ഉപനിഷത്ത് കഥകള്‍

പ്രകൃതിയുടെ അനുചിതമായ ലീലാനടനം കുരുദേശത്തെ വിഷമിപ്പിച്ചു. കൃഷിയും കന്നുകാലി സംരക്ഷണവുമായിരുന്നു ആ രാജ്യത്തിലെ ജനങ്ങളുടെ പ്രധാന തൊഴിലുകള്‍. വരുമാനവും ജീവിതനിലവാരവും ഇവയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഏതാനും ചില വര്‍ഷങ്ങളായി കുരുദേശത്ത് കാലാവസ്ഥ കൃഷിക്കാര്‍ക്ക് അനുകൂലമല്ല. അത്യുഷ്ണവും അതിശൈത്യവും അനവസരങ്ങളില്‍ ഉണ്ടായി.

കൊടിയവേനലില്‍ എല്ലാം വറ്റിവരണ്ടു. കൃഷിനിലങ്ങള്‍ കരിഞ്ഞുണങ്ങി. കിണറുകളും കുളങ്ങളും പുഴകളും തോടുകളുമൊക്കെ വെള്ളംവറ്റി വിണ്ടുകീറി. ചൂടുകാറ്റില്‍ ഉഷ്ണരോഗങ്ങള്‍ പടര്‍ന്നു. വെള്ളമില്ലാതെ മനുഷ്യനും കന്നുകാലികളുമൊക്കെ ചത്തു.

കുറെക്കാലം അങ്ങനെപോയി. ഒടുക്കം മഴപെയ്തു. ഭൂമി നനഞ്ഞു കുതിര്‍ന്നു. തണുത്തു. എവിടെയും ജീവന്റെ ഉറവകളുണ്ടായി. സസ്യങ്ങള്‍ പൊടിച്ചുവളര്‍ന്നു. വയലുകളില്‍ വെള്ളം നിറഞ്ഞു. പുഴകളും തോടുകളും സമൃദ്ധമായി ഒഴുകി.

ജനങ്ങള്‍ വിത്തുകള്‍ ശേഖരിച്ച് പലപല കൃഷികളിറക്കി. നന്നായി അധ്വാനിച്ച് വിളവെടുത്തു. ആഹാരത്തിന് വകയായി. പക്ഷേ തുടര്‍ന്നുവന്ന ഒരു മഴക്കാലം കര്‍ഷകരെ ചതിച്ചു. സമയം കഴിഞ്ഞിട്ടും മഴ പെയ്ത് അടങ്ങുന്നില്ല. എന്നും പെരുമഴതന്നെ. തോരാത്ത മഴനിമിത്തം വെള്ളപ്പൊക്കമുണ്ടായി. തോടുകളും പുഴകളും കരകവിഞ്ഞ് അലറിപ്പാഞ്ഞൊഴുകി. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ മഴയിലും കാറ്റിലും തകര്‍ന്നു വീണു. മനുഷ്യരും കന്നുകാലികളും ഒഴുക്കില്‍പ്പെട്ടു.

ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് ഇഭ്യ എന്ന ഗ്രാമത്തിലാണ്. അവിടെ മഴത്തുള്ളികളോടൊപ്പം ആകാശത്തുനിന്ന് മഞ്ഞുകട്ടകളും അടര്‍ന്നു വീണു തുടങ്ങി. മലകളും കുന്നുകളും ഇടിഞ്ഞു വീണു. പാറക്കെട്ടുകള്‍ ഇളകിയും അടര്‍ന്നും താഴ്വരകളിലേയ്ക്ക് ഉരുണ്ടുവീണു. ഭയചകിതരായ ഗ്രാമവാസികള്‍ പ്രാണരക്ഷാര്‍ത്ഥം കുടുംബസഹിതം അവിടെനിന്ന് പലായനം ചെയ്തു.

കൃഷിയെല്ലാം നശിച്ചുപോയതിനാല്‍ വല്ലാത്ത ദുരവസ്ഥ യിലായിരുന്നു ഉഷസ്തി. സമ്പത്തെല്ലാം നേരത്തേ നശിച്ചിരുന്നു. പട്ടിണികൊണ്ട് നട്ടംതിരിഞ്ഞുവരുമ്പോഴാണ് കാലവര്‍ഷക്കെടുതി ഉണ്ടായത്. അനുഭവിക്കുക തന്നെ അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഉഷസ്തിയ്ക്കുമുമ്പില്‍ ഉണ്ടായിരുന്നില്ല.

ചെളിവെള്ളം തളം കെട്ടി നില്ക്കുന്ന തന്റെ കുടിലിനുള്ളില്‍ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ ഉഷസ്തി നിന്നു.

ഗ്രാമവാസികളെല്ലാം നാടുവിടുകയാണ്. ആലിപ്പഴങ്ങളുടേയും പാഷാണങ്ങളുടേയും വീഴ്ച ശമിച്ചിട്ടില്ല. പ്രകൃതി ക്ഷോഭിച്ചിരിക്കുകയാണ്. അത് ഈ ഇഭ്യഗ്രാമത്തെ വിഴുങ്ങുമെന്നതില്‍ സംശയമില്ല.

എന്തു ചെയ്യും? എങ്ങോട്ട് പോകും? കൈവശം ധനമില്ല. ആഹാരമില്ല. സഹായത്തിന് ബന്ധുമിത്രാദികളുമില്ല. ആകെ ഈ ഭൂമുഖത്ത് തനിക്ക് കൂട്ടായി കൂടെയുള്ള ഏകവ്യക്തി ഭാര്യ മാത്രമാണ്. അവളാകട്ടെ തീരെ ദുര്‍ബ്ബല. കാണാന്‍ വലിയ ചന്തമൊന്നുമില്ല. പണവുമില്ല; കണ്ടാല്‍ സാധാരണ സ്ത്രീകളുടെ ലക്ഷണമൊന്നുമില്ല. സ്തനാദികളായ സ്ത്രീ ലക്ഷണങ്ങളൊന്നും ഇതുവരെയും അവള്‍ക്കു പ്രകടമായിട്ടില്ല. എങ്കിലും നിര്‍മ്മലവും നിഷ്ക്കളവുമായ മനസ്സാണ് അവളുടേത്. ഭത്തൃസ്നേഹവും ബഹുമാനവും അവള്‍ക്കുണ്ട്. ഒരു കൊച്ചുകുട്ടിയെപ്പോലെ പരിശുദ്ധയാണ്. ഭര്‍ത്താവില്‍ നിന്ന് ഉപദേശിച്ചു കേട്ട സാമാന്യബോധം അവള്‍ക്കുണ്ട്. ഏറെ നാളായി അവള്‍ ഉഷസ്തിയോടൊപ്പം കഴിയുന്നു.

