വിപ്രക്ഷത്രിയവിട്ശുദ്രാ മുഖബാഹുരുപാദജാഃ
വൈരാജാത്‌ പുരുഷാജ്ജാതാ യ ആത്മാചാരലക്ഷണാഃ (11-17-13)
ഗൃഹാശ്രമോ ജഘനതോ ബ്രഹ്മചര്യം ഹൃദോ മമ
വക്ഷഃ സ്ഥാനാദ്വനേ വാസോ ന്യാസഃ ശീര്‍ഷണി സംസ്ഥിതഃ (11-17-14)

ഉദ്ധവന്‍ പറഞ്ഞു:
കഴിഞ്ഞ യുഗത്തില്‍ അവിടുന്ന് മനുഷ്യരെ സാമൂഹികമായുളള പലതരം ധര്‍മ്മങ്ങളെപ്പറ്റിയും വര്‍ണ്ണാശ്രമങ്ങളെപ്പറ്റിയും പഠിപ്പിച്ചുവല്ലോ. വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ ഇപ്പോള്‍ മനുഷ്യര്‍ മിക്കവാറും മറന്നിരിക്കുന്നു. സംപ്രീതനായി എനിക്കു വേണ്ടി അവയെ വിശദീകരിച്ചാലും.

ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:
സത്യയുഗത്തില്‍ ജനങ്ങള്‍ എല്ലാവരും ആത്മസംയമനമുളള, ആത്മമഗ്നരായ, ശുദ്ധരും പാവനചരിതരും ഹംസങ്ങളുമായിരുന്നു. അടുത്ത യുഗമായ ത്രേതായുഗത്തില്‍ വിശ്വപുരുഷന്‍ നാലുവര്‍ണ്ണങ്ങളെ സൃഷ്ടിച്ചു. ബ്രാഹ്മണ,ക്ഷത്രിയ,വൈശ്യ,ശൂദ്രജാതികള്‍. വിശ്വപുരുഷന്റെ വായില്‍നിന്നും ബ്രാഹ്മണര്‍, കൈകളില്‍നിന്നും ക്ഷത്രിയര്‍, തുടകളില്‍നിന്നും വൈശ്യര്‍, കാലടികളില്‍നിന്നും ശൂദ്രര്‍. നാല്‌ ധര്‍മ്മാശ്രമങ്ങള്‍ – ഗൃഹസ്ഥാശ്രമം, ബ്രഹ്മചര്യം, താപസജീവിതം, സന്ന്യാസം എന്നിവ യഥാക്രമം എന്റെ അരക്കെട്ടിലും ഹൃദയത്തിലും മാറിടത്തിലും ശിരസ്സിലും നിലകൊളളുന്നു. അതാതിന്റെ മൂലസ്ഥാനമനുസരിച്ച്‌ ആശ്രമങ്ങള്‍ അവയുടെ സ്വഭാവസവിശേഷതകള്‍ കൈവരിക്കുന്നു.

