സ്വാമി വിവേകാനന്ദന്‍

ബോസ്റ്റണിലെ റ്റ്വന്റിയത് സെഞ്ച്വറി ക്ളബ്ബില്‍ ചെയ്ത പ്രസംഗം

ഈ സായാഹ്നത്തിലെ വിഷയത്തിലേക്ക് കടക്കുംമുമ്പ്, കൃതജ്ഞതാരൂപത്തില്‍ രണ്ടു വാക്കു പറയുവാന്‍ നിങ്ങളെന്നെ അനുവദിക്കുമെന്നു വിശ്വസിക്കുന്നു. ഇപ്പോഴതിനു സൌകര്യമുണ്ടല്ലോ. ഞാന്‍ മൂന്നുകൊല്ലം നിങ്ങളുടെ ഇടയില്‍ താമസിച്ചു. മിക്കവാറും അമേരിക്കയുടെ മുഴുവന്‍ ഭാഗവും സഞ്ചരിക്കയും ചെയ്തു. ഇവിടെനിന്ന് ഇനി സ്വന്തം നാട്ടിലേക്കും മടങ്ങിപ്പോകാനുദ്ദേശിക്കുന്നതിനാല്‍, അമേരിക്കയിലെ ‘ഏഥന്‍സ്’ ആയ ഈ നഗരിയില്‍വെച്ച് നിങ്ങളോടെനിക്കുള്ള കൃതജ്ഞത പ്രകാശിപ്പിക്കുവാന്‍ ഈ സന്ദര്‍ശം വിനിയോഗിക്കുന്നത് ഉചിതമാകുമെന്നു കരുതുന്നു. ഞാന്‍ ആദ്യം ഈ രാജ്യത്ത് വന്ന്, ഏതാനും ദിവസം കഴിഞ്ഞപ്പോള്‍, അമേരിക്കന്‍ ജനതയെപ്പറ്റി ഒരു ഗ്രന്ഥമെഴുതുവാന്‍ സാധിച്ചേക്കുമെന്നു വിചാരിച്ചു. എന്നാല്‍, മൂന്നു കൊല്ലത്തെ താമസത്തിനുശേഷം ഇപ്പോള്‍, ഒരു പേജും എഴുതാന്‍ കഴിവില്ലെന്നും കാണുന്നു. പല നാട്ടിലും സഞ്ചരിച്ചതിന്റെ ഫലമായി, വസ്ത്രധാരണം, ഭക്ഷണം, ആചാരമര്യാദകളിലെ ചില്ലറ കാര്യങ്ങള്‍ എന്നിവയില്‍ പുറമേയ്ക്കു വ്യത്യാസങ്ങളുണ്ടെങ്കിലും ലോകത്തെവിടെയും മനുഷ്യന്‍ മനുഷ്യന്‍തന്നെ എന്ന് ഞാന്‍ കണ്ടിരിക്കുന്നു. ഒരേ അത്ഭുതാവഹമായ മനുഷ്യസ്വഭാവം എവിടെയും പ്രകടമാകുന്നു. എങ്കിലും ചില സ്വഭാവവിശേഷങ്ങളുണ്ട്. എന്റെ അനുഭവങ്ങള്‍ കഴിയുന്നത്ര ചുരുക്കിപ്പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഈ അമേരിക്കയില്‍ ഒരു മനുഷ്യന്റെ സവിശേഷതകളെപ്പറ്റി ചോദ്യമില്ല. മനുഷ്യന്‍ മനുഷ്യനാണോ? എങ്കില്‍ അത്രമാത്രം മതി, അവനെ അവര്‍ ഹൃദയംഗമായി സ്വീകരിക്കാന്‍. ലോകത്തിലെ മറ്റൊരു രാജ്യത്തും ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു വൈശിഷ്ട്യമാണിത്.