എത്രയും വേഗം ഗ്രാമം വിട്ടുപോകുന്നതാണ് ബുദ്ധിയെന്ന് ഉഷസ്തിയ്ക്കു തോന്നി. തന്റെ അവശേഷിക്കുന്ന സമ്പാദ്യമായ ചില ഗ്രന്ഥക്കെട്ടുകള്‍ തുണിയില്‍ പൊതിഞ്ഞ് തുകല്‍ സഞ്ചിയിലാക്കിക്കൊണ്ട് അയാള്‍ ഭാര്യയെ സമീപിച്ചു.

അവള്‍ തണുത്തു വിറച്ചിരിക്കുകയാണ്. വസ്ത്രങ്ങള്‍ നനഞ്ഞിട്ടുണ്ട്. കരയുകയും ചെയ്യുന്നുണ്ട്.

ഉഷസ്തി, ഭാര്യയുടെ ചുമലില്‍ സ്നേഹപൂര്‍വ്വം കൈവച്ചു.

“പ്രിയേ, ഗ്രാമവാസികളെല്ലാംതന്നെ നാടുവിട്ടുകഴിഞ്ഞു. എനിക്ക് സ്വന്തമെന്നു പറയാന്‍ മുന്നെണ്ണമാണുള്ളത്. ഒന്ന് ഗുരുമുഖത്തു നിന്ന് അഭ്യസിച്ച വിദ്യയാണ്. പിന്നെ എന്റെ ഭാര്യയായ നീ! നമ്മളോടൊപ്പം എന്നുമുള്ള പട്ടിണി. ഇവ മൂന്നുമായി ഇവിടെ നിന്ന് വേഗം രക്ഷപ്പെടുവാന്‍ ഞാന്‍ നിശ്ചയിച്ചു കഴിഞ്ഞു. വരൂ, പോകാം.”

ഉഷസ്തിയുടെ ഭാര്യ ദീനമായി അയാളെ നോക്കി. വിറച്ചുകൊണ്ടവള്‍ പറഞ്ഞു:

“ക്ഷമിക്കണം. ഞാന്‍ അങ്ങയോടൊപ്പം വരുന്നില്ല. ദയവായി എന്നെ ഉപേക്ഷിച്ചു പോകണം.” അവള്‍ വിതുമ്പിക്കരഞ്ഞു.

“നിന്റെ ഇംഗിതങ്ങളെ സാധിച്ചുതരാന്‍ ഇതുവരെ ഞാന്‍ ശ്രമിച്ചില്ല. സത്യത്തില്‍ അത് മനഃപൂര്‍വ്വവുമാണ്. ഇതുവരെ നീ ക്ഷമിച്ചു. ഇപ്പോള്‍ നിനക്കതിന് ആകുന്നില്ലെങ്കില്‍ വിഷമിക്കരുത്. ഇനിമുതല്‍ ഞാന്‍ ശ്രമിക്കാം. വേണ്ടതു ചെയ്തു തരാം.” ഉഷസ്തി അവളോട് ഉറപ്പിച്ചു പറഞ്ഞു.

“ഇല്ല പ്രഭോ! അങ്ങയുടെ ദുരവസ്ഥയുടെ കാരണക്കാരി ഞാനാണെന്ന് ലോകര്‍ക്കുമഴുവന്‍ അറിയാം. താങ്കള്‍ വേദശാസ്ത്രങ്ങളില്‍ മഹാപണ്ഡിതനാണ്. മഹായാഗങ്ങളില്‍പ്പോലും ഏതു ഋത്വിക്കായിരിക്കാനുമുള്ള യോഗ്യതയും നേടിയിട്ടുണ്ട്. സ്ത്രീലക്ഷണങ്ങള്‍ പോലുമില്ലാത്ത ഒരുവള്‍ . പണമില്ല. പഠിപ്പില്ല. ബന്ധുബലവുമില്ല. ജന്മഗ്രാമത്തില്‍ കളിക്കൂട്ടുകാരായി വളര്‍ന്നതിനാല്‍ കൗമാരത്തിലും വേര്‍പിരിയാന്‍ രണ്ടുപേര്‍ക്കും മനസ്സു തോന്നിയില്ല. വിലക്ഷണയായ എന്റെ സാന്നിധ്യം താങ്ങളെ എത്രയോ സഭകളില്‍ അപഹാസ്യനാക്കിയിരിക്കുന്നു. ഈ നാട്ടില്‍ നമ്മെ പരിഹസിക്കാത്ത ആരാണ് ഉള്ളത് ? എന്റെ ജന്മാവകാശമായിരുന്ന ദാരിദ്ര്യം താങ്കളിലേയ്ക്കും പകര്‍ന്നു. തികച്ചും അനുരൂപയല്ലെന്നറിഞ്ഞിട്ടും എന്നെ കൊണ്ടുനടക്കുന്നതില്‍ അത്ഭുതം തന്നെ. അല്ലയോ മഹാനുഭാവാ, ബാല്യം മുതല്‍ താങ്കള്‍ ചുമലിലേറ്റി നടക്കുന്ന പ്രാരാബ്ധഭാരമാകുന്ന എന്നെ കൈവെടിഞ്ഞാലും. ധീരനായി പോകുക. മഹാനായി വാഴുക.” ഉഷസ്തിയുടെ ഭാര്യശിരോവസ്ത്രം കൊണ്ട് മുഖം മറച്ചിരുന്ന് കരഞ്ഞു. അവള്‍ വല്ലാതെ വികാരവിക്ഷുബ്ധയായിരിക്കുന്നുവെന്ന് ഉഷസ്തിമനസ്സിലാക്കി. അവളെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