ആത്മനിയന്ത്രണം, തപസ്, പരിശുദ്ധി, സംതൃപ്തി, സത്യം, ദയ, ഭക്തി എന്നിവയാണ്‌ ബ്രാഹ്മണന്റെ സ്വഭാവം. വീര്യം, ഉറപ്പ്, ധൈര്യം, സഹനശക്തി, ഔദാര്യം, പരിശ്രമശീലം, പരംപൊരുളിലുളള ഭക്തി എന്നിവ ക്ഷത്രിയ ലക്ഷണം. ഈശ്വരനിലും വേദശാസ്ത്രങ്ങളിലുമുളള ശ്രദ്ധാഭക്തി, വിശ്വാസങ്ങള്‍, ദാനശീലം, വിനയം, ഭഗവല്‍സേവ, മഹാത്മാക്കളെ പരിചരിക്കുക, സമ്പത്തുണ്ടാക്കുവാനായി ഉല്‍ക്കര്‍ഷേഛയോടെ പരിശ്രമിക്കുക – ഇവയെല്ലാം വൈശ്യലക്ഷണം. മേല്‍പ്പറഞ്ഞ മൂന്നുകൂട്ടര്‍ക്കുംവേണ്ട പരിചരണങ്ങള്‍, പശുക്കള്‍ക്കും ഈശ്വരനും സേവചെയ്യല്‍, ആ സേവകളില്‍നിന്നും ലഭിക്കുന്ന പ്രതിഫലത്തില്‍ സംതൃപ്തി എന്നിവ ശൂദ്രന്റെ ലക്ഷണങ്ങളില്‍ പെടുന്നു. മാലിന്യം, അസത്യം, കളവ്, മതനിന്ദ, വെറുപ്പ്, കാമം, ക്രോധം തുടങ്ങിയവ ചാതുര്‍വര്‍ണ്ണ്യത്തില്‍പ്പെടാത്തവരുടെ സ്വഭാവമത്രെ. അഹിംസ, സത്യം, കളവില്ലാതിരിക്കല്‍ കാമക്രോധലോഭാദികളില്‍നിന്നും മുക്തി, പ്രേമം, സകലജീവികളെയും സ്നേഹത്തോടെ സേവിക്കുക എന്നിവയാണ്‌ സകലര്‍ക്കും നിയതമായ ധര്‍മ്മം. വിദ്യാര്‍ത്ഥി തന്റെ ഗുരുഗൃഹത്തില്‍ പ്രവേശിച്ച്‌ അവിടെ ആത്മസംയമനത്തിന്റെയും പഠനത്തിന്‍റേതുമായ അച്ചടക്കംനിറഞ്ഞ ജീവിതം നയിച്ച്‌ ഗുരുവിനെ ഈശ്വരതുല്യം സേവിക്കണം. ഗൃഹസ്ഥജീവിതം ആഗ്രഹിക്കുന്നില്ലെങ്കില്‍ അവന്‍ തീവ്രമായ തപശ്ചര്യകളിലൂടെയും ഗുരുസേവയിലൂടെയും സ്വയം ശുദ്ധീകരിച്ച്‌ നിത്യബ്രഹ്മചാരിയായും പ്രഭവാനായ ഭക്തനായും വിരാജിക്കട്ടെ. എന്നാല്‍ ഗൃഹസ്ഥജീവിതം ആഗ്രഹിക്കുന്നപക്ഷം ഗുരുഗൃഹം വിട്ട്‌ വിവാഹം കഴിച്ച്, ശുദ്ധവും ദിവ്യവുമായ ജീവിതം നയിക്കണം. അത്യാവശ്യഘട്ടങ്ങളിലും, അത്യാഹിതം ഒഴിവാക്കാനും മാത്രം മറ്റുളളവര്‍ക്കായി വിധിക്കപ്പെട്ട തൊഴില്‍ ചെയ്യാന്‍ ഒരുവന്‌ അനുവാദമുണ്ട്‌. എന്നാല്‍ അത്യാവശ്യഘട്ടം കഴിഞ്ഞാലുടന്‍ തന്റെ സ്വന്തം ജോലികളിലേക്ക്‌ അവന്‍ മടങ്ങണം.

ഗൃഹസ്ഥന്‍ എപ്പോഴും താന്റെ ഭാര്യാപുത്രാദികളില്‍ ആസക്തനായിത്തീരാതെ ജാഗരൂകനായിരിക്കണം. നീണ്ടൊരു യാത്രയിലെ സഹയാത്രികര്‍ മാത്രമാണവര്‍. അതില്‍ കൂടുതലായി മറ്റൊന്നുമില്ല. ഞാന്‍ സകല ചരാചരങ്ങളുടെയും രക്ഷകനാണ്‌. അതുകൊണ്ട്‌ കുടുംബചുമതല തുടങ്ങിയ തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്താതെ ഗൃഹസ്ഥന്റെ ധര്‍മ്മങ്ങള്‍ എന്നോടുളള പൂജാക്രമങ്ങള്‍ പോലെ ഭംഗിയായി നിര്‍വ്വഹിക്കുക.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF