യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 174 [ഭാഗം 4. സ്ഥിതി പ്രകരണം]

സമ്യഗാലോകനാത്സത്യാദ്വാസനാ പ്രവിലീയതേ
വാസനാവിലയേ ചേത: ശമമായാതി ദീപവത് (4/34/28)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമ: ശംഭരനെ ദാമന്‍, വ്യാളന്‍, കടന്‍ എന്നീ രാക്ഷസന്മാര്‍ ഉപേക്ഷിച്ചുപൊയ്ക്കഴിഞ്ഞപ്പോള്‍ അവര്‍ അഹംഭാവത്തിനടിമപ്പെട്ടുപോയ കാര്യം അയാള്‍ മനസ്സിലാക്കി. അതുകൊണ്ടയാള്‍ കൂടുതല്‍ രാക്ഷസന്മാരെ ഉണ്ടാക്കാന്‍ തീരുമാനിച്ചു. പക്ഷേ ഇത്തവണ അവര്‍ക്ക് ആത്മജ്ഞാനവും വിവേകവും നല്‍കി. കാരണം ദാമാദികളെപ്പോലെ ‘അഹം ഭാവമെന്ന’ കെണിയില്‍ അവര്‍ വീണുപോകരുതല്ലോ. ശംഭരന്‍ തന്റെ മായാശക്തികൊണ്ട് ഭീമന്‍, ഭാസന്‍, ദൃഢന്‍ എന്നിങ്ങനെ മൂന്നുപേരെ സൃഷ്ടിച്ചു. അവര്‍ സര്‍വ്വശക്തരും ആത്മജ്ഞാനനിരതരും, നിര്‍മമതരും പാപരഹിതനും ആയിരുന്നു. അവര്‍ വിശ്വത്തെമുഴുവന്‍ തൃണസമാനമായി കരുതി. അവര്‍ ദേവസേനകളുമായി യുദ്ധം തുടങ്ങി. ഏറെക്കാലം പൊരുതിയിട്ടും അവരെ അഹംഭാവം തീണ്ടിയില്ല. ഏപ്പോഴെല്ലാം അഹംഭാവം തലയുയര്‍ത്താന്‍ തുടങ്ങിയോ അപ്പോഴെല്ലാം അവര്‍ ‘ഞാനാരാണ്‌’ എന്ന അന്വേഷണത്തിലൂടെ അതിനെ മറികടന്നു. അവര്‍ക്കതിനാല്‍ മരണഭയമുണ്ടായിരുന്നില്ല. അപ്പപ്പോള്‍ തങ്ങളുടെ മുന്നിലുള്ള കര്‍മ്മമെന്തോ അത് യാതൊരുവിധ ആസക്തികളും കൂടാതെ അവര്‍ ചെയ്തുവന്നു. ‘ഞാനാണ്‌ ഇതു ചെയ്തത്’ എന്നവര്‍ക്കു തോന്നിയതേയില്ല. തങ്ങളുടെ നാഥനായ ശംഭരന്‍ ഇച്ഛിച്ച പണികളെല്ലാം യാതൊരാഗ്രഹങ്ങളും ഇല്ലാതെ, സമബുദ്ധിയോടെ അവര്‍ ചെയ്തുവന്നു.

ദേവസൈന്യം പെട്ടെന്നുതന്നെ പരജയപ്പെട്ടു. അവര്‍ ഭഗവാന്‍ വിഷ്ണുവിനെ ശരണം പ്രാപിച്ചു. അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം അവര്‍ പുതിയൊരിടംകണ്ടെത്തി അവിടെ വാസമുറപ്പിച്ചു. അതുകഴിഞ്ഞ് ഭഗവാന്‍ സ്വയം ശംഭരനുമായി യുദ്ധംചെയ്ത് അവനെ വധിച്ച് വിഷ്ണുപദം പൂകിച്ചു. ഭഗവാന്‍ സ്വയം ഭീമനേയും ഭാസനേയും ദൃഢനേയും വധിച്ചു. ദേഹം വീണമാത്രയില്‍ അവര്‍ പ്രബുദ്ധരായി. കാരണം അവരില്‍ അഹംഭാവം ഉണ്ടായിരുന്നില്ലല്ലോ.

രാമ, ഉപാധികളില്‍പ്പെട്ട മനസ്സുതന്നെയാണ്‌ ബന്ധനം. “മനസ്സ് ഉപാധികളില്‍ നിന്നു മോചനമാവുമ്പോള്‍ മുക്തിയായി. സത്യം സാക്ഷാത്കരിക്കുമ്പോള്‍, അല്ലെങ്കില്‍ വ്യക്തമായി അറിയുമ്പോള്‍ മനോപാധികള്‍ കൊഴിഞ്ഞു പോവുന്നു. ഉപാധികളില്ലാത്ത മനസ്സുമൂലം ബോധമണ്ഡലം അതീവനിര്‍മ്മലമാവുന്നു. ജ്വാലയണച്ച വിളക്കുപോലെ പ്രശാന്തമാവുന്നു. ”

ആത്മാവാണ്‌ സകലതും – ഒരുവന്‌ ആലോചിക്കാവുന്നതെല്ലാം അത്മാവുതന്നെയെന്ന് അറിയുന്നതാണ്‌ പ്രബുദ്ധത. ഉപാധി, മനസ്സ്, എന്നൊക്കെയുള്ള വാക്കുകള്‍ക്ക് സത്യത്തില്‍ അര്‍ത്ഥമൊന്നുമില്ല. കാരണം സത്യാന്വേഷണവേളയില്‍ ഈ വാക്കുകളുടെ വ്യര്‍ത്ഥത വെളിവാകുന്നു. അതാണ്‌ പ്രബുദ്ധത. ഈ പ്രബുദ്ധതയുടെ ഉദയം തന്നെയാണ്‌ മുക്തി.

ദാമന്‍, വ്യാളന്‍, കടന്‍ എന്നിവര്‍ അഹംഭാവമെന്ന ഉപാധിയാല്‍ പരിമിതപ്പെട്ട മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു. ഭീമന്‍, ഭാസന്‍, ദൃഢന്‍ എന്നിവര്‍ ഉപാധികളില്ലാത്ത മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു. രാമാ, നാമെല്ലാം ആദ്യത്തെക്കൂട്ടരെപ്പോലെയാകാതെ ഭീമാദികളെപ്പോലെയാവണം. അതിനാലാണ്‌ ഇക്കഥ അതിബുധിമാനും എനിക്കുപ്രിയപ്പെട്ടവനുമായ നിനക്കു ഞാന്‍ പറഞ്ഞു തന്നത്.