“പ്രിയഭാഷിണീ, നീ മൂഢയെപ്പോലെ വിലപിക്കുന്നതു കേട്ടിട്ട് ലജ്ജ തോന്നുന്നു. മഹാകഷ്ടം തന്നെ. ഞാന്‍ നിനക്കു പകര്‍ന്നു നല്‍കിയ അറിവിന്റെ ഒരു ചെറിയ അംശം കൊണ്ടു മാത്രം നീ ദേശത്തിലെ സ്ത്രീകള്‍ക്കിടയില്‍ മഹാജ്ഞാനിയായിരിക്കുന്നു. ശാസ്ത്രത്തെ ബോധിപ്പിക്കുവാന്‍ ഈ ദേശത്ത് ഏതെങ്കിലും ഒരു സ്ത്രീയ്ക്കാകുമെങ്കില്‍ ഒരു പക്ഷേ അത് നിനക്കു മാത്രമായിരിക്കാം. പതിവ്രതകളുടെ കൂട്ടത്തില്‍ നിന്നെ ഞാന്‍ ഒന്നാമതായി വാഴിക്കുന്നു.

നമ്മുടെ ജീവിതം ഒരിക്കലും ഒരു ദുരന്തമല്ല. നിനക്കോ എനിക്കോ കാമനകളില്ല. ഒരാഗ്രഹത്തെക്കുറിച്ചും നീ ഇതുവരെ എന്നോടു പറഞ്ഞിട്ടില്ല. അതുകൊണ്ട് നിന്റെ ഇല്ലാത്ത ആഗ്രഹങ്ങളെ സാധിക്കാന്‍ ഞാന്‍ എന്തിന് ശ്രമിക്കണം? എന്തിന് സമ്പാദിക്കണം? സ്ത്രീകളുടെ അംഗലാവണ്യമെല്ലാം നശ്വരവും മായാമോഹിതവും മാംസനിബദ്ധവുമാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ നിന്നെ വിരൂപയെന്നോ അനുരൂപയെന്നോ ഞാന്‍ കാണുന്നില്ല. പരസ്പരം വേര്‍പിരിയുന്നതുകൊണ്ട് ആഗ്രഹങ്ങളില്ലാത്തിടത്തോളം അധികമായി ഒരു ശ്രേഷ്ഠതയും നമുക്കുണ്ടാകുകയുമില്ല. നീ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തും നേടിത്തരുവാന്‍ ഞാന്‍ ശക്തനുമാണ്. പിന്നെ എന്തിന് നാം വേര്‍പിരിയണം?”

ഉഷസ്തിയുടെ വാക്കുകള്‍ പത്നിയെ സാന്ത്വനപ്പെടുത്തി. വൈകാതെ അവളെയും കൂട്ടിക്കൊണ്ട് ഉഷസ്തി നാടുവിട്ടു. അവര്‍ വളരെദൂരം സഞ്ചരിച്ചു. വിശപ്പും ദാഹവും അവരെ തളര്‍ത്തി. എന്നിട്ടും അവര്‍ യാത്ര തുടര്‍ന്നു. ദിവസങ്ങള്‍ക്കുശേഷം തികച്ചും അപരിചിതമായ ഒരു രാജ്യത്ത് എത്തിച്ചേര്‍ന്നു.

ആ രാജ്യത്തിലെ രാജാവിനെക്കണ്ട് അഭയം തേടാമെന്ന് ഉഷസ്തി ആഗ്രഹിച്ചു. എല്ലാവിധേനയും തലസ്ഥാനനഗരിയില്‍ എത്തിച്ചേരാന്‍ ആഗ്രഹിച്ചു.

പലരോടായി അന്വേഷിച്ചതില്‍ നിന്ന് തലസ്ഥാനനഗരിയില്‍ മഹത്തായ ഒരു യാഗത്തിന് രാജാവ് ഒരുക്കങ്ങള്‍ ചെയ്യുന്നതായി ഉഷസ്തി അറിഞ്ഞു. യാഗത്തില്‍ സംബന്ധിക്കണമെന്ന് ഉഷസ്തി നിശ്ചയിച്ചു. അദ്ദേഹം ഭാര്യയോട് പറഞ്ഞു:

“പ്രിയേ, നീ കണ്ടുകൊള്ളുക. ഈ യാഗത്തില്‍ ഋത്വിക്കുകളില്‍ ഒരാളായി ഞാനിരിക്കുന്നതാണ്.”

“അവിടുത്തേയ്ക്ക് അതിനുള്ള അറിവ് ഉണ്ട്.” അവള്‍ പറഞ്ഞു

അവര്‍ യാത്ര തുടര്‍ന്നു. പക്ഷേ വളരെദൂരം സഞ്ചരിക്കേണ്ടിയിരുന്നു. വിശപ്പുകൊണ്ട് തളര്‍ന്ന അവര്‍ ആഹാരം കിട്ടാതെ വലഞ്ഞു. ഉച്ചനേരത്ത് അവര്‍ വീഥിയോരത്തു കണ്ട ഒരു ഗൃഹത്തില്‍ അഭയം തേടി കടന്നുചെന്നു.

ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന ഒരു വീട്. അന്വേഷിച്ചപ്പോള്‍ അതിന്റെ ഉടമയെ കണ്ടെത്തി.

“നിങ്ങള്‍ക്കു തരാന്‍ ആഹാരമില്ല. വേണമെങ്കില്‍ യാഗം കഴിയുന്നതുവരെ ഇവിടെ താമസിച്ചുകൊള്ളുക. യാഗം തീരുമ്പോള്‍ വീട് ഒഴിഞ്ഞുതരണം.” ഗൃഹത്തിന്റെ ഉടമ അവര്‍ക്ക് താമസിക്കാന്‍ ഒരിടം കൊടുത്തു. അവര്‍ ആ ഗൃഹത്തിന്റെ ഒരു ചെറിയഭാഗത്ത് കയറിക്കിടന്നു.

