്?

ചോദ്യം:എന്നെക്കാളും ഉയര്‍ന്ന ഒരു ജീവനെ.
മഹര്‍ഷി: നിങ്ങള്‍ നിങ്ങളുടെ ജീവനെ അറിയുമ്പോള്‍ മറ്റേ ജീവനേയും അറിഞ്ഞതാകും.

ചോദ്യം:ഞാന്‍ വാദിക്കാന്‍ വേണ്ടിപ്പറഞ്ഞതല്ല. പഠിക്കാന്‍ വേണ്ടിയാണ്.
മഹര്‍ഷി: ശരി. ഉറക്കത്തില്‍ നിങ്ങള്‍ക്കു ബന്ധം തോന്നിയിരുന്നോ? അപ്പോള്‍ ബന്ധവിമോചനത്തിനാഗ്രഹിച്ചിരുന്നുവോ? അപ്പോള്‍ നിങ്ങള്‍ക്ക് ദേഹത്തെപ്പറ്റിയുള്ള ബോധം തന്നെ ഉണ്ടായിരുന്നോ? ഇതെല്ലാം ജാഗ്രത്തിലാണുണ്ടായത്. ആലോചിക്കൂ, ആര്‍ക്കുണ്ടായി എന്ന്

ചോദ്യം:മനസ്സിന്
മഹര്‍ഷി: അപ്പോള്‍ അതില്‍ നിന്നും മാറ്റി നിന്നിട്ട് അതിനെ നോക്കൂ. നിങ്ങള്‍ മനസ്സല്ല. ആത്മാവാണ്. അത് നിത്യവുമാണ്

ചോദ്യം:ഭഗവാന്‍ പരിണാമത്തില്‍ വിശ്വസിക്കുന്നുണ്ടോ?
മഹര്‍ഷി: പരിണാമം ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയെ പ്രാപിക്കുകയാണ്. അവസ്ഥാഭേദമേ ഇല്ലെങ്കില്‍ പരിണാമത്തിനിടമില്ലല്ലോ.

ചോദ്യം:’ ഒരു ജിജ്ഞാസു പല ജന്മങ്ങള്‍ക്കുശേഷം എന്നെ അറിയാനാകുമെന്നു ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറയുന്നതോ?
മഹര്‍ഷി: ഒന്നും ഉണ്ടാകുന്നില്ല, ഇല്ലാതെ പോകുന്നില്ല. ആരും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ലെന്നും അതില്‍ പറഞ്ഞിട്ടുണ്ടല്ലോ.

ചോദ്യം:എല്ലാവരും മോക്ഷത്തിലിരിക്കുകയാണോ?
മഹര്‍ഷി: എല്ലാവരും ആര്? ബന്ധമില്ലെങ്കില്‍ മോക്ഷം തന്നെയുമില്ലല്ലോ

ചോദ്യം:’ പല ജന്മങ്ങള്‍കൊണ്ട്’ എന്നു പറഞ്ഞത് ദീര്‍ഘകാല അഭ്യാസത്തെയാണൊ?
മഹര്‍ഷി: (തന്നെ മറന്ന) മറവിയെ മാറ്റുകയാണഭ്യാസത്തിന്‍റെ ഉദ്ദേശം. അതിനു വര്‍ഷങ്ങളൊന്നും വേണ്ട. വിചാരത്തെ ഇപ്പോള്‍ തന്നെ വിട്ടേക്കൂ. അഭ്യാസം ഉണ്ടായിരുന്നാലും ഇല്ലാതിരുന്നാലും നിങ്ങള്‍ ആത്മാവിനെ വിട്ടിരിക്കുന്നില്ല.

വേറൊരാള്‍: എന്നാല്‍ എല്ലാവരും സാക്ഷാല്ക്കരിക്കാത്തതെന്താ?
മഹര്‍ഷി: നിങ്ങള്‍ക്കു അഭ്യാസം വേണമെന്നു തോന്നുന്നതുകൊണ്ട്. അതെന്തിനു തോന്നി? അതു ചെയ്തുകൊള്ളൂ.
സംശയം തോന്നാതിരിക്കുന്നതാണ്‌ നിജാവസ്ഥ. ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യന്‍ ഈശ്വരനെയും. രണ്ടു പേരും നാമരൂപങ്ങളുണ്ടാക്കി. യഥാര്‍ത്ഥത്തില്‍ ഈശ്വരനോ മനുഷ്യനോ സൃഷ്ടിക്കപ്പെട്ടിട്ടില്ല.