വേദാന്തദര്‍ശനം എന്നറിയപ്പെടുന്ന ഭാരതത്തിലെ ഒരു തത്ത്വശാസ്ത്രത്തിനെ പ്രതിനിധീഭവിച്ചാണ് ഞാന്‍ ഇവിടെ വന്നത്. ഈ തത്ത്വശാസ്ത്രം വളരെ പുരാതനമാണ്. വേദങ്ങളെന്ന പുരാതനമായ ആര്യസാഹിത്യഭണ്ഡാഗാരത്തില്‍ നിന്നാണ് അതുലെടുത്തത്. ബഹുശതാബ്ദങ്ങളായി സഞ്ചിതമായ ആ സാഹിത്യഭണ്ഡാഗാരത്തിലടങ്ങിയ ഉന്നതചിന്തകളുടേയും അനുഭവങ്ങളുടേയും അപഗ്രഥനങ്ങളുടേയും എല്ലാം സാരസര്‍വ്വസ്വംപോലെയാണ് ഈ തത്ത്വശാസ്ത്രം . ഇതിനു ചില സവിശേഷതകളുണ്ട്. ഒന്നാമത്, അതു തികച്ചും അപൌരുഷേയമാണ്. വല്ല മനുഷ്യവ്യക്തിയോ പ്രവാചകനോ അല്ല അതിന്റെ ജനയിതാവ്. ഒരു മനുഷ്യനെ കേന്ദ്രമാക്കിയല്ല ആ തത്ത്വസംഹിത പണിതുയര്‍ത്തപ്പെട്ടത്. എങ്കിലും, ചില മനുഷ്യവ്യക്തികളെ കേന്ദ്രമാക്കി പണിതുയര്‍ത്തപ്പെട്ട തത്ത്വശാസ്ത്രങ്ങളുമായി അതിനു വഴക്കില്ല. പില്‍ക്കാലങ്ങളില്‍, ചില മനുഷ്യവ്യക്തികളെ താങ്ങി മറ്റുചില തത്ത്വശാസ്ത്രങ്ങളും ഭാരതത്തില്‍ ഉദ്ഭവിച്ചു-ബുദ്ധമതവും ഇന്നുള്ള മറ്റനേകം മതശാഖകളും ഉദാഹരണങ്ങള്‍. അവയ്ക്കോരോന്നിനും ഓരോ നായകനുണ്ട്. അനുയായികള്‍ അദ്ദേഹത്തോട് കൂറും ഭക്തിയുമുള്ളവരുമാണ്-ക്രിസ്ത്യാനികളുടേയും മുഹമ്മദീയരുടേയും കാര്യത്തില്‍ കാണുന്നതുപോലെ. എന്നാല്‍, വേദാന്തം ഈ വിഭിന്നമതശാഖകളുടെയെല്ലാം പശ്ചാത്തലമായി നിലക്കൊള്ളുന്നു. ലോകത്തിലെ മറ്റു മതസമ്പ്രദായങ്ങളോട് അതിനു ശണ്ഠയോ എതിര്‍പ്പോ ഇല്ലതാനും.

