ആത്മാഽപരിജ്ഞാനമയോ വിവാദോ
ഹ്യസ്തീതി നാസ്തീതി ഭിദാര്‍ത്ഥനിഷ്ഠഃ
വ്യര്‍ത്ഥോഽപി നൈവോപരമേത പുംസാം
മത്തഃ പരാവൃത്തധിയാം സ്വലോകാത്‌ (11-22-33)
നിത്യദാ ഹ്യങ്ഗ ഭൂതാനി ഭവന്തി ന ഭവന്തി ച
കാലേനാലക്ഷ്യവേഗേന സൂക്ഷ്മത്വാത്തന്ന ദൃശ്യതേ (11-22-42)

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ത്രിഗുണങ്ങളുടെ സമതുലിതാവസ്ഥ നഷ്ടമാവുമ്പോള്‍ വൈവിധ്യവും വൈവിധ്യബോധവും സത്വങ്ങളും പ്രകടമാവുന്നു. ഈ വൈവിധ്യങ്ങള്‍ അനന്തമെങ്കിലും അവയെ മൂന്നായി തരംതിരിക്കാം: ആദ്ധ്യാത്മം, ആധിഭൂതം, ആധിദൈവം. ഉദാഹരണത്തിന്, കാഴ്ചശക്തി ആദ്ധ്യാത്മവും വസ്തുവിന്റെ നിറം ആധിഭൂതവും ഒന്നു മറ്റൊന്നുമായി ബന്ധപ്പെടുത്തുന്ന അവബോധം ആധിദൈവവുമാണ്‌. അതുപോലെയാണ്‌ വ്യക്തിത്വത്തിന്റെ മറ്റു കാര്യങ്ങളും. ആത്മാവെന്നത്‌ ബോധം തന്നെയാണ്‌. ഇവയുടെ എല്ലാം അടിത്തറയും അതുതന്നെ. ആത്മാവ്‌ ഇവയില്‍നിന്നെല്ലാം സ്വതന്ത്രമായാണോ അല്ലയോ നിലനില്‍ക്കുന്നത്‌ എന്നതിനെക്കുറിച്ചുളള വൃഥാവിവാദം, ഇവര്‍ എന്നില്‍നിന്നു്‌ – അതായത്‌ അവരുടെ സ്വന്തം ആത്മാവില്‍ നിന്നു്‌ – അകന്നുനില്‍ക്കുന്നിടത്തോളം കാലം തുടര്‍ന്നുകൊണ്ടേയിരിക്കും.

ഉദ്ധവര്‍ ചോദിച്ചു:
എങ്ങനെയാണ്‌ സര്‍വ്വവ്യാപകമായി നിലകൊളളുന്ന ആത്മാവ്‌ ദേഹങ്ങളില്‍നിന്നു
ദേഹങ്ങളിലേക്ക്‌ മാറി മാറി സഞ്ചരിക്കുന്നത്‌?

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
ജീവന്റെ മനസ്സാണ്‌ ദേഹങ്ങളില്‍നിന്നും ദേഹങ്ങളിലേക്ക്‌ സഞ്ചരിക്കുന്നത്‌. പുതുതായി സ്വീകരിക്കുന്ന ശരീരവുമായി പരിപൂര്‍ണ്ണമായും താദാത്മ്യം പ്രാപിച്ചിരിക്കുന്നതുകൊണ്ട്‌ ജീവന്‌ പഴയ ശരീരത്തെപ്പറ്റി തീരെ ഓര്‍മ്മയുണ്ടാവുന്നില്ല. ഇതാണ്‌ ജനനം. ശരീരവുമായി ബന്ധപ്പെട്ട കര്‍മ്മാനുഭവം തീരുന്നതോടെ ആ ശരീരവുമായി തീരെ താദാത്മ്യം ഇല്ലാതാവുമ്പോള്‍ അതിനെ ഉപേക്ഷിക്കുന്നു. ഇതത്രെ മരണം. ഇങ്ങനെ ഒരു ജന്മം സംഭവിക്കുമ്പോള്‍ നേരത്തെ പറഞ്ഞ ത്രിവിധ വൈശിഷ്ട്യങ്ങള്‍ ജീവിയില്‍ അന്തര്‍ഭൂതമാവുകയും ഗ്രഹണശക്തിയും വൈവിധ്യാനുഭവവും ഉണ്ടാവുകയും ചെയ്യുന്നു. വാസ്തവത്തില്‍, ജീവികള്‍ നിരന്തരം ജനനമരണങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരിക്കുന്നു. പക്ഷേ വേഗതകൊണ്ടും സമയത്തിന്റെ സൂക്ഷ്മതകൊണ്ടും ഇതാര്‍ക്കും ഗ്രഹിക്കാനാവുന്നില്ല. മെഴുകുതിരിയുടെ തീനാളം നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്നതുപോലെയും നീര്‍ച്ചാലിലെ വെളളം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതുപോലെയും ഈ ശരീരവും മാറ്റങ്ങള്‍ക്കു വിധേയമാണ്‌. തീനാളത്തേയും ജലത്തേയും മാറ്റമില്ലാത്തവയെന്നു കണക്കാക്കുന്നതുപോലെ ശരീരത്തേയും മനുഷ്യര്‍ അപ്രകാരം കണക്കാക്കുന്നു. ജീവന്‌ ജനനമോ മരണമോ ഇല്ല. അഗ്നി എപ്പോഴും നിലനില്‍ക്കുന്നു. ചിലപ്പോള്‍ പ്രകടിതവും മറ്റു ചിലപ്പോള്‍ അപ്രകടിതവും ആയി നിലകൊളളുന്നു. ഗര്‍ഭധാരണം, ഗര്‍ഭം, ജനനം, ശൈശവം, ബാല്യം, യൗവനം, മദ്ധ്യവയസ്, വാര്‍ദ്ധക്യം, മരണം എന്നിവയാണ്‌ ഒരു ജീവിയുടെ ഒന്‍പതവസ്ഥകള്‍. ആരൊരുവന്‍ പരിപൂര്‍ണ്ണമായും ദേഹബുദ്ധിയോടെ ജീവിക്കുന്നുവോ, അവന്‌ വേദനയും സുഖവുമെല്ലാം അനുഭവവേദ്യമത്രെ. അവന്‍ മോഹിതനായി കര്‍മ്മചക്രത്തില്‍ തിരിയുന്നു. സത്വഗുണങ്ങള്‍ വളര്‍ത്തിയവന്‍ മരിക്കുമ്പോള്‍ ദേവലോകത്തില്‍ എത്തുന്നു. രജോഗുണങ്ങള്‍ വളര്‍ത്തിയെടുത്തവന്‍ മനുഷ്യനായി പിറക്കുന്നു. തമോഗുണി മരിക്കുമ്പോള്‍ അസുരലോകങ്ങളിലോ ഉപമനുഷ്യവര്‍ഗ്ഗങ്ങളിലോ ജനിക്കുന്നു. ഇതെല്ലാം ദേഹാസക്തിയുടെ ഫലമത്രെ. വിവേകിയായ ഒരുവന്‍ ഈ മോഹവലയത്തില്‍ നിന്നും ബന്ധമുക്തനായി ശരീരത്തിനു ലഭിക്കുന്ന മാനാപമാനങ്ങളില്‍ തികഞ്ഞ നിസ്സംഗത പാലിച്ച്, പ്രതികരിക്കാതെ നിലകൊളളുകയാണ്‌ വേണ്ടത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF