യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 325 [ഭാഗം 6. നിര്‍വാണ പ്രകരണം]

ഭേദമഭ്യുപഗമ്യാപി ശൃണു ബുദ്ധിവിവൃദ്ധയേ
ഭാവേദല്‍പ്പപ്രബുദ്ധാനാമപി നോ ദുഖിതാ യഥാ (6/6/2)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, നീ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്. അതിനാല്‍ ഈ സത്യത്തെ ഞാന്‍ നിനക്കായി വീണ്ടും വെളിപ്പെടുത്തി തരാം. ശ്രദ്ധിച്ചു കേട്ടാലും. “ശ്രവണം എന്ന കര്‍മ്മത്തിലും വൈവിദ്ധ്യം നിലനില്‍ക്കുന്നു എന്ന ഒരനുമാനമുണ്ട്. എന്നാല്‍ അതുകൊണ്ട് നിന്റെ ബോധം വികാസം പ്രാപിക്കുകയാണ് ചെയ്യുന്നത്. ഞാനിവിടെ വിശദീകരിക്കാന്‍ പോവുന്ന സത്യം, പ്രബുദ്ധത പൂര്‍ണ്ണമായും ഉണര്‍ന്നിട്ടില്ലാത്തവരില്‍പ്പോലും ദു:ഖശാന്തിയെ പ്രദാനം ചെയ്യും”

അജ്ഞതയില്‍ ഒരുവന്‍ തന്റെ ശരീരമാണ് ആത്മാവെന്നു കരുതുന്നു. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ അയാളുടെ ബദ്ധശത്രുക്കളാകുന്നു. എന്നാല്‍ സത്യമറിഞ്ഞ, ആത്മജ്ഞാനനിരതനായ ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്റെ ഉത്തമസുഹൃത്താണ്. കാരണം അവ സ്വയം സംപ്രീതരായി അവനെ ശല്യപ്പെടുത്താതെ കഴിഞ്ഞുകൊള്ളും. ശരീരത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അവജ്ഞയോടെ കാണുന്നവന്‍ ശരീരവിഷയങ്ങളില്‍ ആമഗ്നമാവുകയില്ല. അതുകൊണ്ടുതന്നെ ഒരു ദുരിതവും അവനെ ബാധിക്കുകയുമില്ല. ആത്മാവിനെ ശരീരം യാതൊരു തരത്തിലും ബാധിക്കുന്നില്ല. അവരണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ല. അവ തമ്മില്‍ ഇരുട്ടും വെളിച്ചവും പോലുള്ള അന്തരമാണുള്ളത്.

ആത്മാവ് ഭാവാഭാവങ്ങള്‍ക്കതീതമാണ്. യാതൊരുവിധത്തിലുമുള്ള ഉപാധികളോ മാറ്റങ്ങളോ അതിനു ബാധകമല്ല. അത് ഉണ്ടായി മറയുന്ന വസ്തുവല്ല. എന്തൊക്കെ സംഭവിക്കുന്നുവോ അതെല്ലാം ജഡമായ, ചൈതന്യരഹിതമായ, പരിമിതമായ, നശ്വരമായ, നന്ദികെട്ട ഈ ശരീരത്തിന് മാത്രമാണ്. അതങ്ങിനെ നടന്നുകൊള്ളട്ടെ. പക്ഷെ ഇന്ദ്രിയങ്ങളിലൂടെ മാത്രം അറിവ് നേടുന്ന ഈ ശരീരം എങ്ങിനെയാണ് ശാശ്വതമായ അവബോധത്തെ അറിയുക?