വേദാന്തം ഒരു തത്ത്വത്തെ പ്രഖ്യാപിക്കുന്നു. ലോകത്തിലെ എല്ലാ മതങ്ങളിലും അതു സന്നിഹിതമാണെന്നാണ് അതവകാശപ്പെടുന്നത്. അതായത് മനുഷ്യന്‍ ഈശ്വരാംശമാണെന്നും നമ്മുടെ ചുറ്റും ഇക്കാണായതെല്ലാം ആ ഈശ്വരചൈതന്യത്തില്‍നിന്നു സംഭവിച്ചിട്ടുള്ളതാണെന്നും. മനുഷ്യപ്രകൃതിയില്‍ ശക്തിയുടെയോ നന്മയുടെയോ പ്രഭാവത്തിന്റെയോ രൂപത്തിലുള്ളതെല്ലാം ആ ഈശ്വരതത്വത്തില്‍നിന്നു വന്നതാണ്. പലരിലും അതു അവികസിതമായിരിക്കുന്നേ ഉള്ളുവെങ്കിലും, മനുഷ്യനും മനുഷ്യനും തമ്മില്‍ സാരാംശത്തില്‍ വ്യത്യാസമില്ല. എല്ലാവരും ഒരുപോലെ ഈശ്വരാംശം. നമ്മുടെ പിന്നിലുള്ള ചൈതന്യമാകുന്ന അനന്തസമുദ്രത്തിലെ തിരമാലകളെപ്പോലെയാണ് നാമോരോരുവനും. നമ്മിലോരോരുവനും ആ അനന്തതയെ അഭിവ്യക്തമാക്കാന്‍ അവനവന്റെ കഴിവിന്റെ പരമാവധി യത്നിച്ചുകൊണ്ടിരിക്കയുമാണ്. അതിനാല്‍, നമ്മിലോരോരുവനും ആ സച്ചിദാനന്ദസ്വരൂപമായ മഹാസമുദ്രത്തിന്റെ ജന്മാവകാശികളാണ്. അതത്രെ നമ്മുടെയും യഥാര്‍ത്ഥസ്വരൂപം. ആ ഈശ്വരത്വത്തെ പ്രകാശിപ്പിക്കാനുള്ള നമ്മുടെ കഴിവിന്റെ ഏറ്റക്കുറച്ചിലാണ് നാം തമ്മില്‍ത്തമ്മില്‍ ഇപ്പോള്‍ കാണുന്ന വ്യത്യാസങ്ങളുളവാക്കിയത്. അതുകൊണ്ട്, ഓരോ മനുഷ്യനേയും നാം പരിഗണിക്കേണ്ടത് അയാളുടെ ഇപ്പോഴത്തെ അഭിവ്യക്തിയെ ആസ്പദമാക്കിയല്ല. അയാള്‍ ഏതൊന്നിനെ പ്രതിനിധീഭവിക്കുന്നു എന്നതിനെ ആസ്പദമാക്കി വേണം എന്ന് വേദാന്തം സിദ്ധാന്തിക്കുന്നു. ഓരോ മനുഷ്യജീവിയും ഈശ്വരത്വത്തിനു പ്രതിനിധീഭവിക്കുന്നു. അതിനാല്‍, ഏതു ആചാര്യന്റെയും ധര്‍മ്മം മനുഷ്യനെ കുറ്റപ്പെടുത്താതെ അവനില്‍ മറഞ്ഞിരിക്കുന്ന ചൈതന്യത്തെ പ്രകാശിപ്പിക്കുവാന്‍ സഹായിക്കുകയാണ്.

ജനസമുദായത്തിലെ മറ്റെല്ലാ പ്രവൃത്തിമണ്ഡലങ്ങളിലും പ്രകടമാകുന്ന കണക്കറ്റ ശക്തിസഞ്ചയമെല്ലാം യഥാര്‍ത്ഥത്തില്‍ അകത്തുനിന്നു പുറത്തേയ്ക്കു വരുന്നതാണെന്നും വേദാന്തം പഠിപ്പിക്കുന്നു. അതിനാല്‍, മറ്റു മതക്കാര്‍ ആവേശം എന്നു പറയുന്നതിനെ വേദാന്തികള്‍ പ്രകാശം എന്നാണ് പറയുക. അതേ സമയം, അതു മറ്റു മതസമ്പ്രദായങ്ങളുമായി ശണ്ഠയ്ക്കു ചെല്ലുന്നുമില്ല. മനുഷ്യന്റെ ഈ ഐശ്വരഭാവത്തെ മനസ്സിലാക്കാത്തവരോടു വേദാന്തത്തിനു വഴക്കില്ല. അറിഞ്ഞോ അറിയാതെയോ ഓരോ മനുഷ്യനും ഈ ഈശ്വരത്വത്തെ വികസിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ്.

ചെറിയൊരു പെട്ടിയില്‍ ചുരുട്ടിവെച്ച സീമയറ്റൊരു സ്പ്രിങ്ങുപോലെയാണ് മനുഷ്യന്‍, അതു താനേ വികസിക്കുവാന്‍ ശ്രമിക്കുന്നു. സാമൂഹ്യരംഗത്തു കാണുന്ന പ്രതിഭാസങ്ങളെല്ലാം ഈ വികസനശ്രമത്തിന്റെ ഫലങ്ങളാണ്. എന്നാല്‍, നമ്മുടെ ചുറ്റിലും കാണുന്ന മത്സരങ്ങളും പോരാട്ടങ്ങളും ദുരിതങ്ങളും മറ്റും ഈ വികസനത്തിന്റെ ഹേതുക്കളോ ഫലങ്ങളോ അല്ലതാനും. ഞങ്ങളുടെ വലിയ ദാര്‍ശനികന്മാരിലൊരാള്‍ പറഞ്ഞ ഒരുദാഹരണം നന്ന്. വയല്‍ നനയ്ക്കുവനുള്ള ജലാശയം അകലെ ഒരുയര്‍ന്ന സ്ഥലത്താണ്. വെള്ളം ഒരു ചാലില്‍ക്കൂടി വയലിലേയ്ക്കൊഴുകുന്നതിനെ ഒരു ചീര്‍പ്പുകൊണ്ടു നിയന്ത്രിക്കുന്നു. ചീര്‍പ്പു തുറക്കുന്നതോടെ, വെള്ളം സ്വഭാവവശാല്‍ വയലിലേയ്ക്കു പ്രവഹിക്കുന്നു. വഴിക്ക് അഴുക്കും പൊടിയുമുണ്ടെങ്കില്‍ വെള്ളം അവയുടെ മേലെ പായുന്നു. എന്നാല്‍ ഈ അഴുക്കും പൊടിയും മനുഷ്യനിലുള്ള ദിവ്യഭാവത്തിന്റെ വികസനത്തിനു ഹേതുവോ ഫലമോ രണ്ടുമല്ല, അവ സഹചാരികളായ പരിസ്ഥിതികള്‍മാത്രം. അതിനാല്‍ അവ നീക്കം ചെയ്യപ്പെടാവുന്നതുമാണ്.

ഭാരതത്തില്‍ മാത്രമല്ല, ഭാരതത്തിനു വെളിയിലും ഉണ്ടായിട്ടുള്ള സകലമതങ്ങളിലും ഈ ആശയം കാണാമെന്നാണ് വേദാന്തം അവകാശപ്പെടുന്നത്. ചിലതില്‍ പൌരാണികകഥകളിലൂടെയും ചിലതില്‍ പ്രതീകങ്ങള്‍ മുഖേനയുമാണ് ഈ ആശയം ആവിഷ്കരിച്ചിരിക്കുന്നതെന്നേയുള്ളൂ.

മനുഷ്യപ്രകൃതിയിലുള്ള ആ അനന്തമായ ഏകത്വത്തിന്റെ പ്രകാശനമല്ലാതെ ഒരൊറ്റ ആദ്ധ്യാത്മികപ്രചോദനവും ഒരൊറ്റ ദിവ്യപുരുഷന്റെ അഭിവ്യക്തിയും ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും വേദാന്തം സിദ്ധാന്തിക്കുന്നു. നീതിശാസ്ത്രം, സദാചാരം, പരഹിതാചരണം എന്നും മറ്റും പറയുന്നതെല്ലാം ഈ ഏകത്വത്തിന്റെ പ്രകാശനംമാത്രം. താന്‍ ജഗത്തുമായി ഒന്നാണെന്നൊരു തോന്നല്‍ ഓരോ മനുഷ്യനും ചില നിമിഷങ്ങളില്‍ ഉണ്ടാകാറുണ്ട്. ഉടനെ അയാള്‍ അതിനെ പ്രകടിപ്പിക്കാനായി അറിഞ്ഞോ അറിയാതെയോ ശ്രമിക്കയും ചെയ്യുന്നു. ഏകത്വത്തിന്റെ ഈ പ്രകാശനത്തെയാണ് നാം സ്നേഹമെന്നും സഹാനുഭൂതിയെന്നും പറയുന്നത്. നമ്മുടെ സമസ്തനീതിശാസ്ത്രങ്ങളുടേയും സദാചാരത്തിന്റേയും അടിസ്ഥാനവും അതത്രേ. ഈ ഏകത്വാശയമാണ് വേദാന്തശാസ്ത്രത്തിലെ ‘തത്ത്വമസി’ എന്ന മഹാവാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നത്.

വേദാന്തം സകലമനുഷ്യരേയും ഉപദേശിക്കുന്നതിങ്ങനെയാണ്:

നീ ഈ അനന്തമായ വിശ്വാത്മാവുതന്നെ. അതിനാല്‍ എല്ലാ ആത്മാക്കളും നിന്റെ ആത്മാവുതന്നെ. കാണപ്പെടുന്ന എല്ലാ ശരീരങ്ങളും നിന്റെ ശരീരംതന്നെ. ആരെയെങ്കിലും പീഡിപ്പിക്കുന്നതു നിന്നെത്തന്നെ പീഡിപ്പിക്കുകയത്രേ. ആരെയെങ്കിലും സ്നേഹിക്കുമ്പോള്‍ നിന്നെത്തന്നെയാണ് സ്നേഹിക്കുന്നത്. ഒരു വിദ്വേഷവീചി വെളിയിലേക്കു വിടുമ്പോള്‍, അതു മറ്റാരെയെല്ലാം ഉപദ്രവിച്ചാലും ശരി, നിന്നെയും ഉപദ്രവിക്കും. സ്നേഹമാണ് നിന്നില്‍ നിന്നു പുറപ്പെടുന്നതെങ്കില്‍, അതും നിന്നിലേക്കു തിരിച്ചുവരും. എന്തെന്നാല്‍, ഞാന്‍ ഈ ജഗത്താണ്. ജഗത്ത് എന്റെ ശരീരമാണ്. ഞാന്‍ അനന്തമായ ബ്രഹ്മംതന്നെ. അപ്പോള്‍ ഞാനതിനെപ്പറ്റി ബോധവാനല്ലെന്നുമാത്രം. എന്നാല്‍, ഞാന്‍ ആനന്ത്യത്തിന്റെ ബോധം കൈവരുവാന്‍ ആയാസപ്പെടുകയാണ്, അതു സിദ്ധിക്കുന്നതോടെ ഞാന്‍ പൂര്‍ണ്ണതയടയുകയും ചെയ്യും.

മതചിന്തകളില്‍ ഇപ്പോഴുള്ള അനന്തവൈവിധ്യം നാം അനുവദിക്കേണ്ടതാണെന്നും എല്ലാവരേയും ഒരേ അഭിപ്രായക്കാരാക്കാന്‍ ശ്രമിക്കുന്നത് ആശാസ്യമല്ലെന്നും ലക്ഷ്യം ഒന്നായിരിക്കുന്നതു മതിയാകുമെന്നുമുള്ളതു വേദാന്തത്തിന്റെ മറ്റൊരാശയവിശേഷമത്രേ. വേദാന്തി, തന്റെ കാവ്യമയമായ ഭാഷയില്‍ പറയുന്നതാണിത്: ‘അനേകം നദികള്‍ പല പര്‍വ്വതങ്ങളില്‍നിന്നുദ്ഭവിച്ച്, നേരെയോ വളഞ്ഞോ ഒഴുകി, ഒടുവില്‍ സമുദ്രത്തില്‍ ചെന്നുചേരുംപോലെ, ഈ വിഭിന്നമതങ്ങളും മതവിശ്വാസങ്ങളുമെല്ലാം വിവിധങ്ങളായ വീക്ഷണകോടികളില്‍നിന്നുളവായി ഋജുവോ വക്രമോ ആയ ഗതിയവലംബിച്ച് അവസാനം അങ്ങയില്‍ത്തന്നെ വന്നെത്തുന്നു.’