വിശപ്പും ദാഹവും വര്‍ദ്ധിച്ചപ്പോള്‍ ഉഷസ്തി എഴുന്നേറ്റു. പത്നിയെ അവിടെയാക്കിയിട്ട് പുറത്തേയ്ക്കിറങ്ങി. മുമ്പില്‍ കണ്ട ഗ്രാമപാതയിലൂടെ കൂറെ ദൂരം നടന്നുനോക്കി.

അപ്പോള്‍ എതിരെ ഒരു ആന നടന്നു വരുന്നതു കണ്ടു. ആദ്യം ഒന്നു പകച്ച് വഴിമാറി നിന്നു. ആന നടന്നുവന്നപ്പോള്‍ അതിനോടൊപ്പം ആനക്കാരനേയും കണ്ടു. ഉറക്കെ വിളിച്ചു കൊണ്ട് ഉഷസ്തി ആനക്കാരനെ സമീപിച്ചു. അയാള്‍ മോശപ്പെട്ട ഉഴുന്ന് തുണിക്കിഴിയില്‍ നിന്ന് വാരി തിന്നുകൊണ്ടു നടക്കുകയായിരുന്നു. ഉഷസ്തി അയാളോട് ഭിക്ഷ യാചിച്ചു. അയാള്‍ അതുകേട്ട് വല്ലാതെയായി.

“ഈ എച്ചിലായ ഉഴുന്നല്ലാതെ എന്റെ കൈവശം മറ്റൊന്നുമില്ല. ഇതാകട്ടെ പഴകിയതും വേണ്ടത്ര ശുദ്ധിയില്ലാത്തതുമാണ്. ഇന്ന് കൈവശമുണ്ടായിരുന്നതെല്ലാം ഞാന്‍ എന്റെ ഭോജനപാത്രത്തില്‍ വച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ എങ്ങനെയാണ് അങ്ങേയ്ക്ക് ഭിക്ഷ തരേണ്ടത് ? ക്ഷമിക്കുക.” ആനക്കാരന്‍ അതു പറഞ്ഞിട്ട് വിഷമിച്ചുനിന്നു.

“നീ അതില്‍നിന്ന് കുറെ എനിക്ക് തന്നേക്കൂ!” ഉഷസ്തി വീണ്ടും യാചിച്ചു.

അതുകേട്ട് ആനക്കാരന്‍ പിന്നെ വൈകിയില്ല. ഉഴുന്ന് നിറച്ച തന്റെ ഭോജനപാത്രം ഉഷസ്തിയ്ക്കു വച്ചുനീട്ടി. ഉഷസ്തി കൊതിയോടെ അതു വാങ്ങിയപ്പോള്‍ ആനക്കാരന്‍ തന്റെ കൈവശമുണ്ടായിരുന്ന തൂക്കുപാത്രത്തിലെ വെള്ളവും കൂടി വച്ചുനീട്ടി.

“ഇതാ, ഈ പാനകം കൂടി സ്വീകരിക്കുക. ഇതും ഞാന്‍ കുടിച്ചതിന്റെ ബാക്കിയാണ് !”

“ആ വെള്ളം വേണ്ട.” ഉഷസ്തി ആനക്കാരന്‍ വച്ചുനീട്ടിയ ജലത്തെ നിരസിച്ചു.

“എന്താണ് വെള്ളം ആവശ്യമില്ലാത്തത്. വെള്ളമില്ലാതെ നിങ്ങള്‍ക്ക് ഉഴുന്നു മാത്രം തിന്നിറക്കാനാകുമോ?”

“ഞാന്‍ എച്ചില്‍ കഴിക്കുകയില്ല! ഈ വെള്ളം സ്വീകരിച്ചാല്‍ ഞാന്‍ നിശ്ചയമായും ഉച്ഛിഷ്ടജലം കുടിച്ചവനായിത്തീരും. അത് എനിക്ക് പാടില്ല. കളങ്കമാണ്.”

അതുകേട്ട് ആനക്കാരന് ദേഷ്യം വന്നു. അയാള്‍ പരിഹാസത്തോടെ ഉഷസ്തിയോട് ചോദിച്ചു:

“നിങ്ങള്‍ എന്താണ് പറയുന്നത് ! ഞാന്‍ കുടിച്ച ജലം നിങ്ങള്‍ക്ക് ഉച്ഛിഷ്ടമാണ്. എന്നാല്‍ , ഈ ഉഴുന്നും ഞാന്‍ തിന്നതിന്റെ ബാക്കിയല്ലേ? ഉച്ഛിഷ്ടമായ ഉഴുന്ന് നിങ്ങള്‍ക്ക് വേണം. ഉച്ഛിഷ്ടജലം പാടില്ലതാനും. ഇതെന്തുകൊണ്ട് ?”

“സഹോദരാ, ഇപ്പോള്‍ ഉഴുന്നു ഭക്ഷിക്കാതിരുന്നാല്‍ പിന്നെ എനിക്ക് ജീവിക്കാന്‍ സാധ്യമല്ല. ഞാന്‍ തീര്‍ച്ചയായും മരിച്ചുപോകും. ആപത്ധര്‍മ്മമായി ആദ്യഭിക്ഷയെ കരുതാം. അതില്‍ ദോഷമില്ല. പക്ഷേ ജലപാനം രണ്ടാമത് ചെയ്യുന്നതാണ്. ജലപാനം എനിക്ക് വേറെ യഥേഷ്ടം എവിടെയും ലഭ്യവുമാണ്. നല്ല ജലം ലഭിക്കാനുള്ളപ്പോള്‍ ഉച്ഛിഷ്ടജലം കുടിച്ച് ദോഷം വരുത്താന്‍ ആഗ്രഹിക്കുന്നില്ല.”

ഇത്രയും പറഞ്ഞിട്ട് ഉഷസ്തി ആനക്കാരന്റെ ഭക്ഷണപ്പാത്രത്തില്‍നിന്ന് ഉഴുന്ന് വാരിയെടുത്ത് ആര്‍ത്തിയോടെ ചവച്ചുതിന്നു. കുറെ തിന്നുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഭാര്യയെ ഓര്‍മ്മവന്നു. അവളും തന്നെപ്പോലെ പട്ടിണിയിലാണല്ലോ. ഇതില്‍ കുറെ അവള്‍ക്കും കൊണ്ടുപോയി കൊടുക്കാം.

ആവശ്യത്തിന് ഉഴുന്ന് കഴിച്ചതിനുശേഷം ബാക്കിവന്നത് തന്റെ വസ്ത്രത്തിന്റെ തുമ്പില്‍ക്കെട്ടിയിട്ട് പാത്രം ആനക്കാരന് തിരികെ നല്‍കി.

“നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ.” ആനക്കാരനോട് യാത്ര പറഞ്ഞ് ഉഷസ്തി ഉഴുന്നുമായി ഭാര്യയുടെ സമീപത്തേയ്ക്ക് നടന്നു.

വീടിനുള്ളില്‍ പ്രവേശിച്ച ഉഷസ്തിയ്ക്ക് വിസ്മയമായി. തന്റെ പത്നി ഊര്‍ജ്ജസ്വലയായിട്ടിരിക്കുന്നു.

“അങ്ങ് ഭിക്ഷതേടി ഇറങ്ങിയതായിരിക്കുമെന്ന് എനിക്കുതോന്നി. താങ്കള്‍ പോയതിന്റെ പിന്നാലെ ഞാനും ഭിക്ഷയ്ക്കിറങ്ങി. ഇവിടെ അധികം ദൂരത്തിലല്ലാതെ ഒരിടത്ത് നിന്ന് എനിക്ക് ധാരാളം ഭിക്ഷ ലഭിച്ചു. ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.” അവള്‍ സന്തോഷപൂര്‍വ്വം പറഞ്ഞു.

“നല്ലത്. ഞാന്‍ ഉഴുന്ന് തിന്നു. ഇത് ബാക്കിയാണ്, നീ കഴിക്കുക.” ഉഷസ്തി ഉഴുന്ന് ഭാര്യയെ ഏല്പിച്ചു.

താന്‍ യാജിച്ചുകൊണ്ടുവന്ന ഭിക്ഷയില്‍ അവള്‍ കുറെ കഴിച്ചു വിശപ്പടക്കി. ബാക്കിയുള്ളവയും ഉഷസ്തി കൊണ്ടുവന്ന ഉഴുന്നും എടുത്തു സൂക്ഷിച്ചുവച്ചു.

സന്ധ്യയ്ക്കുമുമ്പ് ഇരുവരും കുറെയകലെയുള്ള പുഴയില്‍ പോയി മുങ്ങിക്കുളിച്ചു. നിത്യാനുഷ്ഠാനങ്ങള്‍ ചെയ്തിട്ട് വീട്ടില്‍ മടങ്ങിയെത്തി. കിടന്ന് നല്ലവണ്ണം ഉറങ്ങി.

പിറ്റേന്ന് പ്രഭാതമായപ്പോള്‍ ഇരുവരും എഴുന്നേറ്റു. പുഴയില്‍ചെന്ന് സ്നാനാദികള്‍ കഴിച്ചു വന്നു. ഉഷസ്തി ഭാര്യയോടായി നിശ്ചയദാര്‍ഢ്യത്തില്‍ പറഞ്ഞു:

“നമുക്ക് കുറെ ധനം സമ്പാദിക്കണം ഇപ്പോള്‍ കുറെ അന്നം കിട്ടിയിരുന്നെങ്കില്‍ ഉപകാരമായി. ഇവിടുത്തെ രാജാവ് ഒരു യജ്ഞം സമാരംഭിക്കുവാന്‍ പോകയാണ്. ഞാനതില്‍ പങ്കെടുക്കും. ആ യാഗത്തിന്റെ പ്രധാന ചുമതലക്കാരില്‍ ഒരാളായി രാജാവ് എന്നെ സ്വീകരിക്കും. എന്റെ അറിവ് ഞാന്‍ വെളിപ്പെടുത്തും. ദക്ഷിണയായി ധാരാളം ധനം കൊണ്ടു വന്ന് നിനക്കു ഞാന്‍ തരും.”

അതുകേട്ട് പത്നി ഉഷസ്തിയോട് സസന്തോഷം പറഞ്ഞു: “പ്രിയ സ്വാമിന്‍ ! അങ്ങ് ഇന്നലെ കൊണ്ടുവന്ന ഉഴുന്നു പരിപ്പ് ഇരിപ്പുണ്ട്. ഞാനത് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്നു. താങ്കള്‍ ഭക്ഷിച്ച് വിശപ്പടക്കിയാലും. എന്നിട്ട് വേഗം യാഗശാലയിലേയ്ക്കു പോകുക. ഇനി വൈകരുത്.” അവര്‍ കരുതി വച്ചിരുന്ന ഉഴുന്നെടുത്ത് ഭര്‍ത്താവിനു നല്‍കി. അദ്ദേഹം അതു ഭക്ഷിച്ച് തല്‍ക്കാലം വിശപ്പടക്കി. തന്റെ ഗ്രന്ഥക്കെട്ടുകളടങ്ങിയ ഭാണ്ഡമെടുത്ത് തോളിലിട്ടുകൊണ്ട് പുറപ്പെടാനൊരുങ്ങി.

“അങ്ങ് വിജയിച്ചു വരുന്നതുവരെ ഞാന്‍ ഭിക്ഷയെടുത്ത് ഇവിടെ വസിക്കാം.” അവളുടെ കണ്ഠമിടറി.

“ശരി.” ദൃഢവിശ്വാസത്തോടെ ഉഷസ്തി പത്നിയെ പിരിഞ്ഞ് യാഗശാലയെ ലക്ഷ്യമാക്കി നടന്നു. അദ്ദേഹം നടന്നു പോകുന്നത് അവള്‍ നിറകണ്ണുകളോടെ നോക്കിനിന്നു.

രാജാവിന്റെ യജ്ഞഭൂമിയില്‍ ഉഷസ്തി എത്തിച്ചേര്‍ന്നു. യജ്ഞകര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ ധാരാളം പേര്‍ സന്നിഹിതരായിട്ടുണ്ട്. വലിയ ഒരുക്കങ്ങള്‍ ചെയ്തിരിക്കുന്നു. വലിയ വലിയ യജ്ഞശാലകള്‍ , ഹേമകുണ്ഡങ്ങള്‍ , ദ്രവ്യസംഭരണശാലകള്‍ , അന്നദാനപ്പുരകള്‍ , വിശ്രമകേന്ദ്രങ്ങള്‍ , ആചാര്യന്മാരുടെ പര്‍ണ്ണശാലകള്‍ , സുരക്ഷാ ഭടന്മാര്‍ , പണ്ഡിതസഭകള്‍ തുടങ്ങിയ എല്ലാം സംഭരിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി മഹാപണ്ഡിതന്മാരും ആചാര്യന്മാരും അവരുടെ ശിഷ്യഗണങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഉഷസ്തി അവിടെ ചെന്നു. യജ്ഞശാലയില്‍ ആചാര്യന്മാര്‍ക്ക് നമസ്ക്കരിക്കുവാനും സ്തുതിക്കുവാനുമുള്ള സ്ഥാനത്ത് ശാസ്ത്രവിധിപ്രകാരം സ്തുതിച്ചു. ആചാര്യവരണം നടക്കുന്നിടത്തേയ്ക്ക് ഉഷസ്തി ചെന്നു. യജ്ഞകര്‍മ്മത്തിന്റെ പ്രധാന ആചാര്യന്മാരായ ഋത്വിക്കുകളും യജമാനനായ രാജാവും അവിടെ സന്നിഹിതരായിരുന്നു.

ഉഷസ്തി ആദ്യം യാഗത്തെ സ്തുതിച്ചുകൊണ്ട് പാടി അതിനുശേഷം ഉദ്ഗാതാക്കളായ ആചാര്യന്മാരുടെ അടുക്കല്‍ ചെന്നിട്ട് ഉച്ചത്തിലും ഉറച്ചസ്വരത്തിലും കര്‍ശനമായി ഇങ്ങനെ പ്രഖ്യാപിച്ചു:

“ഹേ പ്രസ്തോതാവേ! എല്ലാവരും കേട്ടുകൊള്‍വിന്‍ . പ്രസ്താവ ഭക്തിയില്‍ അനുഗതനായ യജ്ഞദേവതയെ അറിയാതെ നീ പ്രസ്താവനം ചെയ്യുകയാണെങ്കില്‍ നിന്റെ തല പൊട്ടിത്തെറിച്ച് നിലംപതിക്കും!” ഇടിമുഴക്കം പോലെ ആ താക്കീത് യജ്ഞഭൂമിയില്‍ നിറഞ്ഞു. എല്ലാവരും ഞെട്ടിവിറച്ചു പോയി. യാഗശാലയാകമാനം കിടിലം കൊണ്ടു. എല്ലാവരും അവിടെ ഓടിക്കൂടി. ഭക്തജനങ്ങള്‍ക്ക് കൈകാലുകള്‍ വിറച്ചു.

എന്നിട്ട് ഉഷസ്തി യാതൊരു കൂസലുമില്ലാതെ ഉദ്ഗാതാവിന്റെ അടുത്തെത്തി. ഉറച്ചസ്വരത്തില്‍ അവിടെയും താക്കീത് നല്‍കി.

“ഉദ്ഗാതാവേ, നീ കേട്ടാലും! ഉദ്ഗീഥാനുഗതനായ ദേവതയെ അറിയാതെ നീ ഉദ്ഗാനം ചെയ്യുകയാണെങ്കില്‍ നിന്റെ തലയും നിലംപതിക്കും!”

ഇതേ പ്രകാരം തന്നെ ഉഷസ്തി പ്രതിഹര്‍ത്താവായിരിക്കുന്ന ഋത്വിക്കിനോടും പ്രഖ്യാപിച്ചു:

“ഹേ പ്രതിഹര്‍ത്താവേ, പ്രതിഹാരത്തില്‍ അനുഗതനായ ദേവനെ അറിയാതെ നീ ഈ യജ്ഞത്തില്‍ പ്രതിഹരണം ചെയ്യുകയാണെങ്കില്‍ നിന്റെ തല താഴെ വീഴും!”

ഇതുകേട്ട് യാഗത്തിന്റെ ആചാര്യന്മാര്‍ അവരുടെ കര്‍മ്മങ്ങളെ അനുഷ്ഠിക്കാതെ മൗനം അവലംബിച്ച് ഇരുന്നു. യജ്ഞകര്‍മ്മത്തിലെ ആചാര്യന്മാര്‍ക്ക് ശാപമേറ്റിരിക്കുകയാണ്. ഒരാള്‍ക്കല്ല പ്രധാന ഋത്വിക്കുകളായ മൂന്നുപേര്‍ക്കുമാണ് തല പൊട്ടിത്തെറിക്കുമെന്ന ഭീഷണിയും താക്കീതും മുന്നറിപ്പായി വന്നു ഭവിച്ചിരിക്കുന്നത്. ദുര്‍ന്നിമിത്തം തന്നെ. എല്ലാവരും വിഷണ്ണരായി ഇരിക്കുന്നതു കണ്ടപ്പോള്‍ യജ്ഞകര്‍മ്മത്തിന്റെ യജമാനന്‍ കുടിയായ രാജാവ് അവിടേയ്ക്കു വന്നു. അദ്ദേഹം ഉഷസ്തിയെ നമസ്ക്കരിച്ചുകൊണ്ട് വിനനയാന്വിതനായി അന്വേഷിച്ചു:

“പുണ്യാത്മാവേ, ആകാശത്തുനിന്ന് വീണതു പോലെ ഇവിടെ പ്രത്യക്ഷപ്പെട്ട പൂജ്യനായ അങ്ങയെപ്പറ്റി ഞാന്‍ അറിയാനാഗ്രഹിക്കുന്നു. അങ്ങയുടെ തടസ്സവാദം യജ്ഞത്തിന് വിഘ്നം വരുത്തുമോ എന്ന് അടിയന്‍ ഭയപ്പെടുന്നു.”

“ഞാന്‍ ചക്രായണന്റെ പുത്രനായ ഉഷസ്തിയാണ്.”

ആഗതന്‍ ഉഷസ്തിയാണെന്നറിഞ്ഞ് രാജാവ് അത്യാഹ്ലാദം പ്രകടിപ്പിച്ചു.

“പൂജ്യപാദരേ! ഈ യജ്ഞകര്‍മ്മത്തിന്റെ സര്‍വ്വവിധത്തിലുള്ള ഋത്വിക്കുകള്‍ക്കും കര്‍മ്മങ്ങള്‍ക്കും പ്രധാന ആചാര്യനായിട്ടിരിക്കുവാന്‍ ഞാന്‍ അങ്ങയെ വളരെയധികം അന്വേഷിച്ചു. പക്ഷേ ഒരിടത്തും കണ്ടെത്താനായില്ല. അതുകൊണ്ട് നിശ്ചയിച്ച യജ്ഞം മുടങ്ങരുതെന്നു കരുതി ഞാന്‍ ലഭ്യമായ മറ്റു ഋത്വിക്കുകളെ സ്വീകരിക്കുകയാണുണ്ടായത്. ഇനി എന്റെ എല്ലാ യാഗകര്‍മ്മങ്ങള്‍ക്കും മുഖ്യാചാര്യനായി അങ്ങുതന്നെ ഇരിക്കണം. അങ്ങയെ ഞാന്‍ ഈ യാഗത്തിന്റെ പ്രധാന ആചാര്യനായി വരിക്കുന്നു.”

രാജാവിന്റെ ആജ്ഞപ്രകാരം ആചാര്യവരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഉഷസ്തിയെ ശാസ്ത്രവിധി പ്രകാരം യജ്ഞകര്‍മ്മത്തിന്റെ മുഖ്യാചാര്യനായി രാജാവ് അഭിഷേകം ചെയ്തു. പൂര്‍ണ്ണകുംഭത്തോടും അര്‍ഘ്യപാദ്യാദികളോടും അദ്ദേഹത്തെ എതിരേറ്റു.

“ഈ യജ്ഞകര്‍മ്മം അവിടുന്ന് മംഗളമായി നടത്തിത്തന്നാലും.” – രാജാവ് ഉഷസ്തിയെ സാഷ്ടാംഗം നമസ്ക്കരിച്ചു.

“അങ്ങനെ തന്നെയാകട്ടെ.” ഉഷസ്തി യാഗത്തിന്റെ ചുമതല ഏറ്റെടുത്തു.

“ഓരോരോ കര്‍മ്മങ്ങള്‍ക്കും ആരെല്ലാം ചുമതല വഹിക്കണമെന്ന് ഇവരെ അങ്ങുതന്നെ നിശ്ചയിച്ചാലും.” രാജാവ് നിര്‍ദ്ദേശിച്ചു.

യാഗശാലയില്‍ പ്രവേശിച്ചിട്ട് ഉഷസ്തി പറഞ്ഞു: “എന്നാല്‍ കര്‍മ്മം തടയപ്പെട്ട ഇവര്‍ തന്നെ, എന്നാല്‍ പ്രസന്നരായി സ്വകര്‍മ്മങ്ങള്‍ അനുഷ്ഠിക്കട്ടെ. ആരെയും ഞാന്‍ മാറ്റി നിര്‍ത്തുകയോ എഴുന്നല്പിക്കുകയോ ചെയ്യുന്നില്ല. മുമ്പ് ഇവിടെ നിശ്ചയിച്ചു വച്ചിരിക്കുന്നതുപോലെ തന്നെ നടക്കട്ടെ. പക്ഷേ ഋത്വിക്കുകളെല്ലാം അവരുടെ സംശയങ്ങള്‍ എന്നില്‍ ചോദിച്ചറിഞ്ഞ് പരിഹരിക്കണം. ഇവരെത്തന്നെ ഋത്വിക്കുകളായി ഞാന്‍ ആജ്ഞാപിക്കുന്നു. രാജാവേ യജമാനനായ താങ്കള്‍ ഇവര്‍ക്കു കൊടുക്കുന്ന അത്രയും ധനം എനിക്കും തരിക.”

“പുജ്യപാദരേ, അങ്ങനെതന്നെയാകട്ടെ.” രാജാവ് അംഗീകരിച്ചു.

ഉഷസ്തി ആചാര്യസ്ഥാനത്ത് വന്നിരുന്നപ്പോള്‍ രാജാവ് മറ്റ് ഋത്വിക്കുകളോട് അഭ്യര്‍ത്ഥിച്ചു:

“പുജ്യരേ, നമ്മുടെ യജ്ഞകര്‍മ്മത്തിന്റെ വിവിധ ഋത്വിക്കുകളായിരിക്കുന്ന എല്ലാ ആചാര്യശ്രേഷ്ഠന്മാരും ഇതിന്റെ പരമാചാര്യനായിരിക്കുന്ന ഉഷസ്തിയാല്‍ ഉപദേശിക്കപ്പെടേണ്ടതാണ്. ശാസ്ത്രവിധിപിരകാരം ഏവരും അദ്ദേഹത്തെ ആചാര്യനായി വരിച്ചാലും.”

അപ്പോള്‍ യജ്ഞകര്‍മ്മത്തില്‍ ഋത്വിക്കുകളായിരിക്കുന്ന ഓരോരുത്തരും ഉഷസ്തിയെ യഥാശാസ്ത്രം സമീപിച്ചു. യാഗത്തിന്റെ പ്രസ്തോതാവായിട്ടിരിക്കുന്ന ഋത്വിക്, ഉഷസ്തിയുടെ അടുക്കല്‍ വന്ന് നമസ്ക്കരിച്ചിട്ട് ചോദിച്ചു:

“ഭഗവാന്‍ , അങ്ങ് എന്നോട് പറഞ്ഞല്ലോ, പ്രസ്താവാനുഗതനായ ദേവതയെ അറിയാതെ നീ പ്രസ്താവനം ചെയ്യുകയാണങ്കില്‍ നിന്റെ ശിരസ്സ് നിലാംപതിക്കുമെന്ന. മഹാനുഭാവ,പറഞ്ഞു തന്നാലും. ആരാണ് ആ ദേവത?”

