ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 7

ആഹാരസ്ത്വപി സര്‍വ്വസ്യ
ത്രിവിധോ ഭവതി പ്രിയഃ
യജ്ഞസ്തപസ്തഥാ ദാനം
തേഷാം ഭേദമിമം ശൃണു.

ഓരോ ആള്‍ക്കും ആഹാരത്തിലുള്ള പ്രിയംപോലും മൂന്നു തരത്തിലാണ്. യജ്ഞവും തപസ്സും ദാനവും അപ്രകാരം തന്നെ മൂന്നു വിധമായിരിക്കുന്നു. അവയുടെ ഭേദത്തെപ്പറ്റി പറയാം, കേ‌ട്ടാലും.

ഓരോ ജീവികളും ഭക്ഷിക്കുന്ന ആഹാരം ശ്രദ്ധയുടെ വ്യത്യാസമനുസരിച്ച് മൂന്നു വിധമായി ഭവിക്കുന്നു. അത് എപ്രകാരമെന്നു ഞാന്‍ വിശദീകരിക്കാം. ഓരോരുത്തരും ഭക്ഷണം അവനവന്‍റെ രുചിക്കനുസരിച്ചാണ് തയ്യാറാക്കുന്നത്. മനുഷ്യന്‍ എപ്പോഴും ത്രിഗുണങ്ങളുടെ ദാസനാണ്. കര്‍ത്താവും ഭോക്താവുമായിരിക്കുന്ന ജീവാത്മാവ് അവന്‍റെ ഗുണസ്വഭാവമനുസരിച്ച് മൂന്നു വിധക്കാരനാണ്. തന്മൂലം അവന്‍റെ കര്‍മ്മങ്ങളും മൂന്നു വിധത്തിലായിരിക്കും. അവന്‍റെ ആഹാരം മൂന്നുവിധത്തിലാണ്. അവന്‍ മൂന്നുവിധത്തിലുള്ള യജ്ഞങ്ങള്‍ ചെയ്യുന്നു. അവന്‍റെ തപസ്സും ദാനപ്രവര്‍ത്തനങ്ങളും മൂന്നു വിധത്തിലാണ്. ആദ്യം മൂന്നുവിധത്തിലുള്ള ഭക്ഷണത്തിന്‍റെ ലക്ഷണങ്ങളെപ്പറ്റി പറയാം.