ഈ ആശയത്തിന്റെ ഒരു പ്രകാശനമെന്ന നിലയില്‍, ലോകത്തിലെ ആദ്യത്തെ മിഷനറിമതമായ ബുദ്ധമതത്തില്‍, അതിപുരാതനമായ ഈ തത്ത്വശാസ്ത്രത്തിന്റെ പ്രത്യക്ഷമായ പ്രഭാവവും പ്രചോദനവും കാണുന്നു. അതിനുപുറമേ, അലക്സാണ്ഡ്രിയക്കാര്‍, ഗ്നോസ്റ്റിക്കുകള്‍, മധ്യമകാലങ്ങളിലെ യൂറോപ്യന്‍ തത്ത്വശാസ്ത്രജ്ഞന്മാര്‍ എന്നിവരിലൂടെ അതു ക്രിസ്തുമതത്തെ പരോക്ഷമായി പ്രചോദിപ്പിച്ചതായും നമുക്കറിയാം. പിന്നീടതു ജര്‍മ്മന്‍കാരുടെ ചിന്താഗതിയില്‍ പ്രഭാവം ചെലുത്തി, തദ്ദ്വാരാ തത്ത്വശാസ്ത്രജ്ഞന്റെയും മനശ്ശാസ്ത്രത്തിന്റെയും മണ്ഡലങ്ങളില്‍ ഏതാണ്ടൊരു വിപ്ളവംതന്നെ വരുത്തിയിട്ടുണ്ട്. എന്നാല്‍ അത് ഈ പ്രഭാവമെല്ലാം ലോകത്തിന്റെമേല്‍ പ്രയോഗിച്ചതു മിക്കവാറും പരോക്ഷമായിട്ടാണ്. രാത്രിയിലെ ഹിമകണങ്ങളുടെ പൊഴിയല്‍ സമസ്തസസ്യങ്ങള്‍ക്കും ജീവശക്തി നല്‍കുംപോെലയാണ്, ദിവ്യമായ ഈ ആദ്ധ്യാത്മികദര്‍ശനം മനുഷ്യമംഗളത്തിനായി ലോകമെങ്ങും പ്രചരിച്ചത്. ഈ മതത്തിന്റെ പ്രചാരണത്തിനായി പട്ടാളങ്ങള്‍ മാര്‍ച്ചു ചെയ്തിട്ടില്ല. ലോകത്തിലെ വലിയ മിഷനറിമതങ്ങളിലൊന്നായ ബുദ്ധമതത്തെസ്സംബന്ധിച്ചുള്ള അശോചക്രവര്‍ത്തിയുടെ ശിലാലിഖിതങ്ങള്‍-അലക്സാണ്ഡ്രിയ, പേഴ്സ്യ, ചൈന മുതലായി അന്നത്തെ നാഗരികഭൂപ്രദേശങ്ങളിലേയ്ക്കെല്ലാം മിഷനറിമാരെ അയച്ചിരുന്നതയി രേഖപ്പെടുത്തുന്ന ലിഖിതങ്ങള്‍-ഇന്നും അവശേഷിക്കുന്നു. ക്രിസ്തുവിനു മൂന്നു നൂറ്റാണ്ടുമുമ്പ് മറ്റു മതങ്ങളെ ദുഷിച്ചു സംസാരിക്കരുതെന്ന നിര്‍ദ്ദേശം ആ മിഷനറിമാര്‍ക്ക് നല്‍കപ്പെട്ടു: ‘എല്ലാ മതങ്ങളുടേയും, അവ എവിടെയുള്ളതായാലും ശരി, അടിസ്ഥാനം ഒന്നുതന്നെ. നിങ്ങള്‍ കഴിവുള്ളിടത്തോളം അവരെ സഹായിക്കുക. നിങ്ങള്‍ക്കു കഴിയുന്നതെല്ലാം അവരെ പഠിപ്പിക്കുക. എന്നാല്‍, അവരെ ദ്രോഹിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.’