ദേഹമോ ആത്മാവോ, ഇവയില്‍ ഒന്ന് സത്യമെന്നു കരുതിയാല്‍ മറ്റേതിന് അസ്തിത്വം ഇല്ലാതാകുന്നു. അവയുടെ അനുഭവതലം തികച്ചും വ്യത്യസ്തമായി ഇരിക്കുന്നതുകൊണ്ട് അവയ്ക്കുണ്ടാവുന്ന സുഖദുഖ അനുഭവങ്ങള്‍ എങ്ങിനെയാണ് സമാനമാവുക? അവ തമ്മില്‍ യാതൊരുവിധ ബന്ധവും സാദ്ധ്യമല്ല എന്നിരിക്കെ അവ രണ്ടും ഒരേസമയം നിലനില്‍ക്കുന്നതെങ്ങിനെ? സൂര്യനുദിക്കുമ്പോള്‍ രാത്രി ഇല്ലാതാവുന്നതുപോലെ ഒന്നുയരുമ്പോള്‍ മറ്റേത് അസ്തമിക്കുന്നു.

ആത്മജ്ഞാനം ഒരിക്കലും ആത്മ-അജ്ഞാനം ആവുകയില്ല. എത്ര തെളിഞ്ഞതാണെങ്കിലും നിഴലിനു ചൂടുണ്ടാവുക അസാദ്ധ്യം. പരംപൊരുളായ ബ്രഹ്മം ഉണ്മയാണ്. വൈവിദ്ധ്യത്തെപ്പറ്റിയുള്ള അവബോധം ഉണ്ടെങ്കിലും അത് അതൊരിക്കലും അസത്താവുകയില്ല. ദേഹത്തിന് ഒരിക്കലും അനന്താവബോധത്തിന്റെ സ്വരൂപമാര്‍ജ്ജിക്കാന്‍ ആവുകയില്ല. ജലത്തില്‍ സദാ നില്‍ക്കുന്ന താമരയെ ജലം ബാധിക്കാത്തതുപോലെ ആത്മാവ് സര്‍വ്വവ്യാപിയാണെങ്കിലും അതിനെ ശരീരാദികള്‍ ബാധിക്കുന്നില്ല. കാറ്റിന്റെ സഞ്ചാരങ്ങള്‍ ആകാശത്തെ ബാധിക്കാത്തതുപോലെ ആത്മാവിനെ ജരാനരകളും മരണവും സുഖദുഖങ്ങളും ബാധിക്കുന്നില്ല. അസ്തിത്വ-അനസ്തിത്വ പ്രശ്നങ്ങളെല്ലാം ശരീരത്തെ ബാധിക്കുന്നവയാണ്. ആത്മാവിനെയല്ല.

ഭ്രമാത്മകമായ അറിവിന്റെ ഫലമായാണ് ഇക്കാണായ ദേഹാദികള്‍ ഉണ്ടാവുന്നതെങ്കിലും അവ സമുദ്രോപരി കാണപ്പെടുന്ന അലകളെപ്പോലെയാണ്. എല്ലാം അനന്താവബോധത്തിലാണ് നിലകൊള്ളുന്നത്. വൈവിദ്ധ്യതയും കാഴ്ചയിലെ വൈകല്യവും പ്രതിഫലനംചെയ്യുന്ന മാദ്ധ്യമത്തിന്റെതാണ്, വസ്തുവിന്റെയല്ല. സത്യം, അനന്തത, ആത്മാവ് എന്നെല്ലാമറിയപ്പെടുന്ന ഉണ്മ വൈവിദ്ധ്യങ്ങളാല്‍ ബാധിക്കപ്പെടുന്നില്ല. അനേകം കണ്ണാടികളിലും മറ്റു വസ്തുക്കളിലും പ്രതിഫലിക്കുന്ന സൂര്യനെ പ്രതിഫലനമാദ്ധ്യമത്തിന്റെ വൈവിദ്ധ്യം ബാധിക്കുകയില്ലല്ലോ.

ആത്മാവിന്റെ സത്യസ്ഥിതി അറിഞ്ഞു കഴിഞ്ഞാല്‍ ആത്മാവിനെക്കുറിച്ചുള്ള അജ്ഞാനം ക്ഷണത്തില്‍ ഇല്ലാതാവുന്നു.