യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 219 [ഭാഗം 5. ഉപശമ പ്രകരണം]

ആത്മനോ ജഗതശ്ചാന്തര്‍ ദൃഷ്ടൃദൃശ്യദശാന്തരേ
ദര്‍ശനാഖ്യേ സ്വമാത്മാനം സര്‍വദാ ഭാവയന്‍ഭവ (5/14/50)

വസിഷ്ഠന്‍ തുടര്‍ന്നു: ബുദ്ധിവൈകല്യമുള്ളവരെ ആത്മീയതയിലേയ്ക്കുണര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഒരു ചെറിയ കുടകൊണ്ട് ആകാശത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നവരാണ്‌. കാരണം, മൃഗങ്ങളെപ്പോലെ ജീവിക്കുന്നവരെ ഉന്നതനിലവാരത്തിലുള്ള തത്വചിന്താപാഠങ്ങള്‍ മനസ്സിലാക്കുക അസാദ്ധ്യം. സ്വന്തം മനസ്സാകുന്ന കയറാല്‍ ബന്ധിക്കപ്പെട്ട് അവര്‍ മേയ്ക്കപ്പെടുകയാണ്‌. അവര്‍ സ്വന്തം മനസ്സിന്റെ മായാബന്ധത്തില്‍പ്പെട്ടുഴന്ന് അജ്ഞാനത്തിന്റെ ചെളിക്കുണ്ടിലേയ്ക്കാഴ്ന്നു പോകുന്നതു കണ്ടാല്‍ കല്ലിനുപോലും കണ്ണീരു വരും. അതുകൊണ്ട് ജ്ഞാനികള്‍ അങ്ങിനെയുള്ള, മനോനിയന്ത്രണമില്ലാതെ വ്യാകുലചിത്തരായവരെ ആത്മവിദ്യ പഠിപ്പിക്കാന്‍ തുനിയുകയില്ല.

എന്നാല്‍ മനോനിയന്ത്രണം വന്ന് ആത്മാന്വേഷണത്തിനായി പക്വതയാര്‍ജ്ജിച്ചവരുടെ ദുഃഖം നീക്കാന്‍ മഹാത്മാക്കള്‍ മുന്‍കയ്യെടുക്കുകയും ചെയ്യും. രാമാ, മനസ്സിന്‌ അസ്തിത്വമില്ല. ആവശ്യമില്ലാതെ അതിന്റെ അസ്തിത്വത്തെ സങ്കല്‍പ്പിച്ചുണ്ടാക്കാതിരിക്കൂ. കാരണം സങ്കല്‍പ്പിച്ചുണ്ടാക്കിയാല്‍ മനസ്സൊരു ഭൂതത്തെപ്പോലെയാണ്‌. നമ്മെയത് നശിപ്പിച്ചുകളയും. ആത്മാവിനെ നാം മറന്നുവെന്നാല്‍ ഈ സാങ്കല്‍പ്പിക വസ്തു- മനസ്സുണ്ട് എന്നര്‍ത്ഥം. മനസ്സ് വലുതാവുന്നത് തുടര്‍ച്ചയായി അതിനെക്കുറിച്ചാലോചിച്ചുറപ്പിച്ചുകൊണ്ടിരിക്കുന്നതിനാലാണ്‌. അത്തരം ചിന്തകളുപേക്ഷിക്കൂ.

നിന്നില്‍ വസ്തുതാബോധം അങ്കുരിക്കുമ്പോള്‍ നിന്റെ ബോധമണ്ഡലം പരിമിതപ്പെടുന്നു. നീ ഉപാധികള്‍ക്കടിമയാവുന്നു. അതാണു ബന്ധനം. ഈ ഉപാധികളാകുന്ന പരിമിതികളില്ലാതാവുന്നതാണു മുക്തി. മനസ്സില്ലാത്ത അവസ്ഥ. പ്രകൃതിയുടെ ഗുണഗണങ്ങളുമായി സമ്പര്‍ക്കമുണ്ടാവുന്നത് ബന്ധനത്തിനു കാരണമാകുന്നു. ആ സമ്പര്‍ക്കമുപേക്ഷിച്ചാല്‍ അതു മുക്തിയിലേയ്ക്കാണു നയിക്കുക. ഇതറിഞ്ഞ് നിനക്കിഷ്ടമുള്ള പാത സ്വീകരിക്കാം.

‘ഞാന്‍ അല്ല’, ‘ഇതല്ല’ (നേതി, നേതി) എന്നിങ്ങനെ ഉറപ്പിച്ച് അനന്താകാശം പോലെ അചഞ്ചലനായി വര്‍ത്തിക്കുക. ആത്മാവ്, ലോകം എന്നിങ്ങനെ ‘രണ്ടായി പിരിഞ്ഞിരിക്കുന്ന’ ലോകത്തെ സൃഷ്ടിക്കുന്ന മലിനചിന്തകളെ ഉപേക്ഷിക്കൂ. “ആത്മാവെന്ന ദൃഷ്ടാവിനും ലോകമെന്ന ദൃശ്യത്തിനും മദ്ധ്യേ നീ ദൃഷ്ടിയായി നിലകൊള്ളുന്നു. ഈ ദര്‍ശനത്തിന്റെ സാക്ഷാത്കാരം നിന്നുള്ളിലെപ്പോഴും നിറഞ്ഞുവിളങ്ങട്ടെ”. അനുഭവിക്കുന്നയാളിനും അനുഭവത്തിനും ഇടയില്‍ നീയാണ്‌ ‘അനുഭവിക്കല്‍’ എന്ന പ്രതിഭാസം എന്നറിഞ്ഞ് ആ ആത്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കുക.

ഈ ആത്മാവിനെവിട്ട് നീയൊരു വസ്തുവിനെക്കുറിച്ചു (വിഷയം) ചിന്തിക്കുമ്പോള്‍ നീ മനസ്സാകുന്നു (വിഷയി). അങ്ങിനെ ദുഃഖത്തിനു പാത്രമാകുന്നു. ആത്മവിദ്യയില്‍ നിന്നു വേറിട്ട ബുദ്ധിശക്തിയാണു മനസ്സ്. ദുഃഖത്തിന്റെ മൂലഹേതുവാണത്. ‘എല്ലാമെല്ലാം ആത്മാവുമാത്രം’ എന്ന സാക്ഷാത്കാരമുണ്ടായാല്‍പ്പിന്നെ മനസ്സില്ല. വിഷയമില്ല, വിഷയി ഇല്ല, ചിന്തകളുമില്ല. ‘ഞാന്‍ ജീവനാണ്‌’ എന്നു ചിന്തിച്ചാലോ ദുഃഖസങ്കുലമായ മനസ്സുണ്ടാവുന്നു.

‘ഞാന്‍ ആത്മാവാണ്‌; ജീവനോ അതുപോലെ മറ്റെന്തെങ്കിലും വസ്തുക്കളോ സത്യത്തില്‍ ഇല്ല’ എന്ന അറിവുണ്ടായാല്‍പ്പിന്നെ മനസ്സു നിലച്ചു. പരമാനന്ദമാണു പിന്നെ. “ഈ പ്രപഞ്ചം മുഴുവനും ആത്മാവു മാത്രം‘ എന്ന അറിവിന്റെ വെളിച്ചത്തില്‍ മനസ്സെന്ന ഇരുട്ടിനു നിലനില്‍പ്പില്ല. മനസ്സെന്ന സര്‍പ്പം ദേഹത്തു കുടിയിരിക്കുമ്പോള്‍ മാത്രമേ ഭയമുള്ളു. യോഗസാധനകള്‍ കൊണ്ട് മനസ്സിനെ നീക്കംചെയ്താല്‍പ്പിന്നെ ഭയത്തിനു സ്ഥനമെവിടെ?