ന്യായമായി കിട്ടേണ്ടതൊക്കെ അനുജന്‍ വീട്ടില്‍ നിന്നും വാങ്ങി. പക്ഷേ ഇപ്പോഴും കൂടുതല്‍ സ്വത്തിനുവേണ്ടി ബഹളമുണ്ടാക്കുന്നു. എന്തുചെയ്യും?

രാമായണത്തിലെ ഈ സന്ദര്‍ഭം ഒന്ന് സ്മരിക്കാം.

“…അങ്ങനെ രാമന്‍ പിതൃവാക്യപരിലനത്തിനായി കാട്ടിലായി. ഭരതന്‍ അമ്മവീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പേള്‍ വിവരമറിഞ്ഞു, തനിക്കു വേണ്ടി എന്റെ അമ്മ ഏട്ടനായ രാമനെ കാട്ടിലേക്ക് ഓടിച്ചുവെന്ന്. ഭരതകുമാരന്‍ കത്തിക്കാളി തനിക്കു വേണ്ടി രാജ്യം സമ്പാദിച്ച, ശ്രീരാമനെ പുറത്താക്കിയ, സ്വന്തം അമ്മയെ നിശിതമായി ശകാരിച്ചു. എന്തിനധികം കൈകേകിയുടെ പുത്രനായി പിറന്നത് മഹാപാപം എന്നുപോലും ഭരതന്‍ ആക്രോശിച്ചു. അമ്മ നേടിത്തന്ന അധര്‍മ്മത്തിലൂടെ സിംഹാസനം തള്ളിക്കളഞ്ഞ് അദ്ദേഹം ജ്യേഷ്ഠനെ തേടി വനത്തിലെത്തി.

എന്തിനായിരുന്നു ഭരതന്‍ ഇത്രയും വിറളിപിടിച്ചത്? അച്ഛനില്‍ നിന്നും ‘നേരായമാര്‍ഗ്ഗത്തിലൂടെ’ അമ്മ നേടിയ സിംഹാസനം (കൊടുത്ത വരം ആവശ്യപ്പെട്ട് നേടിയതാണല്ലോ സിംഹാസനം.) അധര്‍മ്മത്തിന്റെകൂടി ചുവയുള്ളതാണ്. തിന്മയെ ഭയക്കുന്നതു കൊണ്ടാണ് ഭരതന്‍ ഇത്രയേറെ വിഷമിച്ചത്.?

‘നിയമവും’ നമുക്ക് ‘വേണ്ടപ്പെട്ടവരും’ തരുന്ന അവകാശങ്ങളെ കൈയാളുവാന്‍ ഒരുങ്ങും മുമ്പ് തനിക്കത് അനുഭവിക്കാനുള്ള ധാര്‍മ്മിക യോഗ്യതയുണ്ടോ എന്നുകൂടി മനസ്സില്‍ ചിന്തിക്കുക.

കടപ്പാട്: നാം മുന്നോട്ട്