“ആ ദേവത പ്രാണനാണ്.”
“എന്തുകൊണ്ട് ?”

“എന്തന്നാല്‍ ഈ സര്‍വ്വഭൂതങ്ങളും പ്രാണനിലാണ് പ്രവേശിക്കുന്നത്. ജീവന്മാരെല്ലാം പ്രാണനെ ആശ്രയിച്ചാണ് ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും. അതുകൊണ്ട് പ്രാണനാണ് യജ്ഞത്തിലെ പ്രസ്താവാനുഗതനായ ദേവത. ഈ രഹസ്യവും ആ ദേവതയെപ്പറ്റിയും അറിയാതെ നീ പ്രസ്താവനം ചെയ്തിരുന്നു എങ്കില്‍ തീര്‍ച്ചയായും എന്റെ വാക്കാല്‍ നിന്റെ ശിരസ്സ് നിലംപതിക്കുമായിരുന്നു! ഇനി ഭയം വേണ്ട. മംഗളമായി യാഗത്തിനിരിക്കുക.”

അതിനുശേഷം ഉദ്ഗാതാവ് ഉഷസ്തിയുടെ സമീപത്തെത്തിയിട്ട് ചോദിച്ചു:

“ഭഗവാന്‍ , അങ്ങ് പറഞ്ഞല്ലോ, ഉദ്ഗീഥാനുഗതനായ ദേവതയെ അറിയാതെ നീ ഉദ്ഗാനം ചെയ്യുകയാണെങ്കില്‍ നിന്റെ ശിരസ്സ് താഴെ വീണുപോകും എന്ന്. ആ ദേവത ആരാണ് ?”

“ആദിത്യനാണ് ആ ദേവത. എന്തെന്നാല്‍ ഇക്കാണുന്ന സര്‍വ്വഭൂതങ്ങളും ഉദിച്ച് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആദിത്യനെപ്പറ്റിയാണ് ഗാനം ചെയ്യുന്നത്. ഈ ആദിത്യന്‍ തന്നെയാണ് ഉദ്ഗീഥാനുഗതനായ ദേവത. ഇതു മനസ്സിലാക്കാതെ നീ ഉദ്ഗാനം ചെയ്തിരുന്നെങ്കില്‍ നിന്റെ മൂര്‍ദ്ധാവ് നിലംപതിക്കുമായിരുന്നു!”

അനന്തരം യാഗത്തിന്റെ പ്രതിഹര്‍ത്താവായിരിക്കുന്ന ഋത്വിക്ക് ഉഷസ്തിയെ സമീപിച്ചു ചോദിച്ചു:

“ഭഗവാന്‍ , അങ്ങ് എന്നോട് പറഞ്ഞുവല്ലോ, പ്രതിഹാരാനുഗതനായ ദേവതയെപ്പറ്റി അറിയാതെ യജ്ഞം ചെയ്താല്‍ നിന്റെ പൊട്ടിത്തെറിച്ച് താഴെവീഴുമെന്ന്. ആ ദേവത ആരാണെന്ന് എനിക്കു പറഞ്ഞുതന്നാലും.”

“അന്നമാണ് ആ ദേവത. പ്രപഞ്ചത്തിലെ സകല പ്രാണികളും അവനവനു കിട്ടുന്ന അന്നം വഴിയാണ് ജീവിക്കുന്നത്. അതുകൊണ്ട് യജ്ഞത്തില്‍ അന്നദേവതയാണ് അനുഗതനായിരിക്കുന്നത്. ഇത് അറിയാതെ മറ്റേതെങ്കിലും ദേവതയെ ഉദ്ദേശിച്ച് നീ ചെയ്തിരുന്നുവെങ്കില്‍ എന്റെ വാക്കിന്റെ ശക്തിയില്‍ നിന്റെ തല തകര്‍ന്ന് താഴെ വീഴുമായിരുന്നു.”

ഉഷസ്തിയില്‍ നിന്ന് ഉപദേശങ്ങള്‍ വാങ്ങി ഋത്വിക്കുകള്‍ യജ്ഞം ആരംഭിച്ചു. ശാസ്ത്രവിധിയനുസരിച്ച് നടന്ന ആ യജ്ഞകര്‍മ്മത്തിന് ഉദ്ദിഷ്ടഫലം ലഭിച്ചു. യജമാനനായ രാജാവ് സന്തുഷ്ടനായി. അദ്ദേഹം ദാനധര്‍മ്മാദികള്‍ വളരെ ചെയ്തു. ധാരാളം ദക്ഷിണകള്‍ ഋത്വിക്കുകള്‍ക്കു നല്‍കി. ഏറ്റവും കൂടിയ ഒരു പങ്ക് ധനവും നല്ല പശുക്കളും വസ്ത്രങ്ങളും സ്വര്‍ണ്ണവും ഉഷസ്തിയ്ക്ക് ദക്ഷിണയായി ലഭിച്ചു. ആ രാജ്യത്തിലെ എല്ലാ യജ്ഞങ്ങള്‍ക്കും മുഖ്യാചാര്യനായിട്ടിരിക്കാനുള്ള പരമാധികാരവും ഉഷസ്തി നേടി. രാജഭൃത്യന്മാരോടൊപ്പം രഥവുമായിച്ചെന്ന് ഉഷസ്തി തന്റെ പത്നിയെക്കണ്ടു. അവള്‍ക്ക് വളരെ സന്തോഷമായി. ഉഷസ്തി യജ്ഞത്തിന് ഋത്വിക്കായിരിക്കുന്ന വിവരം അവള്‍ ഇതിനകം മനസ്സിലാക്കി. അദ്ദേഹത്തിന്റെ അറിവില്‍ അവള്‍ക്ക് അത്രയധികം വിശ്വാസമുണ്ടായിരുന്നു.

ഉഷസ്തിയ്ക്കും പത്നിക്കും സുഖമായി വസിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ രാജാവ് ചെയ്തുകൊടുത്തു.

ഓം തത് സത്
അവലംബം – ഛാന്ദോഗ്യോപനിഷത്ത്