അങ്ങനെ, ഭാരതത്തില്‍ ഹിന്ദുക്കളുടെ പക്കല്‍നിന്നു മതപീഡനമെന്നതുണ്ടായിട്ടില്ല. എന്നല്ല, ലോകത്തിലെ എല്ലാ മതങ്ങളോടും അവര്‍ അത്ഭുതാവഹമായ ആദരവും കാണിച്ചു. സ്വദേശത്തുനിന്നു ബഹിഷ്കൃതരായ ഏതാനും യഹൂദന്മാര്‍ക്ക് അവര്‍ അഭയം നല്‍കി. തല്‍ഫലമായി ഇന്നും മലബാറില്‍ ആ ജൂതന്മാര്‍ ജീവിക്കുന്നു. മറ്റൊരു കാലഘട്ടത്തില്‍, പേഴ്സ്യക്കാര്‍ മിക്കവാറും നാമാവശേഷമാക്കപ്പെട്ടപ്പോള്‍, അവരുടെ കൂട്ടത്തില്‍ ശേഷിച്ചവര്‍ക്ക് ഹിന്ദുക്കള്‍ സ്വാഗതം നല്‍കി. ബോംബെ സംസ്ഥാനത്തിലെ പാഴ്സി സമുദായമായി ഇന്നും നിലനില്‍ക്കുന്ന അവരുടെ സന്താനങ്ങള്‍ ഞങ്ങളുടെ ഒരംശമായി ഇന്നും നിലനില്‍ക്കുന്ന അവരുടെ സന്താനങ്ങള്‍, ഞങ്ങളുടെ ഒരംശമായി ഞങ്ങളാല്‍ സ്നേഹിക്കപ്പെട്ടുകഴിയുന്നു. ക്രിസ്തുശിഷ്യനായ സെന്റ് തോമസ്സിന്റെ കൂടെ വന്നവരെന്നഭിമാനിക്കുന്ന ക്രിസ്ത്യാനികളുണ്ടായിരുന്നു. ഭാരതത്തില്‍ പാര്‍പ്പാക്കി സ്വമതം പിന്തുടര്‍ന്നു കൊള്ളാന്‍ അവരും അനുവദിക്കപ്പെട്ടു. അവരൊരു സംഘം വേറിട്ട് ഇന്നും ഭാരതത്തില്‍ പാര്‍ത്തുവരുന്നു. ഈ സഹിഷ്ണുതാമനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നു. അവിടെ അതു നശിക്കില്ല. നശിക്കുക സാദ്ധ്യമല്ല.

വേദാന്തത്തിനു പഠിപ്പിക്കാനുള്ള മഹത്തായ പാഠങ്ങളിലെന്നാണിത്. ബോധപൂര്‍വ്വമോ അല്ലാതെയോ നാമെല്ലാവരും ഒരേ ലക്ഷ്യം പ്രാപിക്കാന്‍ യത്നിച്ചുവരികയാണെന്ന് അറിഞ്ഞിരിക്കെ, നാമെന്തിന് അക്ഷമ കാണിക്കുന്നു? ഒരുവന്റെ ഗതി മറ്റൊരുവനെ അപേക്ഷിച്ച് അല്പം മന്ദമാണെങ്കില്‍, നാം അതില്‍ അക്ഷമരാകേണ്ട, അയളെ ശപിക്കുകയോ ശകാരിക്കുകയോ ചെയ്യേണ്ട. നമ്മുടെ ബുദ്ധി തെളിയുകയും ഹൃദയം നിര്‍മ്മലമാവുകയും ചെയ്യുമ്പോള്‍, ഏകരൂപമായ ഈശ്വരശക്തിയുടെ പ്രവര്‍ത്തനം, ഓരോ ഹൃദയത്തിലും ഒരേ ഈശ്വരചൈതന്യത്തിന്റെ വികാസം, പ്രകടമായിക്കൊള്ളും. അപ്പോഴെ നമുക്കു മനുഷ്യസഹോദര്യത്തിലെത്തിയതായി അവകാശപ്പെടാവൂ.

മനുഷ്യന്‍ പരമോത്കൃഷ്ടാവസ്ഥയിലെത്തുമ്പോള്‍, പുരുഷന്‍, സ്ത്രീ, ജാതി, മതം, നിറം, കുലം ഇത്യാദി ഭേദഭാവനകളെയെല്ലാം അതിക്രമിച്ച് അവയൊന്നും കാണാത്തവനായി, എല്ലാ മനുഷ്യരിലേയും യഥാര്‍ത്ഥപുരുഷനായ ഈശ്വരത്വത്തെ കണ്ടെത്തുമ്പോള്‍ മാത്രമേ അയാള്‍ സാര്‍വ്വജനീനമായ സാഹോദര്യത്തിലെത്തിയതായി പറഞ്ഞുകൂടൂ-അത്തരമൊരുവനെ മാത്രമേ വേദാന്തിയെന്നു പറയാനും പാടുള്ളൂ.
ഇവയാണ് വേദാന്തത്തിന്റെ ചരിത്രപരമായ ചില പ്രായോഗികഫലങ്ങള്‍.